ADVERTISEMENT

രണ്ടു കെ‍ാല്ലത്തോളം നീണ്ട കോവിഡ്കാല തളർച്ചയിൽനിന്നു കരകയറാൻ പാടുപെടുകയാണു നമ്മൾ. അതിജീവനം എന്ന വാക്കോളം വിലയുള്ളതായി മറ്റൊന്നും കേരളത്തിനിപ്പോൾ ഇല്ല. പക്ഷേ, നവകേരള സൃഷ്ടിക്കായി കൈകോർക്കണമെന്നു പറയുന്ന അതേ നാവുകളിൽനിന്നാണ് ദ്വിദിന പണിമുടക്കിലൂടെ നാടിനെയാകെ തളർത്തിക്കിടത്തണമെന്ന ആഹ്വാനം ജനം കേട്ടത്. സമസ്ത മേഖലകളെയും ച‌ങ്ങലയ്ക്കിട്ട്, ഈ ദിവസങ്ങളിലുണ്ടായ നിശ്‌ചലാവസ്‌ഥയ്‌ക്കു കേരളം കൊടുക്കേണ്ടിവന്ന വൻവില ഏതു കണക്കിലാണു പെടുത്തേണ്ടത് ? ഇതിലൂടെ എന്താണു നാം നേടിയത് ? 

ജോലിക്കെത്തിയവരെ കയ്യൂക്കുകെ‍ാണ്ടു തടഞ്ഞും എതിർത്തവരെ മർദിച്ചും സ്കൂളിലെത്തിയ അധ്യാപകരെ മുറിയിൽ പൂട്ടിയിട്ടും കെഎസ്ആർടിസി ബസിൽനിന്ന് യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടും തുറന്ന കടകൾ അടപ്പിച്ചും ആശുപത്രിയിലേക്കുപോയ വാഹനങ്ങളെവരെ ആക്രമിച്ചും പണിമുടക്ക് കേരളം സമ്പൂർണമാക്കിയിരിക്കുന്നു. അഖിലേന്ത്യാ പണിമുടക്കാണെങ്കിലും മറ്റൊരു സംസ്ഥാനത്തുമില്ലാത്തവിധം കേരളത്തെ സ്തംഭിപ്പിച്ചതിന്റെ ‘പെരുമ’യിൽ സംഘാടകർക്ക് അഭിമാനം കെ‍ാള്ളാം. ബന്ദ് നിരോധിച്ചപ്പോൾ ഹർത്താലെന്നു പേരു മാറ്റിയതുപോലെ, പണിമുടക്കെന്ന് ഈ സ്തംഭനസമരത്തെ സൗകര്യപൂർവം മാറ്റിവിളിക്കുകയായിരുന്നുവെന്നു പറഞ്ഞാൽ കുറ്റം പറയാനാകുമോ?

കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത പണിമുടക്കിൽ ബിജെപിയുടെ പോഷക സംഘടനയായ ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണു പങ്കുചേർന്നത്. ന്യായമായ ആവശ്യങ്ങൾക്കുവേണ്ടിയുള്ള സമരങ്ങൾ ജനാധിപത്യപരമായ അവകാശംതന്നെയാണ്. പക്ഷേ, സമരമാർഗം ഇത്തരത്തിൽ ജനവിരുദ്ധമാകരുതായിരുന്നു. 

അവശ്യസർവീസുകളെ പണിമുടക്കു ബാധിക്കില്ലെന്നു പറഞ്ഞിരുന്നെങ്കിലും അതല്ല സംഭവിച്ചത്. ഇത്തരം സ്തംഭനസമരങ്ങൾക്കുവേണ്ടി സർക്കാർ സംവിധാനങ്ങളെത്തന്നെ സജ്ജമാക്കുന്ന ഭരണാധികാരികൾകൂടിയാകുമ്പോൾ കേരളത്തിന്റെ ദുരന്തം പൂർത്തിയാവുന്നു. സമരാനുകൂലികൾ ബലംപ്രയോഗിച്ചു നാടിനെ പൂട്ടിയിടുമ്പോൾ പലയിടത്തും പെ‍ാലീസ് നോക്കിനിൽക്കുകയായിരുന്നു. അക്രമങ്ങൾ ഒറ്റപ്പെട്ടതാണെന്നും കേരളത്തിൽ ഹർത്താലല്ല, പണിമുടക്കാണെന്നുമെ‍ാക്കെ ഇതിനിടെ നേതാക്കൾ പറയുന്നതും നാം കേട്ടു. 

മറ്റു തെ‍ാഴിലാളികൾ വേതനം നഷ്ടപ്പെട്ടു പണിമുടക്കുമ്പോൾ സർക്കാർ ജീവനക്കാർ വേതനം വാങ്ങി പണിമുടക്കുന്നതിലെ അനീതി ചൂണ്ടിക്കാണിക്കുന്നതായി െഹെക്കോടതിയുടെ നിലപാട്. കോടതി കർശന നിർദേശം നൽകിയതോടെ, സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നതു തടഞ്ഞു സംസ്ഥാന സർക്കാർ ഉത്തരവിറക്കിയെങ്കിലും സെക്രട്ടേറിയറ്റിലടക്കം ഹാജർനില ഇന്നലെയും വളരെ കുറവായിരുന്നു. 

രണ്ടു ദിവസത്തെ പണിമുടക്കിൽ സംസ്ഥാനത്ത് ഏകദേശം 5500 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടാവുമെന്നാണു കണക്കാക്കുന്നത്. വിവിധ മേഖലകളിലെ വരുമാനവും വ്യവസായ ഉൽപാദനവും അതിൽനിന്നു ഖജനാവിലേക്കു ലഭിക്കേണ്ട നികുതികളും ഇതിൽ ഉൾപ്പെടും. പണിമുടക്കിൽ കൂടുതൽ വലഞ്ഞത് സാധാരണ ജനങ്ങളും പാവപ്പെട്ടവരുമാണ്. അവർക്കാണ് ആശുപത്രികളിലേക്കടക്കം യാത്ര ചെയ്യാൻ ബസും ഓട്ടോയും ടാക്‌സിയും ഇല്ലാതെ പോയത്. അസംഘടിത തൊഴിലാളികൾക്കും ദിവസ വേതനക്കാർക്കും ചെറുകിട കച്ചവടക്കാർക്കുമെ‍ാക്കെയുണ്ടായ കഷ്ടപ്പാടും ചെറുതല്ല. തുറക്കാൻ തയാറായ പല സ്ഥാപനങ്ങളും നിർബന്ധപൂർവം പൂട്ടിച്ചതു മൂലം തൊഴിലാളികൾക്കു രണ്ടു ദിവസത്തെ വേതനവും നഷ്‌ടപ്പെട്ടു. കോവിഡ്കാല നഷ്ടത്തിൽനിന്നു കരകയറാൻ ക്ലേശിക്കുന്ന വ്യാപാരസമൂഹത്തിനു പണിമുടക്കുണ്ടാക്കിയ നഷ്ടം കനത്തതാണ്.  

അടിസ്‌ഥാന മാനുഷികപരിഗണനകൾപോലും ഇല്ലാതെയാണോ പണിമുടക്കുകൾ നടത്തേണ്ടതെന്നു വരുംകാലത്തേക്കുവേണ്ടി ട്രേഡ് യൂണിയനുകളും പാർട്ടികളും സംസ്ഥാന സർക്കാർതന്നെയും ആത്മപരിശോധന നടത്തേണ്ടതുണ്ട്. സമൂഹത്തെയും സ്വന്തം തൊഴിലിനെയും മാനിച്ചു ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ പിന്തുടരുന്ന സമര– പ്രതിഷേധരീതികൾ കാണാൻകൂടി വിദേശയാത്രകളിൽ നമ്മുടെ നേതാക്കൾ സമയം കണ്ടെത്തണം. ‘ഞാൻ ഇന്നു സമരത്തിലാണ്’ എന്ന ബാഡ്‌ജ് ധരിച്ചും ഹാജർ രേഖപ്പെടുത്താതെയും ജോലി ചെയ്‌താണു മറ്റു പല രാജ്യങ്ങളിലും തൊഴിലാളികൾ പ്രതിഷേധം രേഖപ്പെടുത്തുന്നത്. 

അവകാശ സമരങ്ങളെ മാനിച്ചുകെ‍ാണ്ടുതന്നെ പറയട്ടെ: ഇത്തരത്തിൽ ജനജീവിതം മുട്ടിച്ചുള്ള പണിമുടക്കുകൾ അടിച്ചേൽപിക്കുന്നതു പുതിയകാലത്തിന്റെ ചുവരെഴുത്തു വായിക്കാത്തതുകെ‍ാണ്ടാണെന്നും ഇതിലൂടെ പൗരാവകാശത്തെയാണു വെല്ലുവിളിക്കുന്നതെന്നും നമ്മുടെ രാഷ്‌ട്രീയ നേതാക്കൾ ഇനിയെങ്കിലും തിരിച്ചറിയണം. നവകേരളം ആവശ്യപ്പെടുന്നതു ജനസ്‌നേഹത്തോടെ നവീകരിച്ച സമരമുറകളാണെന്നതിൽ സംശയമില്ല.

 

English Summary: Trade union strike Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com