ADVERTISEMENT

എഴുപതുകൾക്കുശേഷം ക്യാംപസിലെ എല്ലാ കളികളും പ്രഫഷനലായി. വിദ്യാഭ്യാസം മാർക്കായി. ക്യാംപസ് രാഷ്ട്രീയം ആനുകാലിക രാഷ്ട്രീയമായി. മറക്കേണ്ടതുമാത്രം ഓർമിക്കപ്പെട്ടു. പിൽക്കാലം മുഖ്യമന്ത്രിയോ, പ്രതിപക്ഷ നേതാവോ ആയാലും മറക്കാനാവാത്ത പകയുടെയും വെറുപ്പിന്റെയും പോർക്കളമായി ക്യാംപസ് വീണ്ടെടുക്കപ്പെട്ടു. 

ഏതാണ്ട് അരനൂറ്റാണ്ടായി. നാടുനീളെ സൗന്ദര്യ റാണികൾ പിച്ചവച്ചു നടന്ന നാൾ. അന്ന് കോഴിക്കോട്ടെ ലോ കോളജ് വിദ്യാർഥികൾ ഈ അസംബന്ധത്തെ എതിരിട്ടത് വിരൂപറാണി മത്സരം നടത്തിക്കൊണ്ടായിരുന്നു. നഗരത്തിലെ വിഴുപ്പത്രയുമലക്കുന്ന മുതലക്കുളത്തെ അലക്കുകല്ലിനെ പൗരാവലിക്കുവേണ്ടി പുഷ്പാഭിഷേകം ചെയ്താദരിച്ച രാമദാസൻ വൈദ്യരായിരുന്നു മത്സരത്തിന്റെ സ്പോൺസർ. ഇന്റർവ്യൂകളും വിവാഹവുമുൾപ്പെടെ എല്ലാ മത്സരങ്ങളും പുറന്തൊലിസ്സുന്ദരികൾ ഹൈജാക്ക് ചെയ്യുന്ന കാലത്തോടുള്ള പ്രതിഷേധമാവാം. സൗന്ദര്യം അനർഹതയായ ഒരു മത്സരമെങ്കിലും നടത്താനുള്ള വ്യഗ്രതയാവാം. എക്സ്ക്ലൂഷനോടുള്ള പരിഹാസമാവാം. സൗന്ദര്യറാണി മത്സരത്തിൽ പിന്തള്ളപ്പെട്ടവരൊക്കെ വിരൂപരായി അപമാനിതരായെങ്കിൽ വിരൂപറാണി മത്സരത്തിൽ പിന്തള്ളപ്പെട്ടവരൊക്കെ സുന്ദരികളായി, ഏറ്റവും പിന്നിലായവൾ പരമസുന്ദരിയായി മാറുകയല്ലേ? 

തോറ്റവർ പാടെ തോൽക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള കലാപവുമുണ്ടായിരുന്നു വിദ്യാർഥികൾ നടത്തിയ ഈ മത്സരത്തിൽ. ആനുകാലിക രാഷ്ട്രീയമുണ്ടായിരുന്നില്ലെങ്കിലും രാഷ്ട്രീയമുണ്ടായിരുന്നു അതിൽ. എന്റെ നാഭിക്ക് ഒരു ചവിട്ടുകൊണ്ടതായി തോന്നിയെന്ന് കടമ്മനിട്ട രാമകൃഷ്ണൻ അഭിപ്രായപ്പെട്ട ഒട്ടുമേ പ്രഫഷനലല്ലാത്ത അരവിന്ദന്റെ ഉത്തരായനത്തിന്റെ ആദ്യപ്രദർശനം നടന്നത് എം. ഗോവിന്ദൻ ഡയറക്ടറായി വന്ന ഒരു ക്യാംപസ് സാഹിത്യ ക്യാംപിലായിരുന്നു. സി.ജെയുടെ ക്രൈം നാടകത്തിനൊരു പിന്തുടർച്ചയുണ്ടായത് ഒരു യൂണിവേഴ്സിറ്റി കലോത്സവത്തിലായിരുന്നു. ഇന്ത്യയിലെതന്നെ അറിയപ്പെടുന്ന തത്വചിന്തകനായ നിസ്സാർ അഹമ്മദ് ബിഎ വിദ്യാർഥിയായിരുന്ന നാളെഴുതിയ മൃത്യോർമ നാടകത്തിൽ. എനിക്കൊരാൾക്ക് ഓർക്കാനിത്രയുമുണ്ടെങ്കിൽ പലരുടെ ഓർമകളിൽ പലതുണ്ടാവാമക്കാലത്തിന്റേതായി.കാലം പിന്നെയുമുരുണ്ടെങ്കിലും കലാലയങ്ങളിലെ സർഗാത്മക ജീവിതത്തിന് അമച്വർ സ്വഭാവം നഷ്ടപ്പെട്ടു. 0-1, 0-2 എന്നിങ്ങനെ സ്കോർ പറയുന്നതിനു പകരം ലൗ ഒന്ന്, ലൗ രണ്ട് എന്നുപറയുന്ന ടെന്നിസിലുണ്ട് അമച്വറിന്റെ വിശദീകരണം. പണത്തിനുവേണ്ടിയല്ല, സ്നേഹത്തിൽ ഊന്നിയ കളിക്കുവേണ്ടിയുള്ള കളിയാണ് അമച്വർ. അത് അതിൽത്തന്നെ പൂർണം എന്നുപറയാം. 

എഴുപതുകൾക്കുശേഷം ക്യാംപസിലെ എല്ലാ കളികളും പ്രഫഷനലായി. വിദ്യാഭ്യാസം മാർക്കായി. ക്യാംപസ് രാഷ്ട്രീയം ആനുകാലിക രാഷ്ട്രീയമായി. മറക്കേണ്ടതുമാത്രം ഓർമിക്കപ്പെട്ടു. പിൽക്കാലം മുഖ്യമന്ത്രിയോ, പ്രതിപക്ഷ നേതാവോ ആയാലും മറക്കാനാവാത്ത പകയുടെയും വെറുപ്പിന്റെയും പോർക്കളമായി ക്യാംപസ് വീണ്ടെടുക്കപ്പെട്ടു. പിൽക്കാലം വെട്ടാനുള്ള, അങ്കംകുറിക്കാനുള്ള നാടുവാഴിയുടെ മുറ്റമായി അത്. കൊല്ലവനെ എന്ന് ഗാലറി വിളിച്ചു പറയുമ്പോൾ തടയുന്ന എതിർ ഡിഫൻഡറെ ഡ്രിബിൾ ചെയ്ത് സമർഥമായി കബളിപ്പിച്ച് പോസ്റ്റിലേക്ക് നിറയൊഴിക്കുംപോലെ ഗോളടിക്കുന്നതിനു പകരം നേരത്തേ കരുതിയ തോക്കെടുത്ത് നെഞ്ചത്തേക്കു നിറയൊഴിക്കുന്ന പരിപാടിക്കു ലിറ്റററിസം എന്നാണു പറയുക. അതാവരുതായിരുന്നു ക്യാംപസിന്റെ ഭാഷ. വാർ അല്ലാ ഗെയിം ആണ് ജീവിതം എന്ന് പഠിക്കേണ്ടിടമായിരുന്നു ഇവിടം.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ക്യാംപസിനെ രാഷ്ട്രീയ മുക്തമാക്കണമെന്ന് ഞാനൊരുനാളും ആഗ്രഹിക്കില്ല. മതേതരത്വം പുറത്ത് വാക്കിലേ ഉള്ളൂ എങ്കിൽ ക്യാംപസിലത് ജീവിതത്തിലുമുണ്ട്. രാത്രികാലങ്ങളിൽ മതിലുകളിൽ വലിഞ്ഞുകയറി പോസ്റ്ററൊട്ടിക്കുന്ന പെൺകുട്ടികളെ കാണുമ്പോൾ മനസ്സു നിറയും. മുൻതലമുറയ്ക്കു കയ്യെത്താത്തിടത്ത് ഇവർക്കു കയ്യെത്തുന്നു. ഭാവികാലത്തിന്റെകൂടി പോസ്റ്ററൊട്ടിക്കയാണവർ. മറ്റെവിടെനിന്നും ലഭിക്കാത്ത ബിലോങ്ങിങ്നസും സംഘബോധവും അനുഭവിക്കുന്നുണ്ടവർ. അതുപക്ഷെ ഇതര സംഘടനകളിലെ വിദ്യാർഥികൾക്കവരനുവദിച്ചു കൊടുക്കില്ല. സ്വാർഥതയ്ക്ക് സംഘബലം കിട്ടുന്നതിന്റെ സുഖമാവുമോ അവരനുഭവിക്കുന്നത്? ഇതര സംഘടനകൾക്കു നിഷേധിക്കപ്പെടുമ്പോഴേ അവകാശങ്ങൾക്കു മൂല്യമുള്ളൂ എന്നവർ കരുതുന്നു. വിദ്യാർഥി ഐക്യത്തിന്റെ സിന്ദാബാദ് സംഘടനയ്ക്കകത്തെ വിദ്യാർഥികളിലേക്കവരൊതുക്കുന്നു. തങ്ങളെ സംരക്ഷിക്കുന്ന പിതൃസംഘടനയുടെ താൽപര്യങ്ങൾക്കായല്ലാതെ വിദ്യാർഥികളുടെ താൽപര്യത്തിനായി അവർ തെരുവിലിറങ്ങാറുമില്ല. തങ്ങളിലൊരാളെ ഒരധ്യാപകൻ പീഡിപ്പിച്ചാൽപോലും സമരം ചെയ്യാനവർക്കു പരിമിതിയുണ്ട്. അധ്യാപകന്റെ രാഷ്ട്രീയ വിശ്വാസം തങ്ങളുടേതിൽനിന്ന് ഭിന്നമായിരിക്കണം. മേൽഘടകത്തിന്റെ ആശീർവാദമുണ്ടായിരിക്കണം. ദേശീയ വിദ്യാഭ്യാസനയം വിദ്യാർഥികളുടെ അഭിരുചിയെയോ, ചിന്താശേഷിയെയോ പരിഹസിക്കുമ്പോഴും കെഎസ്‌യു സമരത്തിനിറങ്ങണമെങ്കിൽ രാഹുൽ ഗാന്ധി പറയണം, കെ.സുധാകരൻ എൻഡോഴ്സ് ചെയ്യണം. തങ്ങളെമാത്രം ബാധിക്കുന്ന പ്രശ്നങ്ങളിലെ രാഷ്ട്രീയം കാണാൻ അവരനുവദിക്കപ്പെട്ടിട്ടില്ല.

വൈവിധ്യങ്ങളുടെ ആനന്ദം ക്യാംപസ് ജീവിതത്തിലെന്നപോലെ മറ്റൊരിടത്തുനിന്നുമാരുമറിയുന്നില്ല. ‘നമ്മളൊരുമിച്ചായിരുന്നപ്പോൾ നമ്മൾ നമ്മളെക്കാൾ വലുതായിരുന്നു’ (when we were together we were more than we) എന്നതാവുമൊരിക്കൽ വിദ്യാർഥിയായിരുന്നൊരാളുടെ എന്നത്തേയും നൊസ്റ്റാൾജിയ. അന്യന്റെ സംഗീതംപോലും ആസ്വദിക്കണമെങ്കിൽ അയാളിന്ന് അപര സംഘടനയിലായിക്കൂടാ എന്നു വന്നപ്പോൾ നഷ്ടമായത് ഈ വലുപ്പമാണ്. ജീവിതത്തിന്റെ ആകർഷണം അതിന്റെ പ്ലേഫുൾനസ് ആണ്. ആര് നിർബന്ധിക്കപ്പെടുന്നുവോ, അയാൾ ജീവിക്കുന്നില്ല. (whoever must play cannot play), ആത്മസുരക്ഷയ്ക്കായി ആയുധം കരുതാതെ ക്യാംപസിൽ കയറാനാവില്ലെന്നു പറയുന്ന എതിർ യൂണിയൻ മാത്രമല്ല, പ്രതിരോധത്തിനായി ക്ലാസ്മുറി ആയുധശാലയാക്കി ഭരിക്കുന്ന യൂണിയനും അസാധ്യമാക്കുന്നതു ജനാധിപത്യത്തെയാണ്. സ്വേച്ഛാധിപത്യത്തിനു പഠിക്കാൻ കലാശാലകളുണ്ടായിക്കൂടാ.

കോവിഡെത്ര മൂർച്ഛിച്ചാലും കോളജ് യൂണിയൻ തിരഞ്ഞെടുപ്പുകൾ മാറ്റിവയ്ക്കാനാവില്ലെന്ന് ഭരണകൂടം. കളികൾ മാറ്റിവയ്ക്കാം, യുദ്ധം മാറ്റിവയ്ക്കാനാവുമോ?

പിൻവെളിച്ചം

കള്ളന്റെ കയ്യുറകളാണ് ഇത്രനാളും ഉപയോഗിച്ചതെന്ന് തിരിച്ചറിഞ്ഞ ആരോഗ്യപ്രവർത്തകർ പൂർവകാല പ്രാബല്യത്തോടെ ഞെട്ടിത്തരിക്കുമോ? ഞെട്ടിച്ചത്താൾഞ്ഞു എന്ന് ഒ.വി.വിജയൻ പറഞ്ഞിരുന്നു.

Content highlights: Kerala campus politics, Campus life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com