ADVERTISEMENT

യുപിയിൽ പ്രചാരണത്തിനിടെ എസ്പി ചിഹ്നമായ സൈക്കിളിനെ വിമർശിച്ച പ്രധാനമന്ത്രിക്ക് തിരിച്ചടി കിട്ടിയതും സൈക്കിളിൽനിന്ന്. എസ്പി സർക്കാർ കാലത്ത് ഭീകരർ സൈക്കിളിലാണ് ബോംബ് കടത്തിയിരുന്നതെന്നാണ് മോദി വിമർശിച്ചത്. നെതർലൻഡ്സ് പ്രധാനമന്ത്രി സമ്മാനിച്ച സൈക്കിളിൽ മോദി സഞ്ചരിക്കുന്ന പഴയപടം കുത്തിപ്പൊക്കിയാണ് എതിരാളികൾ തിരിച്ചടിച്ചത്

ഉത്തർപ്രദേശിൽ കഴിഞ്ഞ ഞായറാഴ്ച രാഷ്ട്രീയ കക്ഷികളുടെ പ്രചാരണവാഹനങ്ങളെക്കാൾ മാധ്യമ വാഹനങ്ങളാണു മത്സരിച്ചു പാഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വടക്കൻ യുപിയിലെ ലഖിംപുർ ഖേരിയിൽ പ്രചാരണത്തിനെത്തുന്നുവെന്ന അഭ്യൂഹം പരന്നതോടെയായിരുന്നു ഇത്. ബിജെപി നേതൃത്വം ഇക്കാര്യം നിഷേധിക്കുകയോ ശരിവയ്ക്കുകയോ ചെയ്തില്ല. പക്ഷേ, മോദി റാലിക്കെത്തിയത് ലഖിംപുരിനു സമീപം ഹർദോയ് ജില്ലയിലാണ്. പകരം, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖിംപുരിൽ വരുമെന്നും അഭ്യൂഹമുയർന്നു.  യോഗിയും സമീപപട്ടണങ്ങളിലാണു പ്രചാരണം നടത്തിയത്. മേഖലയിലെ ബിജെപിയുടെ ശക്തനായ പിന്നാക്ക സമുദായ നേതാവ് ഉപമുഖ്യമന്ത്രി കേശവ ചന്ദ് മൗര്യയും ലഖിംപുരിലേക്ക് എത്തിയില്ല. 

നാലുമാസമായി ദേശീയ രാഷ്ട്രീയത്തിൽ ചൂടേറ്റി നിൽക്കുന്ന സ്ഥലനാമമാണു ലഖിംപുർ ഖേരി. കഴിഞ്ഞ ഒക്ടോബറിൽ ലഖിംപുരിലെ കർഷക സമരത്തിനിടയിലേക്കു വാഹനം ഓടിച്ചുകയറ്റിയ സംഭവത്തിൽ 4 കർഷകരടക്കം 8 പേരാണു കൊല്ലപ്പെട്ടത്. ഈ കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയോടു ബിജെപി മൃദുനിലപാട് സ്വീകരിച്ചതു കർഷകസംഘടനകളുടെ വൻ പ്രതിഷേധത്തിനു കാരണമായി. ഒടുവിൽ സുപ്രീം കോടതി ഇടപെട്ടതോടെയാണ് ആശിഷിനെ അറസ്റ്റ് ചെയ്തത്. ലഖിംപുരിലെ ശക്തനായ നേതാവാണ് അജയ് മിശ്ര. കർഷകസംഘടനകളും പ്രതിപക്ഷകക്ഷികളും കേന്ദ്രമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബിജെപി നേതൃത്വം വഴങ്ങിയില്ല. ഒരാഴ്ച മുൻപ് ആശിഷ് ജാമ്യത്തിലിറങ്ങിയപ്പോഴും വിമർശനമുയർന്നു. ജാമ്യാപേക്ഷയെ ശക്തമായി എതിർക്കരുതെന്നു യോഗി ആദിത്യനാഥ് നിർദേശം നൽകിയിരുന്നെന്നാണ് ആക്ഷേപമുയർന്നത്. 

ലഖിംപുരിൽ നരേന്ദ്ര മോദിയോ യോഗി ആദിത്യനാഥോ റാലിക്ക് എത്തിയിരുന്നെങ്കിൽ സ്വാഭാവികമായും അവർക്കൊപ്പം കേന്ദ്ര മന്ത്രി അജയ് മിശ്രയും വേദി പങ്കിട്ടേനെ. എന്നാൽ, പാർട്ടിനേതൃത്വം അത്തരമൊരു സാഹചര്യമുണ്ടാകാൻ താൽപര്യപ്പെട്ടില്ല. കർഷകപ്രശ്നത്തിൽ കേന്ദ്ര നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന വരുൺ ഗാന്ധി എംപിക്കും നല്ല സ്വാധീനമുള്ള മേഖലയാണു ലഖിംപുർ ഖേരി. കേന്ദ്രത്തിൽ മോദിയും സംസ്ഥാനത്തു യോഗിയും നേട്ടമായി കരുതുന്ന ശക്തമായ ക്രമസമാധാന പരിപാലനം എന്ന സന്ദേശത്തെ കളങ്കപ്പെടുത്തുന്നതാകും അജയ് മിശ്രയുടെ സാന്നിധ്യം എന്നു പാർട്ടിക്കു തോന്നി. അതേസമയം, യുപിയിലെ പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടി(എസ്പി)യുടെ മേധാവി അഖിലേഷ് യാദവ് ലഖിംപുരിൽ എത്തി. മേഖലയിലെ പ്രമുഖ കർഷകനേതാക്കളിലൊരാൾ അഖിലേഷുമായി വേദി പങ്കിടുകയും ചെയ്തു. 

യുപിയിൽ വളരെ ശ്രദ്ധയോടെയുള്ള നീക്കങ്ങളാണു ബിജെപി നടത്തുന്നത്. വിവാദപുരുഷന്മാരോടൊപ്പം ഉന്നതനേതാക്കൾ നിൽക്കുന്ന ഫോട്ടോകൾ പ്രചരിക്കുന്നതു തടയണമെന്നും പാർട്ടി ആഗ്രഹിക്കുന്നു. പഴയകാല സമൂഹമാധ്യമ പോസ്റ്റുകളും ഫോട്ടോകളും കുത്തിപ്പൊക്കിയാണു ബിജെപിക്കെതിരെ പല വിഷയങ്ങളിലും പ്രതിപക്ഷ പ്രചാരണം മുന്നേറുന്നത്. 

ലഖിംപുരിനു സമീപജില്ലയിൽ മോദി പ്രസംഗിച്ചു മടങ്ങിയശേഷം സംഭവിച്ചതും അതാണ്. എസ്പിയുടെ ചിഹ്നമായ സൈക്കിളിനെതിരെയായിരുന്നു മോദിയുടെ പ്രധാന വിമർശനം. അഖിലേഷ് മുഖ്യമന്ത്രിയായിരുന്ന കാലത്തു ഭീകരർ സൈക്കിളിലാണു ബോംബ് കൊണ്ടുപോയിരുന്നതെന്നാണു മോദി ആരോപിച്ചത്. സൈക്കിളിൽ ബോംബ് കൊണ്ടുപോയവരെ അഖിലേഷ് സർക്കാർ സംരക്ഷിച്ചുവെന്നും മോദി പറഞ്ഞു. ബിജെപിക്കും എസ്പിക്കുമിടയിൽ ആടിക്കളിക്കുന്ന വോട്ടർമാരെ യോഗിയുടെ കർശനമായ നിയമപരിപാലനം ചൂണ്ടിക്കാട്ടി പാട്ടിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സൈക്കിളിനെ ഭീകരതയുമായി ബന്ധിപ്പിച്ചത്. 

അഖിലേഷ് അധികാരത്തിൽ തിരിച്ചെത്തിയാൽ യുപിയിൽ ഭീകരത തിരിച്ചുവരുമെന്ന മോദിയുടെ വാക്കുകൾക്കു ബിജെപിയുടെ ശക്തമായ പ്രചാരണ സംവിധാനം പരമാവധി പ്രാധാന്യവും നൽകി. എന്നാൽ, നെതർലൻഡ്സ് പ്രധാനമന്ത്രി സമ്മാനിച്ച സൈക്കിളിൽ മോദി സഞ്ചരിക്കുന്ന പഴയപടം കുത്തിപ്പൊക്കിയാണ്  എതിരാളികൾ മറുപടി നൽകിയത്. പാർലമെന്റിലേക്കു പതിവായി സൈക്കിളിൽ പോകുന്ന കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്കു ശിവസേന എംപി പ്രിയങ്ക ചതുർവേദി ഒരു സന്ദേശവും അയച്ചു– യുപി തിരഞ്ഞെടുപ്പു കഴിയും വരെ അങ്ങ് സൈക്കിൾ ചവിട്ടുന്നതു നിർത്തണം. പ്രതിഷേധറാലിക്കും മറ്റും ബിജെപി നേതാക്കൾ സൈക്കിളിൽ പോകുന്ന ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പൊന്തിവന്നു.

1952ൽ രാഷ്ട്രീയകക്ഷികൾക്കു തിരഞ്ഞെടുപ്പു കമ്മിഷൻ ചിഹ്നങ്ങൾ അനുവദിച്ച കാലം മുതൽ ചിഹ്നത്തെ കടന്നാക്രമിക്കുകയെന്നതു ശക്തമായ പ്രചാരണരീതിയാണ്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു ചിഹ്നം കാളവണ്ടിയായിരുന്ന കാലത്ത്, കോൺഗ്രസ് ഇപ്പോഴും ശിലായുഗത്തിലാണെന്നു പറഞ്ഞാണ് എതിരാളികൾ പരിഹസിച്ചിരുന്നത്. 1969ലെ പിളർപ്പിനുശേഷം കോൺഗ്രസ് ‘പശുവും കിടാവും’ ചിഹ്നം സ്വീകരിച്ചപ്പോൾ അതു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും മകൻ സഞ്ജയ് ഗാന്ധിയെയുമാണു സൂചിപ്പിക്കുന്നതെന്ന വ്യാഖ്യാനവുമുണ്ടായി. 1978ൽ ഇന്ദിരാഗാന്ധി കൈപ്പത്തി അടയാളമായി സ്വീകരിച്ചപ്പോൾ, എതിർകക്ഷികൾ വോട്ടർമാരോടു പറഞ്ഞതു ചോരപുരണ്ട ഈ കൈപ്പത്തി ഒരു ഗുണവും ചെയ്യില്ലെന്നാണ്. 

2000ൽ രാഷ്ട്രീയ ജനതാദളിന്റെ ചിഹ്നമായി ലാലുപ്രസാദ് യാദവ് ‘റാന്തൽ’ സ്വീകരിച്ചപ്പോൾ അതിനെതിരെ ബിജെപി ഉന്നയിച്ച ആക്ഷേപം, ലാലു ബിഹാറിനെ പാതിയിരുട്ടിൽ നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്നാണ്. എച്ച്.ഡി. ദേവെഗൗഡയുടെ ജനതാദൾ സെക്കുലർ ‘കറ്റയേന്തിയ സ്ത്രീ’ ചിഹ്നമാക്കിയപ്പോഴും വിമർശനമുയർന്നു. സ്ത്രീകളെക്കൊണ്ട് എല്ലാ ജോലിയുമെടുപ്പിക്കാനും പുരുഷന്മാർ അലസരായി കഴിയാനുമാണു പാർട്ടി താൽപര്യപ്പെടുന്നതെന്നു സ്ത്രീപക്ഷവാദികൾ കുറ്റപ്പെടുത്തി. 

എസ്പിയുടെ ചിഹ്നമായ സൈക്കിളിനെ ഭീകരപ്രവർത്തനവുമായി മോദി ബന്ധിപ്പിച്ചതിന്റെ ചർച്ച സജീവമായപ്പോൾ ഒരു രസികൻ അഭിപ്രായപ്പെട്ടത്, മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയുടെ ചിഹ്നമായ ആനയെ ഭീകരർ ഉപയോഗിച്ചെന്നായിരുന്നു ആരോപണമെങ്കിൽ ഇപ്പോൾ മൃഗസ്നേഹികളും പ്രതിഷേധവുമായി രംഗത്തെത്തിയേനെ എന്നാണ്. കർഷകരോഷം അടങ്ങാത്ത ലഖിംപുരിനു പകരം ഹർദോയിയിൽ നരേന്ദ്ര മോദി റാലി നടത്തിയതു മികച്ച പ്രചാരം നേടിയെന്നാണു ബിജെപിയുടെ വിലയിരുത്തൽ.

English Summary: PM Modi Links SP Symbol To Ahmedabad Blast controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com