ADVERTISEMENT

കേരളത്തിൽ മാത്രം ഭരണം, കേരളത്തിൽ മാത്രം പ്രബലം – അതാണിപ്പോൾ ഇന്ത്യയിൽ സിപിഎം. നാളെ കണ്ണൂരിൽ 23ാം പാർട്ടി കോൺഗ്രസിനു കൊടിയുയരാനിരിക്കെ, ദേശീയ നേതൃത്വത്തിൽ വ്യക്തികേന്ദ്രീകൃത വിഭാഗീയത പ്രകടമല്ല. എന്നാൽ, പാർട്ടി തിരിച്ചറിയുന്ന പ്രശ്നങ്ങൾ വേറെയുണ്ട്. അതുൾപ്പെടെയുള്ളവയെക്കുറിച്ചു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറയുന്നു

? പാർട്ടിയുടെ ശക്തി വർധിപ്പിക്കാനുള്ള വഴികൾ കണ്ടെത്തുകയാണു കണ്ണൂർ പാർട്ടി കോൺഗ്രസിന്റെ മുഖ്യ അജൻഡ. ബംഗാളിലെയും ത്രിപുരയിലെയും തകർച്ചയ്ക്കുശേഷം, ശക്തിപ്പെടൽ എത്രമാത്രം പ്രയാസകരമാണ്.

ദൗത്യം ശ്രമകരംതന്നെയാണ്. എന്നാൽ, പാർട്ടിസംഘടനയെ ശക്തിപ്പെടുത്താൻ വേണ്ടതുപോലെ പ്രയോജനപ്പെടുത്താവുന്ന ശേഷികൾ ഒട്ടേറെയുണ്ട്. 2015ലെ പ്ലീനത്തിലുൾപ്പെടെ എടുത്ത തീരുമാനങ്ങൾ ആത്മാർഥമായി നടപ്പാക്കേണ്ടതുണ്ട്. പാർട്ടിയുടെ ശക്തി വർധിക്കണം. മറ്റ് ഇടതു ശക്തികളെ അണിനിരത്താൻ, ഞങ്ങൾ ഉദ്ദേശിക്കുന്ന ഇടതു ജനാധിപത്യ ബദലിന്, ഹിന്ദുത്വ അജൻഡയ്ക്കെതിരെ മതനിരപേക്ഷ ശക്തികളെ ഒരുമിച്ചുകൂട്ടാൻ അതാവശ്യമാണ്.

? തനിച്ചു ശക്തിപ്പെടുകയെന്ന ലക്ഷ്യം നിങ്ങൾ കുറെ വർഷങ്ങളായി പറയുന്നതും അതിനുള്ള പരിശ്രമം പല കാരണങ്ങൾ പറഞ്ഞ് മാറ്റിവയ്ക്കുന്നതുമാണല്ലോ.

പല കാരണങ്ങളാലുണ്ടായ കാലതാമസം ഞങ്ങൾ മറികടക്കേണ്ടതുണ്ട്. അതു തിരിച്ചറിയുന്നു. ഒന്നിനുപിന്നാലെ ഒന്നായി വരുന്ന തിരഞ്ഞെടുപ്പുകൾ സമയം അപഹരിക്കുമ്പോൾ സംഘടനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകുന്നില്ല. ഇപ്പോൾ സംഗതി വളരെ വ്യക്തം രണ്ടു കാര്യങ്ങളും ഒരേ സമയം നടക്കണം. ഉചിതമായ സമയത്തിനു കാത്തുനിൽക്കാൻ സംഘടനയ്ക്കാവില്ല.

? പ്രായപരിധിക്കു ജനസംഖ്യാപരമായ കാരണങ്ങൾ പറയുമ്പോൾ, സിസിയിലുൾപ്പെടെ വനിതകൾക്ക് അവകാശപ്പെട്ട പ്രാതിനിധ്യമില്ല; പൊളിറ്റ് ബ്യൂറോയിൽ ദലിത്പ്രാതിനിധ്യമില്ല?

ഈ പോരായ്മക്കുറിച്ചു പാർട്ടിക്കു ബോധ്യമുണ്ട്. പോരായ്മ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. പിബിയിൽ ഇപ്പോൾ രണ്ടു സ്ത്രീകളുണ്ട്. സമിതികളിൽ സ്ത്രീകളുടെയും ദലിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യം വേണ്ടത്രയില്ലെന്നതിനെ ന്യായീകരിച്ചിട്ടു കാര്യമില്ല. ന്യൂനപക്ഷമെടുത്താൽ, പിബിയിൽ ഹന്നൻ മൊള്ളയും എം.എ‌.ബേബിയുമുണ്ട്.

? ദലിത് വിഭാഗത്തിൽനിന്ന് ഒരാൾപോലും പിബിയിൽ എത്താത്തത് എന്തുകൊണ്ടാണ്? കണ്ണൂരിൽ അതിനു മാറ്റമുണ്ടാകുമോ. 

എന്തുകൊണ്ട് അതു സംഭവിച്ചില്ലെന്നതിനു ചരിത്രപരമായ പല കാരണങ്ങളുമുണ്ട്, മറികടക്കേണ്ടതായ കാരണങ്ങൾ. ഇതു സിപിഎമ്മിന്റെ മാത്രം പ്രശ്നമല്ല. ഏറ്റവും ചൂഷണസ്വഭാവമുള്ളതായിരുന്നു നമ്മുടെ സമൂഹം. മേൽജാതികൾക്കു മാത്രമാണ് അറിവു പ്രാപ്യമായിരുന്നത്, പഠനം സാധ്യമായിരുന്നത്. സ്വാഭാവികമായും അത്തരം സാഹചര്യങ്ങളിലൂടെയാണ് പുതിയ ആശയങ്ങളോട് ആഭിമുഖ്യമുണ്ടാകുന്നത്. അത്തരം സാഹചര്യങ്ങൾ മാറ്റാനാണു ഞങ്ങൾ ശ്രമിച്ചത്. ഞങ്ങളുടെ കീഴ്സമിതികളിൽ ദലിത്, പിന്നാക്ക പ്രാതിനിധ്യം ധാരാളമായുണ്ട് – പ്രത്യേകിച്ചും, വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിൽ. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് എന്തു തീരുമാനമെടുക്കുമെന്ന് എനിക്കു മുൻകൂട്ടി പറയാനാവില്ല.

ദേശീയതലത്തിൽ മതനിരപേക്ഷ കൂട്ടായ്മകളിൽ സിപിഎം ഇപ്പോഴും പ്രധാനപങ്കു വഹിക്കുന്നുണ്ട്. ഞങ്ങൾക്ക് അംഗബലമില്ലെന്നതു വസ്തുതയാണ്. തനിച്ചു ശക്തിപ്പെട്ടുകഴിയുമ്പോൾ അംഗബലവുമുണ്ടാവും.

? എന്നാണു പിബിയിലെ ഹൈന്ദവ മേൽജാതി മേധാവിത്തം അവസാനിക്കുക.

കമ്യൂണിസ്റ്റ് ആകുന്നതോടെ അത് അവസാനിക്കുന്നു എന്നാണു ഞാൻ കരുതുന്നത്.

? എങ്കിൽപിന്നെ ദലിത് പ്രശ്നം എടുത്തുപറയേണ്ടതില്ലല്ലോ.

ഞങ്ങൾ ദലിതരെ ദലിതരായോ ന്യൂനപക്ഷത്തെ ന്യൂനപക്ഷമായോ അല്ല കാണുന്നത്. ദലിത് കമ്യൂണിസ്റ്റായും ന്യൂനപക്ഷ കമ്യൂണിസ്റ്റായുമാണ്. കമ്യൂണിസ്റ്റ് എന്നതാണു പ്രധാനം, വിഭാഗത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രാതിനിധ്യമല്ല.

?  പിബിയിലെ ഹിന്ദു മേൽജാതി കമ്യൂണിസ്റ്റ് മേധാവിത്തം എന്നാണ് അവസാനിക്കുക.

അത് അവസാനിച്ചുതുടങ്ങിക്കഴിഞ്ഞു. ആ പ്രക്രിയ വളരെ വ്യക്തമാണ്. പിബിയിൽ ഇപ്പോൾ രണ്ടു മുസ്‌ലിംകളും ഒരു ക്രൈസ്തവനും രണ്ടു സ്ത്രീകളുമുണ്ട്. 

? രണ്ടു സ്ത്രീകളും മേൽജാതിയാണ്.

അതിനു ചരിത്രപരമായ കാരണങ്ങളുണ്ടെന്നു ഞാൻ പറഞ്ഞല്ലോ. അതിനെതിരെ ഞങ്ങൾ സമരം ചെയ്യുന്നതാണല്ലോ. അതൊരു വലിയ പോരാട്ടമാണ്. രണ്ടു പാർട്ടി കോൺഗ്രസുകൾക്കു മുൻപു വിശാഖപട്ടണത്തുവച്ചു ഞാൻ പറഞ്ഞതാണ്: വർഗസമരം എന്നതു രണ്ടു കാലിലാണു നിൽക്കുന്നത് – സാമൂഹിക ചൂഷണം, സാമൂഹികമായ അടിച്ചമർത്തൽ. രണ്ടു കാലും ചലിക്കണം. എങ്കിൽ മാത്രമേ ഓടാനല്ല, നടക്കാനെങ്കിലും സാധിക്കൂ. ആ ബോധ്യത്തോടെയുള്ള നടപടികൾ താഴേത്തട്ടിൽ ഫലമുണ്ടാക്കുന്നുണ്ട്, അതിന്റെ പ്രതിഫലനം മേൽത്തട്ടുകളിലും കാണാം.

School children place their hands on the Communist Party flag during a class about the history of the Communist Party at a school in Lianyungang, in China's eastern Jiangsu province on June 28, 2020. - Schools in Jiangsu are holding classes to teach students about the history of the party and its flag and emblem ahead of the Communist Party's 99th anniversary on July 1. (Photo by AFP) / China OUT
School children place their hands on the Communist Party flag during a class about the history of the Communist Party at a school in Lianyungang, in China's eastern Jiangsu province on June 28, 2020. - Schools in Jiangsu are holding classes to teach students about the history of the party and its flag and emblem ahead of the Communist Party's 99th anniversary on July 1. (Photo by AFP) / China OUT

? എൽഡിഎഫ് സർക്കാരിന്റെ നയങ്ങൾകൂടി കണക്കിലെടുത്താവും പാർട്ടി കോൺഗ്രസിൽ ദേശീയ ബദൽ മുന്നോട്ടുവയ്ക്കുകയെന്നു പാർട്ടി മുഖപത്രം പറയുന്നു.  സർക്കാരിന്റെ രണ്ടാം ടേമിലെ ചില നടപടികൾ വിവാദത്തിലാണ്, ജനങ്ങൾ സമരത്തിലാണ്.

ആദ്യ തവണയും ധാരാളം വിവാദങ്ങളുണ്ടായിരുന്നു. ആ വിവാദങ്ങൾ കാരണം ഭരണത്തുടർ‍ച്ചയുണ്ടാകില്ലെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, എന്താണു സംഭവിച്ചത്? അപ്പോൾ ജനങ്ങളുടെ ചിന്തയും നിങ്ങളുടെയോ എന്റെയോ വ്യാഖ്യാനവും വ്യത്യസ്തമാണ്. ജനത്തിനു പ്രതിഷേധിക്കാൻ അവകാശമുണ്ട്. എല്ലാ പ്രതിഷേധങ്ങളും ശരിയായ കാരണങ്ങളുടെ പേരിലാവണമെന്നില്ല. എന്നാലും പ്രതിഷേധം നടക്കും.

? സിൽവർലൈൻ പദ്ധതിയുടെ പരിസ്ഥിതിപരമായ വശങ്ങളെക്കുറിച്ചു താങ്കൾ ചില നിലപാടുകൾ ഉന്നയിച്ചിട്ടുണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ സർക്കാരിനു സാധിച്ചിട്ടുമില്ല. േകന്ദ്ര നേതൃത്വത്തിന്റെ നിലപാടെന്താണ്.

ഇപ്പോൾ നടക്കുന്ന സർവേയുടെ ഫലങ്ങൾ വരട്ടെ. അപ്പോഴാണു നിലപാടെടുക്കാനാവുക. അതിനു കാത്തിരിക്കണം.

? സദുദ്ദേശ്യത്തോടെയാണ് സിംഗൂരിലും നന്ദിഗ്രാമിലും പദ്ധതികൾ‍ പ്രഖ്യാപിച്ചതും ഭൂമി ഏറ്റെടുക്കൽ ശ്രമമുണ്ടായതും. അന്നു മുതൽ ബംഗാൾ പാർട്ടി തിരിച്ചടി നേരിട്ടുതുടങ്ങി.

അതുകൊണ്ടുതന്നെയാണു പറയുന്നത് സർവേഫലം വരട്ടേയെന്ന്. സിംഗൂരും നന്ദിഗ്രാമും സംഭവിച്ചു എന്നതുകൊണ്ട് ഈ പദ്ധതിക്കും അതേ ഗതി എന്നു കരുതുന്നതിൽ എന്തു യുക്തി. പദ്ധതിയുടെ വിവിധ വശങ്ങൾ പഠിക്കുകയാണെന്നു കേന്ദ്ര ധനമന്ത്രാലയം പറഞ്ഞിട്ടുണ്ട്. അതിന്റെയൊക്കെ ഫലങ്ങൾ വരട്ടെ. അതുവരെയുള്ളത് ഊഹങ്ങൾ മാത്രമാണ്.

? കഴിഞ്ഞ രണ്ടു പാർട്ടി കോൺഗ്രസുകളുടെ സമയത്തു കണ്ട പിരിമുറുക്കം ഇത്തവണ കാണുന്നില്ല. യച്ചൂരിയെ ജനറൽ സെക്രട്ടറിയാക്കാനുള്ള തീരുമാനം ഐക്യമുണ്ടാക്കാൻ സഹായിച്ചെന്നാണ് എസ്.രാമചന്ദ്രൻ പിള്ള അടുത്തിടെ മനോരമയോടു പറഞ്ഞത്.

പാർട്ടിയിൽ ഇപ്പോൾ കൂടുതൽ ഐക്യമുണ്ട്. നിങ്ങൾക്കുതന്നെ അതു ബോധ്യപ്പെടുമ്പോൾ മറ്റൊരു സ്ഥിരീകരണത്തിന്റെ ആവശ്യമില്ല. ഉൾപാർട്ടി ഐക്യം സുപ്രധാനമാണ്. അതിന്റെ അടിസ്ഥാനത്തിലാണു പാർട്ടി ശക്തിപ്പെടുക.

? യച്ചൂരിയായിരുന്നു ഐക്യമില്ലായ്മയ്ക്കു കാരണമെന്നും എസ്ആർപിയുടെ വാചകത്തെ വ്യാഖ്യാനിക്കാം.

എന്റെ വരവിലൂടെ ഐക്യം വന്നെങ്കിൽ, മറിച്ചുള്ള വ്യാഖ്യാനമല്ലേ ശരി. ഇപ്പോൾ  എല്ലാ തലത്തിലും കൂടുതൽ ഒരുമയുണ്ട്. അതു നല്ലതും വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ ഗുണകരവുമാണ്.

പിണറായി വിജയൻ, സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്
പിണറായി വിജയൻ, സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്

? പാർട്ടിയുടെ ശക്തി ക്ഷയിച്ചപ്പോഴാണ് ഐക്യമുണ്ടായത് എന്നതാണു വൈരുധ്യം.

പാർട്ടിയുടെ പ്രസക്തിയുടെയും കരുത്തിന്റെയും അളവു നോക്കേണ്ടതു രണ്ടു തരത്തിലാണ്: തിരഞ്ഞെടുപ്പുകളിലെ വിജയം പ്രധാനമാണ്, ജനകീയ സമരങ്ങൾ ശക്തിപ്പെടുത്താനുള്ള ശേഷിയാണു രണ്ടാമത്തേത്. ജനകീയ സമരങ്ങളിൽ പാർട്ടിയുടെ സ്വാധീനം വർധിച്ചിട്ടേയുള്ളൂ. എന്നാൽ, അതു വോട്ടായി മാറുന്നില്ല. അതു സംഭവിക്കാത്തതു മുഖ്യമായും മൊത്തത്തിലുള്ള വലതുപക്ഷ വ്യതിയാനംമൂലമാണ്.

? കോൺഗ്രസുമായുള്ള ബന്ധത്തിന്റെ സ്വഭാവത്തിൽ തീർപ്പായോ.

കരടു രാഷ്ട്രീയ പ്രമേയത്തിൽ നാലു നിർദേശങ്ങളാണുള്ളത്: പാർട്ടി  ശക്തിപ്പെടുക, ഇടത് ഐക്യം ശക്തിപ്പെടുത്തുക, ഇടത് ജനാധിപത്യ നയ ബദൽ മുന്നോട്ടുവയ്ക്കുക, ഹിന്ദുത്വ ശക്തികൾക്കെതിരെ വിശാല മതനിരപേക്ഷ വേദിയുണ്ടാക്കുക. ഇതു ചർച്ച ചെയ്തു തീരുമാനിക്കും.

? കോൺഗ്രസിന്റെ തകർച്ച മതനിരപേക്ഷ കൂട്ടായ്മയെ എങ്ങനെ ബാധിക്കും.

എല്ലാ മതനിരപേക്ഷ കക്ഷികളും ശക്തമായിരിക്കണം. അത് ഇന്ത്യയെ സംബന്ധിച്ച് അനുപേക്ഷണീയമാണ്. കോൺഗ്രസ് ഇപ്പോൾ ആകെ കുത്തഴിഞ്ഞ അവസ്ഥയിലാണ്. ഹിന്ദുത്വശക്തികൾ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ മതനിരപേക്ഷ കക്ഷികൾ തമ്മിൽ പരമാവധി വിശാലമായ ധാരണയുണ്ടാവണം. കോൺഗ്രസാണ് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്. 

? കോൺഗ്രസിനെക്കുറിച്ചു കേരളത്തിലെ സിപിഎമ്മിനു വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. മൃദുഹിന്ദുത്വം ഉൾപ്പെടെ ആരോപിക്കുന്നു. മതനിരപേക്ഷ കൂട്ടായ്മയെ നയിക്കാൻ കോൺഗ്രസ് യോഗ്യമാണോ എന്ന ചോദ്യവുമുണ്ട്.

ആരു നയിക്കണമെന്നതൊക്കെ തിരഞ്ഞെടുപ്പിനുശേഷമുള്ള വിഷയമാണ്. മതനിരപേക്ഷ കക്ഷി എന്ന നിലയ്ക്കും മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് എന്നതിൽ മുൻകാലങ്ങളിൽ വഹിച്ച സുപ്രധാന പങ്കും കണക്കിലെടുക്കുമ്പോൾ കോൺഗ്രസ് പ്രധാന റോളിൽ ഉണ്ടാവേണ്ടതാണ്. നിർഭാഗ്യവശാൽ അതു സംഭവിക്കുന്നില്ല. 

ചെറുപ്പക്കാരെ മനസ്സിലാക്കാൻ ചെറുപ്പക്കാർ വേണം

? വെല്ലുവിളി നേരിടാൻ സിപിഎം സംഘടനാപരമായി നടത്തുന്നതു മിനുക്കുപണികളാണ്. കേന്ദ്ര കമ്മിറ്റിയിലുൾപ്പെടെ (സിസി) പ്രായപരിധി നടപ്പാക്കുന്നതും മറ്റും. 

അതൊന്നും മിനുക്കുപണികളല്ല, വളരെ കനപ്പെട്ടതാണ്. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ ശരാശരി പ്രായം നാൽപതിൽ താഴെയാണ്. സിപിഎമ്മിനു ജനങ്ങളുടെ പാർട്ടിയാകണമെങ്കിൽ ഇപ്പോൾ രാജ്യത്തു നടക്കുന്ന കാര്യങ്ങളുമായി കാലംകൊണ്ടും അനുഭവംകൊണ്ടും ബന്ധമില്ലാത്ത നേതൃത്വത്തെക്കൊണ്ടു കാര്യമില്ല. രാജ്യത്തെ ജനസംഖ്യയുടെ സ്വഭാവവുമായി ഒത്തുപോകുന്ന പാർട്ടി സമിതികളെന്നതു സുപ്രധാനമാണ്. അതിലൂടെയാണു പ്രസരിപ്പും പുതുമയുമുണ്ടാവുക, ഇപ്പോഴത്തെ ചെറുപ്പക്കാരെ അലട്ടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാനാവുക. 75 സിസിക്കുള്ള പ്രായപരിധിയാണ്, പല സംസ്ഥാനങ്ങളിലും 72 ആണു പരിധി, 60 കഴിഞ്ഞവർക്കു മേൽസമിതിയിലേക്കു സ്ഥാനക്കയറ്റമില്ലെന്നാണു ബംഗാൾ‍ തീരുമാനം. പാർട്ടിയിൽ ചെറുപ്പക്കാർക്കു പഞ്ഞമില്ല.

English Summary: CPM party congress: Interview with Sitaram Yechury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com