ADVERTISEMENT

കർണാടക സർക്കാരിലെ ഉന്നതരുടെ അഴിമതിക്കെതിരെ ഒട്ടേറെ പരാതികളാണ് പ്രധാനമന്ത്രിക്കു ലഭിച്ചത്. എന്നാൽ, നടപടികളില്ലാതിരുന്നത് അഴിമതി തുടരാൻ കാരണമായി. മന്ത്രി ഈശ്വരപ്പ 40% കമ്മിഷൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ചശേഷം  കരാറുകാരൻ ജീവനൊടുക്കിയതോടെ കാര്യങ്ങൾ കൈവിട്ടു. സ്വമേധയാ രാജിവയ്ക്കുന്നുവെന്നാണ് ഈശ്വരപ്പ പ്രഖ്യാപിച്ചതെങ്കിലും അതിനു പിന്നിൽ ഡൽഹിയിൽനിന്നുള്ള ഇടപെടലുണ്ടെന്നാണു സംസാരം.

വാക്കുകളെക്കാൾ പ്രവൃത്തികൊണ്ടു പ്രതികരിക്കാനാണു തനിക്കു താൽപര്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറയാറുണ്ട്‌. കഴിഞ്ഞ ഏഴു വർഷത്തിനിടെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതികൾക്കെതിരെ ആയിരക്കണക്കിനു പരാതികളാണു പ്രധാനമന്ത്രിക്കു ലഭിച്ചിട്ടുള്ളത്. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ബിസിനസുകാർക്കുമെതിരെ കേന്ദ്ര ഏജൻസികൾ കേസെടുത്തു റെയ്ഡുകൾ ആരംഭിക്കുമ്പോൾ മാത്രമാണ്, പ്രധാനമന്ത്രിയുടെ ഓഫിസ് അന്വേഷണത്തിനു പച്ചക്കൊടി കാട്ടിയിരുന്നെന്ന വിവരം പുറത്തറിയുന്നത്. ഗുരുതരമായ അഴിമതിയാരോപണങ്ങൾ നേരിട്ട ഐഎഎസ്, ഐപിഎസ്, ഐആർഎസ് ഉദ്യോഗസ്ഥരെ നിർബന്ധിത വിരമിക്കൽ നൽകി പറഞ്ഞയയ്ക്കുന്നതാണു കേന്ദ്ര സർക്കാരിന്റെ രീതി. ആരോപണവിധേയരെ മറ്റൊരു തസ്തികയിലേക്കു സ്ഥലം മാറ്റുന്ന പതിവുരീതിയല്ല തന്റേതെന്നു മോദി പലവട്ടം പറഞ്ഞിട്ടുണ്ട്. സ്ഥലംമാറ്റത്തിലൂടെ ഉദ്യോഗസ്ഥൻ ചെന്നുചേരുന്ന പുതിയ വകുപ്പിനെയും ശിക്ഷിക്കുന്നതു പോലെയാവും അതെന്നു പ്രധാനമന്ത്രി കരുതുന്നു. സ്വയം നവീകരിക്കാൻ തയാറല്ലാത്തവരെ മുറിച്ചുനീക്കുക എന്ന നയമാണു മോദി തിരഞ്ഞെടുക്കുന്നത്. 

എന്നാൽ, കേന്ദ്രത്തിലെയോ സംസ്ഥാനങ്ങളിലെയോ ബിജെപി മന്ത്രിമാർക്കെതിരെയാണ് ആരോപണമെങ്കിൽ നരേന്ദ്ര മോദിയുടെ കണ്ണിൽപെടില്ലെന്നാണു പ്രതിപക്ഷം ശബ്ദമുയർത്തുന്നത്. അഴിമതിയാരോപണങ്ങളുടെ പേരിൽ ബിജെപി മന്ത്രിമാർ രാജിവച്ച സന്ദർഭങ്ങൾ കുറവാണ്. മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസിന്റെ ബിജെപി- ശിവസേന സർക്കാരിൽ അഴിമതിയാരോപണം നേരിട്ട മുതിർന്ന ബിജെപി മന്ത്രി ഏക്നാഥ് ഖഡ്സെ രാജിവച്ചിരുന്നു. കർണാടകയിലെ മുതിർന്ന ബിജെപി നേതാവായ മന്ത്രി കെ.എസ്.ഈശ്വരപ്പയും അഴിമതിയുടെ പേരിൽ ഈയിടെ രാജിവയ്ക്കാൻ നിർബന്ധിതനായി. 

കെ.എസ്. ഈശ്വരപ്പ
കെ.എസ്. ഈശ്വരപ്പ

കർണാടക സർക്കാരിലെ ഉന്നതരുടെ അഴിമതിക്കെതിരെ കരാറുകാരുടെ അസോസിയേഷനുകൾ ഒട്ടേറെ പരാതികളാണു മോദിക്ക് അയച്ചത്. ഓരോ വർഷവും കർണാടക സർക്കാരും കോർപറേഷനുകളും നൽകുന്നത് ഒരുലക്ഷം കോടിയിലേറെ രൂപയുടെ കരാറുകളാണ്. കരാർ തുകയുടെ 40 ശതമാനവും കൈക്കൂലിയായി നൽകിയിട്ടുപോലും ഭൂരിഭാഗം മന്ത്രിമാരും ബില്ലുകൾ പാസാക്കി നൽകിയില്ലെന്നാണു കരാറുകാർ മോദിക്ക് അയച്ച പരാതിയിലുള്ളത്. ഈ മന്ത്രിമാരിൽ പലരും കോൺഗ്രസിൽനിന്നും ജനതാദളിൽ(എസ്)നിന്നും ബിജെപി ചാക്കിട്ടുപിടിച്ചവരാണ്. 

തങ്ങൾക്കെതിരെ കരാറുകാർ കേന്ദ്രത്തിൽ പരാതി നൽകിയെന്നു കേട്ടപ്പോൾ ആദ്യം അവരൊന്നു നടുങ്ങി. എന്നാൽ, പ്രധാനമന്ത്രിക്കു പരാതി പോയിട്ടും കേന്ദ്ര നേതൃത്വത്തിൽനിന്ന് ചോദ്യമോ നടപടിയോ ഉടൻ ഉണ്ടാകാതെ വന്നതോടെ കാര്യങ്ങൾ പിന്നെയും പഴയപടിയാകുകയായിരുന്നു. 

കഴിഞ്ഞ ഏഴു വർഷത്തിനിടെ കേന്ദ്ര കാബിനറ്റിൽ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന 6 മന്ത്രിമാരടക്കം ഒട്ടേറെ പ്രമുഖരാണു പുറത്തുപോയത്. ഇങ്ങനെ പുറത്താക്കിയതിനു ബിജെപിയോ പ്രധാനമന്ത്രിയോ എന്തെങ്കിലും വിശദീകരണം നൽകിയില്ല. മന്ത്രിസഭയിൽ ആരെയൊക്കെ ഉൾപ്പെടുത്തണം, ഒഴിവാക്കണം എന്നതു പ്രധാനമന്ത്രിയുടെ മാത്രം പ്രത്യേകാവകാശമായി കണ്ട് ആരും ചോദ്യങ്ങൾ ഉന്നയിക്കാറുമില്ല. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്കെതിരെ അഴിമതി അടക്കം ആരോപണങ്ങൾ ഉയർന്നപ്പോൾ, കേന്ദ്ര നേതൃത്വം ചെയ്തത് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അടക്കം മുഴുവൻ പേരെയും പുറത്താക്കി പുതിയ ടീമിനെ കൊണ്ടുവരികയാണ്. 

ks-eshwarappa

കർണാടകയിലാകട്ടെ, താൻ സ്വമേധയാ രാജി നൽകുന്നു എന്ന ഈശ്വരപ്പയുടെ വിശദീകരണം തന്നെയാണു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും നൽകിയത്. എന്നാൽ, ഈശ്വരപ്പയുടെ അനുയായികൾ രോഷാകുലരാണ്. ധനമന്ത്രിയായിരിക്കെ ബൊമ്മെ തന്നെയാണു കരാറുകാരുടെ ബില്ലുകൾ തടഞ്ഞുവച്ചതെന്ന് അവർ ആരോപിക്കുന്നു.  നാലു കോടിയിലേറെ രൂപയുടെ റോഡ് വികസനപദ്ധതിയുടെ ബില്ലുകൾ മാറാൻ ഈശ്വരപ്പ 40% കമ്മിഷൻ ചോദിച്ചെന്നാരോപിച്ച ശേഷമാണു ഹിന്ദുവാഹിനി സംഘടനയുടെ ദേശീയ അധ്യക്ഷൻ കൂടിയായ കരാറുകാരൻ സന്തോഷ് പാട്ടീൽ ജീവനൊടുക്കിയത്. സന്തോഷ് പാട്ടീലിന്റെ മരണവുമായി ബന്ധപ്പെട്ട് ഈശ്വരപ്പയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതു ഡൽഹിയിൽനിന്നുള്ള അനുമതിയോടെയാണെന്നാണു സംസാരം. നരേന്ദ്ര മോദിയുടെയോ അമിത് ഷായുടെയോ അനുമതിയില്ലാതെ ബിജെപിയിൽ ഒന്നും സംഭവിക്കില്ലെന്നു വിശ്വസിക്കുന്നവർ ഇതു ശരിവയ്ക്കുകയും ചെയ്യുന്നു. 

ഹിജാബ് അടക്കം വിശ്വാസപരമായ വിഷയങ്ങളിൽ ബിജെപിയുടെ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന കർണാടകയിലെ കോൺഗ്രസിന്‌ എടുത്തു പ്രയോഗിക്കാവുന്ന നല്ല ആയുധമായിട്ടുണ്ട്‌ സർക്കാരിനെതിരെ ഉയർന്ന അഴിമതിയാരോപണങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ, 40% കമ്മിഷൻ എന്ന അഴിമതിക്കറ നീക്കാൻ ബിജെപി നേതൃത്വം എന്തു ചെയ്യുമെന്നതു കണ്ടറിയണം.

Content Highlights: Eshwarappa's resignation, Special story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com