ADVERTISEMENT

മുസ്‌ലിം കുടുംബത്തിൽ പിറന്നതുകൊണ്ടാണോ നിങ്ങൾ മുസ്‌ലിമായത് എന്ന് അഭിമുഖകാരൻ ചോദിച്ചപ്പോൾ ബഷീർ പറഞ്ഞത് അതുകൊണ്ടും എന്നാണ്. അതുകൊണ്ടാണ് എന്നല്ല. എന്നുമല്ല, അതുമല്ല, അതുമാണ് എന്നാണു കുമാരനാശാനും പറയുക. അതല്ല, അതാണ് എന്നല്ല. ഒന്നിന് പല കാരണങ്ങളുണ്ടാകാം, ഒന്നിന് പല ഫലങ്ങളുമുണ്ടാകാം എന്ന് കുമാരനാശാൻ വിവേകപൂർവം തന്റെ നിലപാടിനെ ന്യായീകരിച്ചിട്ടുമുണ്ട്. (‘ഏക കാര്യമഥവാ ബഹൂത്ഥമാം ഏക ഹേതു ബഹു കാര്യകാരിയാം’).

അതാണ്, അതല്ല എന്ന കർക്കശ നിലപാടാണ് പക്ഷേ നാമിന്ന് വിവേകമതികളെന്നു കരുതപ്പെടുന്നവരിൽപോലും കണ്ടുകൊണ്ടിരിക്കുന്നത്. അതോ ഇതോ (either-or) എന്ന പരസ്പരം സഹിക്കാനാകാത്ത നിലപാടുകളുടെ പോർവിളികളേയുള്ളൂ ചുറ്റിലും. ചെറുതായൊന്നു വിയോജിച്ചാൽ നിങ്ങളെ അതാക്കും ഇത്; ഇതാക്കും അത്. കേന്ദ്ര നയങ്ങളെ വിമർശിച്ചാൽ നിങ്ങൾ രാജ്യദ്രോഹിയാകും. സംസ്ഥാനത്തിന്റെ നയങ്ങളെ വിമർശിച്ചാൽ നിങ്ങൾ ഇടതുപക്ഷ വിരുദ്ധനാകും. കേന്ദ്രത്തിലെ ‘ഇത്’ ഭരണകക്ഷിയും ‘അത്’ അവരെ എതിർക്കുന്ന എല്ലാവരുമാണ്. കറുപ്പും വെളുപ്പുമേ ഉള്ളൂ. മറ്റു നിറങ്ങളൊന്നും നിലവിലില്ല. അതും ഇതും അല്ല,  മധ്യമാർഗമാണ് ശരി എന്നു പറയാൻ ഒരു ബുദ്ധനെയും പരിസരത്തെങ്ങും കാണാനുമില്ല.

ചാനൽ ചർച്ചകൾ നോക്കൂ. രണ്ടുപക്ഷങ്ങൾക്കു പോരടിക്കാനുള്ള തർക്കമേ ചാനലുകൾ ചർച്ചയ്ക്കെടുക്കൂ. ചർച്ചയിൽ പങ്കെടുക്കുന്ന ‘അത്’, ‘ഇത്’ ചോദിക്കുന്നതിൽ പാതിപോലും കേൾക്കില്ല. ഉത്തരം കൈവശമുള്ളതിന്റെ ചോദ്യമേ കേൾക്കൂ. സിലക്ടീവ് ആണ് ‘അതി’ന്റെ കേൾവിശക്തി. അതു മനഃപൂർവമാണ് എന്നു തിരിച്ചറിഞ്ഞാലും കളിയിൽ തനിക്കു കിട്ടിയ ഭാഗം (role) തുടരുകയാണ് ‘ഇത്’ ചെയ്യുക. പണ്ടത്തെ ഭാര്യാഭർത്താക്കന്മാരുടെ കലഹം പോലെ വഴിയിൽവച്ച് അത് മുൻപു നിർത്തിയിടത്തുനിന്നെല്ലാം തുടങ്ങും. മറ്റു രണ്ടു പേരുണ്ടാകുമല്ലോ ചർച്ചയിൽ. അതിൽ ഒരാൾ സ്വതന്ത്ര പരിവേഷമുള്ള, യഥാർഥ പ്രതിനിധിയെക്കാൾ മൂത്ത അതോ ഇതോ ആയിരിക്കും. നാലാമൻ മറ്റൊരു അതോ ഇതോ കളി ഇതേ ഗ്രൗണ്ടിൽ ഇതേ വിഭവങ്ങൾവച്ചു കളിച്ചു നോക്കും. ചില പ്രേക്ഷകർക്ക് ആ അതോ - ഇതോ കളിയിലും താൽപര്യമുണ്ടാകും. കളിക്കാർക്ക് അതതു സമയം ആയുധങ്ങൾ ഇറക്കുമതി ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ഈ യുദ്ധം ആരെങ്കിലും പരാജയപ്പെടുമ്പോഴല്ല, സമയം അതിക്രമിക്കുമ്പോഴാണ് തീരുക. ഇതിന്റെ പക്ഷക്കാർ ഇത് ജയിച്ചതായും അതിന്റെ പക്ഷക്കാർ അത് ജയിച്ചതായും ഊറ്റം കൊണ്ടും മറ്റേതിന്റെ പക്ഷക്കാർ അതിനെയും ഇതിനെയും പുച്ഛത്തോടെ നോക്കിയും സംഗതി അവസാനിക്കും. കളിച്ചു മതിയായിട്ടല്ല ഈ അതോ - ഇതോ കളി അവസാനിക്കുക. അഥവാ അവസാനിക്കാത്ത ഒരു കളിയുടെ അതേ അങ്കം മറ്റൊരു വിഷയത്തെ മുൻനിർത്തി അടുത്തദിവസം കാണാം. ചേകോന്മാർക്കു വലിയ മാറ്റമില്ല. പറയുന്നതു ശ്രദ്ധയോടെ കേട്ട്, ഉദ്ദേശിക്കുന്നതെന്താണെന്നു മനസ്സിലാക്കി, തെറ്റുകൾ സമ്മതിച്ചും തെറ്റുകൾ സമ്മതിക്കാൻ പ്രേരിപ്പിച്ചും നീങ്ങുന്ന ഗാന്ധി പറയുന്ന സംവാദം ചാനൽ ചർച്ചയിൽ മാത്രമല്ല സമീപകാല രാഷ്ട്രീയ രംഗങ്ങളിലൊരിടത്തും കാണാനാകില്ല. വിവാദമേ ഉള്ളൂ, വേണ്ടൂ.

രാഷ്ട്രീയനേതാക്കൾ ഈ വിവാദത്തിൽ എങ്ങനെ ശോഭിക്കുന്നു എന്നു നോക്കാം. ജുഡീഷ്യറിയെയും തിരഞ്ഞെടുപ്പു കമ്മിഷനെയും ഭരണകൂടം നിയന്ത്രിക്കുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചാൽ അതു കേട്ട് അതിനുള്ള മറുപടിയല്ല ഭരണപക്ഷ പ്രതിനിധി പറയുക. ജുഡീഷ്യറിയുടെയും തിരഞ്ഞെടുപ്പു കമ്മിഷന്റെയും സ്വതന്ത്രപദവിയെ പ്രതിപക്ഷം ചോദ്യം ചെയ്തു എന്നാണു മറുപടി. ഞങ്ങളതിൽ ഇടപെട്ടിട്ടില്ല, അല്ലെങ്കിൽ ഞങ്ങൾക്കതിനവകാശമുണ്ട് എന്നു പറയുകയേയില്ല. ആർഎസ്എസിന്റെ ഹിന്ദുവല്ല ഗാന്ധിയുടെ ഹിന്ദുവാണ് ഞങ്ങളുടെ ഹിന്ദു എന്നൊരു നേതാവു പറഞ്ഞാൽ മറ്റൊരു നേതാവ് മനഃപൂർവം കേൾക്കുക ഞങ്ങൾ ഹിന്ദുക്കളുടെ കൂടെയാണ്, ന്യൂനപക്ഷം ഞങ്ങൾക്കു പ്രശ്നമല്ല എന്നാണ്. നോക്കൂ ഞങ്ങളുടെ ഹിന്ദുക്കൾ എന്നാണു പറഞ്ഞത്. ഞങ്ങൾ ഹിന്ദുക്കളുടെ കൂടെയാണ് എന്നാണവർ പറഞ്ഞത്. ഞങ്ങൾ മുസ്‌ലിംകളുടെ കൂടെയാണ് എന്നവർ പറയുമോ? ഇഷ്ടമുള്ളതു കേൾക്കുകയും അതിനനുസരിച്ചു വ്യാഖ്യാനിക്കുകയും ചെയ്യുന്ന കലയിൽ ഈ സത്യാനന്തരകാലത്ത് ആരും ആരുടെയും പിന്നിലല്ല.

സൂക്ഷ്മമായി പറഞ്ഞാൽ അതോ ഇതോ രണ്ടല്ല. തെറ്റായി കേൾക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്താലല്ലാതെ വിവാദം കൊഴുക്കില്ല. നിങ്ങൾ അന്നെന്ത് നിലപാടാണെടുത്തത് എന്നാണ് പ്രതിയോഗികളുടെ പതിവു ചോദ്യം. അവരുന്നയിച്ച അതേ വാദഗതികളാണ് കൂടുതൽ ശക്തമായി അന്നത്തെ എതിരാളികൾ പിന്നീടുയർത്തുക. ബംഗ്ലദേശ് യുദ്ധത്തിന്റെ സ്മാരക ജ്യോതി നിലവിലെ ഭരണകൂടം ഊതിക്കെടുത്തുന്നു. മിന്നലാക്രമണത്തിന്റെ ജ്യോതിക്ക് ടെൻഡർ ക്ഷണിക്കുകയും ചെയ്യുന്നു. പരസ്പരം ഒരു ശത്രുതയുമില്ലാത്ത പാവപ്പെട്ട മനുഷ്യർ രാജ്യങ്ങൾക്കു വേണ്ടി പൊരുതിമരിക്കുന്നതിലെ അസംബന്ധം ചർച്ച ചെയ്യപ്പെടുകയേ ഇല്ല. ‘അത്’ പറഞ്ഞതിൽനിന്നു തികച്ചും വ്യത്യസ്തമായി ‘ഇതി’നു ചിന്തിക്കാനാകില്ല.

രാജപദവിക്കുവേണ്ടി സിംഹത്തോടു മത്സരിക്കാൻ ഒരു നായക്കുട്ടി ശ്രമിക്കുകയാണെന്ന് കഴിഞ്ഞ ഒരു തിരഞ്ഞെടുപ്പിൽ നായ പരിഹസിക്കപ്പെടുകയുണ്ടായി. പഞ്ചതന്ത്രം മുതൽ ലയൺകിങ്ഡം വരെയുള്ള ഭാരതീയവും ആഗോളവുമായ സിംഹസ്തുതികളിൽ രോമാഞ്ചംകൊണ്ടതാകാം. കെട്ടിക്കാഴ്ചയിൽ വീണതാകാം. ശാരീരികമായ ബലത്തെ എല്ലാറ്റിനും മീതെ കണ്ടതാകാം. ചിന്താശേഷിയില്ലാത്ത ആൾക്കൂട്ടം അടിച്ചുകൊല്ലലിൽ (lynching) പങ്കെടുക്കുമ്പോലെ ആവേശഭരിതരായി. ജന്തുസ്ഥാന്റെ പരമാധികാരിയായി സിംഹം വൻ ഭൂരിപക്ഷത്തിൽ ജയിച്ചുകയറുകയും ചെയ്തു. തിരഞ്ഞെടുപ്പനന്തര പുനർവിചിന്തനത്തിലും നായയുടെ പക്ഷത്തുനിന്ന് നായയുടെ പക്ഷക്കാർ പോലും ചിന്തിക്കുകയുണ്ടായില്ല. 

രാജപദവിയിലേക്കു തിരഞ്ഞെടുക്കേണ്ടത് ഇതരമൃഗങ്ങളിൽ നിന്നാണെന്നു സങ്കൽപിക്കുകയാണെങ്കിൽ യഥാർഥത്തിൽ നായയ്ക്കല്ലേ സിംഹത്തെക്കാൾ യോഗ്യത? നായയായിരുന്നു ആദ്യ വഴികാട്ടി. നയിച്ചതിനാൽ ആണ് അതു നായയായത്. അതിനു പ്രവർത്തനപരിചയമുണ്ട്. നായയുടെ ഘ്രാണശക്തിയും വേഗവും സേവനതൃഷ്ണയും അതിനെ വീട്ടിൽ പാർപ്പിച്ചു. ബുദ്ധികൊണ്ട് അത് പൊലീസ് വകുപ്പിൽ ഡിവൈഎസ്പി വരെയായി ഉയർന്നു. അതിജീവിക്കാൻ അതിനുള്ള വൈഭവം ഭൂമിയിൽ മറ്റൊന്നിനുമില്ല. ഒരിക്കൽ കാട്ടുമൃഗമായിരുന്ന അത് അതിജീവിക്കാനായി വീട്ടുമൃഗമായി. കൂട്ടിലും വീട്ടിലും തെരുവിലുമായി എണ്ണത്തിൽ അതു പെരുകിക്കൊണ്ടിരിക്കുന്നു. സിംഹമോ വംശനാശത്തിന്റെ അറ്റത്തെത്തുന്നു. അതിജീവനശേഷിയില്ല, കാഴ്ചയിലെ പെരുപ്പിക്കപ്പെട്ട പത്രാസേ ഉള്ളൂ. നേരാണ്, നായയ്ക്കു വലിയ നെഞ്ചളവൊന്നുമില്ല, പക്ഷേ, നയിക്കാൻ സിംഹത്തെക്കാൾ പലമടങ്ങ് മുന്നിൽ. ശരീരശക്തി മാത്രമാണു മാനദണ്ഡമെങ്കിൽ ആനയോ കടുവയോ കാട്ടുപോത്തോ തീർച്ചയായും സിംഹമോ ആകണം നേതാവ്. ശാരീരിക ബലക്കുറവുകൊണ്ടൊന്നുമല്ല, ദിനോസർ ജീവിതത്തിൽനിന്ന് പിന്തിരിഞ്ഞത്; അതിജീവനശേഷിയില്ലാത്തതു കൊണ്ടാണ്. അതിൽ നായയെ ആർക്കു തോൽപിക്കാം? വേണ്ടപ്പോൾ വന്യത കാട്ടി ഭയപ്പെടുത്തി, വേണ്ടപ്പോൾ സൗമ്യത കാട്ടി സന്തുഷ്ടനാക്കി മനുഷ്യന്റെ വിശ്വസ്ത മിത്രമായി അതു നിലനിന്നു. സഹോദരങ്ങളെല്ലാം വഴിയിൽ വീണപ്പോഴും നായ തൊട്ടുപിന്നിലുണ്ടായിരുന്നു എന്നല്ലേ യുധിഷ്ഠിരന്റെ സ്വർഗാരോഹണകഥ നമ്മോടു പറയുന്നത്. മനുഷ്യൻ എത്തിയിടത്തൊക്കെ നായയുമെത്തിയിട്ടുണ്ട്. അതേ വടി അതേപടി ഉപയോഗിക്കാനല്ലാതെ അതുകൊണ്ടു തിരിച്ചടിക്കാൻപോലും കഴിയാത്ത പ്രതിപക്ഷം ഭരണപക്ഷത്തിന്റെ ദുർബലമായ പതിപ്പു മാത്രമല്ലേ? അതോ ഇതോ - രണ്ടും മിക്കവാറും ഒന്നുതന്നെ.

അതോ ഇതോ എന്ന തർക്കത്തിനതീതമായി ചിന്തിച്ച, കക്ഷിരാഷ്ട്രീയത്തിന്റെ കണ്ടിഷനിങ്ങിൽപെടാതിരുന്ന, നിശ്ശബ്ദതകൊണ്ടുപോലും അതിനെ അംഗീകരിക്കാതിരുന്ന ചിന്തകനായിരുന്നു ചരിത്രകാരനും സാഹിത്യ വിമർശകനും സാമൂഹികനിരീക്ഷകനും ഗാന്ധിചിന്തകനും ആയിരുന്ന ഡോ. എം.ഗംഗാധരൻ. ഭാവുകത്വത്തിന്റെ കയ്യൊപ്പുള്ള അകലുഷമായ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ആയിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ‘കൊടിയിറക്കാത്ത ചെറുപ്പത്തിനുത്സവം’ ഞാനദ്ദേഹത്തിൽ എന്നും കണ്ടു. അദ്ദേഹത്തിന്റെ മൗലികമായ എതിർമൊഴികൾ സി.ജെ.തോമസിന്റേതുപോലെ പ്രസക്തങ്ങളായ ഒരുപാടു ചിന്തകൾക്കു കാരണമായി. ഇല്ലാതായത് അനിവാര്യമായിരുന്ന ഒരു മഹാസാന്നിധ്യമാണ്; കറകളഞ്ഞ അഭിപ്രായസ്വാതന്ത്ര്യമാണ്.

പിൻവെളിച്ചം

രാമൻ യുദ്ധത്തിനിടയിൽ വില്ലു താഴെവച്ചപ്പോൾ മുന തവളയിൽക്കയറി. വില്ലുയർത്തിയപ്പോൾ പിടയുന്ന തവളയെക്കണ്ട്, വിൽമുന നേരെ വരുമ്പോൾ നിനക്കു പ്രതിഷേധിച്ചു കൂടായിരുന്നോ എന്നു ചോദിച്ചു. അല്ലയോ രാമാ, നീതിയുടെ ഇരിപ്പിടമായ അങ്ങയുടെ ആയുധം എന്റെ നേർക്കു വരുമ്പോൾ ഞാനെന്താണു ചെയ്യുക എന്നു തവള. നീതിപീഠം കാരണം പറയാതെ മീഡിയ വണ്ണിനെ ശിക്ഷിച്ചപ്പോൾ എനിക്ക് ഈ കഥ ഓർമ വന്നു. അവസാന അഭയസ്ഥാനവും നഷ്ടപ്പെടുകയാണോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com