ADVERTISEMENT

പരിസ്ഥിതിനാശത്തിന്റെ പടിവാതിൽക്കലാണു നമ്മൾ. പുതിയ ദേശീയപാതയ്ക്കായി മരങ്ങൾ മുറിച്ചുതുടങ്ങിയതേ ഉള്ളൂ. ഇല്ലാതാകാനിരിക്കുന്ന നദികൾ, കുഴിച്ചെടുക്കാനുള്ള കുന്നുകൾ, തുരക്കാനുള്ള പർവതങ്ങൾ, തൂർക്കാനിരിക്കുന്ന പാടങ്ങൾ - യന്ത്രസാമഗ്രികൾ ഇറക്കിവയ്ക്കുന്നതേ ഉള്ളൂ. മിച്ചംവരുന്ന മരുഭൂമിയിൽ ഓടാനുള്ള സിൽവർലൈനെക്കുറിച്ച് സ്വപ്നം കാണേണ്ട ഒന്നാന്തരം സമയം!

നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന പലതലങ്ങളുള്ള സദൃശവാക്യത്തിനു സമാനമാണെന്ന ഗർവോടെ പാപികളായ സിൽവർലൈൻ വിരുദ്ധരോട് ആയുധങ്ങൾ താഴെയിടാൻ പറയുകയാണ് അതിന്റെ അനുകൂലികൾ. കോൺക്രീറ്റ് സൗധങ്ങളിൽ ജീവിക്കുന്ന നിങ്ങൾക്ക് പാവപ്പെട്ടവർക്കുവേണ്ടി നിലകൊള്ളുന്ന ഞങ്ങൾക്കെതിരെ പരിസ്ഥിതിവാദമുന്നയിക്കാൻ എന്തർഹത? വ്യക്തിപരമായ സുഖത്തിനു നിങ്ങൾ പിന്തുടർന്ന വഴി, പൊതു ആവശ്യത്തിനു ഞങ്ങൾ പിന്തുടരുന്നതിലെന്താണു തെറ്റ്? ഞങ്ങൾ കുഴിച്ചിട്ട കല്ലുകൾ പിഴുതെറിയാൻ നിങ്ങൾക്കെന്തവകാശം? കൂടുതൽ വേഗത്തിൽ ലക്ഷ്യങ്ങളിലെത്തുന്ന നാളേക്കുള്ള അടിക്കല്ലുകളല്ലേ ഞങ്ങളിടുന്നത്? ഇന്നല്ലല്ലോ നാളെയല്ലേ നമ്മുടെ ജീവിതം?

പിന്തുടർന്നുപോന്ന വഴിയിൽത്തന്നെയല്ല, നാമിന്നോളം സഞ്ചരിച്ചത്. ഭൂമി പരന്നതാണെന്ന ധാരണയിൽ പുലർന്നതെല്ലാം ഭൂമി ഉരുണ്ടതാണെന്നറിഞ്ഞപ്പോൾ തിരുത്തപ്പെട്ടു. നഗ്നദൃഷ്ടിക്കപ്പുറത്താണു പലപ്പോഴും സത്യം എന്നുമറിവായി. സൂര്യചന്ദ്രന്മാർ ഭൂമിയെ വലംവയ്ക്കുകയാണെന്ന ധാരണ തിരുത്തപ്പെട്ടപ്പോൾ, തിരുത്തപ്പെട്ടത് ഒരു വിശ്വാസം മാത്രമായിരുന്നില്ല. നിലവിൽ വന്നത് പുതിയൊരു പാരഡൈമായിരുന്നു. മനുഷ്യകേന്ദ്രീകൃതമല്ല ഭൂമിയിലെ ആവാസവ്യവസ്ഥ എന്ന തിരിച്ചറിവും കൊണ്ടുവന്നത് ആ അടിസ്ഥാനത്തിൽ കൂടിയല്ലാത്ത ഒരു പരിവർത്തനവും ഇനി സാധ്യമല്ല എന്ന ധാരണ കൂടിയാണ്. പരന്ന ഭൂമിയിൽ ജീവിതം അസാധ്യമായതുപോലെ, ഭൂകേന്ദ്രീകൃതമായ പ്രപഞ്ചത്തിൽ ജീവിതം അസാധ്യമായതുപോലെ, മനുഷ്യകേന്ദ്രീകൃതമായ ആവാസവ്യവസ്ഥയിലും ജീവിതം അസാധ്യമാകുകയാണ്. മനുഷ്യകേന്ദ്രീകൃത ആധുനികതയുടെ പശ്ചാത്താപമായിരുന്നു വ്യവസായവൽകൃത ലോകത്തിന്റെ ദുരന്തങ്ങളിൽനിന്നു പുറപ്പെട്ട പരിസ്ഥിതിബോധം. ഞാൻ റെയിൽവേയെ എതിർക്കുമ്പോൾ എതിർക്കുന്നതു മർത്യസ്വാർഥതയെയാണ് എന്ന് അന്നേ ജോൺ റസ്കിൻ പറഞ്ഞുവച്ചു. അറുപതുകളിൽ റേച്ചൽ കഴ്സന്റെ ‘സൈലന്റ് സ്പ്രിങ്ങോ’ടെ പരിസ്ഥിതിബോധത്തിന്റെ പ്രബലകാലമാരംഭിച്ചു. മനുഷ്യന്റെ തോത് (scale) അതിജീവനത്തിന് മനുഷ്യനു മതിയാകാതായി. നദിയും കാടും പർവതവും മനുഷ്യന്റെ നിത്യോപയോഗത്തിന്റെ നിഘണ്ടുവിലെ അർഥം മാത്രമായിരുന്നു ഇതുവരെ വഹിച്ചിരുന്നതെങ്കിൽ അവയുടെ യാഥാർഥ്യത്തിലേക്കവ മുക്തമാകുകയാണ്.

റേച്ചൽ കഴ്സൻ മലയാളിയായത് എൻഡോസൾഫാൻ ദുരന്തത്തെത്തുടർന്നാണ്. കീടനാശിനികളുടെ നിർബാധമായ ഉപയോഗം ലക്ഷ്യംവച്ച കീടങ്ങളെ മാത്രമല്ല മനുഷ്യനുൾപ്പെടെ ജീവനുള്ള സകലതിനെയും ബാധിച്ചു. കശുവണ്ടിത്തോട്ടത്തിന്റെ താഴ്‌വാരങ്ങളിൽ ജീവിച്ച പാവപ്പെട്ട മനുഷ്യരുടെ ജീവിതങ്ങളാണു തുലഞ്ഞുപോയത്. പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷൻ കോർപറേഷൻ ഹെലികോപ്റ്ററിൽനിന്നു കോരിയൊഴിച്ചതു മർത്യകേന്ദ്രീകൃത വ്യവസ്ഥയുടെ ബോംബായിരുന്നു. ‘നിഷ്കളങ്കരായ മനുഷ്യരുടെയും ഉർവരമായ പ്രകൃതിയുടെയുംമേൽ നടന്നതു ഭരണകൂട ഭീകരതയുടെ നിർദയമായ വ്യോമാക്രമണം തന്നെയായിരുന്നു’ എന്ന് അംബികാസുതൻ മാങ്ങാട്. മാരകമായിരുന്നു ഫലം. ജീവിച്ചിരിക്കുന്നവരും ജീവൻ നഷ്ടപ്പെട്ടവരുമായ ഒട്ടേറെ രക്തസാക്ഷികൾ. മുപ്പത്തിയഞ്ചാം വയസ്സിലും തൊട്ടിലിൽ കിടക്കുന്ന പ്രത്യേകതരം മനുഷ്യരെ അതു സൃഷ്ടിച്ചു. ചികിത്സ വൈകിയതിനാൽ 2 നാളുകൾക്കുമുൻപു മരിച്ച് എയിംസിന്റെ സമരപ്പന്തലിൽ മൃതദേഹമായെത്തിയ കുഞ്ഞും അതേ ദുരിതത്തിന്റെ ബാക്കിപത്രം. പരിസ്ഥിതിവിരുദ്ധമായ നമ്മുടെ ജീവിതസമീപനത്തെ അത് അതുവരെ സങ്കൽപിക്കാൻപോലും കഴിയാത്ത ദുരിതങ്ങളിലൂടെ ചോദ്യംചെയ്തു. എല്ലാ ജീവജാലങ്ങളെയും തുല്യമായി തുണയ്ക്കുന്ന, പുല്ലിനും പുഴുവിനും പഴുതുള്ള ഭൂമിയിലേ മനുഷ്യനും പഴുതുള്ളൂ എന്ന് അതു പഠിപ്പിച്ചു. വലുപ്പത്തിൽ ഏറ്റക്കുറച്ചിലുണ്ടാകാമെങ്കിലും മനുഷ്യനും ഒരു കീടം. മനുഷ്യനു മാത്രമായി ഭൂമിയിൽ ഒരു പുരോഗതിയും സാധ്യമല്ല. എൻഡോസൾഫാൻ ദുരിതബാധിതരുടെ രൂപങ്ങൾ ഓർമയിലുള്ള ഒരാളും പരിസ്ഥിതിബോധത്തെയോ പരിസ്ഥിതിപ്രവർത്തകരേയോ നിന്ദിക്കില്ല. മേഘവിസ്ഫോടനവും അതിതാപനവും പല പുതുനാമങ്ങളിൽ വരുന്ന ചുഴലിക്കാറ്റും ഭൂകമ്പവുമെല്ലാം സൃഷ്ട്യോന്മുഖമെന്നു നാം കരുതിയ, സത്യത്തിൽ നാശോന്മുഖവുമായിരുന്ന വികസന‌പ്രവർത്തനങ്ങളുടെ ഫലങ്ങൾ. ഭൂമി അതിന്റെ നിലനിൽപിനായി മനുഷ്യന്റെ അവബോധത്തിൽ വരുത്തിയ ദർശനവ്യതിയാനത്തെയാണ് പരിസ്ഥിതിബോധം എന്നു പറയുന്നത്. നടക്കുന്ന ഒരുതുണ്ട് ഭൂമി മാത്രമായ മനുഷ്യൻ പരിണാമത്തിന്റെ അന്തർഗതം പ്രകാശിപ്പിക്കുകയാണ്.

k-rail-silverline

സാഹചര്യത്തിന്റെ പിന്തുണയില്ലാതിരുന്നിട്ടും വാക്കിലും എഴുത്തിലും പരിസ്ഥിതിബോധം പ്രകടിപ്പിക്കുന്ന ഒറ്റപ്പെട്ട മനുഷ്യർ, മനുഷ്യന്റെ ഭാവിയിലുള്ള വിശ്വാസമാണ് എന്നിൽ വളർത്തുന്നത്. വീടിനു കല്ലു വേണ്ടേ, മരം വേണ്ടേ, നിങ്ങളുടെ വീട് വായുകൊണ്ടാണോ എന്നെല്ലാം നിരന്തരമായ കല്ലേറു കൊള്ളുമ്പോഴും എൻഡോസൾഫാന്റേതിനു സമാനമായതു സംഭവിക്കാതിരിക്കാൻ അവർ ഓടിനടക്കുന്നു. വലിയ അളവിലുള്ള പരിസ്ഥിതിനാശത്തെക്കുറിച്ചവർ താക്കീതു നൽകുന്നു. പരിസ്ഥിതിയവബോധത്തിനു മൂല്യമുള്ള ഒരു ലോകത്തെ സ്വപ്നത്തിലെങ്കിലും കാണുന്നവർ, സ്വപ്നത്തിൽപോലും കാണാത്തവരെക്കാൾ ഭേദമല്ലേ?

ആശയതലത്തിൽ സാക്ഷാത്കരിക്കുന്നതല്ലേ പ്രയോഗതലത്തിൽ വരൂ! നിങ്ങൾക്കു പരിഹസിക്കാം. മാറ്റത്തിന്റെ ആദ്യ ദൂതന്മാർ എന്നും പരിഹസിക്കപ്പെട്ടിട്ടുണ്ട്. മാറ്റുവാൻ, മാറാതിരിക്കുന്നതിനെക്കാൾ ബലം വേണം. വിദേശവസ്ത്രഭ്രമത്തിൽനിന്ന് സ്വദേശിയിലെത്തിയ ഗാന്ധി നടന്നതും സാഹസിക മാർഗത്തിലൂടെയായിരുന്നു. രണ്ടഭിപ്രായങ്ങൾ താൻ പ്രകടിപ്പിച്ചുവെങ്കിൽ രണ്ടാമത്തേതെടുക്കൂ എന്നു പറയുന്നൊരു ഗാന്ധിയുടെ സ്വരാജിൽ ആർക്കെങ്കിലും സ്വസ്ഥതയോടെ കഴിയാനാകുമോ എന്നു സംശയിച്ചവരും കുറവല്ല.

രണ്ടാമതല്ല എത്രാമതും അതേ നദിയിലാണു കാലുകുത്തുകയെന്നു ധരിക്കുന്ന സ്ഥിതപ്രജ്ഞർക്ക്, പരന്ന ഭൂമിയിലെ സ്ഥിരവാസികൾക്ക് മറുപടിയില്ല. മതനിരപേക്ഷതയും കാരുണ്യവും അപരസ്നേഹവും പരിസ്ഥിതിബോധവും കാപട്യമായിത്തോന്നുന്ന പലതരം ജനുസ്സുകൾ ഇന്ത്യയിലുണ്ടല്ലോ. പരിസ്ഥിതിനാശത്തിന്റെ പടിവാതിൽക്കലാണു നമ്മൾ. പുതിയ ദേശീയപാതയ്ക്കായി മരങ്ങൾ മുറിച്ചുതുടങ്ങിയതേയുള്ളൂ. ഇല്ലാതാകാനിരിക്കുന്ന നദികൾ, കുഴിച്ചെടുക്കാനുള്ള കുന്നുകൾ, തുരക്കാനുള്ള പർവതങ്ങൾ, തൂർക്കാനിരിക്കുന്ന പാടങ്ങൾ - യന്ത്രസാമഗ്രികൾ ഇറക്കിവയ്ക്കുന്നതേയുള്ളൂ. മിച്ചംവരുന്ന മരുഭൂമിയിൽ ഓടാനുള്ള സിൽവർലൈനിനെക്കുറിച്ച് സ്വപ്നം കാണേണ്ട ഒന്നാന്തരം സമയം!

ഇനി തുടക്കത്തിലെ ഉപമയെക്കുറിച്ച് (parable). പാപിയെ പാപമുക്തയാക്കുകയായിരുന്നില്ല ക്രിസ്തു. അവളെക്കാൾ പാപം ചെയ്തവർക്ക്, ചെയ്ത പാപത്തെപ്പറ്റി ബോധംപോലുമില്ലാത്തവർക്ക് അവളെ വിധിക്കാൻ എന്തർഹത എന്നു ചോദിക്കുകയായിരുന്നു. ആത്മബോധമുള്ളവരായിരിക്കുവാനാണു ക്രിസ്തു പറയുന്നത്. പുതിയ ആത്മബോധം പരിസ്ഥിതിബോധമാണ്. ഇതുവരെ കൈക്കൊണ്ടുപോന്ന ജീവിതരീതിയിൽ പശ്ചാത്തപിച്ചു തുടങ്ങിയവർക്കു ക്ഷമിക്കപ്പെടാനുള്ള അർഹത അല്ലാത്തവരെക്കാളുമുണ്ട്. അതിനാൽ സിൽവർലൈനിനു കല്ലിടാൻ വന്നവരേ, നിങ്ങളാണു പിന്തിരിയേണ്ടത്. നിങ്ങളെയാണു ക്രിസ്തു ഉദ്ദേശിച്ചത്. അടൂരിന്റെ ‘എലിപ്പത്തായ’ത്തിലെ ഉണ്ണിക്കുഞ്ഞിനെ ഓർമ വരുന്നു; എന്തൊരു വേഗം! ഉണ്ണിക്കുഞ്ഞ് ജീവിച്ചിരുന്നതും സ്വയം കൃതാനർഥമായ പരന്ന ഭൂമിയിലായിരുന്നു.

എൻഡോസൾഫാൻ ദുരിതബാധിതർക്കു വാഗ്ദത്തം ചെയ്തതു കൊടുക്കാൻ ട്രഷറിയിൽ പണമില്ല. ഭാവിയിലും അതു കൊടുക്കാൻ പറ്റണമെന്നുമില്ല. പ്രശ്നങ്ങളിൽനിന്ന് ദ്രുതഗതിയിൽ പലായനം ചെയ്യാൻ ഒരു സിൽവർലൈൻ അനിവാര്യമാണ്.

പിൻവെളിച്ചം

ലോകായുക്ത ഓർഡിനൻസ് ഭേദഗതി സംബന്ധിച്ച് ‘23 വർഷം മുൻപ് തള്ളിയതു വീണ്ടും’ എന്ന പത്രത്തലക്കെട്ടു കണ്ട് ചിരിച്ചുപോയി. ഇക്കാലത്തിനകം തള്ളുക എന്ന പദത്തിനു നേർവിപരീതമായ അർഥം കിട്ടിയതോർത്ത്. ‘എന്താ തള്ളൽ?’

English Summary: Kalpatta Narayanan on Silverline Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com