ADVERTISEMENT

യുക്രെയ്നിൽ കടന്നുകയറി, അതിനെ അധീനതയിൽ ആക്കാനുള്ള റഷ്യയുടെ ശ്രമമാണ് ഇപ്പോൾ നടക്കുന്ന യുദ്ധം. പക്ഷേ, നമ്മുടെ പ്രബുദ്ധകേരളത്തിൽ ഒരു യുദ്ധവിരുദ്ധ വികാരവുമില്ല. റഷ്യയിൽപോലും യുദ്ധവിരുദ്ധപ്രകടനങ്ങൾ നടക്കുമ്പോഴാണ് ഇതെന്നു നാമോർക്കണം. ഇവിടെ യുദ്ധവിരുദ്ധറാലികൾ ഇല്ല, ചർച്ചകളില്ല, സമാധാന ജാഥകളില്ല. നിരാശാജനകമായ നിഷ്പക്ഷതയിലാണു നാം...

ഇസ്രയേൽ കവി യഹൂദി അമിച്ചായിയുടെ പ്രശസ്തമായൊരു കവിതയാണ് ബോംബിന്റെ ഡയമീറ്റർ. കവിത ഏതാണ്ടിങ്ങനെയാണ്: 

പത്തു സെന്റിമീറ്റർ ആണ് 

ബോംബിന്റെ ഡയമീറ്റർ.  

നൂറു മീറ്റർ ആണ് പക്ഷേ, 

അതിന്റെ ഇഫക്ടിന്റെ ഡയമീറ്റർ. 

അതിനകത്ത് ഒരാശുപത്രിയോ 

ബാലവാടിയോ ഉണ്ടാവാം. 

ആയിരം കിലോമീറ്റർ 

അകലെനിന്നു വന്ന ഒരുവൾ 

ബോംബപകടത്തിൽപെട്ടുവെങ്കിൽ അതിനർഥം 

ആ ബോംബിന്റെ ഡയമീറ്റർ 

ആയിരം കിലോമീറ്ററാണെന്നാണ്. 

യുക്രെയ്നിൽ വീഴുന്ന ബോംബിന്റെ ഡയമീറ്റർ (വ്യാസം) 6400 കിലോമീറ്ററെങ്കിലുമാണെന്ന് അതിൽ കുടുങ്ങിക്കിടന്ന ഇന്ത്യൻ വിദ്യാർഥികളുടെ അമ്മമാർക്കറിയാം (6154 കിലോമീറ്ററാണ് യുക്രെയ്നിൽനിന്നു തിരുവനന്തപുരത്തേക്കുള്ള ദൂരം). യുദ്ധമുണ്ടാക്കുന്ന വിലക്കയറ്റമുൾപ്പെടെയുള്ള ഇഫക്ടിന്റെ വ്യാസം, ബോംബിന്റെ ഡയമീറ്റർ ഏതാണ്ട് ലോകത്തിന്റെ വ്യാസത്തോളം തന്നെയായിരിക്കും എന്നു പറയുന്നു (ഇനിയുള്ള ഏതു യുദ്ധവും ലോകയുദ്ധം തന്നെ). മനുഷ്യജീവനുൾപ്പെടെ അതിൽ വിനാശം സംഭവിക്കുന്നവയുടെ വ്യാസം ഭൂതഭാവികളെ എത്രത്തോളം ബാധിക്കുമെന്നു ഗണിക്കാനാവില്ല. 

കെ.ജി.ശങ്കരപ്പിള്ളയുടെ ഭാഷയിൽ പറഞ്ഞാൽ, ചെരിപ്പുകൾക്കൊക്കെയും മുൻപത്തെ കുഞ്ഞിക്കാലടികളിൽ വരെ മരണം ചുറ്റിപ്പിടിക്കുകയാണ്. അലക്സാൻഡ്രിയ ലൈബ്രറി കത്തിയപ്പോൾ ഭൂതകാലം മുഴുവൻ കത്തിപ്പോയെന്ന് ഒരു കവിയെഴുതി. വ്യത്യസ്ത വിഭാഗങ്ങളിലായി നാൽപതു മ്യൂസിയങ്ങളാണു കീവ് നഗരത്തിൽ മാത്രമുള്ളത്. ലോകത്തിലെ ഏറ്റവും നീളമുള്ള മനുഷ്യ നിർമിത ഗുഹകളിലൊന്ന് അവിടെയാണുള്ളത്. കൊല്ലപ്പെട്ട ലക്ഷക്കണക്കിനു ജൂതന്മാരുടെ പേരിലുള്ള ബാബി യാർ സ്മാരകവും ഈ നഗരത്തിലാണ്. കത്തുന്നത് ഒരു സംസ്കാരമാണ്, ഓർമകളാണ്, പ്രതീക്ഷകളാണ്. കൊല്ലപ്പെടുന്നതു പലരായ, പലതായ മനുഷ്യരാണ്, ഇല്ലാതാവുന്നത് ഒട്ടേറെ സാധ്യതകളാണ്. ചഞ്ചലമാവുന്നത് ഭൂതലത്തിന്റെ സമാധാനപരമായ നിലനിൽപാണ്.

എന്നിട്ടും ഒരു യുദ്ധവിരുദ്ധ വികാരവുമില്ല നമ്മുടെ പ്രബുദ്ധകേരളത്തിൽ. റഷ്യയിൽപോലും യുദ്ധവിരുദ്ധപ്രകടനങ്ങൾ നടക്കുമ്പോഴാണിതെന്നു നാമോർക്കണം. യുദ്ധവിരുദ്ധറാലികളില്ല, ചർച്ചകളില്ല, സമാധാന ജാഥകളില്ല. ഒരുൽക്കണ്ഠയും പ്രകടനരൂപം പ്രാപിച്ചിട്ടില്ല. ആലോചിച്ചാൽ നിഷ്പക്ഷതയ്ക്ക് ഒരവസരവുമില്ല ഈ യുദ്ധത്തിൽ എന്നു കാണാം. പ്രകോപനപരമായി ഒന്നും ചെയ്യാത്ത രാജ്യത്തെ ആക്രമിക്കുമ്പോൾ നിഷ്പക്ഷ നിലപാടല്ല വേണ്ടതെന്ന പോളണ്ടിലെ വാഴ്സ മേയറുടെ അഭിപ്രായത്തെ നിഷേധിക്കാനാവില്ല. എന്നിട്ടും നാം നിരാശാജനകമായ നിഷ്പക്ഷതയിൽ. ഇതു ചേരിചേരാ നയത്തിന്റെ തുടർച്ചയുമല്ല. തുല്യമായ  ന്യായങ്ങൾക്കിടയിലേ ചേരിചേരാനയത്തിനു പഴുതുള്ളൂ. 

യുക്രെയ്ൻ ഭടന്മാർ റഷ്യയിൽ നുഴഞ്ഞു കയറിയതുകൊണ്ടോ, റഷ്യൻ മണ്ണിൽ ബോംബിട്ടതുകൊണ്ടോ തുടങ്ങിയതല്ല ഈ യുദ്ധം. റഷ്യ യുക്രെയ്നിൽ കടന്നുകയറി, അതിനെ അധീനതയിലാക്കാൻ നടത്തുന്ന യുദ്ധമാണിത്. ഏകപക്ഷീയമായ യുദ്ധം. ചൈന ടിബറ്റിൽ ചെയ്തത്. ചൈന പെട്ടെന്നൊരു ദിവസം ന്യൂഡൽഹി പിടിച്ചെടുക്കാൻ വ്യോമാക്രമണം തുടങ്ങുകയും ഇതരരാജ്യങ്ങളൊക്കെ ഇതുപോലെ നിഷ്പക്ഷത പാലിക്കുകയും അവിടങ്ങളിൽ ഒരു പ്രതിഷേധ പ്രകടനംപോലും നടക്കാതിരിക്കുകയും ചെയ്താലേ ഇന്ത്യയ്ക്കു യുക്രെയ്നിന്റെ അവസ്ഥ മനസ്സിലാകൂ എന്നു വരുന്നതു ദയനീയമാണ്. 

രാഷ്ട്രത്തിന്റെ മെഷീന് ‘സ്റ്റാർട്ടിങ് ട്രബിളാ’വാം, അഭിമാനകരമല്ലെങ്കിലും. പക്ഷേ, ഈ സ്വതന്ത്രരാജ്യത്തിലെ രാഷ്ട്രീയ പാർട്ടികളെ, സ്വതന്ത്രരായ മനുഷ്യരെ ആരു വിലക്കി? ഭാവിയിൽ യുക്രെയ്നിൽനിന്നു വരുമായിരുന്നു എന്നു ശങ്കിക്കപ്പെടുന്ന ആപത്തുകളെ ഒഴിവാക്കാൻ ആ രാജ്യത്തെ ഇല്ലായ്മ ചെയ്യുകയോ?

നിങ്ങളിലെ അരാഷ്ട്രീയതയാണീ ക്ഷോഭിക്കുന്നതെന്നു നിഷ്പക്ഷർക്ക് എന്നോടു പറയാം. അമേരിക്ക യുക്രെയ്നിൽ അധികാരത്തിലിരുത്തിയ സാമന്തരാജാവാണ് സെലെൻസ്കി എന്നു നിങ്ങൾക്കറിയാമോ? നാറ്റോ സഖ്യം യുക്രെയ്നിനെ സഖ്യകക്ഷിയാക്കുമ്പോൾ സംഭവിക്കാനിരിക്കുന്നത് എന്തെല്ലാമാണെന്നു നിങ്ങൾക്കൂഹിക്കാനാവുമോ? എന്തിനാണീ നാറ്റോ സഖ്യം എന്നു നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ? തങ്ങൾക്കെതിരെ ഉയരുന്ന ഒരു കൈ വെട്ടിമാറ്റുക മാത്രമല്ലേ റഷ്യ ചെയ്യുന്നത്? ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിങ്ങളറിഞ്ഞിട്ടുണ്ടാവുമല്ലോ, റഷ്യ മറുവശത്തുള്ളതുകൊണ്ടു മാത്രമാണ് ലോകം മുഴുവനൊരമേരിക്കൻ കോളനിയാവാതിരുന്നതെന്ന്. റഷ്യയുടെ ശേഷിച്ച സ്വാധീനവും ഇല്ലായ്മ ചെയ്യാനുള്ള ഒരു കതകാണ്‌ ചങ്ങാതീ അമേരിക്കയ്ക്കും യൂറോപ്യൻ യൂണിയനും യുക്രെയ്ൻ.

ആകാം. അതൊന്നും യാതൊന്നുമറിയാത്ത കുഞ്ഞുങ്ങളെയും അമ്മമാരെയും പുരാതനമായ ഒരു സംസ്കാരത്തെയും അല്ലലുകളില്ലാതെ ജീവിക്കുന്ന ഒരു നാടിനെയും സ്വസ്ഥമായിത്തുടരുന്ന ഒരു ലോകക്രമത്തെയും ഒരു പ്രകോപനവും കൂടാതെ ഇല്ലായ്മ ചെയ്യാനുള്ള ന്യായങ്ങളല്ല. ശക്തനായ കൊലപാതകിയെയും ദുർബലനായ ഇരയെയും തുല്യനിലയിൽ നോക്കിക്കാണുന്ന പദ്ധതിയെ നിഷ്പക്ഷതയെന്നു പറയരുത്. നിങ്ങൾ ശക്തിപ്പെടുത്തുകയാണ് അപരാധിയായ റഷ്യയെ. അതിനവർ നിങ്ങളെ അഭിനന്ദിക്കുന്നുമുണ്ട്. യുക്രെയ്ൻ സമ്പൂർണമായി കീഴടങ്ങിയാൽ മാത്രമേ യുദ്ധം നിർത്തുകയുള്ളൂ എന്ന റഷ്യൻ നിലപാടിനെ എങ്ങനെയാണ്, ആർക്കാണ് അംഗീകരിക്കാനാകുക. ഇതു രാഷ്ട്രീയതയാണെങ്കിൽ രാഷ്ട്രീയം എന്താണ്?

ഉണ്ടാവും എന്നുറപ്പില്ലാത്ത, ഭാവിയിൽ സംഭവിക്കുമെന്നു സങ്കൽപിക്കപ്പെടുന്ന ചിലതിന്റെ ഭൂമികയിൽനിന്നുകൊണ്ടു ദിവസങ്ങളായി തുടരുകയാണൊരു യുദ്ധം. ഒറ്റച്ചോദ്യമേ ശേഷിക്കുന്നുള്ളൂ, നിങ്ങൾ യുദ്ധത്തിനൊപ്പമാണോ? നിങ്ങൾ സമാധാനത്തിനൊപ്പമാണോ? യുദ്ധം പോലൊരു അസംബന്ധത്തെ പിന്തുണയ്ക്കാൻ ഇപ്പോഴും ആളുകളുണ്ടല്ലോ എന്നത് അദ്ഭുതപ്പെടുത്തുകയാണ്. 

നമ്മുടെ നാട്ടിലെ വിദ്യാർഥികൾ പഠിക്കാൻ പോയത് ഒരു പരമാധികാര സ്വതന്ത്രരാജ്യമായ യുക്രെയ്നിലേക്കായിരുന്നു. അവിടെനിന്നു പീഡിപ്പിക്കപ്പെട്ട്, പട്ടിണി കിടക്കപ്പെട്ട്, ഒട്ടേറെ മാനസിക സംഘർഷങ്ങളിൽപ്പെട്ട് പലായനം ചെയ്യുന്ന ഈ കുട്ടികളെപ്പോലെ, അല്ലെങ്കിൽ അതിലേറെ പീഡിപ്പിക്കപ്പെട്ട്, സ്വന്തം ജന്മഭൂമിയിൽനിന്നു പലായനം ചെയ്യേണ്ടി വരുന്ന നിഷ്കളങ്കരും നിരപരാധികളുമായ അന്നാട്ടുകാരെ ഓർക്കുക. നിങ്ങൾ ആരോപിക്കുന്നതൊക്കെ ആരോപിക്കപ്പെടുന്നതിന് അവരിലെത്രപേർ ഉത്തരവാദികളാണ്?

യുദ്ധത്തിന് ഒരു ന്യായവുമില്ല. ന്യായാന്യായങ്ങൾക്കെല്ലാം അപ്പുറമാണത്. ബോംബിങ്ങിൽ കൊല്ലപ്പെട്ട ആ ശിശുവിന് അറിയുമോ, അറിയണോ നിങ്ങളുടെ ന്യായങ്ങൾ. കൊല്ലപ്പെടുന്നതു നടന്നുപോകുന്ന, സംസാരിച്ചിരിക്കുന്ന നിരപരാധികളാണെങ്കിൽ എന്തു നീതിയാണിതിൽ? ഇനി പട്ടാളക്കാർ മാത്രമാണു കൊല്ലുകയും  കൊല്ലപ്പെടുകയും ചെയ്യുന്നതെങ്കിൽ പോലും, അതിനുള്ള സംവിധാനമൊന്നും രൂപപ്പെട്ടിട്ടില്ല, അവർ അറിയുന്നില്ല എന്താണവർ ചെയ്യുന്നതെന്ന്. തൊഴിലിന്റെ ഭാഗമായി, ഒരു ശത്രുതയും യഥാർഥത്തിൽ തമ്മിലില്ലാത്ത മനുഷ്യർ തമ്മിൽത്തമ്മിൽ നശിപ്പിക്കുന്നതിന് എന്തു യുക്തി? സൈനികശക്തിയുടെ മേൽക്കൈകൊണ്ടും യുഎന്നിലെ വീറ്റോ പവർ കൊണ്ടും, ഞങ്ങൾക്ക് ഏതു സന്ദർഭത്തിലും കീഴടങ്ങാനുള്ള സാധ്യത നിലനിർത്തിക്കൊണ്ടല്ലാതെ നിങ്ങൾക്കു നിലനിൽക്കാനർഹതയില്ല എന്ന ഭാവംകൊണ്ടും ഇതൊരു നീചമായ യുദ്ധമാണ്. ബലാബലത്തിൽ തുല്യതയുണ്ടെങ്കിൽപോലും അംഗീകരിക്കാനാവുന്നതല്ല യുദ്ധമെങ്കിലും.

പിൻവെളിച്ചം 

തടവറയിൽനിന്നു മകനെ വിട്ടയയ്ക്കണമെന്നു പറഞ്ഞ അമ്മയോട് എന്തു ന്യായമാണ് നിങ്ങൾക്കതാവശ്യപ്പെടാനുള്ളത് എന്നു ചോദിക്കുന്നുണ്ട് നെപ്പോളിയൻ. അവന്റെ അമ്മയാണ് ഞാൻ എന്നതിൽക്കവിഞ്ഞ എന്തു ന്യായമാണ് എനിക്കു വേണ്ടതെന്ന് ആ അമ്മ മറുപടി പറയുന്നു. യുദ്ധത്തെ അപലപിക്കാൻ മനുഷ്യനാണ് എന്നതിൽ കവിഞ്ഞ ഒരു ന്യായവും ആർക്കും ആവശ്യമില്ല.

English Summary: Krala and Russia Ukraine War 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com