ADVERTISEMENT

ഭരിക്കുന്നവരുടെ ദുർവ്യതിയാനങ്ങളിൽ മനംനൊന്തു പ്രതികരിച്ചവരും യഥാസമയം പ്രസ്താവനയിറക്കിയവരും ചങ്ങലകളിലും മതിലുകളിലും പ്രത്യക്ഷപ്പെടാൻ തയാറെടുക്കുന്നു. ചങ്ങലകൾ പൊട്ടിക്കുന്ന, മതിലുകൾ തകർക്കുന്ന പ്രക്ഷോഭങ്ങളിൽ ജീവനിൽകൊതിയുള്ള ഒരു ബുദ്ധിജീവിയും ഇനിമേൽ ഉണ്ടാവില്ല

ചരിത്രത്തിലെ അവരുടെ ഏറ്റവും വലിയ വിജയം നേടിയിരിക്കുന്നു. കേരള സാഹിത്യ അക്കാദമിക്കെട്ടിടത്തിനു മുകളിൽ ചെങ്കൊടി പാറുന്നു. മുൻപൊക്കെ പാറിയിരുന്നതിനെക്കാൾ ഉയരത്തിൽ. നമ്മളല്ലാത്ത കൂട്ടരെല്ലാം, ഇതിലൊന്നിലുമില്ലാത്ത കൂട്ടരെല്ലാം, ഞാൻ മുന്നിൽ ഞാൻ മുന്നിലെന്നു വന്നു കൂടിക്കൊണ്ടിരിക്കുന്നു. തലകൾ കുനിയുന്നതിന്റെ ശബ്ദമാണു നിങ്ങൾ കേൾക്കുന്ന മൃദുശബ്ദത്തിലുള്ള ഈ ഇരമ്പം. ഭരിക്കുന്നവരുടെ ദുർവ്യതിയാനങ്ങളിൽ മനംനൊന്തു പ്രതികരിച്ചവരും യഥാസമയം പ്രസ്താവനയിറക്കിയവരും അതെല്ലാം വിസ്മരിച്ചു ചങ്ങലകളിലും മതിലുകളിലും പ്രത്യക്ഷപ്പെടാനായി തയാറെടുത്തുകൊണ്ടിരിക്കുന്നു. 

ചങ്ങലകൾ പൊട്ടിക്കുന്ന, മതിലുകൾ തകർക്കുന്ന പ്രക്ഷോഭങ്ങളിൽ ജീവനിൽകൊതിയുള്ള ഒരു ബുദ്ധിജീവിയും ഇനിമേൽ ഉണ്ടാവില്ല. നിങ്ങൾ നടന്നതിനെക്കാൾ അവരിങ്ങോട്ടു നടന്നതിനാലാവാം, നിങ്ങൾ മുന്നോട്ടുള്ള നടത്തം നിർത്തിയതിനാലാവാം.

പുരോഗമന സാഹിത്യപ്രസ്ഥാനത്തിന് ഏറ്റവും വലിയ മനഃശല്യം ഉണ്ടാക്കിയത് ആധുനികതാവാദകാലത്തെ എഴുത്തുകാരായിരുന്നു. അൻപതുകളുടെ അവസാനത്തിലാരംഭിച്ച ‘അവാങ്ഗാദിസം’ സാധാരണ മലയാളിയെ സാഹിത്യത്തിൽനിന്ന് അകറ്റിയതായി അവർ കുറ്റപ്പെടുത്തി. അയ്യപ്പപ്പണിക്കരും ആറ്റൂരും വികെഎന്നും ഒ.വി.വിജയനും സക്കറിയയും സമീക്ഷയും കേരളകവിതയും ഒക്കെ വിസ്മരിക്കപ്പെട്ടിരുന്നെങ്കിൽ എന്നവർ കൊതിച്ചു. ധർമപുരാണംപോലെ മേലുകീഴ് നോക്കാത്ത കൃതിക്കു സാഹചര്യമുണ്ടാക്കിയ കാലത്തെ അവർ വെറുത്തു. നേരാണ്, വായനക്കാർ കുറവായിരുന്നു ആധുനികതയ്ക്ക്. ചങ്ങമ്പുഴയുടെയോ മുട്ടത്തു വർക്കിയുടെയോ സർക്കുലേഷനുള്ള ഒറ്റ എഴുത്തുകാരനുണ്ടായിരുന്നില്ല ആധുനികതയുടെ ഗദ്യപദ്യങ്ങളിൽ.

വായനക്കാർക്കും വേണം എഴുത്തുകാരനു തുല്യമായ ഇൻപുട്ട് എന്നു വന്ന വികെഎൻ, വിജയൻ, പട്ടത്തുവിള, ടി.ആർ, കക്കാട് കാലത്തിനു വായനക്കാർ  സുലഭമാവില്ല. 

എഴുത്തുകാരുടെയും എഴുത്തുകാരോളം സമർപ്പിതരായ വായനക്കാരുടെയും എഴുത്തുകാരായിരുന്നു ആധുനികതയുടെ എഴുത്തുകാർ. രൂപപരീക്ഷണങ്ങളുടെ കാലമായിരുന്നു അത്. കഥാ കാവ്യ ശരീരങ്ങൾ നിരന്തരം പുതുക്കപ്പെട്ടു. വിയോജിപ്പിന്റെ മഷിയായിരുന്നു അവർ പേനയിൽ നിറച്ചത്. 

ഖസാക്കിന്റെ ഇതിഹാസവും ആൾക്കൂട്ടവും ധർമപുരാണവും പരിണാമവും പ്രകൃതിനിയമവും അന്തഃസംഘർഷങ്ങളുടെ കാലചൈതന്യം ആവിഷ്കരിച്ചു. അവർ അധികാരത്തെ വകവച്ചില്ല. 

അധികാരം നായനാരുടെ രൂപത്തിൽ അയ്യപ്പപ്പണിക്കരോടു വൈസ് ചാൻസലറാവാൻ പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചൊഴിഞ്ഞു. നായനാർ പിന്നീടോർത്തിരിക്കണം, കൊല്ലുന്ന ചിരി! ആധുനികരെഴുതിയ രചനകൾ സ്ഥാനമാനങ്ങൾക്കവരെ അകമേ അനർഹരാക്കി. തോൽവികൾ അവർക്കൊരു രസമായിരുന്നെങ്കിൽ ആ രസവും ഇന്നിപ്പോൾ വറ്റി. മാറാത്തതു മാറ്റം മാത്രമാണെന്നു വീരസ്യം പറയാമെങ്കിലും മാറ്റവും ഈയിടെ നിരുപാധികം മാറി. ഒരു ഭാഗത്തു മാറി നിന്ന് അതു കൈകൂപ്പുന്നു.

പിൻവെളിച്ചം 

ഇക്കുറി റഷ്യൻ മഹാകവി അന്ന അക്മത്തോവയുടെ ഒരു വരിയാവട്ടെ. ‘മരിച്ചവരുടെ മുഖത്തല്ലാതെ ഒരു തരി ചിരിയുമില്ല’.

 

ഇതീ പംക്തിയിലെ അവസാനകുറിപ്പാണ്. തനിച്ചാവാൻ പേടിയുള്ളതുകൊണ്ടല്ല. ഒറ്റപ്പെട്ടവരുടെ ശബ്ദമായിത്തുടരാൻ  ആവേശമില്ലാത്തതുകൊണ്ടല്ല. ചിലരൊക്കെ ചാടി എണീറ്റ് മുണ്ട് മാടിക്കുത്തി കയർത്തു എന്നതുകൊണ്ടുമല്ല. എന്നെ മുഴുവനായി ആവശ്യപ്പെടുന്ന ചില രചനാ ഇടങ്ങളുടെ വിളി കേൾക്കാതിരിക്കാൻ പറ്റാത്തതിനാൽ. എതിർത്തവർക്കും പിന്തുണച്ചവർക്കും രസിച്ചവർക്കും നന്ദി.

English Summary: Kalpetta Narayanan about dissent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com