ADVERTISEMENT

സിനിമയിൽ കെപിഎസി ലളിത ചെയ്ത അനേകം കഥാപാത്രങ്ങളെ നാമോർക്കുന്നത്, മണ്ണിൽ ചവിട്ടി നടക്കുന്ന അവർക്ക് ജീവൻ പകരാൻ ലളിതയ്ക്കുള്ള പ്രത്യേക വൈഭവംമൂലമാണ്. ഇതിനെ സൗന്ദര്യമെന്നു പറയാൻ ത്രാണി കൈവരിക്കുമ്പോഴേ സിനിമ മുതിർന്നു, സമൂഹത്തിന്റെ സൗന്ദര്യ സങ്കൽപം മുതിർന്നു എന്നു പറയാനാവൂ 

എന്നെ കാണാൻ കൊള്ളാത്തതുകൊണ്ടാണോ അഭിനയിക്കാൻ വിളിച്ചതെന്നു ലളിത ചോദിച്ചതു കൊടിയേറ്റത്തിൽ അഭിനയിക്കുമ്പോഴാണ്. ലളിതയെ കാണാൻ കൊള്ളില്ലെന്ന് ആരാണു പറഞ്ഞതെന്നു ഞാൻ തിരിച്ചുചോദിച്ചു. വ്യക്തിയെന്ന നിലയിലുള്ള ഗുണങ്ങളാണ് നിങ്ങളെ സുന്ദരിയാക്കുന്നത്.

ലളിതമല്ല ലളിതയുടെ ചോദ്യം. അതിന് അടൂർ വാക്കാൽ നൽകിയ ഉത്തരം മതിയായതുമല്ല. പക്ഷേ, സിനിമയിലൂടെ അടൂർ കെപിഎസി ലളിതയ്ക്കു ശരിയായ ഉത്തരം പലകുറി നൽകിയിട്ടുണ്ട്. അതിതാണ്:   ‘‘ താങ്കളുടെ പ്രതിഭയിലുള്ള ബോധ്യംകൊണ്ടാണ് ഞാൻ താങ്കളെ എന്റെ സിനിമയിലേക്കു ക്ഷണിക്കുന്നത്. ലളിതയ്ക്കല്ലാതെ ആവിഷ്കരിക്കാനാവാത്ത ഒരു സബ്സ്റ്റൻസ് എന്റെ കഥാപാത്രത്തിനുണ്ട്. ഗോപിയെപ്പോലെ ഒരു മഹാനടന്റെ കൂടെ, ആണത്തമോ സൗന്ദര്യമോ ഒന്നുമല്ല പ്രതിഭയാണല്ലോ ഗോപിയുടെയും അർഹത, ഈ വേഷം ചെയ്യാനുള്ള അർഹത ഞാൻ ലളിതയിൽക്കാണുന്നു’’. ലളിതയ്ക്കാണെങ്കിൽ അനായാസമായി നിറവേറ്റാനാവുന്ന, മറ്റൊരാൾക്ക് എത്ര ക്ലേശിച്ചാലും ആവാത്ത ചിലതിന്റെ സാന്നിധ്യമാണ് അടൂരിനെ ലളിതയിലേക്കെത്തിച്ചത്. കാണാൻ കൊള്ളുന്നതിനോ കാണാൻ കൊള്ളാത്തതിനോ അതീതമാണ് ആ യോഗ്യത. സിനിമയിൽ ലളിത ചെയ്ത അനേകം കഥാപാത്രങ്ങളെ നാമോർക്കുന്നതു മണ്ണിൽ ചവിട്ടി നടക്കുന്ന (down to earth) കഥാപാത്രങ്ങൾക്കു ജീവൻ പകരാൻ ലളിതയ്ക്കുള്ള പ്രത്യേക വൈഭവം മൂലമാണ്. ഇതിനെ സൗന്ദര്യമെന്നു പറയാൻ ത്രാണി കൈവരിക്കുമ്പോഴേ സിനിമ മുതിർന്നു, സമൂഹത്തിന്റെ സൗന്ദര്യ സങ്കൽപം മുതിർന്നു എന്നു പറയാനാവൂ. 

തന്നെ എന്തിനാണു താങ്കൾ തിരഞ്ഞെടുത്തതെന്നു ലളിതയ്ക്കുപകരം ശ്രീവിദ്യയാണു ചോദിച്ചതെന്നും സംവിധായകൻ നിങ്ങളുടെ സൗന്ദര്യമാണതിനു കാരണമെന്നു പറഞ്ഞെന്നും കരുതുക. ആ കോൾഷീറ്റ് തനിക്കു വേണ്ടെന്നേ ആ നടി പറഞ്ഞിരിക്കൂ. സൗന്ദര്യം ഒരു തോന്നലാണ്, പ്രതിഭ സത്യവും.    കെ.ജി.ജോർജിന്റെ സിനിമകളിലാണു പ്രതിഭാധനയായ ആ നടിയെ നാം പൂർണപ്രഭാവത്തിൽ കാണുക. തിലകനെയോ ഗോപിയെയോ പോലെ കഥാപാത്രങ്ങളിലൂടെ അനശ്വരരാവാൻ എളുപ്പമല്ല, വാണിജ്യസിനിമയിൽ പ്രത്യേകിച്ചും നടിക്ക്. 

പ്രാതിനിധ്യ ശേഷിയാണു നടന്റെ / നടിയുടെ ശേഷി. ആരായും മാറുവാനുള്ള ശേഷി. ലളിതയും നെടുമുടി വേണുവും മമ്മൂട്ടിയും ജഗതിയും ഒടുവിലും കരമനയുമെല്ലാം ആ സിദ്ധികൊണ്ടനുഗൃഹീതർ (ഗോപിയോ മുരളിയോ കഥാപ്രാത്രങ്ങളായി ദേഹാന്തരം ചെയ്യുമ്പോൾ കഥാപാത്രങ്ങൾ ലാലായി ദേഹാന്തരം ചെയ്യുന്നു എന്ന താരരഹസ്യമാണു മോഹൻലാലിൽ). ലളിത ആരുടെ ചിത്രത്തിലും മോശമായില്ല. 

ലളിത ഒരു ഗാരന്റിയായിരുന്നു. ലളിത ഒരു ഷോകേസ് അമ്മയോ ചേച്ചിയോ ആയിരുന്നില്ല. പാടത്തുനിന്നോ അടുക്കളയിൽനിന്നോ അപ്പോൾ കയറിവന്ന ഒരുവൾ. ആറ്റൂർ പറയുന്നു: ‘‘ എല്ലാവർക്കും വെളുത്തുള്ളോരമ്മമാർ, എന്റെയമ്മ കറുത്തിട്ടുമല്ലോ’’. ആ കറുത്ത അമ്മയെ, അതിസാധാരണ സ്ത്രീയെ, ജീവിതത്തിലാണെങ്കിൽ അദൃശ്യയായ സ്ത്രീയെ, നിർഭാഗ്യവതിയായ സ്ത്രീയെ, ലളിത ആത്മാവിൽ തൊടുമാറ് ആവിഷ്കരിച്ചു. എല്ലാ സ്ത്രീകളുടെയും പ്രാതിനിധ്യമുള്ളവളും ഏതു സ്ത്രീയെയുംപോലെ അദൃശ്യയും, കാണാത്ത ഒരു ജയിലിൽ കഴിയുന്നവളും പുരുഷൻ മോചിതനായാലും മോചിതയാവാത്തവളുമായ ബഷീറിന്റെ നാരായണിയെ ആരുടെ ശബ്ദത്തിലൂടെ അവതരിപ്പിക്കും എന്ന ചോദ്യത്തിന് ഒരുത്തരമേ പ്രതിഭാശാലിയായ അടൂരിനുണ്ടായിരുന്നുള്ളൂ. സ്ത്രീയെന്ന അദൃശ്യതയുടെ പ്രതിരൂപമാണു നാരായണിയെന്നു മലയാള നിരൂപണം മനസ്സിലാക്കിയിട്ടില്ലെന്നു മുസഫർ അഹമ്മദ് പറയുന്നു. അതിലധികവുമായിരുന്നു നാരായണി. പതിനാലു വർഷം കഠിനതടവു കിട്ടാവുന്ന കുറ്റകൃത്യം ചെയ്യാനുള്ള സമ്മർദങ്ങൾ ജീവിതത്തിൽ ആ ചെറുപ്രായത്തിൽ അനുഭവിച്ച ഏകാകിനിയായ നാരായണിക്കു കൊടുക്കുന്ന ശബ്ദം ഉത്തരവാദപ്പെട്ട ഒരാളുടേതാവാതിരിക്കാമോ? ലളിതയല്ലാത്തൊരു സ്ഥാനാർഥിയുണ്ടോ അതിന്? ലളിത, ആ പേരിനുപോലും എന്തൊരു പ്രാതിനിധ്യഭാവമാണ്?

അതതു കാലത്തെ പുരുഷന്മാരാൽ മോഹിക്കപ്പെടുന്ന ശരീരസൗന്ദര്യമാണു മുഖ്യധാരാ സിനിമയിൽ പെൺകുട്ടികൾക്കു നടിയാവാനുള്ള അർഹത. അങ്ങനെ ആരെല്ലാമോ നിശ്ചയിച്ചിരിക്കുന്നു. ഏതാണ്ടൊരു വധുവിനെ തിരഞ്ഞെടുക്കുമ്പോലെയാണു പുതുമുഖ നടിയെ തിരഞ്ഞെടുക്കുന്നത്. കാണികളുടെ വധുവാണവൾ. അവൾ പ്രേമിക്കുന്നതോ വിവാഹിതയാവുന്നതോ അഭിനയേതരമായ എന്തെങ്കിലും താൽപര്യങ്ങൾ പ്രകടിപ്പിക്കുന്നതോ കാണി സഹിക്കില്ല. ഭർത്താക്കമാർക്കുപോലും ഇത്ര പൊസസീവ്നെസ്സ് ഉണ്ടാവില്ല. അതിനെ മറികടക്കാൻ എത്ര ശ്രമം വേണ്ടിവരുന്നു ഒരു നടിക്ക്. പ്രത്യക്ഷഭംഗി ലോകഗതിയെ മാറ്റിയ കഥ ഹെലൻ മുതലെങ്കിലും നാമറിയുന്നതാണ്. പക്ഷേ, അതുയർത്തിക്കാട്ടി മറ്റെല്ലാം താഴ്ത്തിക്കെട്ടുന്ന ലോകനീതി സ്ത്രീയോടു ചെയ്തതു കുറച്ചല്ല. കാലഗതിയനുസരിച്ച് അതിന്റെ മാനദണ്ഡം മാറിക്കൊണ്ടിരിക്കുകയും ചെയ്യും. പ്രതിഭപോലെ, തനിക്കായി അഭിമാനിക്കാനതിലൊന്നുമില്ല ഉടമയ്ക്ക്.

കരിയറിൽ ഏറ്റവും കുറഞ്ഞ ആയുർദൈർഘ്യം ചലച്ചിത്രനടിക്കാണ്. അറേബ്യൻ കഥകളിലെ സുൽത്താന്റെ ഒറ്റരാത്രി മാത്രം ജീവിക്കാനനുവാദമുള്ള യുവതി തന്നെയാണവൾ. ഇരുപത്തിയൊന്നു വയസ്സിൽ പ്രായം ചോദിക്കുന്നവരോട് അവൾ നുണ പറഞ്ഞുതുടങ്ങും. 

വിടനാവാനും വില്ലനാവാനും കള്ളനാവാനും കൊലപാതകിയാവാനും സ്വാതന്ത്ര്യമുണ്ടു നായകനെങ്കിൽ, നായികയ്ക്കില്ല. ‘ദൃശ്യ’ത്തിലെ നായകന്റെ സ്ഥാനത്ത് ഒരു നായികയെ സങ്കൽപിച്ചു നോക്കൂ. ‘‘ ഇന്നു ഞാൻ ചെന്നു വിളിക്കില്ലയെങ്കിൽ ഉണ്ണില്ലുറങ്ങില്ല മൽപ്രാണനാഥൻ’’ എന്നു ശീലാവതി കെട്ടി, സ്വന്തം ശബ്ദംപോലും  ഉപയോഗിക്കാതെ അവൾ കഴിയുന്നു. (അവന്റെ വാക്കുകൾ അവന്റെ ശബ്ദത്തിൽതന്നെ നമുക്കു കേൾക്കണം. അവളുടെ ശബ്ദം ഒരു ഡബ്ബിങ് ആർട്ടിസ്റ്റിന്റെ. അവളെ കാണാനല്ലാതെ കേൾക്കാൻ കാണിക്കു താൽപര്യമില്ല. അവനൊരു നാർസിസസ്. അവളൊരു എക്കോ). തൊലിപ്പുറ സൗന്ദര്യമല്ലാത്ത ഒരു ഐഡന്റിറ്റിയും അവൾക്കില്ല.  

ലളിത ചെയ്ത ഒരു വലിയകാര്യം കാലാന്തരത്തിലെങ്കിലും നടിക്കു ദേഹകാന്തിയല്ലാത്തൊരു നിലനിൽപ് നേടിക്കൊടുത്തു എന്നതാണ്. വേണുവിലോ ഗോപിയിലോ ലളിതയിലോ നാം കണ്ട നടനവൈഭവം നിമിഷാ സജയനിൽ ഞാനിന്നു കാണുന്നു.  നാട്ടുനടപ്പനുസരിച്ചുള്ള ആരോഗ്യവും സൗന്ദര്യവുമുള്ള പുരുഷനോ തണലത്തു വളരുന്ന ചെടിയുടെ ആരോഗ്യക്കുറവും സൗന്ദര്യവുമുള്ള സ്ത്രീയോ അല്ല, അഭിനയശേഷിയുള്ളവരാണു വേണ്ടതെന്നു വാണിജ്യ സിനിമയ്ക്കുപോലും ബോധ്യമായ ഈ മാറ്റത്തിൽ ലളിത വഹിച്ച പങ്ക് ലളിതമല്ല.  

പിൻവെളിച്ചം

ഉറുമ്പിൻപറ്റത്തെ ചവിട്ടിത്തേക്കുമ്പോൾ ചവിട്ടേൽക്കാത്ത ചിലതും പാതിമാത്രം ചവിട്ടിത്തേക്കപ്പെട്ട ചിലതും ആ കാലിൽ ദൈവത്തെ കണ്ടുവെന്നു വരാം. മുട്ടിൽ വീണു പ്രാർഥിച്ചുവെന്നു വരാം. പക്ഷേ, അതൊരു നഗ്നവും വിരൂപവുമായ കാലാണെന്നു നിങ്ങളറിഞ്ഞിരിക്കണം; നിങ്ങളുടെ മേലേക്കത് ആയും മുൻപേ.

English Summary: Tribute to KPAC Lalitha 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com