ADVERTISEMENT

ഒരു രാജ്യം ഒരു നികുതി’ എന്ന കാഴ്ചപ്പാടോടെയാണ് ഏകദേശം അ‍ഞ്ചുകൊല്ലം മുൻപ് ഇന്ത്യ ജിഎസ്ടി (ചരക്ക്, സേവന നികുതി) വ്യവസ്ഥയിലേക്കു കടന്നത്. അതുവരെ നിലനിന്ന സങ്കീർണ നികുതിവ്യവസ്ഥയ്ക്കു പകരം രാജ്യമെങ്ങും ഒരേപോലെ പ്രാബല്യമുള്ള ഏക നികുതിവ്യവസ്ഥയിലേക്കുള്ള മാറ്റമായി അതു വാഴ്ത്തപ്പെട്ടു. എന്നാൽ അന്നുതൊട്ടിങ്ങോട്ട് ജിഎസ്ടി വ്യവസ്ഥയുടെ സങ്കീർണതകളിൽപ്പെട്ടു നട്ടംതിരിയുകയാണ് നമ്മുടെ ബിസിനസ് മേഖലയിലുള്ളവർ.

ജിഎസ്ടി റജിസ്ട്രേഷൻ എടുത്തിട്ടുള്ളവരിൽ ഭൂരിപക്ഷവും ഒന്നര കോടി രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ചെറുകിടക്കാരാണ്. പുതിയ സംവിധാനത്തിന്റെ ആശയക്കുഴപ്പവും നിർവഹണത്തിലെ അപാകതകളും ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്ന വിഭാഗവും ഇവർ തന്നെ.

തുടക്കത്തിൽ ഇടപാടുകാരുടെ പരിചയക്കുറവും സാങ്കേതിക പ്രശ്നങ്ങളുമായിരുന്നു ജിഎസ്ടിയിലേക്കുള്ള മാറ്റത്തെ പ്രതികൂലമായി ബാധിച്ചതെങ്കിൽ, ഇപ്പോ‍ൾ നിയമങ്ങളുടെ ദുർവ്യാഖ്യാനങ്ങളും അടിക്കടിയുള്ള നിരക്കുമാറ്റങ്ങളുമാണ് തലവേദനയാകുന്നത്. ഇത്രയേറെ നികുതി നിരക്കുകളും സാങ്കേതിക നൂലാമാലകളും ലോകത്തു വേറൊരു നികുതി സമ്പ്രദായത്തിനുമില്ലെന്നുവരെ വിമർശനം ഉയരുന്നു.

റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് അവയുടെ വിലയുടെ അടിസ്ഥാനത്തിൽ രണ്ടു നിരക്കുകൾ നിശ്ചയിച്ചതും വൻ പ്രതിഷേധം ഉയർന്നതിനെത്തുടർന്നു തീരുമാനം മരവിപ്പിച്ചതും ഈയിടെയാണ്. ബേക്കറികൾക്കും റസ്റ്ററന്റുകൾക്കും കോഫിഷോപ്പുകൾക്കും വ്യത്യസ്ത നികുതി നിരക്കുകളാണ്; ഇവ തമ്മിൽ വേർതിരിക്കാനാവാത്ത സ്ഥിതി മൂലമുള്ള ആശയക്കുഴപ്പം ബാക്കിനിൽക്കുകയും ചെയ്യുന്നു. അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ജിഎസ്ടി കൗൺസിലിനാണെന്നതിനാൽ പ്രശ്നങ്ങൾ പരിഹാരമില്ലാതെ നീളുകയും ചെയ്യുന്നു.

സംസ്ഥാന, ജില്ലാ തലങ്ങളിൽ ജിഎസ്ടി പരാതി പരിഹാര സെല്ലുകൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും അതുകൊണ്ടുമാത്രം പ്രശ്നം തീരുന്നില്ല. കേന്ദ്ര ജിഎസ്ടി കൗൺസിലിനു മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ എന്നാണു പരാതി ഉന്നയിക്കുന്നവർക്കു ലഭിക്കുന്ന മറുപടി. 

നികുതിവ്യവസ്ഥ ലളിതവും സുതാര്യവുമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ജിഎസ്ടിയിലേക്കുള്ള മാറ്റമെങ്കിലും ഫലത്തിൽ കൂടുതൽ കുഴഞ്ഞുമറിഞ്ഞതാകുകയാണു ചെയ്തതെന്ന വിമർശനം ഇനിയെങ്കിലും ഗൗരവത്തോടെ കാണേണ്ടതുണ്ട്. നികുതി സ്വയം അടയ്ക്കാൻ കഴിയാതെ വിദഗ്ധരുടെ സേവനം തേടാൻ ചെറിയ വ്യാപാരികൾ പോലും നിർബന്ധിതരാകുന്നു. നികുതി വിദഗ്ധർക്കു പോലും തലപുകഞ്ഞുപോകുന്ന സങ്കീർണതകൾ നിലനിൽക്കുകയും ചെയ്യുന്നു.

ജിഎസ്ടിയുടെ തുടക്കകാലത്ത് സാങ്കേതിക തടസ്സങ്ങൾ ഉയർന്നപ്പോൾ റിട്ടേൺ ഫയൽ ചെയ്യുന്നതിന്റെ ഭാഗമായി 3ബി ഫോമിൽ നികുതി അടയ്ക്കാൻ സൗകര്യം നൽകിയിരുന്നു. വ്യാപാരികൾ തമ്മിലുള്ള (ബി2ബി) ഇടപാടുകൾക്കായിരുന്നു ഇൻപുട് ടാക്സ് ക്രെഡിറ്റ് ലഭ്യമായിരുന്നത്. ആദ്യ കാലത്ത് ജിഎസ്ടി പോർട്ടലിന്റെ സാങ്കേതിക പരിമിതികളെത്തുടർന്ന് വ്യാപാരികൾ കയ്യിലുള്ള രേഖകൾ ഉപയോഗിച്ച് ഇൻപുട് ക്രെഡിറ്റ് എടുത്തിരുന്നു. ബി2ബി രേഖപ്പെടുത്തിയപ്പോൾ പിഴവു സംഭവിച്ച അനേകരുണ്ട്. ഇപ്പോൾ നികുതി വകുപ്പ് മുൻകാലങ്ങളിലെ ഇൻവോയ്സ് പരിശോധിച്ച് അതിൻമേൽ നികുതിയും പിഴയും പലിശയും ചുമത്തുകയാണ്. ഒരിക്കൽ ഖജനാവിൽ പണം വന്നശേഷം സാങ്കേതികപ്പിഴവിന്റെ പേരിൽ വീണ്ടും ബുദ്ധിമുട്ടിക്കുന്നതു ശരിയാണോ എന്നും വ്യാപാരികൾ ചോദിക്കുന്നു.

സമാന പ്രശ്നത്തിൽ മഹാരാഷ്ട്ര കൈക്കൊണ്ട തീരുമാനം മാതൃകാപരമാണെന്നു വാദമുണ്ട്. സാങ്കേതികപ്പിഴവിന്റെ പേരിൽ വീണ്ടും നികുതി പിരിക്കേണ്ടെന്നായിരുന്നു അവരുടെ തീരുമാനം. നികുതിപിരിവിൽ മാനുഷിക സമീപനവും നീതിയും ഉറപ്പാക്കേണ്ട ചുമതല അധികൃതർക്കുണ്ട്. നികുതിയുടെ നൂലാമാലകൾ മനസ്സിലാക്കുന്നതിലുമെളുപ്പം ചന്ദ്രനിലേക്കു പോകുന്നതാണെന്ന് ഗുജറാത്ത് ഹൈക്കോടതിയിലെ ഒരു ജ‍ഡ്ജി അഭിപ്രായപ്പെട്ടത് ഈയിടെയാണ്.

ബിസിനസ് സൗഹൃദ സംസ്ഥാനമാകുമെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുന്ന സർക്കാരാണു നമ്മുടേത്. നികുതിവ്യവസ്ഥകൾ വ്യാപാരിസൗഹ‍ൃദമാക്കുമെന്നു കൂടി പ്രഖ്യാപിക്കുകയും അതു പാലിക്കുകയും ചെയ്യാനുള്ള ആർജവം അതുകൊണ്ടുതന്നെ സർക്കാരിൽനിന്നു കേരളം പ്രതീക്ഷിക്കുന്നു.

English Summary: GST become burden for businessman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com