തൃണമൂലിനോട് തൊട്ടുകൂടായ്മയില്ല

pinarayi-kodiyeri-karat
സിപിഎം പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും സൗഹൃദ സംഭാഷണത്തിൽ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമീപം. ചിത്രം: മനോരമ
SHARE

സിപിഎമ്മിന്റെ ബംഗാൾ ലൈൻ മാറുന്നു;  പുതിയ നിലപാട് കേരള ഘടകം എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതു ശ്രദ്ധേയമാകും

കേന്ദ്രത്തിൽ‍ ബിജെപിയെയും ബംഗാളിൽ‍ തൃണമൂലിനെയും എതിർക്കുക എന്നതായിരുന്നു അടുത്ത കാലം വരെ സിപിഎമ്മിന്റെ ബംഗാൾ ലൈൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം തൃണമൂലിനെയും എതിർത്തതു തെറ്റി എന്ന് രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൽ വ്യക്തമാക്കുമ്പോൾ, ഭാവിയിൽ‍ തൃണമൂലിനോടു തൊട്ടുകൂടായ്മയില്ല എന്ന സൂചന കൂടിയാണു നൽകുന്നത്.

ഈ സമീപനത്തെ പാർട്ടിയുടെ കേരള ഘടകം എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നാണു കാണേണ്ടത്. കേരള ഘടകം കോൺഗ്രസിനെതിരെ മൃദുഹിന്ദുത്വ സമീപനം ആരോപിച്ചപ്പോഴും കേന്ദ്ര നേതാക്കൾ അത്തരമൊരു വിമർശനത്തിനു മുതിർന്നില്ല. മതനിരപേക്ഷ കൂട്ടായ്മയിൽ കോൺഗ്രസിനുള്ള പ്രാധാന്യം കഴിഞ്ഞ ദിവസം ജനറൽ‍ സെക്രട്ടറി സീതാറാം യച്ചൂരി തന്നെ എടുത്തുപറയുകയും ചെയ്തു.

ബംഗാളിൽ ഭരണം പിടിക്കാനുള്ള ബിജെപി ശ്രമം കഴിഞ്ഞ തിരഞ്ഞെടുപ്പിലും വിജയിച്ചില്ല. എന്നാൽ, സംസ്ഥാനങ്ങളിൽ ഭരണകക്ഷിക്കെതിരെ ഉയരുന്ന എതിർപ്പു മുതലാക്കി വളരുന്ന ബിജെപി രീതി ബംഗാളിൽ ഇനിയും സംഭവിക്കാനുള്ള സാധ്യത കൂടി സിപിഎം കാണുന്നു. ആന്ധ്രപ്രദേശിൽ ബിജെപിയെക്കാൾ, വൈഎസ്ആർസിപിയെ എതിർക്കുന്നതും തെറ്റായ സമീപനമെന്നാണ് വിലയിരുത്തൽ. ബിജെപിയുടെ വളർച്ചയെന്ന ഭീഷണി ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങളിൽ പ്രാദേശിക സഖ്യത്തിൽ ഉൾപ്പെട്ടു വളരുകയെന്ന തമിഴ്നാട് മോഡൽ തന്ത്രം മറ്റിടങ്ങളിലും പ്രയോഗിക്കാനുള്ള സിപിഎം താൽപര്യവും ഇതിലൂടെ വ്യക്തമാക്കുന്നു.

ബിജെപിയും ആർഎസ്എസും ഉയർത്തുന്ന ഭീഷണി പാർ‍ട്ടിക്കാർ‍ക്കു മനസ്സിലാകുന്നില്ലെന്നു റിപ്പോർട്ടിലുള്ള തുറന്നുപറച്ചിൽ ശ്രദ്ധേയമാണ്. കാരണം, ബിജെപിയെ ചെറുക്കുക എന്നതാണു മുഖ്യം എന്നു സിപിഎം ഇതാദ്യമായിട്ടല്ല പറയുന്നത്. ബിജെപി ഉയർത്തുന്ന അപകടത്തെക്കുറിച്ച് തിരുവനന്തപുരത്ത് 1989 ൽ നടന്ന 13–ാം പാർട്ടി കോൺഗ്രസ് മുതലിങ്ങോട്ടു പാർട്ടി പറയുന്നതാണ്. ദേശീയതയിൽ പൊതിഞ്ഞു വർഗീയത പറയുകയെന്ന ബിജെപിയുടെ തന്ത്രത്തെക്കുറിച്ചു 1992 ലെ പാർട്ടി കോൺഗ്രസിലും പറഞ്ഞു.

1998 ൽ കൊൽക്കത്തയിൽ 16–ാം പാർട്ടി കോൺഗ്രസ് നിർ‍ദേശിച്ച പ്രധാന ദൗത്യങ്ങളിൽ ഒന്നാമത്തേത് ഇതായിരുന്നു: ബിജെപി–ആർഎസ്എസിനും വർഗീയ ശക്തികൾക്കുമെതിരെയുള്ള സമരം പരമപ്രധാനമാണ്. വർഗീയ കക്ഷി ഭരണം കയ്യാളുന്നതിലെ അപകടം ശരിയായി മനസ്സിലാക്കേണ്ടതുണ്ട്. ഈ ശക്തികൾക്കെതിരെയുള്ള പോരാട്ടമായിരിക്കണം ഇനിയുള്ള നാളുകളിൽ മുഖ്യ ദൗത്യം.

ബിജെപി അധികാരത്തിൽ വരുന്നതു തടയാനാണ് 2004 ൽ യുപിഎയെ പിന്തുണയ്ക്കാൻ സിപിഎം തീരുമാനിച്ചത്. 2005 ലെ 18–ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം ഇങ്ങനെ പറഞ്ഞു: കഴിഞ്ഞ 15 വർഷത്തിൽ വർഗീയ ശക്തികൾക്കുണ്ടായ വളർച്ചയും 6 വർഷം കേന്ദ്രം ഭരിച്ചതും വർഗീയ പ്രത്യയശാസ്ത്രവും അതിന്റെ സംഘടനകളും ശക്തിപ്പെടുന്നതിനും സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ വേരോട്ടമുണ്ടാക്കുന്നതിനും കാരണമായി. അവരുടെ കരുത്തിനെ കുറച്ചു കാട്ടുന്നതു പിഴവായിരിക്കും.

ഫലത്തിൽ, ആ പിഴവു സംഭവിച്ചെന്നാണ് ഏറ്റു പറയുന്നത്. അപ്പോഴേക്കും ബംഗാളിൽ‍ ബിജെപി പ്രതിപക്ഷമായി, ഇടതു പാർട്ടികൾക്ക് ഒരു സീറ്റു പോലും ലഭിച്ചില്ല. ത്രിപുരയിൽ 2018 ൽ‍ പാർട്ടിക്കു ഭരണം നഷ്ടപ്പെടുന്നതു വരെ ബിജെപിയുടെ വളർച്ച മനസ്സിലാക്കാൻ സാധിച്ചില്ലെന്ന് പാർട്ടി തുറന്നു സമ്മതിക്കുന്നു. എല്ലാവരും ചേർന്ന് കോൺഗ്രസിനെ എതിർക്കുകയെന്ന അടിയന്തരാവസ്ഥക്കാല സമീപനമാണ് സിപിഎം ഇപ്പോൾ ബിജെപിക്കെതിരെ മുന്നോട്ടുവയ്ക്കുന്നത്.

English Summary: Bengal CPM for change in party's tactical line

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA