ADVERTISEMENT

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വർഷത്തിൽ രാജ്യം ഇന്ന് ഭരണഘടനാശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം കൊണ്ടാടുകയാണ്. ഇന്ത്യ എന്ന ആശയം രൂപപ്പെടുത്താനാവശ്യമായ രൂപരേഖയാണ് ഭരണഘടനയിലൂടെ ഡോ. അംബേദ്കർ നമുക്കു നൽകിയത്. എഴുപത്തഞ്ചു വർഷം കഴിയുമ്പോൾ അംബേദ്കർ വിഭാവനം ചെയ്ത പോലെ ഒരു ആധുനിക സമൂഹമായി നമ്മൾ പരിവർത്തനം ചെയ്യപ്പെട്ടോ എന്ന ചോദ്യവുമുയരുന്നുണ്ട്. വിവിധ മേഖലകളിൽ നിന്നു ഭരണഘടനയ്ക്കു മേലുള്ള ഭീഷണിയും വർധിച്ചുകൊണ്ടിരിക്കുന്നു. അംബേദ്കറെ വീണ്ടും വായിക്കേണ്ടതിന്റെയും അറിയേണ്ടതിന്റെയും പ്രസക്തി അവിടെയാണ്. സ്വതന്ത്ര ഇന്ത്യയിലെ രണ്ടു തലമുറ എഴുത്തുകാരെ, ചിന്തകരെ പ്രതിനിധീകരിക്കുന്ന എൻ.എസ്. മാധവനും ഡോ. വിനിൽ പോളും സംഭാഷണത്തിൽ.

∙ ഭരണഘടന വിജയിച്ചോ?

എൻ.എസ്.മാധവൻ: ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന ഘട്ടത്തിൽ അതീവ രൂക്ഷമായ സാമൂഹിക, സാമ്പത്തിക അസമത്വങ്ങൾ ഇവിടെ നിലനിന്നിരുന്നു. ജന്മിത്തവും ജാതിവ്യവസ്ഥയും കൊടികുത്തി വാണിരുന്നു. അവയുയർത്തിയ വെല്ലുവിളികൾ മറികടക്കാനായും എല്ലാ വിഭാഗം ജനങ്ങളുടെയും ഒരുമിച്ചുള്ള പുരോഗതി ഉറപ്പുവരുത്താനുമായും സമത്വം എന്ന വലിയൊരു ആശയത്തിലൂന്നിയ ഭരണഘടനയാണ് ഇന്ത്യക്കായി ഡോ. ബി.ആർ. അംബേദ്കർ വിഭാവനം ചെയ്തത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നില്ല ഭരണഘടന. രാജ്യം എങ്ങനെ ആകണമെന്നതിന്റെ ബ്ലൂ പ്രിന്റ്‌ ആയിരുന്നു. അതിൽ പ്രശ്നങ്ങൾ ഉണ്ട്‌. യുഎസ്‌ ഭരണഘടന എഴുതുമ്പോൾ അത്‌ വെളുത്ത വർഗക്കാരായ പുരുഷന്മാർക്ക്‌ വേണ്ടിയായിരുന്നു. സമത്വം അംഗീകരിക്കുന്ന ഫ്രാൻസിലെ ഭരണഘടന നിലവിൽ വന്നത്‌ വിപ്ലവത്തിലൂടെയാണ്. 

ഇവിടെ, വിപ്ലവം കൂടാതെ ഭരണഘടനയിലൂടെ സാമൂഹികമാറ്റത്തിനു ശ്രമിച്ച അംബേദ്കറിന്റെ ആശയത്തെ പിൽക്കാലത്തെ രാഷ്ട്രീയനേതാക്കൾ മുന്നോട്ടുകൊണ്ടുപോയില്ല. പലപ്പോഴും അവർ ഭരണഘടനയെ വിലങ്ങുതടിയായി കണ്ടു ഭേദഗതികൾ കൊണ്ടുവന്നു. സമൂഹവും ഭരണഘടനയുമായി എന്നുമൊരു സംഘർഷം നിലനിന്നുപോന്നു. ഭരണഘടനയിലൂടെ ഒരു രാഷ്ട്രത്തെയും സമൂഹത്തെയും രൂപപ്പെടുത്തുക എന്ന മുൻപാരും ചെയ്യാത്ത കാര്യത്തിനാണ്‌ അംബേദ്കർ തുനിഞ്ഞത്. പക്ഷേ, ഇവിടുത്തെ സമൂഹം അതിനു തയാറായിരുന്നില്ല, ഇപ്പോഴും പൂർണമായും തയാറല്ല എന്നതാണു യാഥാർഥ്യം. ഭരണഘടനയുടെ കാതലായ ആശയങ്ങൾ മുറിവേൽക്കാതെ നിലനിൽക്കുന്നുണ്ടെങ്കിൽ അതിനു കാരണം സുപ്രീംകോടതിയുടെ ചില വിധികളാണ്. പാവങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും കച്ചിത്തുരുമ്പായി ഇപ്പോഴും ഭരണഘടന തുടരുന്നതിന്‌ നാം അംബേദ്കറോട്‌ കടപ്പെട്ടിരിക്കുന്നു.

ns-madhavan-vinil
എൻ.എസ്.മാധവനും ഡോ.വിനിൽ പോളും സംഭാഷണത്തിനിടെ.

വിനിൽ പോൾ:ഭരണഘടന നിലവിൽ വരുന്നതിനു മുൻപുള്ള കാലഘട്ടത്തിൽ ജനതയുടെ വിശ്വാസവുമായി ബന്ധപ്പെട്ട വ്യത്യസ്ത നിയമസംഹിതകൾ‌ ഇവിടെയുണ്ടായിരുന്നു. മതങ്ങളിലധിഷ്ഠിതമായിരുന്നു അവയിൽ ഭൂരിഭാഗവും. അവയുടെ സ്വാധീനത്തിൻ കീഴിൽ കർക്കശമായി പാലിക്കപ്പെടുന്ന ഒരു ജീവിതക്രമമായിരുന്നു ഇവിടെയുണ്ടായിരുന്നത്. അവയെല്ലാം റദ്ദ് ചെയ്തിട്ടു വേണമായിരുന്നു ഒരു ആധുനിക ഭരണഘടന ഇവിടെ സ്ഥാപിക്കാൻ. അതിലൂടെ ഒരു ആധുനിക രാഷ്ട്രത്തിലേക്കു നമ്മളെ പരിവർത്തനം ചെയ്യിക്കാൻ. പക്ഷേ, അതിൽ താൻ പൂർണമായും വിജയിച്ചില്ല എന്ന തോന്നൽ അംബേദ്കറിനുണ്ടായിരുന്നു. തനിക്കു വലിയ നിരാശയുണ്ട് എന്നു പലയിടത്തും പിന്നീട് അദ്ദേഹം പറയുന്നുണ്ട്. ഇവിടെ നിലനിന്നിരുന്ന പലതിൽ നിന്നും വ്യത്യാസപ്പെട്ട് മനുഷ്യൻ, മനുഷ്യന്റെ അന്തസ്, സമത്വം തുടങ്ങിയ പല വാക്കുകളും ഉൾപ്പെടുത്തിയ, അവയുടെ പ്രായോഗികമായ ഉപയോഗം ഉറപ്പുവരുത്തിയ ഒരു ആശയമായാണ് അദ്ദേഹം ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തത്. നമ്മൾ മാതൃകയാക്കിയതെന്നു പറയുന്ന അമേരിക്ക ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളുടെ ഭരണഘടനകളിൽ ദൈവസങ്കൽപം വളരെ വ്യക്തമായി കടന്നുവരുന്നുണ്ട്. ദൈവത്തെ സ്തുതിക്കുന്ന വരികളും നമുക്ക് ആ ഭരണഘടനകളിൽ കാണാൻ കഴിയും. ഇതുപക്ഷേ, ഇന്ത്യൻ ഭരണഘടനയിൽ ഒട്ടുമേയില്ല. ദൈവം നമ്മുടെ ഭരണഘടനയിൽ ഒരിടത്തുപോലും ഒരു സാന്നിധ്യമായി വരുന്നതേയില്ല.

മാധവൻ:ഭരണഘടനയിലില്ല എന്നതു ശരിയാണ്. പക്ഷേ, നമ്മുടെ സമൂഹത്തിലില്ല എന്നു പറയാനാകില്ല. ഈയൊരു വൈരുധ്യം ഇപ്പോൾ കൂടുതൽ തെളിഞ്ഞുവരുന്നുണ്ട്. സമൂഹത്തിന്റെ പൊതുവായ ചിന്താഗതിയും ഭരണഘടനയുടെ പുരോഗമനാശയങ്ങളും തമ്മിൽ ചേരാതെ നിൽക്കുന്ന ഒരു സാഹചര്യം ഇപ്പോൾ നമുക്കു കാണാനാകും. ഭരണഘടനാ രചനാവേളയിൽ അംബേദ്കർ നേരിട്ടിട്ടുള്ള ഒരു വലിയ സംഘർഷം ഇതു തന്നെയായിരിക്കണം. കാരണം, ഈ ഭരണഘടനയാണ് നമ്മുടെ രാഷ്ട്രത്തിന്റെ ബ്ലൂ പ്രിന്റ്. ഭരണഘടന വിഭാവനം ചെയ്യുന്നതു പോലെയുള്ള സാമൂഹിക യാഥാർഥ്യങ്ങളല്ല ഇവിടെ നിലവിലുള്ളതെങ്കിൽ സമൂഹം ആ ആശയങ്ങളിലേക്കു പരിവർത്തനം ചെയ്യപ്പെടേണ്ടതുണ്ട്. അതു രക്തം ചീന്താതെ നേടിയെടുക്കാനാണു നമ്മുടെ രാഷ്ട്ര നിർമാതാക്കൾ സ്വാതന്ത്ര്യത്തിന്റെ ആദ്യ വർഷങ്ങളിൽ ശ്രമിച്ചത്. ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും പിറവികൊണ്ട പുതിയ രാഷ്ട്രങ്ങളിൽ അതായിരുന്നില്ല സ്ഥിതി. ജവാഹർലാൽ നെഹ്റുവിന്റെ കാലത്തോളം അതിനായുള്ള ആത്മാർഥമായ ശ്രമങ്ങളുണ്ടായിരുന്നു. പിന്നീടതു നിലച്ചുപോയി. ഇപ്പോൾ മാത്രമല്ല, കുറേക്കാലമായിട്ട്, ഇന്ദിരാഗാന്ധിയുടെ കാലം മുതൽക്കേ എന്നു പറയാം. അവർ അടിയന്തരാവസ്ഥ നടപ്പിലാക്കിയത്‌ അത്യപൂർവം ഉപയോഗിക്കേണ്ട ഭരണഘടനാ ചട്ടങ്ങൾ ഉപയോഗിച്ചാണ്. 

പാവങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും കച്ചിത്തുരുമ്പായി ഇപ്പോഴും ഭരണഘടന തുടരുന്നതിന്‌ നാം അംബേദ്കറോടു കടപ്പെട്ടിരിക്കുന്നു.

ഇത്രയും ആദർശശുദ്ധിയുള്ള ഒരു ഭരണഘടന നമുക്കുണ്ടായിട്ട് സമൂഹത്തെ അതിലേക്കു പരിവർത്തനം ചെയ്യിക്കാൻ നമ്മുടെ രാഷ്ട്രീയകക്ഷികൾക്കും ഭരണകൂടത്തിനും സാധ്യമായില്ല എന്നതു വലിയൊരു പ്രശ്നം തന്നെയാണ്. അതേസമയം, ഇതില്ലായിരുന്നെങ്കിൽ പകരം എന്താകും നിലവിൽ വരുക എന്നതും നമ്മൾ ചിന്തിക്കേണ്ട ഒന്നാണ്. ഭരണഘടനാ രചനാവേളയിലെ അംബേദ്കറിന്റെയും നെഹ്റുവിന്റെയും അഭിപ്രായങ്ങൾക്ക് തികഞ്ഞ വിശ്വാസിയും മതം കൃത്യമായി അനുഷ്ഠിക്കുന്നയാളുമായിരുന്ന ഗാന്ധിജിയുടെ കൂടി മൗനാനുവാദം ഉണ്ടായിരുന്നു എന്നു നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. അതില്ലായിരുന്നെങ്കിൽ ഇവിടുത്തെ ഭൂരിപക്ഷ മതത്തിന്റെ ഇച്ഛകൾക്ക് അനുസൃതമായിട്ടുള്ളൊരു ഭരണഘടനയായിരുന്നേനെ രൂപംകൊണ്ടിരിക്കുക. അവിടെയാണ് ഒരുപക്ഷേ, അംബേദ്കറിന്റെ മഹത്വം ഏറ്റവും കൂടുതൽ തെളിഞ്ഞുകാണുന്നത്, ഗാന്ധിജിയുടെയും നെഹ്റുവിന്റെയും അംബേദ്കറിന്റെയും രാഷ്ട്ര നിർമാണത്തിലെ ഒരുമിച്ചുള്ള പ്രാധാന്യം തെളിഞ്ഞുവരുന്നത്.

∙ ചരിത്രത്തെ അംബേദ്കർ സമീപിച്ചരീതി

വിനിൽ പോൾ: ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന അടിമവ്യവസ്ഥയും അടിമക്കച്ചവടവുമായി ബന്ധപ്പെട്ട സാമൂഹിക സാഹചര്യങ്ങളിലാണ് എന്റെ ഗവേഷണം. നമ്മുടെ പല ചരിത്രകാരൻമാരും മനസ്സിലാക്കാത്തതോ അവഗണിക്കുന്നതോ ആയ ഒരു മേഖലയാണ് ഇന്ത്യയിലെ അടിമവ്യവസ്ഥ എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ചരിത്രരേഖകളെ തമസ്കരിക്കുകയും അതോടൊപ്പം കർക്കശമായ സൈദ്ധാന്തിക പിൻബലത്തോടുകൂടി അങ്ങനെ ഒരു സംവിധാനം ഇവിടെ നിലവിലുണ്ടായിരുന്നില്ല എന്നു പറയാനാണു പലരും ശ്രമിച്ചു കണ്ടിട്ടുള്ളത്. അതേസമയം, അംബേദ്കറെ വായിക്കുമ്പോൾ എന്നെ ഏറെ സ്പർശിച്ച ഒരു കാര്യം അദ്ദേഹം അക്കാലത്തു തന്നെ ഇതേക്കുറിച്ചു കൃത്യമായി ബോധവാനായിരുന്നു എന്നതാണ്. അടിമത്തം എന്ന അനുഭവം ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടെന്ന് തന്റെ രചനകളിൽ അദ്ദേഹം പലയിടത്തും രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ സമകാലീന സാമൂഹിക ശാസ്ത്രം കൈകാര്യം ചെയ്യുന്ന പല വിഷയങ്ങളും അംബേദ്കർ വളരെ മുമ്പേ കൃത്യമായി പഠിച്ചിട്ടുള്ളതും എഴുതിയിട്ടുള്ളതുമാണ്. നമ്മുടെ പോസ്റ്റ് കൊളോണിയൽ പഠനങ്ങളുടെയൊക്കെ തുടക്കം കൊളംബിയ സർവകലാശാലയുമായി ബന്ധപ്പെട്ടാണല്ലോ പറഞ്ഞുവരാറുള്ളത്. ഡോ. അംബേദ്കർ അവിടെ വിദ്യാർഥിയായിരുന്നു. അങ്ങനെ അദ്ദേഹം തന്നെ സാമൂഹിക ശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും അത്തരം പഠനങ്ങൾക്കു തുടക്കമിട്ടിട്ടുണ്ട് എന്ന് പല പ്രബല സാമൂഹിക ശാസ്ത്രജ്ഞരും നിരീക്ഷിച്ചിട്ടുണ്ട്. വിമർശനാത്മകമായി സമൂഹത്തെയും സാമൂഹികസാഹചര്യങ്ങളെയും നോക്കിക്കാണുന്ന ഒരു രീതി പിൽക്കാലത്ത് ഇവിടെ ഉരുത്തിരിഞ്ഞു വന്നതിൽ അംബേദ്കർക്ക് കൃത്യമായ പങ്കുണ്ട്.

മാധവൻ: വീ ദ് പീപ്പിൾ ഓഫ് ഇന്ത്യ’, ‘ഭാരതത്തിലെ ജനങ്ങളായ നാം’ എന്നാണല്ലോ ഭരണഘടനയിൽ ആദ്യം പറയുന്ന പദങ്ങൾ. ഭരണഘടനാ അസംബ്ലിയിൽ ഇതു വലിയ വാഗ്വാദങ്ങൾ ഉയരാൻ കാരണമായി. ഒരു കൂട്ടർ വാദിച്ചത്‌ ‘വീ ദി ഇന്ത്യൻ നേഷൻ’ എന്ന പ്രയോഗത്തിലൂടെ ഭരണഘടന തുടങ്ങണം എന്നായിരുന്നു. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ നമ്മൾ പൂർണമായും രാഷ്ട്രമായിട്ടില്ല എന്നാണ് അംബേദ്കർ കരുതിയത്. സമൂഹത്തെ മാറ്റിത്തീർക്കാനുള്ള ഒരു ഉപകരണമായിട്ടാണ് അംബേദ്കർ ഭരണഘടനയെ ഉപയോഗിച്ചത്. സഹസ്രാബ്ദങ്ങളായി നിലനിന്നിരുന്ന വിവിധ വിശ്വാസസംഹിതകളുടെ സ്വാധീനം ആഴത്തിൽ വേരോടിയിരുന്ന ജനതയായിരുന്നു നമ്മൾ. സ്വാതന്ത്ര്യം ലഭിച്ചെങ്കിലും അതിൽ മാറ്റമുണ്ടായിട്ടില്ലല്ലോ. അവിടേക്കാണ് അടിമുടി ആധുനികമായ തന്റെ ഭരണഘടനയുമായി അംബേദ്കർ വരുന്നത്.

നമ്മുടെ സമകാലീന സാമൂഹികശാസ്ത്രം കൈകാര്യം ചെയ്യുന്ന പല വിഷയങ്ങളും അംബേദ്കർ വളരെ മുൻപേ കൃത്യമായി പഠിച്ചിട്ടുള്ളതും എഴുതിയിട്ടുള്ളതുമാണ്.‍

വിനിൽ: നെഹ്റുവായാലും ഭരണഘടനാ അസംബ്ലിയിലെ മറ്റ് അംഗങ്ങളായാലും ഏതെങ്കിലുമൊരു സന്ദർഭത്തിൽ മതവിശ്വാസവുമായി ഒരു ഒത്തുതീർപ്പ് ഉണ്ടാകുന്നുണ്ട്. എന്നാൽ ഒരു ഒത്തുതീർപ്പിനും തയാറാകാതിരുന്ന ഒരേയൊരാൾ അംബേദ്കറാണ്. അതേസമയം, നെഹ്റുവും ഗാന്ധിജിയും മറ്റു ദേശീയ നേതാക്കളുമെല്ലാം തീവ്രവിശ്വാസികളല്ലായിരുന്നതിനാൽ അംബേദ്കറുമായി ഒരുമിച്ചുപോകുകയും അതു ഭരണഘടനയുടെ രചനയിൽ തെളിഞ്ഞുകാണുകയുമാണ്. അങ്ങനെ, എല്ലാ മതങ്ങളെയും അംഗീകരിക്കുന്നതും തുല്യത നൽകുകയും ചെയ്യുന്ന ഒരു ക്രമീകരണം ഉണ്ടാക്കിയെന്നതും ഇന്ത്യൻ ഭരണഘടനയുടെ പ്രത്യേകതയാണ്.

∙ അംബേദ്കറും സംവരണവും

മാധവൻ: വിവിധ സമൂഹങ്ങളുടെ ഉന്നതിക്കും സമത്വത്തിനുമുള്ള ഒരു ഉപകരണമായാണ് അംബേദ്കർ സംവരണത്തെ കണ്ടിരുന്നതും ഭരണഘടനയിൽ ഉൾപ്പെടുത്തിയതും. ഇന്ത്യയുടെ സവിശേഷസാഹചര്യത്തിലുള്ള ജാതിവ്യവസ്ഥയുടെ ഒരു പ്രത്യേകത താഴ്ന്ന ജാതിയിലുൾപ്പെട്ടവർക്ക് സമൂഹത്തിന്റെ ഉന്നതമേഖലകളിലേക്ക് കയറിവരാനുള്ള വളരെ പരിമിതമായ അവസരങ്ങളായിരുന്നു. അല്ലെങ്കിൽ തീർത്തും ഇല്ലായെന്നു തന്നെ പറയാവുന്ന അവസരങ്ങൾ. ഇതു മറികടക്കാനായിട്ടാണ് അദ്ദേഹം സംവരണസമ്പ്രദായം കൊണ്ടുവരുന്നത്.

വിനിൽ: എന്നാൽ സംവരണം നിയമമാക്കുമ്പോൾ അദ്ദേഹം വിഭാവനം ചെയ്ത ആശയം ആദ്യമേ തന്നെ കൃത്യമായി അട്ടിമറിക്കപ്പെടുന്നുമുണ്ട്. ജാതിയാണല്ലോ സംവരണത്തിന്റെ അടിസ്ഥാനം. എന്നാൽ പട്ടികജാതി സംവരണത്തിന് അർഹനാകണമെങ്കിൽ നിങ്ങൾ ഹിന്ദു ആകണം എന്നു പറയുമ്പോൾ അവിടെ മതം അടിസ്ഥാനമാകുകയാണ്. അതൊരു അട്ടിമറിക്കലാണ്.

മാധവൻ: പിന്നെ, അംബേദകറുടെ ഒരു നിഷ്കളങ്കത എന്താണെന്നു വച്ചാൽ സംവരണത്തെ അദ്ദേഹം ഒരു നിത്യമായ സംവിധാനമായല്ല കരുതിയിരുന്നത്. ഇരുപതോ മുപ്പതോ കൊല്ലം കഴിഞ്ഞാൽ അവസാനിപ്പിക്കാൻ കഴിയുന്ന ഒരു സംവിധാനമായി അദ്ദേഹം അതിനെ കരുതി. അതിനകം സമൂഹം മാറുമെന്നുള്ള ആദർശപരമായ ഒരു വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ അങ്ങനെയൊന്നും സംഭവിച്ചില്ല എന്ന് ഇന്നു നമുക്കറിയാം.

∙ കടുത്ത ജീവിത യാഥാർഥ്യങ്ങൾ

വിനിൽ: അംബേദ്കറുടെ കാലത്തു നമ്മുടെ ഒരു ജീവിതസാഹചര്യം എങ്ങനെയായിരുന്നു എന്നു ഞാൻ ആലോചിക്കാറുണ്ട്. കേരളത്തിലെ അന്നത്തെ സാമൂഹികസാഹചര്യം എങ്ങനെയായിരുന്നു എന്നും. അദ്ദേഹം വിദ്യാഭ്യാസം നേടുന്ന കാലഘട്ടത്തിൽ സ്വസമുദായത്തിന്റെ സാക്ഷരത വെറും ഒരു ശതമാനമാണ്. ആ കാലഘട്ടത്തിൽ കേരളത്തിലെ ദലിത് സമൂഹത്തിന്റെ സാക്ഷരതയും ഒരു ശതമാനമോ അതിലും താഴെയോ ആണ്. പക്ഷേ, വിദ്യാഭ്യാസം നേടുന്നതിൽ അംബേദ്കർക്ക് അവിടുത്തെ ഉയർന്ന വിഭാഗത്തിലുള്ളവരിൽ നിന്നു ചില ശക്തമായ പിന്തുണകൾ ലഭിക്കുന്നുണ്ട്. ചില അധ്യാപകരുടെ ഇടപെടലുകൾ അദ്ദേഹത്തിന് സഹായകരമായി വരുന്നുണ്ട്. ബറോഡ മഹാരാജാവ് അദ്ദേഹത്തിന് ഉന്നതപഠനത്തിനായി സ്കോളർഷിപ് നൽകുന്നുണ്ട്. കേരളത്തിലാകട്ടെ, ഉന്നത മെഡിക്കൽ വിദ്യാഭ്യാസം നേടി വന്ന ഡോ. പൽപ്പുവിന് ജോലി ലഭിക്കാത്ത അന്തരീക്ഷമായിരുന്നെന്നും നമ്മൾ കാണേണ്ടതുണ്ട്.

മാധവൻ:കേരളത്തെപ്പറ്റി അംബേദ്കർ എഴുതിയിട്ടുള്ളത്, എന്റെ ഓർമയിൽ വൈക്കം സത്യഗ്രഹത്തെക്കുറിച്ചാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹികപോരാട്ടം ഇപ്പോൾ നടക്കുന്നത് വൈക്കം സത്യഗ്രഹത്തിലാണ് എന്ന് അദ്ദേഹം എഴുതി. അദ്ദേഹം ചേർത്തലയ്ക്കടുത്തെ പാണാവള്ളിയിൽ വന്നു താമസിച്ചിട്ടുണ്ട്. പാണാവള്ളി കൃഷ്ണൻ വൈദ്യൻ എന്ന പ്രശസ്ത വൈദ്യന്റെ അടുത്ത് മകൻ യശ്വന്തിന്റെ ചികിൽസയ്ക്കായാണ് അദ്ദേഹം വന്നു താമസിച്ചത്. പിന്നീടു സ്വാതന്ത്ര്യത്തിനു ശേഷമാണ് അദ്ദേഹം കേരളത്തിൽ വരുന്നത്. അദ്ദേഹം ഇവിടെ ആദ്യമായി എത്തിയ കാലഘട്ടത്തിലാണു ക്ഷേത്ര പ്രവേശന വിളംബരം വരുന്നത്. പക്ഷേ, അംബേദ്കർ അതേപ്പറ്റിയൊന്നും കാര്യമായി പറ‍ഞ്ഞതായോ എഴുതിയതായോ കണ്ടിട്ടില്ല. അത് എനിക്ക് കൗതുകകരമായി തോന്നി. അദ്ദേഹം അതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നു. ഹിന്ദുമതവുമായി ബന്ധപ്പെട്ടു ഗാന്ധിയോടുള്ള അദ്ദേഹത്തിന്റെ ചില വിയോജിപ്പുകളുടെ ഭാഗമായിരിക്കാം അത് എന്നു ഞാൻ കരുതുന്നു. ഗാന്ധിജിയുടെ വിമർശകനായിരുന്നു എല്ലാക്കാലവും അംബേദ്കർ. ജാതി വ്യവസ്ഥയെ ഗാന്ധിജി നിരാകരിച്ചിരുന്നില്ല എന്നതായിരുന്നു ആ വിമർശനത്തിനു പ്രധാന കാരണം. കുട്ടിക്കാലത്ത് അംബേദ്കർ സ്കൂളിൽ പഠിക്കുമ്പോൾ കുടിവെള്ളം ഉയർന്ന ജാതിക്കാർ കൈയിലേക്ക് ഒഴിച്ചു കൊടുക്കുമായിരുന്നു. ഗ്ലാസ് ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നില്ല. ഉയർന്ന ജാതിയിലുള്ളവർ ഒരു ദിവസം സ്കൂളിൽ വന്നില്ലെങ്കിൽ അന്നു ദാഹിച്ചു കഴിയണമായിരുന്നു. അങ്ങനെ ഏറ്റവും ദുഃഖകരമായിട്ടുള്ള തൊട്ടുകൂടായ്മയിൽ കൂടി കടന്നുപോയിട്ടുള്ള ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഗാന്ധിജി എന്നാൽ ഈ യാഥാർഥ്യത്തെ വേറൊരു രീതിയിലാണു കണ്ടത്. ഈയൊരു വൈരുധ്യം എന്നുമുണ്ടായിരുന്നു.

∙ അംബേദ്കർ എന്ന ദേശീയവാദി

വിനിൽ: ഗാന്ധിജിയുടെയും നെഹ്റുവിന്റെയും അംബേദ്കറിന്റെയും പ്രസിദ്ധീകരിക്കപ്പെട്ട കൃതികളുടെ വലുപ്പം അപാരമാണ്. 98 വോളിയങ്ങളിലായി 48,000 പേജുകൾ ഗാന്ധിജിയുടേതായിട്ടുണ്ടെന്നാണു പറയുന്നത്. അത്രയും തന്നെയോ അതിൽക്കൂടുതലോ മറ്റു രണ്ടുപേർക്കുമുണ്ട്. ഗാന്ധി സാഹിത്യം എടുക്കുകയാണെങ്കിൽ, ആദ്യ ഭാഗത്തുള്ള ആശയങ്ങളല്ല അവസാന ഭാഗത്തു വരുമ്പോൾ കാണുന്നത്. തൊട്ടുകൂടായ്മയെ സംബന്ധിച്ച ആശയങ്ങളൊക്കെ ഇങ്ങനെ മാറിക്കൊണ്ടിരിക്കുകയാണ്. പക്ഷേ, അംബേദ്കറുടെ എഴുത്തിൽ അങ്ങനെ ഒരു മാറ്റം കാണാനാകില്ല. കാരണം അദ്ദേഹത്തിന്റെ എല്ലാവരികൾക്കും റഫറൻസ് ഉണ്ട് എന്നതാണ്. തുടക്കത്തിലെ അംബേദ്കറെയാണ് അവസാനവും നമ്മൾ കാണുന്നത്. എന്നെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യമുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള അക്കാദമിക പുസ്തകങ്ങളിൽ, പ്രത്യേകിച്ച് വ്യാപകമായി വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന ബിപിൻ ചന്ദ്ര പോലെയുള്ള പിൽക്കാല ചരിത്രകാരൻമാരുടെ രചനയിൽ നാലോ അഞ്ചോ പ്രാവശ്യം മാത്രമാണ് അംബേദ്കറെപ്പറ്റി പരാമർശിക്കുന്നത്. എന്നാൽ അവരുടെ പുസ്തകങ്ങളിലൊക്കെ ഗാന്ധിജി നിറഞ്ഞു നിൽക്കുകയാണ്. നമ്മുടെ പാഠപുസ്തകങ്ങളിലും മറ്റു പുസ്തകങ്ങളിലും അദ്ദേഹം നിറഞ്ഞുനിൽക്കുകയാണ്. 

വട്ടമേശ സമ്മേളനങ്ങളിൽ വിൻസ്റ്റൻ ചർച്ചിലുമായും മറ്റും ഇന്ത്യൻ ദേശീയതയിലൂന്നിയുള്ള അംബേദ്കറിന്റെ ഗംഭീരമായ പ്രഭാഷണങ്ങൾ നമുക്കു കാണാൻ സാധിക്കും. ഇതൊന്നും പാഠപുസ്തകങ്ങളിൽ ഒരിക്കലും ഉൾപ്പെട്ടിട്ടില്ല. ഇന്ന് നമ്മൾ കൊളോണിയൽ കാലത്തെക്കുറിച്ച് സൂക്ഷ്മമായി നോക്കുമ്പോൾ അംബേദ്കർക്ക് മറ്റൊരു പ്രത്യേകത കൂടി കാണാൻ കഴിയുന്നുണ്ട്. ഭാരതത്തിൽ നിലവിലുണ്ടായിരുന്ന മതഗ്രന്ഥങ്ങളുടെ പുനർവായന ഗൗരവതരമായി നടത്തിയ ഒരാൾ അക്കാലത്ത് അംബേദ്കറായിരുന്നു. മതഗ്രന്ഥങ്ങളുടെ വിമർശനവായന എന്നാൽ നിയമവ്യവസ്ഥയുടെ വിമർശനം കൂടിയാണ് എന്നതു തിരിച്ചറിയേണ്ടതാണ്. മറ്റു രാജ്യങ്ങളിലൊക്കെ സ്വന്തം സമുദായങ്ങൾക്കുള്ളിൽ നിന്നു തന്നെ പരിഷ്കരണവാദികൾ ഉയർന്നുവന്നപ്പോൾ ഇന്ത്യയിൽ അതു സംഭവിച്ചില്ലെന്ന് അംബേദ്കർ പറയുന്നുണ്ട്. വോൾട്ടയറിനെ ഉദാഹരണമായി കാണിച്ചുകൊണ്ടാണ് അദ്ദേഹം ഇന്ത്യൻ സമൂഹത്തിനുമേൽ ഇങ്ങനെ ഒരു വിമർശനം ആരോപിക്കുന്നത്. ഇന്ത്യൻ സമൂഹത്തിലെ തൊട്ടുകൂടായ്മ സംബന്ധിച്ചു തന്നെയായിരുന്നു ഗാന്ധിയും അംബേദ്കറും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട അഭിപ്രായവ്യത്യാസം. അതേസമയം, ഇന്ത്യയിൽ ദലിത് വിഭാഗങ്ങൾക്കു പ്രത്യേക നിയോജകമണ്ഡലങ്ങൾ വേണമെന്ന വാദഗതിയും അദ്ദേഹം ഉയർത്തുന്നുണ്ട്. രാഷ്ട്രീയ പ്രാതിനിധ്യമല്ലാതെ ദലിത് ജനസമൂഹത്തിന് മറ്റൊരു രക്ഷാപദ്ധതിയില്ല എന്നദ്ദേഹം വിശ്വസിച്ചിരുന്നിരിക്കണം.

മാധവൻ: നമ്മുടെ ഭരണഘടനയ്ക്കുള്ള അമേരിക്കൻ സ്വാധീനം ഇന്ത്യ, യൂണിയൻ ഓഫ് സ്റ്റേറ്റ്സ് എന്ന പ്രസ്താവ്യത്തിൽ കാണാം. കാരണം സ്വാതന്ത്ര്യം നേടുമ്പോൾ ഇന്ത്യ പല നാട്ടുരാജ്യങ്ങളായിരുന്നല്ലോ. ഇവ ചേർന്നാണല്ലോ ഇന്ത്യ എന്ന രാഷ്ട്രം രൂപീകൃതമാകുന്നത്. വ്യത്യസ്ത ഭാഷാ, സാംസ്കാരിക വ്യക്തിത്വങ്ങളുള്ള സംസ്ഥാനങ്ങളും കേന്ദ്ര ഭരണകൂടവും തമ്മിൽ ഭരണനിർവഹണത്തിലുണ്ടായേക്കാവുന്ന വൈരുധ്യത്തെ ഒഴിവാക്കുന്നതിനായി കേന്ദ്ര, സംസ്ഥാന ബന്ധങ്ങളെ വളരെ കൃത്യമായി ഭരണഘടനയി‍ൽ നിർവചിക്കാൻ അംബേദ്കർ ശ്രദ്ധിച്ചു. കേന്ദ്ര – സംസ്ഥാന ബന്ധങ്ങളെ വിളക്കിച്ചേർക്കുന്ന കണ്ണിയായി സങ്കൽപിക്കപ്പെട്ടതു ഗവർണറാണ്. ജനങ്ങൾ തിരഞ്ഞെടുക്കുന്ന വ്യക്തിയായിരിക്കണം ഗവർണർ എന്നായിരുന്നു ഭരണഘടനാ അസംബ്ലിയിൽ ആദ്യം ഉയർന്ന വാദഗതി. പക്ഷേ, ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയും ഗവർണറും ഒരുപോലെ തിരഞ്ഞെടുക്കപ്പെടുന്നവരായാൽ ഭരണത്തിൽ രണ്ടു ശക്തികേന്ദ്രങ്ങൾ ഉണ്ടാകുമെന്ന ഭീഷണി ഭരണഘടനാശിൽപികൾ മു‍ൻകൂട്ടി കണ്ടു. അതിനാൽ തിരഞ്ഞെടുക്കുന്നതിനു പകരം ഗവർണറെ നാമനിർദേശം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെയായിരുന്നു ആദ്യകാലങ്ങളിൽ നാമനിർദേശം ചെയ്തിരുന്നത്. ആദ്യകാലത്തൊക്കെ ഈ സംവിധാനം കൃത്യമായി പ്രവർത്തിച്ചു. പക്ഷേ, പിന്നീടു രാഷ്ട്രീയം അമിതമായി കലർന്ന് ഇതിൽ വെള്ളം ചേർക്കപ്പെട്ടു.

∙ പ്രഥമ സാമ്പത്തിക ശാസ്ത്രജ്ഞൻ

വിനിൽ: സാമ്രാജ്യത്വ സമ്പദ് വ്യവസ്ഥ ഒരു പരിവർത്തനത്തിനു വിധേയമായിക്കൊണ്ടിരുന്ന സമയത്താണ് അംബേദ്കറുടെ ജനനം. യൂറോപ്പിൽ വ്യവസായ വിപ്ലവത്തിന്റെ കാഹളമുയർന്നു കഴിഞ്ഞു. അതിന്റെ അനുരണനങ്ങൾ ഇവിടെയും പുതിയ തൊഴിൽമുഖങ്ങൾ തുറക്കുകയാണ്. തോട്ടങ്ങൾ, റെയിൽവേ, സൈന്യം എന്നിവയിലെല്ലാം അധസ്ഥിതർക്ക് ചെറിയ തൊഴിലവസരങ്ങൾ ലഭിക്കുകയാണ്. അംബേദ്കറുടെ പിതാവിന് ബ്രിട്ടിഷ് ഭരണകൂടമാണു ജോലി നൽകുന്നത്. മക്കൾ വിദ്യാഭ്യാസം നേടണം എന്നതിൽ വലിയ നിർബന്ധബുദ്ധിക്കാരനായിരുന്നു അദ്ദേഹം. അവഹേളനവും അനീതിയും സഹിച്ച് ഏറെ പ്രയാസപ്പെട്ടാണ് 1907ൽ അംബേദ്കർ മെട്രിക്കുലേഷൻ പാസ്സാകുന്നത്. തുടർപഠനത്തിനായി സാമ്പത്തികസഹായം ലഭിക്കാൻ അംബേദ്കർ ഏറെ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയാണ്. എൽഫിൻസ്റ്റോൺ കോളജിൽ ബിരുദപഠനം നടത്തുന്നതിനിടയിൽ മറ്റൊരാളുടെ സഹായത്താലാണ് ബറോഡയിലെ രാജാവായ ഗെയ്ക്‌വാദിനെ പരിചയപ്പെടുന്നത്. മാസംതോറും 25 രൂപ സ്‌കോളർഷിപ്പ് രാജാവ് അനുവദിക്കുകയും ചെയ്‌തു. ബിരുദം വിജയകരമായി പൂർത്തിയാക്കിയ അംബേദ്കർ ഉൾപ്പെടെ മൂന്ന് വിദ്യാർത്ഥികൾക്ക് ഗെയ്ക്‌വാദ് രാജാവ് വിദേശ പഠനത്തിനായി മറ്റൊരു സ്കോളർഷിപ് അനുവദിക്കുകയുണ്ടായി. 

അപമാനിതനായി ക്ലാസ്മുറിയുടെ മൂലയിൽ ഒരു കീറിയ ചാക്കിൽ ഇരുന്നു പഠിക്കേണ്ടി വന്ന വിദ്യാർത്ഥി 1913ൽ ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിലേക്ക് എത്തപ്പെട്ടു. ദാരിദ്ര്യത്തിനിടയിലും കിട്ടുന്ന പൈസയ്ക്കു മുഴുവൻ പുസ്തകങ്ങൾ വാങ്ങുന്ന ഒരു വിദ്യാർഥി ആയിരുന്നു അംബേദ്കർ. നിരന്തര വായനയായിരുന്നു അദ്ദേഹത്തിന്റേത്. പഠനത്തിനു ശേഷം ഇന്ത്യയിലേക്കു തിരികെ വരുമ്പോൾ അദ്ദേഹം ആ പുസ്തകങ്ങൾ മുഴുവൻ ഒരു കപ്പലിലാണ് കയറ്റി അയയ്ക്കുന്നത്. അത്രയേറെ ഉണ്ടായിരുന്നു അവ. ഒന്നാം ലോകമഹായുദ്ധം നടക്കുന്ന കാലമായിരുന്നു അത്. ആ കപ്പൽ ടോർപിഡോ ഏറ്റു മുങ്ങുകയാണ്. വിദേശ ബിരുദം നേടി തിരിച്ചെത്തിയെങ്കിലും അദ്ദേഹത്തിന് ഇന്ത്യയിൽ ജോലി ലഭിക്കാൻ പ്രയാസമായിരുന്നു. വിദേശ വിദ്യാഭ്യാസം നേടി വരുന്നൊരാൾ ഇന്ത്യയിൽ കാലുകുത്തിക്കഴിയുമ്പോൾ പെട്ടെന്നു തൊട്ടുകൂടാത്തവനായി മാറുകയാണ്. പല അവകാശങ്ങളും നിഷേധിക്കപ്പെടുകയാണ്.

മാധവൻ: അംബേദ്കർ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു പ്രധാന മേഖല സാമ്പത്തികശാസ്ത്രമാണ്. നൊബേൽ സമ്മാന ജേതാവായ അമർത്യസെൻ പറയുന്നുണ്ട്, ഇന്ത്യയിലെ ആദ്യത്തെ സാമ്പത്തികശാസ്ത്രജ്ഞൻ ഡോ. അംബേദ്കർ ആണെന്ന്. ദ് പ്രോബ്ലം ഓഫ് ദ് റുപ്പീ എന്ന പേരിൽ രൂപയെക്കുറിച്ച് അംബേദ്കറിന്റെ ഒരു പുസ്തകം ഉണ്ട്. എംഎ വിദ്യാർഥിയായിരിക്കുമ്പോഴാണ് അത് എഴുതുന്നത്. വിവിധ മേഖലകളെ സാമ്പത്തികശാസ്ത്രത്തിന്റെ കണ്ണിലൂടെ വിലയിരുത്താനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെയൊരു വ്യക്തി സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനുള്ളിൽ വേറെയുണ്ടായിരുന്നില്ല.

∙ കമ്യൂണിസവും അംബേദ്കറും

വിനിൽ: ഇന്ത്യയുടെ സമഗ്രമായ സാമ്പത്തികചരിത്രം എഴുതണം എന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. അതു തുടങ്ങിയെങ്കിലും പൂർത്തീകരിക്കാനായില്ല എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. സാമ്പത്തികശാസ്ത്രത്തിലുള്ള ഈ വലിയ അറിവിൽ നിന്നുകൊണ്ടാണ് അദ്ദേഹം സമ്പത്തിലുപരിയായി സാമൂഹികമായ മാറ്റം ഇന്ത്യയിൽ സംഭവിക്കണമെന്നു പറയുന്നത്. ഇവിടെയാണ് കമ്യൂണിസ്റ്റുകാരുമായുള്ള അദ്ദേഹത്തിന്റെ തർക്കം ഉടലെടുക്കുന്നത്. ‘വർഗം’ എന്ന രീതിയിലുള്ള വർഗീകരണത്തിന് ഇന്ത്യയുടെ പശ്ചാത്തലത്തിൽ കാര്യമായി ഒന്നും ചെയ്യാനില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഇവിടുത്തെ ജാതി എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ വർഗപരമായ വിഭജനം അടിസ്ഥാനമായുള്ള തത്വശാസ്ത്രത്തിനു കഴിയില്ല എന്ന് അദ്ദേഹം കരുതി. അംബേദ്കർ പറയുന്നത് ജാതിവ്യവസ്ഥ വെറുമൊരു തൊഴിൽ വിഭജനമല്ല, മറിച്ച് അതു തൊഴിലാളികളുടെ കൂടി വിഭജനമാണെന്നാണ്.

മാധവൻ: അദ്ദേഹത്തിന്റെ വിദേശ വാസക്കാലത്താണ് ആഗോളപരമായി കമ്യൂണിസ്റ്റ് ആശയങ്ങൾക്ക് വലിയ പ്രചാരം ലഭിക്കുന്നത്. എന്നാൽ സാമൂഹികമാറ്റങ്ങൾക്ക് വലിയൊരു പ്രാധാന്യം കമ്യൂണിസത്തിനകത്തു ലഭിക്കാത്തതിനാൽ അദ്ദേഹത്തിന് ആദ്യം മുതലേ അതുമായി യോജിച്ചുപോകാൻ കഴിയുമായിരുന്നില്ല. അദ്ദേഹം പഠിച്ച ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ഒക്കെ അന്നത്തെ കമ്യൂണിസത്തിന്റെ ഈറ്റില്ലങ്ങളായിരുന്നു എന്നോർക്കണം.

∙ സ്ത്രീ വിമോചനവും അംബേദ്കറും

വിനിൽ: ദലിത് സമൂഹമെന്ന പോലെ സമൂഹഘടനയുടെ പുറത്തു നിൽക്കേണ്ടി വന്ന വിഭാഗമായിരുന്നല്ലോ സ്ത്രീകൾ. പുരുഷനോടൊപ്പമുള്ള അവസരങ്ങൾ അവർക്കൊരിക്കലും ലഭ്യമായിരുന്നില്ലെന്നു മാത്രമല്ല, കടുത്ത ചൂഷണങ്ങൾക്കും അവർ വിധേയരായിരുന്നുതാനും. എങ്ങനെ ഒരു നല്ല വ്യക്തിയാകണം, ഒരു സ്ത്രീയാകണം എന്നൊക്കെയുള്ള ചില നിർദേശങ്ങൾ തന്റെ പ്രസംഗങ്ങളിലൂടെ അക്കാലത്ത് അംബേദ്കർ നൽകുന്നുണ്ട്. മാത്രമല്ല, ജാതി വ്യവസ്ഥ സ്വയം മുൻപോട്ട് പോകുന്നത് സ്ത്രീകളെ നിയന്ത്രിച്ചുകൊണ്ടാണെന്ന കാരണത്താലാണ് അംബേദ്കർ ഹിന്ദുകോഡ് ബിൽ തയാറാക്കുന്നത്. ബിൽ വിവാഹമോചനം അനുവദിക്കുന്നതും വിധവകൾക്കും പെൺമക്കൾക്കും സ്വത്തവകാശം അനുവദിക്കുന്നതുമായിരുന്നു.

മാധവൻ: ഏതെങ്കിലും ഒരു വലിയ രാജ്യത്ത് സ്ത്രീകൾക്ക് സമത്വം വാഗ്ദാനം ചെയ്തു കൊണ്ടു രംഗത്തുവന്ന ആദ്യ ഭരണഘടനയാണ് ഇന്ത്യയുടേത്. അമേരിക്കയുടെ ഭരണഘടന നിലവിൽ വന്നപ്പോൾ അതിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകിയിരുന്നില്ല എന്നോർക്കണം. അതവിടുത്തെ പുരുഷൻമാരുടെ ഭരണഘടന ആയിരുന്നു. അതേസമയം, വിവേചനരഹിതമായി സ്ത്രീയെ നോക്കിക്കാണുന്ന ഒരു രേഖയാണു നമ്മുടെ ഭരണഘടന. അംബേദ്കറുടെ ജീവിതത്തിലെ ശക്തമായ ഒരു സാന്നിധ്യമായിരുന്നു അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായിരുന്ന സവിത. അവരൊരു ഡോക്ടറായിരുന്നു. തന്റെ ജീവിതം ഒരു പതിറ്റാണ്ടിലേറെക്കാലമെങ്കിലും നീട്ടിത്തന്നത് അവരായിരുന്നു എന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ട്. വളരെ പുരോഗമനപരമായ ഒരു കുടുംബത്തിൽ നിന്നാണ് അവർ വരുന്നത്. അവരെപ്പോലെ തന്നെ സഹോദരങ്ങളിലേറെപ്പേരും അന്നത്തെക്കാലത്തു സ്വസമുദായത്തിനു പുറത്തു വിവാഹബന്ധത്തിൽ ഏർപ്പെട്ടവരായിരുന്നു.

∙ ഭരണഘടനയുടെ ശക്തിയും ദൗർബല്യവും

വിനിൽ:പരിഷ്കരിക്കപ്പെടാൻ സാധ്യതയുള്ള ഭരണഘടനയാണു നമ്മുടേത് എന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ വലിയ മേന്മയായി ഞാൻ കരുതുന്നത്. മറ്റു പല സ്ഥലങ്ങളിലും ഉള്ള പോലെ മാറ്റമില്ലാത്ത ഒന്നല്ല അത്. എഴുതപ്പെട്ടിരിക്കുന്ന ഈ ഒരു സംഗതി ഇവിടുള്ളതു കൊണ്ടാണു പല കാര്യങ്ങളിലും കൈവിട്ട കളിക്കു രാഷ്ട്രീയക്കാർ മുതിരാത്തത്. അതേസമയം, ചില കാര്യങ്ങളിൽ എളുപ്പത്തിൽ മാറ്റം വരുത്താനും ഭരണകൂടത്തിനു സാധിക്കും. അത്തരം ചില ഇടപെടലുകളിൽ ഭരണഘടന തന്നെ ആടിയുലഞ്ഞു നിൽക്കുകയാണെന്നു വേണം പറയാൻ. ഭരണഘടനയ്ക്കെതിരായ പരസ്യമായ വെല്ലുവിളികൾ നമ്മുടെ ഗ്രാമങ്ങളിൽ പോലും ചില സമ്മേളനങ്ങളിൽ ഇന്നു നമുക്കു കേൾക്കാൻ കഴിയും.

മാധവൻ: നമ്മുടെ ഭരണഘടനയുടെ നിലനിൽപ്പ് അത് ഉപയോഗിക്കുന്നവരെ ആശ്രയിച്ചാണിരിക്കുന്നത്. എല്ലാതരത്തിലുള്ള സാധ്യതകളും അതിൽ ഉൾപ്പെട്ടിട്ടുണ്ട്. അടിയന്തരാവസ്ഥ ഇന്ത്യയിൽ നടപ്പാക്കിയതു പരിപൂർണമായിട്ടും ഭരണഘടനയ്ക്കുള്ളിൽ നിന്നുകൊണ്ടു തന്നെയാണ്. മൗലികാശയങ്ങളിൽ ഭേദഗതി വരുത്താൻ പാർലമെന്റിന് അവകാശമില്ല എന്ന കേശവാനന്ദഭാരതിയുടെ വിധിയാണു നമ്മുടെ ഭരണഘടനയെ വലിയ ഭീഷണികളിൽ നിന്ന് ഇന്നു സംരക്ഷിച്ചു നിർത്തുന്ന പ്രധാനപ്പെട്ട ഒരു ഘടകമെന്നു ഞാൻ കരുതുന്നു.

∙ അംബേദ്കർ എന്ന സാന്നിധ്യം

വിനിൽ: ഇപ്പോഴത്തെ ഒരു തലമുറയെ സംബന്ധിച്ച് കോളജ്, സർവകലാശാല വിദ്യാഭ്യാസ സമയത്ത് മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളെപ്പോലെ തന്നെ ദലിത് വിദ്യാർഥി പ്രസ്ഥാനങ്ങളുടെയും ശക്തമായ സാന്നിധ്യം അനുഭവപ്പെടും. അതിനാൽ വിദ്യാഭ്യാസകാലത്തു തന്നെ അംബേദ്കറെ അറിയാനും പഠിക്കാനും ഇപ്പോഴത്തെ തലമുറയ്ക്കു കൂടുതൽ അവസരങ്ങളുണ്ട്. ഞാനൊരു സാമൂഹികശാസ്ത്ര വിദ്യാർഥി ആയതിനാൽ എന്റെ പഠനത്തിൽ അംബേദ്കറുടെ ആശയങ്ങളുടെ സ്വാധീനം വ്യക്തമായും ശക്തമായുമുണ്ട്. അടിമവ്യവസ്ഥയുമായി ബന്ധപ്പെട്ട ഗവേഷണത്തിലൊക്കെ അദ്ദേഹത്തിന്റെ എഴുത്തുകൾ കൃത്യമായ ദിശാബോധം നൽകിയിട്ടുണ്ട്. നമ്മുടെ അക്കാദമിക് ലോകം ഒരു ചരിത്രകാരനായി ഒരിക്കലും ഡോ. അംബേദ്കറെ അംഗീകരിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ചരിത്രരചന അന്നത്തെക്കാലത്തു പോലും വളരെ കൃത്യമായ അക്കാദമിക് രീതിയിൽ തന്നെയായിരുന്നു. അല്ലെങ്കിൽ ഒരുപക്ഷേ, അതിലും മേലെയായിരുന്നു. ഓരോ കാര്യം പറയുന്നതിനും അദ്ദേഹം കൃത്യമായി അനുബന്ധക്കുറിപ്പുകൾ ചേർത്തിരുന്നു. എവിടുന്നാണ് ഒരു വാചകം അല്ലെങ്കിൽ ആശയം താൻ എടുത്തിരിക്കുന്നത് എന്നതിനൊക്കെ കൃത്യമായ റഫറൻസ് അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. കൃത്യമായി എങ്ങനെയാണ് ഒരു ഗവേഷണം നടത്തേണ്ടത് എന്നൊരു മാതൃക നമുക്ക് അംബേദ്കറുടെ പഠനങ്ങളിൽ കാണാൻ സാധിക്കും. തൊട്ടുകൂടായ്മയെക്കുറിച്ചാണ് എഴുതുന്നതെങ്കിൽ ആരൊക്കെ, എവിടെയൊക്കെ അതിനെക്കുറിച്ചു പരാമർശിച്ചിട്ടുണ്ട് എന്ന് ആമുഖത്തിൽ തന്നെ അദ്ദേഹം വിശദമാക്കിയിരിക്കും.

ഇതിൽ രസകരമായൊരു വസ്തുത കൂടിയുണ്ട്. തൊട്ടുകൂടായ്മയെക്കുറിച്ച് ഇന്ത്യക്കാരായ ആരും തന്നെ പഠനം നടത്തിയിട്ടില്ല എന്ന് അദ്ദേഹം പറയുന്നുണ്ട്. അതിനാൽ അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന പരാമർശങ്ങളൊക്കെ വിദേശികളുടെ പഠനങ്ങളിൽ നിന്നാണ്. നമ്മുടെ സാമൂഹികാവസ്ഥകളെക്കുറിച്ച് ഇഴകീറി ഇവിടെയുള്ളവരാരും പഠനം നടത്തിയിട്ടില്ല എന്ന യാഥാർഥ്യത്തെയാണ് അംബേദ്കർ തുറന്നു കാണിക്കുന്നത്. ഇതു നമ്മുടെ ഏറ്റവും വലിയ പ്രശ്നമായിട്ടാണ് അദ്ദേഹം കാണുന്നത്. എന്തുകൊണ്ടാണ് ഒരു ഇന്ത്യക്കാരൻ പോലും ഇതേക്കുറിച്ച് അന്വേഷിക്കാത്തത് എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു എന്നു പറഞ്ഞാണ് അദ്ദേഹത്തിന്റെ പല പഠനങ്ങളും തുടങ്ങുന്നതു തന്നെ.

മാധവൻ: ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് മുഖ്യധാരാ പാഠപുസ്തകങ്ങളിലൊന്നും അധികം പരാമർശിക്കാത്ത ഒരു പേരായിരുന്നു ഡോ. അംബേദ്കറിന്റേത്. ഭരണഘടനശിൽപി എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം എന്നാണു പഠിപ്പിച്ചിരുന്നത്‌. ഞാൻ ഔദ്യോഗിക ജീവിതത്തിൽ പ്രവേശിച്ച ശേഷമാണ് അദ്ദേഹം ഒരു സജീവ സാന്നിധ്യമായി മാറുന്നത്. ജോലിയുടെ ഭാഗമായി രണ്ടു വർഷം ബിഹാറിലെ ഗയയിലുണ്ടായിരുന്ന കാലത്താണ് അദ്ദേഹത്തിന്റെ സാന്നിധ്യം ജീവിതത്തിൽ എത്രമാത്രം സമൂർത്തമാണെന്നു ഞാൻ തിരിച്ചറിഞ്ഞത്. ബുദ്ധന് ബോധാദയമുണ്ടായ സ്ഥലമാണല്ലോ ഗയ. ബിഹാറിൽ ഭരണസൗകര്യത്തിനായി ജില്ലകൾക്കു പുറമേ ഡിവിഷനുകൾ എന്നൊരു സമ്പ്രദായമുണ്ട്. നാല് ജില്ലകൾ ചേർന്നതാണ് ഒരു ഡിവിഷൻ. ഡിവിഷന്റെ തലവൻ കമ്മിഷണറാണ്. കലക്ടറുടെ മുകളിലാണത്. ഞാൻ ഗയ ഡിവിഷന്റെ കമ്മിഷണറായിരുന്നു. മഹാബോധി ക്ഷേത്രം ഭരിക്കുന്ന കമ്മിറ്റിയിലും കമ്മിഷണറുണ്ട്. 27 ബുദ്ധിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള സ്ഥാനപതിമാർ ഈ കമ്മിറ്റിയംഗങ്ങളാണ്. അതിലൊരാളായിരിക്കും സെക്രട്ടറി. അന്നു മഹാരാഷ്ട്രയിൽ നിന്നൊക്കെ ദിവസവും അംബേദ്കറിന്റെ സ്വാധീനത്തിൽ ബുദ്ധമതത്തിൽ ചേർന്നവരും അവരുടെ പിൻതലമുറക്കാരുമായ ദലിത് സമുദായാംഗങ്ങൾ ഗയയിൽ സന്ദർശനത്തിനായി വരും. അവരിലൂടെയാണ് അംബേദ്കർ എന്റെ ജീവിതത്തിൽ മൂർത്തമായൊരു സാന്നിധ്യമായി മാറുന്നത്. ശരിക്കു പറഞ്ഞാൽ നമ്മളിൽ നിന്നൊക്കെ മറച്ചുവയ്ക്കപ്പെട്ട ജീവിതമായിരുന്നു അംബേദ്കറുടേത്. അതെനിക്കു തുറന്നു കിട്ടിയത് ഗയയിൽ വച്ചിട്ടാണ്. കേരളത്തിൽ എനിക്ക് അത്രമാത്രം ദൃശ്യപരത അംബേദ്കറിന്റേതായി അനുഭവപ്പെട്ടിട്ടില്ല.

∙ ഗാന്ധി, നെഹ്റു, അംബേദ്കർ

വിനിൽ: ലോകത്തിന്റെ വിവിധയിടങ്ങളിൽ നടക്കുന്ന എല്ലാ സ്വാതന്ത്ര്യസമരങ്ങളിലും പ്രക്ഷോഭങ്ങളിലും മഹാത്മാഗാന്ധി ഒരു സ്വാധീനം ആയി വരുന്നതു നമുക്കു കാണാനാകും. നെൽസൻ മണ്ടേലയൊക്കെ ഉദാഹരണമാണ്. ശക്തമായ ആശയസ്വാധീനം ആണത്. നെഹ്റു നമുക്കു നൽകിയതു കുറച്ചുകൂടി രാഷ്ട്രീയപരമായ സംഭാവനയാണെന്നാണ് എന്റെ അഭിപ്രായം. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുണ്ടായിരുന്ന ശീതസമരത്തിന്റെ കാലത്ത് എങ്ങനെ ഒരു രാഷ്ട്രത്തിന് നിക്ഷ്പക്ഷമായി നിലനിൽക്കാനാകും എന്ന് അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തിരുന്നുകൊണ്ടു ലോകത്തിനു കാണിച്ചുകൊടുത്തു. എന്നു മാത്രമല്ല, സമാനചിന്താഗതിക്കാരായ മറ്റു രാഷ്ട്രങ്ങളെ ഒരുമിച്ചു ചേർത്ത് ചേരിചേരാ പ്രസ്ഥാനം എന്ന മറ്റൊരു കൂട്ടായ്മ ആയി നിൽക്കുകയും ചെയ്തു. അംബേദ്കറുടെ സംഭാവനയാകട്ടെ കൃത്യമായ ബൗദ്ധികമായ ഒന്നാണ്. പല വിദേശ സർവകലാശാലകളിലും സാമൂഹികശാസ്ത്ര പഠനത്തിന്റെ ഒരു പ്രതീകമായി ഡോ. അംബേദ്കർ മാറിയിട്ടുണ്ട്. പലയിടത്തും പല ചെയറുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇന്നും ആ സ്വാധീനം നിലനിൽക്കുകയാണ്. ഗാന്ധി ഒരു വിമോചന പ്രതീകവും നെഹ്റു ഒരു രാഷ്ട്രീയ പ്രതീകവും ആണെങ്കിൽ അംബേദ്കർ ഒരു ബൗദ്ധിക പ്രതീകമാണ്. അംബേദ്കറെ ഉപയോഗിച്ച് നിലവിലെ സമൂഹത്തെ എങ്ങനെ വിശകലനം ചെയ്യാം എന്ന് അന്നും ഇന്നും ആളുകൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇവർ മൂന്നുപേരും ബൃഹത്തായ രചനകൾ നടത്തിയിട്ടുള്ളവരാണ്. ഓരോരുത്തരും അൻപതിനായിരത്തിലേറെ പേജുകൾ. ഇപ്പോഴും ഇവർ മൂന്നുപേരുടെയും എഴുത്തുകൾ പൂർണമായും ശേഖരിക്കാൻ സാധിച്ചിട്ടില്ല എന്നതും ഓർക്കേണ്ടതാണ്. സ്വാതന്ത്ര്യത്തിനു മുൻപും ശേഷവുമുള്ള ഇന്ത്യൻ ചരിത്രത്തിൽ അതൊരു വലിയ സ്വാധീനം തന്നെയാണ്. 

ഇന്ത്യ എന്ന ബഹുസ്വരതയെ ഡോ. അംബേദ്കറുടെ ജീവിതത്തിലും നമുക്കു കാണാൻ കഴിയും. അദ്ദേഹം മാർക്സിനെയും വായിക്കുന്നുണ്ട്, മനുവിനെയും വായിക്കുന്നുണ്ട്, അവർക്കെല്ലാം എതിരു നിൽക്കുന്നവരെയും വായിക്കുന്നുണ്ട്. ഭരണഘടന നിർമിച്ചപ്പോൾ ലോകത്തെ വിവിധ ഭരണഘടനകളിൽ നിന്നെല്ലാം നമുക്കു യോജ്യമായത് അദ്ദേഹം സ്വീകരിക്കുകയുണ്ടായി. ഒരു പ്രത്യേക വ്യക്തിയോ പുസ്തകമോ അദ്ദേഹത്തിൽ ജീവിതത്തിലുടനീളം സ്വാധീനം ചെലുത്തി എന്നു പറയാനാകില്ല. വ്യവസായവത്കരണത്തെയും നഗരവത്കരണത്തെയും പ്രോൽസാഹിപ്പിക്കുന്നുണ്ട് അംബേദ്കർ. സ്വകാര്യ മൂലധനം വേണമെന്നു പറയുന്നുണ്ട് അദ്ദേഹം. ജാതിവ്യവസ്ഥയിൽ നിന്നും ചൂഷണങ്ങളിൽ നിന്നും കരകയറാൻ അതു കൂടിയേ തീരു എന്നദ്ദേഹം പറയുന്നു. ഇന്നു നമ്മൾ കാണുന്നതും അതു തന്നെയല്ലേ. അറുപതുകളിലോ എഴുപതുകളിലോ ഇവിടെ പത്താം ക്ലാസിൽ മലയാള ഉപപാഠപുസ്തകമായി അംബേദ്കറെ പഠിപ്പിക്കുന്നുണ്ട്. അതു കുറച്ചു വർഷമേ നിലനിൽക്കുന്നുള്ളൂ. പിന്നീടു വലിയൊരു മാറ്റം വരുന്നത് അംബേദ്കർ കൃതികളുടെ മലയാള പരിഭാഷ വരുന്നതോടെയാണ്.

∙ ജയ് ഭീം എന്ന ട്രെൻഡ്

മാധവൻ:ദലിത് ആക്റ്റിവിസ്റ്റുകളുടെ ജയ് ഭീം എന്ന മുദ്രാവാക്യം സമീപകാലത്ത് അംബേദ്കറെ അടയാളപ്പെടുത്തുന്ന വലിയൊരു പ്രതീകമായി മാറിയിരിക്കുകയാണ്. ഇതുവരെ അത്തരമൊരു ശക്തമായ പ്രതീകമുണ്ടായിരുന്നില്ല. മായാവതിയും ബിഎസ്പിയും ഈ പ്രസ്ഥാനത്തെ രാജ്യത്ത് വലിയരീതിയിൽ ദൃശ്യവത്കരിക്കുന്നതിൽ സഹായിച്ചിട്ടുണ്ട്. നീല നിറവും ആനയുമെല്ലാം രാഷ്ട്രീയ ബിംബങ്ങളായി രൂപാന്തരപ്പെടുന്നത് അങ്ങനെയാണ്.

വിനിൽ:വടയമ്പാടി സമരം, ദീപ പി. മോഹന്റെ സമരം തുടങ്ങിയ ദലിത് പക്ഷത്തു നിന്നുള്ള കേരളത്തിലെ പല സമകാലീന സമരങ്ങളിലും കാണുന്ന ഒരു ട്രെൻഡ് അംബേദ്കറുടെ ഫോട്ടോ ആണ്. ദലിത് സമരങ്ങളിലെല്ലാം ഇപ്പോൾ അദ്ദേഹത്തിന്റെ ചിത്രം ഒരു സാന്നിധ്യമായി മാറുന്നുണ്ട്. ചുവപ്പ് എങ്ങനെയാണോ ഇടതുപക്ഷത്തെ പ്രതിനിധീകരിക്കുന്നത് അതേപോലെ നീല നിറം ദലിത് പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്നു. ജയ് ഭീം പോലുള്ള സിനിമകൾ വലിയ വാണിജ്യ വിജയം നേടുന്നു. അതിന്റെ പോസ്റ്ററുകളിൽ വരെ അംബേദ്കറുടെ ചിത്രം വരുന്നു. സർപട്ട പരമ്പര പോലുള്ള സിനിമയിലാകട്ടെ അംബേദ്കർ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും സാന്നിധ്യമായി വരുന്നു. പട പോലുള്ള മലയാള സിനിമകളും ആസ്വാദകശ്രദ്ധ നേടുന്നു.

∙ ഇന്ത്യ എന്ന ആശയം

മാധവൻ:സോവിയറ്റ് യൂണിയൻ 70 വർഷം നിലനിന്നു. അമേരിക്ക ഇരുന്നൂറു വർഷത്തിലേറെ നിലനിന്നു. ഇന്ത്യ എന്ന ആശയം നിലനിൽക്കുമായിരിക്കും. പക്ഷേ, അതിന്റെ ഭൗതിക ആകൃതി എങ്ങനെയായിരിക്കും എന്ന് ഇപ്പോൾ പറയാൻ പ്രയാസമാണ്. സ്വാതന്ത്ര്യത്തിനു ശേഷം സംഭവിച്ച മാറ്റങ്ങളെല്ലാം ഭൗതികതലത്തിലാണുണ്ടായിരിക്കുന്നത്. വലിയ സാമൂഹികമാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്നു തോന്നുന്നില്ല. പിന്നോട്ടു നടക്കുകയാണ്.

വിനിൽ:നമ്മുടെ വിവാഹങ്ങൾ തന്നെ നോക്കൂ. വളരെ കൃത്യമായി ജാതി പാലിച്ചാണു നമ്മൾ മുന്നോട്ടുപോകുന്നത്. വളരെച്ചെറിയ ഒരു ന്യൂനപക്ഷം മാത്രമേ അതിനെതിരെ നിൽക്കുന്നുള്ളൂ. സമൂഹമാധ്യമങ്ങളെ നമ്മൾ വലിയ വിപ്ലവകരമായി അവതരിപ്പിക്കുമ്പോഴും അവിടെയും ജാതിയും അതുമായി ബന്ധപ്പെട്ട ക്ലോസ്ഡ് ഗ്രൂപ്പുകളും നിർബാധമുണ്ടെന്നതു കാണാതിരുന്നുകൂടാ. നമുക്ക് ഒരു പ്രതീക്ഷ നൽകുന്നത്, ശാസ്ത്രവും അന്വേഷണങ്ങളും പ്രധാനമെന്നു കരുതുന്ന ഒരു തലമുറ എന്തെങ്കിലും മാറ്റമുണ്ടാക്കുമെന്നതാണ്.

തയാറാക്കിയത്: അജീഷ് മുരളീധരൻ

English Summary: Ambedkar Jayanti special column.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com