ADVERTISEMENT

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മംഗളകരമായ സംഭവമാണു വിവാഹം. ഒരു പുതിയ ജീവിതം വരനും വധുവുംകൂടി കെട്ടിപ്പടുക്കാൻ ആരംഭിക്കുന്ന നിമിഷം. എന്നാൽ, കഴിഞ്ഞ കുറച്ചുകാലമായി കണ്ണൂർ, തലശ്ശേരി പ്രദേശങ്ങളിൽ വിവാഹാഘോഷങ്ങളുടെ അനുബന്ധമായി അത്യന്തം മലിനകരമായ ഒരു ചടങ്ങുകൂടി നടന്നുവരുന്നുണ്ട്. വരന്റെ കല്യാണപ്പാർട്ടിയിൽ വരുന്ന ചെറുപ്പക്കാർ ആഭാസകരമായ നൃത്തങ്ങളും പാട്ടുകളും അവതരിപ്പിക്കുക എന്നതാണത്. ഈ രംഗങ്ങൾ അവർ കല്യാണവേദിയിലും ആവർത്തിക്കുന്നു. എന്തിനധികം, കല്യാണരാത്രിയിൽ വരനെ നിർബന്ധമായിത്തന്നെ ഇത്തരം ചടങ്ങുകളിൽ പങ്കെടുപ്പിക്കുകയും ചെയ്യും. വധു നിസ്സഹായയായി മണിയറയിൽ ഇരിക്കും.

ഇത്തരം സംഭവങ്ങൾ വളരെ വർധിച്ചപ്പോൾ സമുദായത്തിന്റെ പല കോണുകളിൽനിന്ന് എതിർപ്പുകളുയരുകയും ഇവ തെല്ല് അടങ്ങുകയും ചെയ്തു. പക്ഷേ, പൂർണമായും ഇല്ലാതായില്ല. ഇപ്പോൾ നൃത്തവും പാട്ടുമൊക്കെപ്പോയി, മാരകശേഷിയുള്ള ബോംബുകൾ കൊണ്ടുള്ള താണ്ഡവങ്ങളാണു നടക്കുന്നത്. ഇന്നലെ രാവിലെ പത്രങ്ങളിൽ വായിച്ച റിപ്പോർട്ടുകൾ ഭീതിജനകമായിരുന്നു. കണ്ണൂരിന്റെ പരിസരത്തുള്ള ഒരു പ്രദേശത്തു കല്യാണദിവസം ആഭാസനൃത്തത്തിനും പാട്ടിനും പകരം ബോംബേറാണു നടന്നത്.

t-padmanabhan
ടി.പത്മനാഭൻ

ബോംബേറു കൊണ്ട ഹതഭാഗ്യന്റെ തല തത്സമയം പൊട്ടിച്ചിതറിപ്പോയി. എന്തോ ഭാഗ്യത്തിനു പൊലീസ് ഉണർന്നു പ്രവർത്തിച്ച്, കുറ്റകൃത്യത്തിലേർപ്പെട്ട ഏതാനുംപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വാഗ്ഭടാനന്ദ ഗുരുദേവനെപ്പോലുള്ള മഹാപുരുഷന്മാരുടെ ജന്മംകൊണ്ടു പവിത്രമായ നാട്ടിലാണ് ഇതൊക്കെ നടക്കുന്നത് എന്നോർക്കുമ്പോൾ എന്തെന്നില്ലാത്ത സങ്കടവും അപമാനവും അനുഭവപ്പെടുന്നു. നമുക്കെല്ലാം അറിയാവുന്ന ഒരു കാര്യമുണ്ട്– കഴിഞ്ഞ കുറെക്കാലമായി കേരളത്തിൽ പ്രത്യേകിച്ചും ഉത്തരകേരളത്തിൽ, ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാൽ കണ്ണൂർ, തലശ്ശേരി പ്രദേശങ്ങളിൽ ബോംബ് നിർമാണം ഒരു കലയായി വികസിച്ചിട്ടുണ്ട്.

ഞാൻ ഇപ്പോൾ ഓർക്കുന്നതു സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’ എന്ന ചലച്ചിത്രത്തിലെ ചില കഥാപാത്രങ്ങളെയും സംഭവങ്ങളെയുമാണ്. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചതു സർഗധനനായ ശ്രീനിവാസനാണ്. ശ്രീനിവാസൻ ഒരു വടക്കനാണല്ലോ. ഈ ചിത്രത്തിൽ ഒരു സഞ്ചിയിൽ കുറെ ബോംബുകളുമായി –എല്ലാം വീട്ടിൽത്തന്നെ ഉണ്ടാക്കിയത്– പാവപ്പെട്ട ഒരു കച്ചവടക്കാരൻ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കാനായി പോകുന്ന രംഗമുണ്ട്. ഇതിൽ ഒരു തെറ്റും അയാൾ കാണുന്നില്ല. അയാൾക്ക് എല്ലാ പ്രോത്സാഹനവും ഈ ‘ബിസിനസിൽ’ നൽകുന്നതു സ്ഥലത്തെ പ്രധാന രാഷ്ട്രീയപ്പാർട്ടികളാണ്.

ശ്രീനിവാസന്റെ ഈ പാത്രസൃഷ്ടിക്കുവേണ്ട സൗകര്യമൊരുക്കിയതു തീർച്ചയായും കണ്ണൂർ, തലശ്ശേരി പ്രദേശങ്ങളിൽ നടക്കുന്ന സംഭവങ്ങൾ തന്നെയായിരിക്കണം. ബോംബ് നിർമാണത്തിനിടെ ഉന്നതനായ ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ കൈപ്പത്തി ചിതറിപ്പോയിട്ട് അധികകാലമൊന്നുമായില്ല. വിവാഹത്തോടനുബന്ധിച്ചു ബോംബേറും കൊലപാതകവും നടക്കുന്നത് ആദ്യമായി കേൾക്കുകയാണ്. ഇത് ഇനി ആവർത്തിക്കാൻ ഇടവരരുത്.

സമൂഹവും ഭരണകർത്താക്കളും വിചാരിച്ചാൽ ബോംബേറു മാത്രമല്ല, ആഭാസകരമായ പെരുമാറ്റവും –ഇതിൽ നൃത്തവും പാട്ടുമെല്ലാം ഉൾപ്പെടും– വളരെ നിഷ്പ്രയാസം നിർത്താൻ കഴിയുമെന്നു തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. ഈ വൃത്തികേടുകൾ കാട്ടിക്കൂട്ടുന്നതു വരന്റെ പാർട്ടിയിൽ വരുന്ന, അദ്ദേഹത്തിന്റെ ചങ്ങാതിമാരാണ്. ഒരു വിവാഹവും ഇവിടെ രഹസ്യമായി നടക്കുന്നില്ല. മുൻകൂട്ടിത്തന്നെ പൊലീസ് മേലധികാരികൾ വരനെയോ വരന്റെ രക്ഷിതാക്കളെയോ വിളിച്ചു താക്കീത് ചെയ്താൽ ഇത് ആവർത്തിക്കാൻ ആരും ധൈര്യപ്പെടില്ല. പക്ഷേ, ഇതിനു മുൻപായി ചെയ്യേണ്ടത് ഇത്തരം പ്രവൃത്തികളിലേർപ്പെടുന്നവർക്കു മാതൃകാപരമായ കഠിന ശിക്ഷ നൽകുക എന്നതാണ്.

English Summary: T. Padmanabhan on Celebrations in Wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com