ADVERTISEMENT

വിശാലലോക ചിന്തകളുമായി തരൂർ ലൈൻ 

മലയാളത്തിന്റെ ലോകക്കാഴ്ചയാണ് ഡോ. ശശി തരൂർ. എഴുത്തുകാരൻ, പ്രഭാഷകൻ, ജനപ്രതിനിധി, ഐക്യരാഷ്ട്ര സംഘടന മുൻ അണ്ടർ സെക്രട്ടറി ജനറൽ എന്നീ നിലകളിലെല്ലാം വിശാല ലോകവീക്ഷണമുള്ള നിരീക്ഷകൻ. അദ്ദേഹം എഴുതുന്ന പംക്തി ഇന്നുമുതൽ എല്ലാ വെള്ളിയാഴ്ചയും 

നൃ‍ത്തച്ചുവടിൽ കുലുങ്ങുമോ മതം ? 

കലയ്ക്കു മതമോ ജാതിയോ ഇല്ല. പക്ഷേ, നമ്മുടെ സംസ്ഥാനത്ത് കലയ്ക്കുമേൽ മതം കടന്നുകയറുകയാണ്. എന്തുകൊണ്ടാണ് ചിലർ നമ്മുടെ ചില ക്ഷേത്രവാതിലുകൾ മറ്റു വിഭാഗങ്ങൾക്ക് മുന്നിൽ കൊട്ടിയടയ്ക്കുന്നത്? അവർക്ക് നമ്മുടെ ദേവാലയങ്ങളുടെ വിശുദ്ധാന്തരീക്ഷം നുകരാനുള്ള അവസരം നിഷേധിക്കുന്നത് ?  

പ്രശസ്ത നർത്തകി വി.പി.മൻസിയയുടെ ഭരതനാട്യം അവതരണത്തിന് അനുമതി നിഷേധിച്ച തൃശൂർ ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്ര സമിതിയുടെ തീരുമാനം അങ്ങേയറ്റം അപലപനീയമാണ്. എണ്ണൂറോളം കലാപ്രവർത്തകർ അണിനിരക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഏപ്രിൽ 21ന് ആണ് മൻസിയയുടെ നൃത്തം നടത്താൻ ഉദ്ദേശിച്ചിരുന്നത്. മുസ്‌ലിം കുടുംബത്തിൽ ജനിക്കുകയും മതരഹിതയെന്നു സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന മൻസിയയോട് അരങ്ങ് നിഷേധിക്കുന്നതിനു കാരണമായി പറഞ്ഞ ലളിത വിശദീകരണം അവർ ഹിന്ദുവല്ല എന്നുള്ളതാണ്. ഒരു ഹിന്ദുവും ഇന്ത്യൻ പൗരനുമായ എനിക്ക് ഈ തീരുമാനത്തിൽ അങ്ങേയറ്റം നിരാശയുണ്ട്.

അംഗീകരിക്കപ്പെട്ട ഭരതനാട്യം നർത്തകിയും കേരള കലാമണ്ഡലത്തിലെ ഭരതനാട്യം ഗവേഷകയുമാണ് മൻസിയ. വയലിനിസ്റ്റ് ശ്യാം കല്യാണുമായുള്ള വിവാഹശേഷം ഹിന്ദുമതത്തിലേക്കു പരിവർത്തനം ചെയ്തിട്ടുണ്ടോയെന്നു ക്ഷേത്രഭാരവാഹികൾ ചോദിച്ചുവെന്നും താൻ മതത്തിൽ വിശ്വസിക്കുന്നില്ല എന്നു മറുപടി നൽകിയെന്നുമാണ് അവർ പറഞ്ഞത്. മൻസിയയുടെ നൃത്തത്തിന്റെ മികവിലും തികവിലും ഒരു സംശയവുമില്ലാതിരുന്നിട്ടും ക്ഷേത്രമുറ്റത്തുനിന്ന് അവരെ പുറത്താക്കാൻ ഈ ഒറ്റക്കാരണം മതിയായി. കലയ്ക്കു മതമോ ജാതിയോ ഇല്ല. പക്ഷേ, നമ്മുടെ സംസ്ഥാനത്തു കലയ്ക്കുമേൽ മതം കടന്നുകയറുകയാണ്.

ഗുരുവായൂർ ക്ഷേത്രം മുൻപു കൈക്കൊണ്ട ഇത്തരം നടപടിയുടെ തുടർച്ചയായി വന്ന ഈ തീരുമാനത്തിൽ ഒട്ടേറെ പാളിച്ചകളുണ്ട്. മസ്ജിദുകളുടെയും പള്ളികളുടെയും ഗുരുദ്വാരകളുടെയും വാതിലുകൾ എല്ലാവർക്കും മുന്നിൽ തുറന്നിട്ടു ബഹുമാനവും ആദരവും നേടുകയാണു മറ്റു വിശ്വാസി സമൂഹങ്ങൾ. 

shashi-tharoor-1
ശശി തരൂർ

തിരുവനന്തപുരത്തിന്റെ ജനപ്രതിനിധി എന്ന നിലയിൽ സെന്റ് ജോസഫ്സ് കത്തീഡ്രലിലെ ക്രിസ്മസ് ശുശ്രൂഷയിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്, പാളയം ജുമാ മസ്ജിദിൽ ഈദ് ആഘോഷിച്ചിട്ടുണ്ട്, മറ്റു ക്രിസ്ത്യൻ വിഭാഗങ്ങളുടെ പുണ്യസ്ഥലങ്ങളിൽ സ്നേഹാദരങ്ങളോടെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ജറുസലമി ലെ അൽ അക്സ മസ്ജിദിന്റെ സർവാദരണീയമായ പരിസരത്തുകൂടി ഞാൻ നടക്കുകയും ജൂതന്മാരായ സുഹൃത്തുക്കൾക്കൊപ്പം ‘വെയ്‌ലിങ് വാളി’നു മുന്നിൽ പ്രാർഥിക്കുകയും ചർച്ച് ഓഫ് നേറ്റിവിറ്റിക്കു മുന്നിൽ ശിരസ്സ് നമിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ ഹിന്ദു സുഹൃത്തുക്കളിൽ ചിലർ എന്തുകൊണ്ടാണു നമ്മുടെ ചില ക്ഷേത്രവാതിലുകൾ മറ്റു വിഭാഗങ്ങൾക്കു മുന്നിൽ കൊട്ടിയടയ്ക്കുകയും അവർക്കു നമ്മുടെ ദേവാലയങ്ങളുടെ വിശുദ്ധാന്തരീക്ഷം നുകരാനുള്ള അവസരം നിഷേധിക്കുകയും ചെയ്യുന്നതെന്ന് ഞാൻ എന്നോടുതന്നെ ചോദിച്ചിട്ടുണ്ട്. പക്ഷേ, യുക്തിസഹമായ ഒരു ത്തരം ഇതുവരെ കിട്ടിയിട്ടില്ല. 

ഈ തീരുമാനം ‘നിലവിലുള്ള ക്ഷേത്രാചാരങ്ങൾ’ അനുസരിച്ചാണെന്നാണു കൂടൽമാണിക്യം ക്ഷേത്രസമിതി ചെയർമാൻ പ്രദീപ് മേനോൻ വിശദീകരിക്കുന്നത്. ആചാരങ്ങൾ തീർച്ചയായും കാലത്തിനൊത്തു പരിഷ്കരിക്കപ്പെടുന്നുണ്ട്: നൂറ്റാണ്ടിനു മുൻപു ദലിതർക്കു ക്ഷേത്രത്തിൽ പ്രവേശനമില്ലായിരുന്നു എന്നു നമുക്കറിയാം, പക്ഷേ ഇന്ന് അത്തരമൊരു ആചാരം അചിന്ത്യമാണ്. ദേവവിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീകോവിലിനു സമീപത്തേക്കു മറ്റു വിഭാഗങ്ങളെ പ്രവേശിപ്പിക്കുന്നതിനുള്ള ആചാരപരമായ വിമുഖത മനസ്സിലാക്കാം. പക്ഷേ, ക്ഷേത്രപരിസരത്തു നടക്കുന്ന  കലാവതരണത്തിനോ? തീർച്ചയായും, പൂർണ ആദരവോടെയും പ്രതിഭാവിലാസത്തോടെയും നൃത്തം ചെയ്യുന്ന നർത്തകി ഒരിക്കലും ആ സ്ഥലത്തിന്റെ വിശുദ്ധിക്ക് ഒരു ഭീഷണിയേ അല്ലല്ലോ. 

ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉച്ചഭാഷിണികളിൽ യേശുദാസിന്റെ ഭക്തിഗീതങ്ങൾ മുഴങ്ങിക്കേൾക്കുമ്പോഴും, ആ മാസ്മരിക ശബ്ദത്തിന്റെ ഉടമയ്ക്ക് ജനനംകൊണ്ട് മറ്റൊരു മതസ്ഥനായി എന്നതിനാൽ ക്ഷേത്രത്തിൽ പ്രവേശനം നിഷിദ്ധമാണ്. 

വസുധൈവ കുടുംബകം (ലോകം ഒറ്റ കുടുംബമാണ്), സർവധർമ സമഭാവം (എല്ലാ മതങ്ങളും ഒന്നാണ്) തുടങ്ങിയ ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മതത്തിന്റെ ശൈലിയല്ല ഇത്. സഹിഷ്ണുത മാത്രമല്ല, വിമത ചിന്താധാരകളെക്കൂടി സ്വീകരിക്കുന്നതും ‘ഏകം സത് വിപ്രാഃ ബഹുധാ വദന്തി’ (സത്യം ഒന്നാണ്. പക്ഷേ അറിവുള്ളവർ പല പേരിട്ടു വിളിക്കുന്നു) എന്ന സങ്കൽപം അംഗീകരിക്കുകയും ചെയ്യുന്നതാണു ഹിന്ദുമതം എന്ന സ്വാമി വിവേകാനന്ദന്റെ ഉജ്വല പ്രഭാഷണം ഓർക്കുക. ആ വിശ്വാസത്തിനു നിരക്കുന്നതല്ല ഈ ആചാരനിലപാടുകൾ. മറിച്ച്, ഇത്തരം തീരുമാനങ്ങളിലൂടെ വരച്ചു കാണിക്കപ്പെടുന്ന ഹിന്ദുത്വം ചെറിയ മനുഷ്യരുടെ മുൻവിധികളുടെ സൃഷ്ടിയാണ്. ഞാൻ അഭിമാനപൂർവം വിശ്വസിക്കുന്ന ഉദാത്ത ഹിന്ദുത്വത്തോട് ഇത്തരം പ്രവൃത്തികൾക്ക് ഒരു ബന്ധവുമില്ല. ഒരു നർത്തകിയുടെ ചുവടുകൾക്കു മുന്നിൽ കുലുങ്ങിപ്പോകും വിധം ദുർബലമല്ല അത്.

English Summary: Shashi Tharoor on Koodalmanikyam temple Bharatanatyam row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com