ADVERTISEMENT

∙ കെ.വേണു: പൂർണമായും തകർന്നു എന്നു പറയുമ്പോഴും രാജ്യമാകെ വേരുകളുള്ള പാർട്ടി ഇപ്പോഴും കോൺഗ്രസാണ്. ബിജെപി വിരുദ്ധ വിശാല സഖ്യത്തിനു നേതൃത്വം നൽകാനുള്ള കരുത്ത് ഇപ്പോഴുമുള്ളതും കോൺഗ്രസിനു തന്നെയാണ്. അത്തരമൊരു സഖ്യം നിലവിൽ വരുമെന്നതുകൊണ്ടുതന്നെയാണ് ഇന്ത്യൻ ജനാധിപത്യ – മതനിരപേക്ഷ – ഫെഡറൽ ഘടന തകരില്ലെന്നും ഇന്ത്യ എല്ലാവരുടേതുമായി നിലകൊള്ളുമെന്നും പറയാനാകുന്നത്.

∙ ബി.ആർ.പി ഭാസ്കർ: വലിയ രാഷ്ട്രീയ പാർട്ടികൾക്കെല്ലാം എതിരാളികളെ വ്യക്തിഹത്യ ചെയ്യാൻ കൂലിക്കാരുണ്ട്. ഈ പ്രവണത തുടങ്ങിയതു ബിജെപിയാണ്. കേരളത്തിലാണെങ്കിൽ ഇത് ഏറ്റവും കൂടുതൽ ചെയ്യുന്നതു സിപിഎം അനുകൂലികളാണ്. പാർട്ടികൾക്കു വേണ്ടിയുള്ള സൈബർ ആക്രമണം കാശുകൊടുത്ത് ചെയ്യിക്കുന്നതാണ്.

∙ ദുൽഖർ സൽമാൻ: വാപ്പിച്ചിയോടൊപ്പം (മമ്മൂട്ടി) അഭിനയിക്കാൻ എനിക്കും നല്ല ആഗ്രഹമുണ്ട്. പക്ഷേ, അത് അദ്ദേഹം കൂടി ചിന്തിക്കണം. തൽക്കാലം വേണ്ട എന്നു പറയുന്നതിനു പിന്നിൽ നല്ല ഉദ്ദേശ്യമാണ്. രണ്ടുപേരും വേറെ വേറെ ചിത്രം ചെയ്യുമ്പോൾ രണ്ടു പേർക്കും സിനിമയിൽ തനതു വ്യക്തിത്വവും കരിയറും ഉണ്ടാകുമെന്നതിനാലാണ് ആ ചിന്ത. പക്ഷേ, ഒരിക്കലെങ്കിലും സ്ക്രീനിൽ അദ്ദേഹവുമായി ഒരുമിക്കാൻ എനിക്കും ആഗ്രഹമുണ്ട്.

∙ അമൽ നീരദ്: എന്റെ സിനിമകളെ ഒരുപാടു വിമർശനാത്മകമായി കാണുന്ന ആളാണു ഞാൻ. ‘അതേ, ഞാനൊരു ഗംഭീര സിനിമ എടുത്തിട്ടുണ്ട്, നിങ്ങളൊന്നു കാണൂ’ എന്നു പറയാനുള്ള ധൈര്യം എനിക്കില്ല. കാരണം ഒരുപാട് ഗംഭീര സിനിമകൾ ഞാൻ വേറെ കാണുന്നുണ്ട്.

∙ സത്യൻ അന്തിക്കാട്: സംവിധായകൻ എന്ന മേഖല മാറ്റിനിർത്തിയാൽ ഞാൻ സാധാരണക്കാരനാണ്. ഞാൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുണ്ട്, ഞാൻ കാണുന്ന കാഴ്ചകളുണ്ട്. അതെല്ലാമാണ് എന്റെ സിനിമകളിലേക്കു കൊണ്ടുവരാറുള്ളത്. സമൂഹം നമ്മൾ അറിയാതെ മാറിക്കൊണ്ടിരിക്കും. മാറ്റമില്ലാത്തതെന്ന് എനിക്കു തോന്നിയ ഒരേയൊരു സിനിമ സന്ദേശമാണ്. 30 വർഷം മുൻപു സന്ദേശം എടുത്തപ്പോൾ ഉണ്ടായിരുന്നതിൽനിന്ന് വലിയ മാറ്റങ്ങൾ ഇന്നും നമ്മുടെ രാഷ്ട്രീയ സാഹചര്യത്തിലുണ്ടായിട്ടില്ല.

∙ ഡോ. എസ്.സോമനാഥ്: നമുക്ക് ഒരു ഇലോൺ മസ്ക്കിനെ സൃഷ്ടിച്ച് സ്പേസ് സ്റ്റേഷൻ ഉണ്ടാക്കുക എന്നതൊക്കെ പറയാമെന്നല്ലാതെ അതത്ര എളുപ്പമല്ല. ആരാണു പണം മുടക്കുക എന്നതാണു വലിയ ചോദ്യം. പതിനായിരം കോടിയുടെ ഗഗൻയാൻ പോലും ഇന്ത്യയെ സംബന്ധിച്ചു ഭീമമായ ചെലവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com