ഭാഷ ഒരിക്കലും ഭീഷണിയാകരുത്

HIGHLIGHTS
  • ഹിന്ദിക്കു വേണ്ടിയുള്ള വാദം അനുചിതം, പ്രതിഷേധാർഹം
tamil-hindi-amit-shah
SHARE

നാനാത്വത്തിലെ ഏകത്വത്തിൽ വിശ്വസിക്കുന്ന നമ്മുടെ രാജ്യത്ത് ഭരണഘടന അംഗീകരിച്ച എല്ലാ ഭാഷകൾക്കും ഒരേ സ്ഥാനവും ഒരേ അന്തസ്സുമാണെന്നതിൽ സംശയമില്ല. ഈ തുല്യതയെ നിന്ദിക്കുമ്പോൾ, വിവിധ സംസ്കാരങ്ങളുടെയും ഭാഷകളുടെയും ഭൂമിശാസ്ത്ര സവിശേഷതകളുടെയുമൊക്കെ സുന്ദരലയനമായ ഇന്ത്യതന്നെയാണു നിന്ദിക്കപ്പെടുന്നത്. വ്യത്യസ്ത സംസ്ഥാനക്കാർ പരസ്പരം സംസാരിക്കുമ്പോൾ ഇംഗ്ലിഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്നും രാജ്യത്തിന്റെ ഐക്യത്തിന് അതാവശ്യമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത് അതുകെ‍ാണ്ടുതന്നെ നമ്മുടെ ബഹുസ്വരതയ്ക്കു നേരെയുള്ള അവഹേളനമായി മാറുന്നു.  

പാർലമെന്ററി ഔദ്യോഗിക ഭാഷാസമിതി യോഗത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞതിലൂടെ വർഷങ്ങൾക്കുശേഷം ഹിന്ദി ഭാഷാവിവാദം വീണ്ടും ചൂടുപിടിക്കുകയാണ്. ഭാഷയാണു സംസ്കാരത്തിന്റെ അടിസ്ഥാനമെന്നിരിക്കെ, മറ്റു ഭാഷകളെയെല്ലാം ഹിന്ദിക്കു കീഴിലാക്കണമെന്നു പറയുന്നത് അങ്ങേയറ്റം അപലപനീയമാണ്. ഹിന്ദി അടിച്ചേൽപിക്കാൻ മുൻകാലങ്ങളിൽ ശ്രമം ഉണ്ടായപ്പോഴെല്ലാം ഹിന്ദി ഇതര സംസ്ഥാനങ്ങളിൽനിന്നു പ്രതിഷേധം ഉയർന്നിരുന്നു. 

സ്വാഭിമാനവും പരസ്പരബഹുമാനവും മുഖമുദ്രയാക്കിയ ഇന്ത്യൻ ഭാഷകളെയെ‍ാക്കെ താഴ്ത്തിക്കെട്ടുന്നതാണ് ഈ നിലപാട്. ഒരു ഭാഷയ്ക്കും ഇന്ത്യയിൽ ദേശീയഭാഷ എന്ന സ്ഥാനം നൽകിയിട്ടില്ല. ഭരണഘടന അംഗീകരിച്ച 22 ഭാഷകളിൽ ഒന്നു മാത്രമാണു ഹിന്ദി. ദേശീയഭാഷയെന്ന ആവശ്യത്തിനു ഭരണഘടനാ സാധുതയില്ലെന്നു വിവിധ കോടതികളും നിരീക്ഷിച്ചിട്ടുണ്ട്. ഹിന്ദി പ്രോത്സാഹിപ്പിക്കുന്നതിനെ ആരും എതിർക്കുന്നില്ല. എന്നാൽ, ഹിന്ദി ഇതര മേഖലയിൽ ഇതു നിർബന്ധപൂർവം നടപ്പാക്കാൻ ശ്രമിക്കുന്നതിനെതിരെയാണു പ്രതിഷേധം. പണ്ടു രാജ്യത്തെങ്ങും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ഹിന്ദി പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു ആ ഹിന്ദിപഠനം. എന്നാൽ, ഇന്ന് ആ കാലം മാറിയിരിക്കുന്നു. 

ഹിന്ദി പ്രചരിപ്പിക്കാനുള്ള ശ്രമം ഇംഗ്ലിഷിനെയും പ്രാദേശിക ഭാഷകളെയും അവഗണിക്കുന്ന നിലയിലേക്ക് എത്തുന്നത് ആരോഗ്യകരമായ പ്രവണതയല്ല. ഹിന്ദി എങ്ങനെയാണ് ഇംഗ്ലിഷിനു ബദലാവുക? ഇംഗ്ലിഷ് എന്ന ആഗോളഭാഷയെ രണ്ടാം തരമാക്കി മാറ്റിനിർത്തുന്നതു കാലത്തിനു പുറംതിരിഞ്ഞുനിൽക്കുന്ന പിന്തിരിപ്പൻ സമീപനംതന്നെയാണ്. ഇന്ത്യയിലടക്കം, ലോകത്തെങ്ങും വിവിധ ഭാഷകൾ സംസാരിക്കുന്നവരെ ചേർത്തുനിർത്തുന്ന ഭാഷയാണ് ഇംഗ്ലിഷ് എന്നതു മറക്കാൻ പാടില്ല. 

രാജ്യത്തെ മറ്റു ഭാഷകളെ അപേക്ഷിച്ചു ഹിന്ദിക്കു പ്രാമുഖ്യം കൽപിക്കാൻ അമിത് ഷാ ശ്രമിക്കുന്നത് ഇതാദ്യമല്ല. മൂന്നു വർഷം മുൻപ്, ഹിന്ദി രാജ്യത്തിന്റെ പൊതുഭാഷയാക്കാമെന്നു നിർദേശിച്ചതിനെതിരെ ഹിന്ദിഇതര സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധമാണുയർന്നത്. ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഹിന്ദിക്കു രാജ്യത്തെ യോജിപ്പിക്കാൻ കഴിയുമെന്ന് അന്നു പറഞ്ഞ അദ്ദേഹം, ‘ഒരു രാജ്യം, ഒരു ഭാഷ’ ആശയം ട്വിറ്ററിലും കുറിച്ചിരുന്നു. ആ ആശയം തികച്ചും ഏകാധിപത്യപരമാണെന്നും ഇത്തരം സമീപനങ്ങൾ എതിർക്കപ്പെടേണ്ടതാണെന്നും അക്കാലത്ത് എത്രയോപേർ പ്രതിഷേധത്തിന്റെ ഒരേ സ്വരത്തിൽ പറയുകയുണ്ടായി.

പ്രാദേശിക ഭാഷയും സംസ്കാരവും ഇത്രത്തോളം വികസിതമായ ഇന്ത്യ പോലൊരു രാജ്യത്ത് ജനങ്ങൾക്കിടയിൽ ഐക്യമുണ്ടാക്കാൻ ഹിന്ദി കൊണ്ടേ കഴിയൂ എന്ന വാദത്തിന്റെ നിരർഥകത തിരിച്ചറിയേണ്ടതുണ്ടെന്നാണ് എം.ടി.വാസുദേവൻ നായർ ആ വേളയിൽ മലയാള മനോരമയിലൂടെ പ്രതികരിച്ചത്. മാതൃഭാഷയ്ക്കുശേഷം രണ്ടാംഭാഷയായി ഹിന്ദി ഉപയോഗിക്കുന്നതിനെക്കുറിച്ചാണു താൻ പറഞ്ഞതെന്ന് അമിത് ഷാ പിന്നീട് തിരുത്തിയെങ്കിലും ആ നിലപാടിലുണ്ടായിരുന്ന ആധിപത്യസ്വഭാവം  ഇപ്പോഴും തുടരുന്നുവെന്നതാണു കഴിഞ്ഞ ദിവസത്തെ പ്രസ്താവനയിലും വ്യക്തമാകുന്നത്. 

ഭാഷ ഒരുമിപ്പിച്ച സംസ്‌കാരവും സംസ്ഥാനവുമാണു നമ്മുടെ കേരളം. അതുകെ‍ാണ്ടുതന്നെ നമ്മുടെ ഭാഷയുടെ തല കുനിയുന്ന ഒരു സാഹചര്യവും ഉണ്ടായിക്കൂടാ. കേരളം പോലെയൊരു ചെറിയ പ്രദേശത്തുപോലും മലയാളത്തിനു പുറമേ, ആദിവാസി, ദലിത് സമൂഹങ്ങളിൽ തനതുമൊഴികൾ പലതുമുണ്ടെന്നും നാമോർക്കണം. ഒറ്റ ഭാഷ കൊണ്ടു രാജ്യത്തെ ഏകീകരിച്ചുനിർത്താമെന്ന ധാരണ മാതൃഭാഷയുടെ പെരുമയിൽ അഭിമാനിക്കുന്ന ഓരോരുത്തരെയും അപമാനിക്കുന്നതാണെന്നതിൽ സംശയമില്ല. ഇത്തരം ആലോചനകളിൽനിന്നു കേന്ദ്ര സർക്കാർ പിന്തിരിഞ്ഞേതീരൂ.

English Summary: Language no bar: On Hindi and ‘other’ States

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS