ADVERTISEMENT

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് 11ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. നികുതി, നികുതിയിതര വരുമാനങ്ങളിൽ കാര്യമായ ഇടിവ് സംഭവിച്ചതും ചെലവുകൾ പതിവ് പോലെ തുടരുന്നതും കേന്ദ്രത്തിൽ നിന്നുള്ള വരുമാനങ്ങളെല്ലാം പൂർണമായോ ഭാഗികമായോ നിലയ്ക്കാൻ പോകുന്നതും കാരണം ആശാവഹമല്ല സംസ്ഥാനത്തിന്റെ ധനസ്ഥിതി. ഇൗ സാഹചര്യത്തിൽ എന്തൊക്കെയാണ് ബജറ്റിൽ നിന്ന് പ്രതീക്ഷിക്കേണ്ടത്? മലയാള മനോരമ സംഘടിപ്പിച്ച വെബിനാറിൽ ഉയർന്ന നിർദേശങ്ങളും വിലയിരുത്തലുകളും

സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും നിലവിലുള്ള കടം തിരിച്ചടയ്ക്കുന്നതിനും വീണ്ടും കടമെടുക്കുന്നതിൽ വെബിനാർ പാനലിസ്റ്റുകൾക്കു ഭിന്നാഭിപ്രായം. കടമെടുപ്പിനെ    രൂക്ഷമായ ഭാഷയിലാണു ഡോ.കെ.പി.കണ്ണൻ വിമർശിച്ചത്. കടമെടുത്ത പണത്തിന്റെ മുതലും പലിശയും തിരിച്ചടയ്ക്കാനാണു വീണ്ടും കടമെടുക്കുന്നതെന്നും ഇതു സംസ്ഥാനത്തെ ഗുരുതര പ്രതിസന്ധിയിൽ എത്തിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ‘‘കടം തിരിച്ചടയ്ക്കാനായി കഴിഞ്ഞ കൊല്ലം 25,000 കോടി വേണ്ടിവരുമെന്നാണു സർക്കാർ കണക്കുകൂട്ടിയിരുന്നത്. എന്നാൽ, ഇത് 45,000 കോടിയായി വർധിച്ചു. ആരാണ് യാഥാർഥ്യബോധമില്ലാത്ത ഇത്തരം കണക്കുകൾ തയാറാക്കുന്നത്? പലിശയും മുതലും ചേർത്ത് 65,000 കോടിയാണു തിരിച്ചടവിനായി ചെലവിട്ടത്. ബജറ്റിലെ ആകെ ചെലവിന്റെ 38% ആണിത്.’’ ബാക്കി 62% മാത്രമാണു ശരിക്കുള്ള ചെലവെന്നും കണ്ണൻ പറഞ്ഞു.

ഡോ. മേരി ജോർജും കടമെടുപ്പിനെ വിമർശിച്ചെങ്കിലും പ്രതിസന്ധികാലത്ത് കടം വാങ്ങി ചെലവിടുന്നതു നല്ല മാതൃകയെന്ന നിലപാടായിരുന്നു ഡോ.കെ.ജെ.ജോസഫിനും ഡോ.രവി രാമനും. അടിസ്ഥാന സൗകര്യ വികസനമേഖലയിൽ പണം ചെലവിടുന്നതിനു കടമെടുക്കുന്നതിൽ തെറ്റില്ലെന്നും കടമെടുപ്പ് വളരെ തെറ്റായ പ്രവണതയാണെന്ന പ്രചാരണം ശരിയല്ലെന്നും ജോസഫ് ചൂണ്ടിക്കാട്ടി. ലോകചരിത്രമെടുത്താൽ വികസിത രാജ്യങ്ങളടക്കം പ്രതിസന്ധികാലത്ത് കൂടുതൽ തുക കടമെടുക്കുകയായിരുന്നെന്നും ഒട്ടേറെ രാജ്യങ്ങൾ വളരെ ഉയർന്ന ജിഡിപി അനുപാതത്തിലാണു വായ്പയെടുക്കുന്നതെന്നും രവിരാമനും വാദിച്ചു. എന്നാൽ, കടമെടുപ്പിനെ ആകെ തള്ളിപ്പറയുകയല്ല താൻ ചെയ്തതെന്നും കടം തിരിച്ചടയ്ക്കാൻ വീണ്ടും കടമെടുക്കുന്ന അവസ്ഥ അതിഗുരുതരമാണെന്ന് അതിനെ അനുകൂലിക്കുന്നവർക്കുപോലും ബോധ്യമുള്ള കാര്യമാണെന്നും കെ.പി.കണ്ണൻ തിരിച്ചടിച്ചു. കിഫ്ബിയെക്കൊണ്ട് താങ്ങാനാകുന്നതിനെക്കാൾ ഭാരം എടുപ്പിക്കരുത്. 50,000 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കിയതിനുശേഷം മാത്രമേ അടുത്ത പദ്ധതികൾ അവരെ ഏൽപിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. 

കടമെടുക്കുന്ന പണം മൂലധന നിക്ഷേപത്തിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കുമെന്നും മന്ത്രി ബാലഗോപാൽ മറുപടി നൽകി. കേന്ദ്രം ജിഡിപിയുടെ 6.9% ആണു കടമെടുക്കുന്നത്. കേരളം ഇതിന്റെ പകുതിയേ എടുക്കുന്നുള്ളൂ. കടമെടുത്ത തുകയുടെ പലിശയും മുതലും തിരിച്ചടയ്ക്കാനായി കേന്ദ്രം ഒരു വർഷം ചെലവാക്കുന്നത് 39 ലക്ഷം കോടി രൂപയാണെന്നും മന്ത്രി വ്യക്തമാക്കി. 

കേരളം സ്വന്തമായി മദ്യ ഉൽപാദിപ്പിക്കണമെന്ന നിർദേശം ഉയർന്നപ്പോൾ പാനലിസ്റ്റുകൾ പൊതുവേ യോജിപ്പിലെത്തി. 

‘‘പ്ലീസ്, ഇനിയെങ്കിലും മദ്യത്തിനു വില കൂട്ടരുത്’’ എന്ന നിർദേശം വെബിനാറിൽ മുന്നോട്ടുവച്ചതു ഡോ.മേരി ജോർജാണ്. പിന്നാലെ ജി.വിജയരാഘവൻ‌ പറഞ്ഞു: ‘‘വില കൂട്ടരുതെന്നു മാത്രമല്ല, മദ്യം നമ്മുടെ നാട്ടിൽതന്നെ ഉൽപാദിപ്പിക്കാൻ തീരുമാനം ഉണ്ടാകുകയും വേണം.’’ ഇവിടെ ഉൽപാദിപ്പിച്ചാൽ അതു തട്ടിക്കൂട്ട് നിർമാണം ആകരുതെന്നും ഗുണനിലവാരം ഉറപ്പാക്കണമെന്നുമായിരുന്നു ഡോ.കെ.രവിരാമന്റെ ആവശ്യം. ഇതെല്ലാം കേട്ട മന്ത്രി ബാലഗോപാൽ പറഞ്ഞു ‘‘മദ്യം ഉൽപാദിപ്പിക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ മുൻപേ എടുത്തതാണ്. അതിന്റെ തുടർനടപടികൾ ഇനിയുണ്ടാകും.’’ പക്ഷേ, ബജറ്റിൽ മദ്യത്തിനു വില കൂട്ടുമോ ഇല്ലയോ എന്ന കാര്യത്തിൽ മന്ത്രി മൗനം പാലിച്ചു. 

അടിക്കടി മദ്യത്തിനു വില കൂട്ടുന്നതു സർക്കാരിനു വരുമാനമുണ്ടാക്കാൻ നല്ലതാണെങ്കിലും ഇതു വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നു മേരി ജോർജ് ചൂണ്ടിക്കാട്ടി. വിലക്കുറവിൽ കിട്ടുമെന്നതിനാൽ അയൽ സംസ്ഥാനങ്ങളിൽ പോയി മദ്യം വാങ്ങുന്നത് ഇപ്പോൾ കൂടുകയാണ്. ഇനിയും വില കൂട്ടിയാൽ ഇതു വർധിക്കും. മാത്രമല്ല, മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗം കൂടുമെന്നും അവർ പറഞ്ഞു. ഓരോ രാജ്യത്തു ചെല്ലുമ്പോഴും അവിടെ നിർ‌മിക്കുന്ന മദ്യം രുചിക്കാൻ താൽപര്യം കാട്ടുന്നവരാണു പലരുമെന്നു രവി രാമൻ ചൂണ്ടിക്കാട്ടി. കേരളത്തിൽ ഗുണനിലവാരമുള്ള മദ്യം ഉൽപാദിപ്പിച്ചാൽ അതിന്റെ പ്രധാന ഉപഭോക്താക്കൾ വിനോദസഞ്ചാരികളായിരിക്കും– അദ്ദേഹം പറഞ്ഞു. ജപ്പാനെ മാതൃക‍യാക്കി പ്രാദേശിക മദ്യഉൽ‍പാദനം നിയമാ‍നുസൃതമാക്കി    പ്രോത്സാഹിപ്പിക്കണമെന്നു ഡോ.കെ.ജെ.ജോസഫ് നിർദേശിച്ചു. 

kn-balagopal
മന്ത്രി കെ.എൻ.ബാലഗോപാൽ

ഉൽപാദനം മെച്ചപ്പെടുത്തുന്ന പ്രഖ്യാപനങ്ങളുണ്ടാകും- - മന്ത്രി കെ.എൻ.ബാലഗോപാൽ

ബജറ്റിനു മുൻപ് വിദഗ്ധരെ ഉൾപ്പെടുത്തി വെബിനാർ സംഘടിപ്പിച്ച മനോരമയ്ക്കു നന്ദി. ഇവിടെ ഉയർന്ന നിർദേശങ്ങൾ എല്ലാം പരിഗണിക്കും. കഴിഞ്ഞ വർഷത്തെ ബജറ്റിനുമേൽ പിന്നീട് അപ്രതീക്ഷിതമായി അധികച്ചെലവുകൾ പലതും വന്നിട്ടുണ്ട്. എന്നാൽ, പ്രതീക്ഷിച്ച വരുമാനം കിട്ടിയിട്ടുമില്ല. ഇൗ പ്രതിസന്ധി മറികടക്കുകയാണ്  വലിയ വെല്ലുവിളി. യുദ്ധം സൃഷ്ടിച്ച പ്രശ്നങ്ങൾ, പ്രവാസികളിൽ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്ന കേരളത്തിനു വലിയ തിരിച്ചടിയുണ്ടാക്കും. വരാൻ പോകുന്ന ഇന്ധന വിലക്കയറ്റം എല്ലാ മേഖലകളിലും വിലക്കയറ്റത്തിനു വഴിതെളിക്കും. 

ജിഎസ്ടി നടപ്പാക്കിയ സമയത്ത് 16 ശതമാനമായിരുന്നു കേരളത്തിലെ ശരാശരി നികുതി നിരക്ക്. ഇപ്പോൾ ഇത് 11 ശതമാനമായി കുറഞ്ഞു. കാര്യമായ വരുമാന നഷ്ടത്തിന് ഇൗ നികുതി മാറ്റം കാരണമായിട്ടുണ്ട്. എന്നാൽ, ഉൽപന്നങ്ങൾക്കു വില കുറഞ്ഞിട്ടുമില്ല. ഫലത്തിൽ ജനങ്ങൾക്കു നേട്ടമുണ്ടായില്ലെന്നു മാത്രമല്ല, സർക്കാരിനു നഷ്ടം സംഭവിക്കുകയും ചെയ്തു. കേന്ദ്രത്തിൽനിന്നു കിട്ടുന്ന ജിഎസ്ടി നഷ്ടപരിഹാരം ജൂണിൽ അവസാനിക്കും. 

കേന്ദ്ര ഗ്രാൻഡിലും കുറവു വരും. ഇൗ പ്രതിസന്ധി മറികടക്കാൻ വരുമാനം വർധിപ്പിച്ചേ മതിയാകൂ. ശാസ്ത്ര സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് എല്ലാ മേഖലകളിലും ഉൽപാദനം മെച്ചപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയമാറ്റം വരുത്തും. ജലജീവൻ മിഷൻ നടപ്പാക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങൾക്കു സഹായം ഒരുക്കുന്ന കാര്യം പരിഗണിക്കും.

വെബിനാറിന്റെ മുഖ്യ നിർദേശങ്ങൾ

ഉന്നതവിദ്യാഭ്യാസത്തിന് ഉണർവേകണം

യുക്രെയ്നിൽ നിന്നുള്ള വിദ്യാർഥികളുടെ ദുരവസ്ഥ നമുക്കു മുന്നിലുള്ളപ്പോൾ, ഇവിടത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പോരായ്മകൾ പരിഹരിക്കാനുള്ള ശ്രമമുണ്ടാകണം. ഉന്നതവിദ്യാഭ്യാസത്തിനു ജിഎസ്ഡിപിയുടെ 2.47 ശതമാനമാണു കേരളം ചെലവഴിക്കുന്നത്. ഇത് 6 ശതമാനമെങ്കിലുമാക്കി ഉയർത്തണം. ഉന്നതവിദ്യാഭ്യാസത്തിനായി മലയാളികൾ പുറത്തേക്കു പോകുമ്പോൾ നഷ്ടം സംസ്ഥാനത്തിനാണ്. ട്രൈബൽ സർവകലാശാല, സ്പോർട്സ് സർവകലാശാല എന്നിവ വേണം.

പ്രവാസികൾക്ക് കരുതൽ 

15 ലക്ഷം പ്രവാസികൾ കോവിഡ് മൂലം തിരികെയെത്തി. ഇതിൽ തിരിച്ചുപോകാനായതു ചെറിയ ശതമാനത്തിനു മാത്രം. മടങ്ങാൻ കഴിയാത്തവർക്കായി പ്രവാസി പുനരധിവാസ പദ്ധതികൾ വേണം.

ആശുപത്രികൾ നവീകരിക്കണം

ദേശീയ ആരോഗ്യനയം പറയുന്നതു ജിഎസ്ഡിപിയുടെ 8% ആരോഗ്യ മേഖലയ്ക്കായി ചെലവഴിക്കണമെന്നാണ്. കേരളം കഴിഞ്ഞ തവണ മാറ്റിവച്ചത് 1.7% മാത്രം. സർക്കാർ ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങൾ വേണം.

വയനാടിനു വേണം പ്രത്യേക പദ്ധതി

വയനാട് ജില്ലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കാനായി തുക നൽകണം. 33% ആദിവാസികളുള്ള വയനാട്ടിലെ ഇൻകം ഡിവൈഡും ഡിജിറ്റൽ ഡിവൈഡും വർധിക്കുന്നു. 

budget

വ്യവസായ പരിശീലനം സ്കൂളിൽ തുടങ്ങാം

വ്യവസായമേഖലയ്ക്ക് 2000 കോടിയെങ്കിലും അനുവദിക്കണം. വ്യവസായങ്ങളെയും സംരംഭകരെയും മാടിവിളിക്കുന്ന നയമാണ് അയൽ സംസ്ഥാനങ്ങൾക്കുള്ളത്. ഇവിടെ ഓൻട്രപ്രനേഴ്സ് സപ്പോർട്ട് സ്കീം വഴി നൽകുന്നത് 30 ലക്ഷമാണ്. മറ്റു സംസ്ഥാനങ്ങൾ ഒരു കോടി വരെ നൽകുന്നു. വ്യവസായ സ്ഥാപനങ്ങൾക്കായുള്ള ഭൂമിക്ക് സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കണം. പഞ്ചായത്ത് തലങ്ങളിൽ വ്യവസായ എസ്റ്റേറ്റുകൾ വേണം. സ്കൂൾ തലം മുതൽ സിലബസിൽ വ്യവസായവും ഇടംപിടിക്കണം. ഇൻ–പ്ലാന്റ് പരിശീലനം നിർബന്ധമാക്കണം. 

ഏറ്റവും കൂടുതൽ വ്യവസായങ്ങളും തൊഴിലും കൊണ്ടുവരുന്ന തദ്ദേശ സ്ഥാപനങ്ങൾക്കു പുരസ്കാരം നൽകണം. സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ തുടങ്ങാനുള്ള ഭൂമി പരിധി സംബന്ധിച്ചു നയപരമായ തിരുത്തലുകൾ വേണം. ഓരോ കോഴ്സിനും ഇന്റേൺഷിപ് നിർബന്ധമാക്കാം. ഉദാഹരണം– വാഴക്കുളത്തിനു സമീപമുള്ള കോളജിൽനിന്ന് ബിഎ കഴിഞ്ഞിറങ്ങുന്ന വിദ്യാർഥികൾക്കുപോലും പൈനാപ്പിളിന്റെ മൂല്യവർധിത ഉൽ‍പന്നമുണ്ടാക്കുന്ന യൂണിറ്റിൽ ഇന്റേൺഷിപ് നൽകാം. സ്റ്റാർട്ടപ്പുകളുമായി ഈ പ്രോഗ്രാം ലിങ്ക് ചെയ്യണം. വ്യവസായ രംഗം മെച്ചപ്പെടാൻ നോക്കുകൂലി പൂർണമായി ഒഴിവാക്കണം. 

ജില്ലകളിൽ ജലോത്സവങ്ങൾ

ജലാശയങ്ങളുള്ള എല്ലാ ജില്ലകളിലും നെഹ്റു ട്രോഫി മാതൃകയിൽ ജലോത്സവം സംഘടിപ്പിക്കണം. ഓരോ മേഖലയുടെയും പ്രത്യേകത അനുസരിച്ചു ടൂറിസം ഹബ്ബുകൾ രൂപീകരിക്കണം

തദ്ദേശസ്ഥാപനങ്ങൾക്ക് സാങ്കേതിക സഹായം

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികൾക്കു സാങ്കേതികസഹായം നൽകാൻ പുതിയ എൻജിനീയർമാരുടെ കൺസൽറ്റൻസി കേഡർ രൂപീകരിക്കണം. മാലിന്യ സംസ്കരണം ആസൂത്രിതമായി നടപ്പാക്കുകയും തൊഴിൽ മേഖലയാക്കി മാറ്റുകയും വേണം 

നികുതിപിരിവ് കാര്യക്ഷമമാകണം

സംസ്ഥാനത്തു ഭൂമിയുടെ ഉപയോഗത്തിന് അനുസരിച്ചു ഭൂനികുതി വർധിപ്പിക്കണം. സംസ്ഥാനത്ത് ജിഎസ്ടിയുടെ വള‍ർച്ചാ നിരക്ക് 3% മാത്രമാണ്. ഇതിൽ മാറ്റമുണ്ടാകണം. നികുതി ഇനത്തിൽ സർക്കാരിനു ലഭിക്കാനുള്ള 13,000 കോടി രൂപയിൽ സാധ്യമാകുന്നതു പിരി‍ച്ചെടുക്കണം. 

കർഷകരെ സ്വതന്ത്രരാക്കാം

ഏതു കൃഷി തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കേണ്ടതു കർഷകരാണ്, ഇതിനുള്ള സ്വാതന്ത്ര്യം കർഷകർക്കു നൽകണം. തോട്ടങ്ങളിൽ പുതിയ വിളകൾ പരീക്ഷി‍ക്കണം. 

collage
ഡോ. മേരി ജോർജ്, സന്തോഷ് ജോർജ് കുളങ്ങര, ഡോ. കെ.രവി രാമൻ, എം.ഖാലിദ്, ജി.വിജയരാഘവൻ.

ഭൂനിയമങ്ങൾ മാറ്റണം - ജി.വിജയരാഘവൻ, മോഡറേറ്റർ (സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗം) 

ഭൂനിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തണം. പുതിയ വിളകൾ കൃഷി ചെയ്യാൻ അവസരം നൽകണം.  വിദേശ സർവകലാശാലകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കൊണ്ടുവന്ന് ഉന്നതവിദ്യാഭ്യാസ മേഖലയിലെ അവസരവും ഗുണനിലവാരവും വർധിപ്പിക്കണം. മദ്യത്തിൽനിന്നുള്ള നികുതി വരുമാനത്തിൽ മാത്രമാണു നാം ശ്രദ്ധ വയ്ക്കുന്നത്. മദ്യവും വീഞ്ഞും കേരളത്തിൽ ഉൽപാദിപ്പിച്ചാൽ ജനങ്ങൾക്കു തൊഴിലും സർക്കാരിന് അധികവരുമാനവും ലഭിക്കും. ഐടി മേഖലയുമായി ബന്ധപ്പെട്ടു പബ്ബുകൾ വരണമെങ്കിൽ ബ്രുവറികൾ സ്ഥാപിക്കണം.  

നയംമാറ്റം അനിവാര്യം-ഡോ. മേരി ജോർജ് (സാമ്പത്തിക വിദഗ്ധ)

വരുമാനം വർധിപ്പിക്കാൻ നികുതികൾ കൂട്ടുന്നതിനു പകരം നിലവിലുള്ള നികുതി പരമാവധി പിരിച്ചെടുക്കുകയും നികുതിയിതര വരുമാനം ഖജനാവിലെത്തിക്കുകയുമാണു വേണ്ടത്. 36 പ്രധാന നികുതി ഇതര വരുമാന സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം പാഴാക്കാതെ എങ്ങനെ ഖജനാവിലെത്തിക്കാമെന്ന് ഒരു കമ്മിഷനെ വച്ച് പഠിച്ചു നടപ്പാക്കണം. വികസിത രാജ്യങ്ങളുടെ നികുതിയിതര വരുമാനം ആകെ വരുമാനത്തിന്റെ 35–40 ശതമാനമാണ്. കേരളത്തിൽ 2010 വരെ ഇത് 6 ശതമാനവും ഇപ്പോൾ 6 മുതൽ 10 ശതമാനം വരെയുമാണ്. ഇത് 20–25 ശതമാനത്തിലേക്കു കൊണ്ടുവരണം. 

അഭിരുചിക്ക് അർഹസ്ഥാനം-ഡോ. കെ.രവി രാമൻ (സംസ്ഥാന ആസൂത്രണ ബോർഡ് അംഗം)

പരമാവധി തൊഴിലവസരം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്.  നൈപുണ്യ വികസനത്തിനായുള്ള പദ്ധതികൾ ഇത്തവണത്തെ ബജറ്റിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.  അഭിരുചിയും കഴിവും ഉള്ളവർക്ക്  അർഹമായ സ്ഥാനം നൽകണം. സ്ത്രീ–പുരുഷ സമത്വം ഇൗ മേഖലയിൽ നടപ്പാക്കണം. നൈപുണ്യ വികസന പരിപാടികളിൽ കുടുംബശ്രീ‍യെയും പങ്കാളി‍യാക്കണം. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യവൽക്കരണം പരമാവധി പ്രോത്സാഹിപ്പിക്കണം. ക്ഷേമപദ്ധതികൾ വിപുലീകരിക്കണം. 

കേരളത്തെ അനുഭവിച്ചറിയട്ടെ- സന്തോഷ് ജോർജ് കുളങ്ങര (സഞ്ചാരി, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം)

നാട്ടുകാർ കാഴ്ച കാണാൻ കൂടുന്നിടമെല്ലാം ടൂറിസം കേന്ദ്രമായി തെറ്റിദ്ധരിക്കരുത്. അന്യനാട്ടിൽനിന്നു നമുക്കു പണം തരുന്ന പ്രവർത്തനമാണ് യഥാർഥ ടൂറിസം. കേരളത്തിന്റെ തനതായ കാർഷിക, ഗ്രാമീണ, സാംസ്കാരിക, ഭക്ഷ്യ, നിർമാണ പ്രത്യേകതകൾ, ജീവിതരീതികൾ എന്നിവ ആസ്വദിക്കാനാണു ടൂറിസ്റ്റുകൾ വരുന്നത്. ടൂറിസം നമ്മുടെ നാടിനെ അനുഭവിക്കുന്നതാകണം. ഇന്തൊനീഷ്യയിലെ ബാലിയിൽ അവർ ഗ്രാമീണ ജീവിതമാണു വിൽക്കുന്നത്. പ്രദേശവാസികൾ ഗൈഡുകളായി മാറിയാൽ തൊഴിലുണ്ടാകും. സൗന്ദര്യവൽക്കരണത്തിന് ഒരു വകുപ്പും മന്ത്രിയും എന്തുകൊണ്ട് ആയിക്കൂടാ. കുട്ടികളെ സംരഭകത്വം പഠിപ്പിക്കണം. അതു പാഠഭാഗമാക്കണം. 

വ്യവസായം പഠിപ്പിക്കണം-എം.ഖാലിദ് (പ്രസിഡന്റ്, കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ) 

തൊഴിലില്ലായ്മ വേതനം എന്ന സംവിധാനം ഇല്ലാതാക്കി ആ ഫണ്ട് വിദ്യാർഥികൾക്കു വ്യവസായ പരിശീലനത്തിനു സ്റ്റൈപൻഡായി നൽകുകയാണു വേണ്ടത്. വിദ്യാർഥികൾക്കു പഠനകാലത്തുതന്നെ വ്യവസായമേഖലയിലേക്കു കടന്നുവരാനും സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങാനുമുള്ള പ്രോത്സാഹനം നൽകിയാൽ ഇൗ മേഖലയിൽ വലിയ മാറ്റങ്ങൾ വരും. വിദ്യാർഥികൾക്കു വ്യവസായ യൂണിറ്റുകളിൽ ഇന്റേൺഷിപ് നിർബന്ധമാക്കണം. കേരളത്തിന്റെ തനത് ഉൽപന്നങ്ങൾ  പ്രദർശിപ്പിക്കുന്ന വിശാല പ്രദർശനകേന്ദ്രം സ്ഥാപിക്കണം.  

jj
ജോജോ ജോർജ്, ഡോ. കെ.ജെ.ജോസഫ്, സുജ ചാണ്ടി, ഡോ.എൻ.സി.നാരായണൻ, ഡോ.കെ.പി.കണ്ണൻ.

കിട്ടേണ്ട നികുതി പിരിക്കൂ- ഡോ.കെ.പി.കണ്ണൻ (മുൻ ഡയറക്ടർ, സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ്)

കെടുകാര്യസ്ഥത സൃഷ്ടിച്ച മോശം ധനസ്ഥിതി മറികടക്കാൻ മന്ത്രിസഭയുടെ പൂർണ പിന്തുണ ധനമന്ത്രിക്ക് ആവശ്യമാണ്. പ്രതീക്ഷിച്ചതിനെക്കാൾ 20% കുറവായിരുന്നു കഴിഞ്ഞ കൊല്ലത്തെ  റവന്യു വരുമാനം. നികുതി പിരിവ് ഉൗർജിതമാക്കുന്നതിൽ സർക്കാർ പുറകോട്ടാണ്. ഇങ്ങനെ പോയാൽ വലിയ സാമ്പത്തിക തകർച്ചയിൽ എത്തും. നികുതി പിരിച്ചെടുക്കാൻ പ്രത്യേക  നടപടിവേണം. കെഎസ്ഇബിയിൽനിന്നു കിട്ടേണ്ട നികുതി വാങ്ങിയെടുത്താൽ 1500 കോടി മുതൽ 4000 കോടി വരെ ലഭിക്കും. വിരമിക്കൽ പ്രായം 60 ആക്കിയെങ്കിലും ഉയർത്തണം.  

വിദേശത്ത് വിപണി വേണം-ഡോ. കെ.ജെ.ജോസഫ് (ഡയറക്ടർ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ)

കേരളത്തിൽ ക്ഷേമനിധി ബോർഡുകളുടെ എണ്ണം കൂടുതലാണ്. ഇതിലെ ജീവനക്കാർ കുറഞ്ഞത് 8 മണിക്കൂറെങ്കിലും ജോലി ചെയ്യണം. ഡോക്ടർമാരുടെ ഡ്യൂട്ടി സമയത്തിനു ശേഷം സർക്കാർ മെഡിക്കൽ കോളജുകളിൽ തന്നെ ഡോക്ടർമാർക്കു പെയ്ഡ് സർവീസിന് അവസരമൊരുക്കുകയും ഇതിലൂടെ ലഭിക്കുന്ന തുകയുടെ ഒരു ഭാഗം ആശുപത്രിയുടെ വികസനത്തിനു നീക്കിവയ്ക്കുകയും ചെയ്യാം. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത ഉറപ്പാക്കണം. കേരളത്തിന്റെ തനത് ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വിദേശരാജ്യങ്ങളിൽ വിപണി കണ്ടെത്തണം.  

മാനദണ്ഡങ്ങൾ മാറ്റണം-ഡോ.എൻ.സി.നാരായണൻ (പ്രഫസർ, സെന്റർ ഫോർ പോളിസി സ്റ്റഡീസ്, ഐഐടി ബോംബെ)

ജലജീവൻ മിഷൻ പോലെയുള്ള വലിയ പദ്ധതികളുടെ കരാറും രൂപകൽപനയുമെല്ലാം ‘ഔട്ട്സോഴ്സ്’ ചെയ്യുകയാണ്. അതുകൊണ്ടു  കേരളത്തിന്റെ പ്രാദേശിക പ്രത്യേകതകൾ മിക്കപ്പോഴും പരിഗണിക്കുന്നില്ല. 2 വർഷമായി 50 ലക്ഷം ശുദ്ധജല കണക്‌ഷൻ നൽ‌കുകയെന്നതാണു ജലജീവൻ മിഷന്റെ ലക്ഷ്യം. എന്നാൽ, 10 ലക്ഷം കണക്‌ഷനുകൾ മാത്രമേ കൊടുക്കാനായുള്ളൂ. പൈപ്പിലൂടെയുള്ള ജലവിതരണത്തെ മാത്രം ഇൗ പദ്ധതിയിൽ ഉൾപ്പെടുത്തിയതാണു കാരണം. അപ്രായോഗിക മാനദണ്ഡങ്ങൾ മാറ്റണം. . 

ജോലി ഉറപ്പാക്കുന്ന പഠനം- സുജ ചാണ്ടി (സ്വതന്ത്ര കൺസൽറ്റന്റ്, നിസാൻ ഡിജിറ്റൽ ഇന്ത്യ മുൻ എംഡിയും വൈസ് പ്രസിഡന്റും) 

വയോധികരുടെ എണ്ണത്തിൽ വലിയ വർധനയാണു കേരളത്തിൽ പ്രതീക്ഷിക്കുന്നത്. യുവാക്കളിൽ 35% പേർക്കു തൊഴിലില്ല. ഇവരിൽ കുറച്ചുപേർക്ക് ഹോം കെയർ പരിശീലനം നൽകി തൊഴിലുറപ്പാക്കാം. 2040ലോ 2050ലോ കേരളം എങ്ങനെ വേണമെന്ന് ആലോചിച്ചുള്ള പദ്ധതികളാണു വേണ്ടത്. നിക്ഷേപകനെ സ്വാഗതം ചെയ്യുമ്പോൾ 20 വർഷത്തിനപ്പുറം അയാൾക്ക് ഇവിടെ അതിജീവിക്കാനാകുമോ എന്നു പരിശോധിക്കണം. 3 വർഷത്തിനകം അഞ്ഞൂറിലധികം ഗ്ലോബൽ ക്യാപ്റ്റീവ് കമ്പനികൾ ഇന്ത്യയിലേക്കു വരികയാണ്. നല്ലൊരു പങ്കു കമ്പനികളെയും കേരളത്തിലേക്ക് ആകർഷിക്കാനാകണം.  

കൃഷി യന്ത്രവൽക്കരിക്കണം-ജോജോ ജോർജ് (പുതുതലമുറ കർഷകൻ, കോട്ടയം)

2 ഏക്കറിൽ റബർ കൃഷി ചെയ്യുമ്പോൾ 300 മരം വെട്ടുന്നതിനു 3 ദിവസത്തിലൊരിക്കൽ വേണ്ടത് ഒരു തൊഴിലാളിയെ മാത്രമാണ്. ഒരു വർഷം റബർ വെട്ടിയാൽ 700–800 കിലോ വരെ മാത്രമാണു കിട്ടുക. ഇതിലൂടെ ഒരു ലക്ഷം രൂപയാണു  കർഷകനു ലഭിക്കുക. ഒരു ഏക്കർ ഫലവർ‍ഗ കൃഷിയിലൂടെ ഒരു വർഷം കുറഞ്ഞത് 7–10 ലക്ഷം രൂപ വരെ വരുമാനം കിട്ടുമെന്ന പ്രത്യേകത‍യുമുണ്ട്. യന്ത്രവൽക്കരണം നടപ്പാക്കിയാൽ വിദഗ്ധരായ കൂടുതൽ തൊഴിലാളികളെ വേണ്ടിവരും. എന്നാൽ, ഇതിലൂടെയുള്ള വരുമാന വർധന 10 ഇരട്ടിയാകു‍മെന്നതും മനസ്സിലാക്കണം.  

English Summary: Kerala Budget 2022- Manorama Webinar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com