ഇപിയുടെ ഉണ്ടയില്ലാ വെടി!

ep-pinarayi
SHARE

വർഷങ്ങളോളം കഴുത്തിൽ ഉണ്ടയുമായി ‘ജീവിച്ച’ആളാണ് ഇപി.ട്രെയിൻ യാത്രയ്ക്കിടെ മരണത്തിൽ നിന്ന് ഉണ്ടപ്പാടു മാത്രം വ്യത്യാസത്തിലാണ് ഇപി ജയരാജൻ സഖാവ് രക്ഷപ്പെട്ടത്. വെട്ടുകൊണ്ട ജയരാജനെക്കാളും വെറിപൂണ്ട ജയരാജനെക്കാളും പേരെടുത്ത ഇപി അങ്ങനെ വെടികൊണ്ട ജയരാജനായി. പഠിച്ചതു പോളിടെക്നിക്കിലായതിനാൽ ബ്രണ്ണൻ കോളജിലെ ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടക്കാൻ ഭാഗ്യമുണ്ടായില്ല. അല്ലെങ്കിലും വായ്ത്തല പോയ വാളിനിടയിലൂടെ നടക്കുന്നതല്ല, ഓടുന്ന ട്രെയിനിൽ വെടിയുണ്ടയെ കഴുത്തു വച്ചു ബ്ലോക്ക് ചെയ്യുന്നതല്ലേ യഥാർഥ ഹീറോയിസം!

ഇപിയുടെ കഴുത്തിലിരുന്ന ഉണ്ടയുടെ പിതൃത്വം കെ.സുധാകരന്റെ പേരിലായിരുന്നു. ഉണ്ടയുണ്ടെന്നു തെളിയിക്കാൻ സുധാകരൻ വെല്ലുവിളിച്ചെങ്കിലും തരിയുണ്ട പോലെ വെടിയുണ്ട അലിഞ്ഞു പോയതിനാൽ വെല്ലുവിളി ഏറ്റെടുക്കാനായില്ല. ഉണ്ട അലിഞ്ഞെങ്കിലും ഉണ്ടക്കഥ മാത്രം അലിഞ്ഞില്ല. ഏതു പൊതുയോഗത്തിലും തേവർശൈലിയിൽ ഇപി ചോദിക്കുമായിരുന്നു– ‘ഒരു കഥ ശൊല്ലട്ടുമാ?’

ദേഹത്ത് ഉണ്ടയുണ്ടെന്നു തെളിയിച്ചാൽ താൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നു സുധാകരൻ പ്രഖ്യാപിച്ചതോടെയാണ് കഥ നിർത്തിയത്. ഉണ്ടയില്ലാത്തതു കൊണ്ടല്ല, രാഷ്ട്രീയം നിർത്തി സുധാകരൻ പുല്ലുപറിക്കാനും കല്ലുപറിക്കാനുമൊക്കെ പോയാൽ ഇപി പിന്നെ ആരോട് മല്ലിടും? കണ്ണൂർ രാഷ്ട്രീയത്തിൽ കീരിയും പാമ്പും പരസ്പര പൂരകങ്ങളാണല്ലോ. 

ലളിതമായ സിദ്ധാന്തങ്ങൾ പറയുക; കനപ്പെട്ട ചിന്തകൾ സൃഷ്ടിക്കുക... അതാണ് ഇ.പി സ്റ്റൈൽ. പരിപ്പു വടയും കട്ടൻ ചായയുമായി നടന്നാൽ പാർട്ടി വളരില്ല എന്ന സിദ്ധാന്തം പേറ്റന്റുപോലും നോക്കാതെയല്ലേ സമൂഹത്തിനു മുൻപിലേക്കു വലിച്ചെറിഞ്ഞത്. സിപിഎമ്മിന്റെ മോഡേൺ കാഴ്ചപ്പാടുതന്നെ വ്യക്തമാക്കിയത് ഈ സിദ്ധാന്തമല്ലേ?

ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി മലയാളിയാണെന്നു പറഞ്ഞതിൽ അന്നും ഇന്നും സഖാവിനു ജാള്യമില്ല. ഭൂമിയുടെ 16 കിലോമീറ്റർ താഴെ ചെളി കിടന്നു തിളയ്ക്കുന്നെന്ന കണ്ടെത്തൽ ഖണ്ഡിക്കാൻ ഇനിയും ആർക്കും സാധിച്ചിട്ടില്ല.

സെൽഫിയെക്കുറിച്ചുളള സൈദ്ധാന്തിക വിലയിരുത്തൽ ശാസ്ത്രലോകത്തെത്തന്നെ ഞെട്ടിച്ചു. ‘പ്രപഞ്ചത്തിൽ അറിവിന്റെ മേഖല വിപുലീകരിക്കുകയും അജ്ഞതയുടെ മേഖല ലഘൂകരിക്കുകയും ചെയ്യുന്ന ആധുനിക കാലഘട്ടത്തിന്റെ സവിശേഷതയാണ് സെൽഫി.

ഹോ! ഭൗതിക ശാസ്ത്രവും മനഃശാസ്ത്രവും ഒരുമിച്ച് ഒരേ തോണിയിൽ സഞ്ചരിക്കുന്നതു പോലെ.

ഉണ്ടയുണ്ടോ എന്നു നോക്കിയിട്ടല്ല രാഷ്ട്രീയത്തിൽ വെടി പൊട്ടിക്കുന്നത്. വെടി പൊട്ടണം, ഒച്ച കേട്ട് എല്ലാവരും നടുങ്ങണം. അത്ര മാത്രം.പൊട്ടാസ് തോക്ക് പൊട്ടിച്ചു കീച്ചേരി വയലിലെ കാക്കയെ ഓടിച്ചിരുന്ന കുട്ടിക്കാലം മുതൽ ഇപിയുടെ രീതി അതാണ്. ലീഗിനെ എൽഡിഎഫിലേക്കു സ്വാഗതം ചെയ്തുള്ള ഉണ്ടയില്ലാ വെടിയും അങ്ങനെ പൊട്ടിയതാണ്.

കച്ചവട സംഘടനയുടെ നേതാവായിരുന്നു ഇപി. എന്തു കച്ചവടമായാലും അതു പുഷ്ടിപ്പെടണം. മുന്നണി കൺവീനറായപ്പോഴും അതുതന്നെ ലക്ഷ്യം. പക്ഷേ ഇപ്പോൾത്തന്നെ ഘടകകക്ഷികളെ തട്ടിയിട്ടും മുട്ടിയിട്ടും നടക്കാൻവയ്യ. മുന്നണിയുടെ ഉമ്മറത്തും ഉത്തരത്തിലും മേൽക്കൂരയിലുമായി പത്തോ പതിനൊന്നോ പാർട്ടികളുണ്ട്. വറ്റ് ഒരാൾക്ക്, വെള്ളം മറ്റൊരാൾക്കെന്ന നിലയിൽ കഞ്ഞി വിളമ്പുന്നതു പോലെയാണു മന്ത്രിസ്ഥാനം പോലും കൊടുത്തത്. വീട്ടിലുള്ളവർക്കു തന്നെ തികയുന്നില്ല. അപ്പോഴാണ് മുറ്റത്തിറങ്ങി നിന്ന് ‘അത്താഴപ്പഷ്ണിക്കാരുണ്ടോ’ എന്ന കൺവീനറുടെ വിളി.

കൺവീനർമാർ ആരോടും ‘കടക്കൂ പുറത്ത്’ എന്നു പറയാൻ പാടില്ലല്ലോ.

വീട്ടിൽ ഏതു വിരുന്നുകാരൻ വന്നാലും ഉറക്കം പോകുന്നതു കൂട്ടിലെ കോഴിക്കാണ്. കൺവീനറെ കാനം മുളയിലേ നുള്ളിയതിന്റെ കാരണം അതാണ്. ആ കട്ടിലു കണ്ട് പനിക്കേണ്ടെന്നാണ് ഇപിക്കു ലീഗ് കൊടുത്ത മറുപടി.

‘നിങ്ങൾ എന്നെ ചൊല്ലിക്കരയണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരയുവിൻ’ എന്നു പണ്ടു ക്രിസ്തു പറഞ്ഞതേ വി.ഡി.സതീശനും പറയാനുള്ളൂ. സിപിഎമ്മിന്റെ സമരശല്യം മൂലം കഷ്ടത്തിലായ ജെഡിഎസിന്റെയും ജനാധിപത്യ കേരളാ കോൺഗ്രസിന്റെയും മന്ത്രിമാരെച്ചൊല്ലി കരയാനാണ് ഉപദേശം.

ആദ്യം കുറ്റം പറഞ്ഞു വിലയിടിക്കുക. എടുക്കാച്ചരക്കാകുമ്പോൾ ചുളുവിലയ്ക്കു സ്വന്തമാക്കുക. എതിർമുന്നണിയിലെ ഘടകകക്ഷികളോടു സിപിഎമ്മിന്റെ കച്ചവടതന്ത്രം ഇതാണ്. മാണി സാറിന്റെ നോട്ടെണ്ണൽ യന്ത്രം എകെജി സെന്ററിലെത്തിയത് അങ്ങനെയാണ്. ‘നാറിയ’ വാക്ക് വിളിച്ച ആർഎസ്പിയെയും ‘വർഗീയ കക്ഷി’യാക്കിയ ലീഗിനെയും സ്വാഗതം ചെയ്ത ഇപി ഉദ്ദേശിച്ചതും മറ്റൊന്നല്ല. പക്ഷേ, ഇപിയെപ്പോലെ ഹോൾസെയിലിലല്ല, റീട്ടെയിലിലാണ് സിപിഎമ്മിനു താൽപര്യം. പാർട്ടികളെ മൊത്തമായിട്ടു വേണ്ട. നേതാക്കളെ ചില്ലറയായിട്ട് എടുത്താൽ മതിയെന്നാണു തീരുമാനം. അതോടെ നിന്ന നിൽപിന് ഇപി യു ടേൺ അടിച്ചു.ഉണ്ട വിഴുങ്ങുന്ന പാടില്ലല്ലോ, പറഞ്ഞ വാക്കു വിഴുങ്ങാൻ. ലീഗിനെ മുന്നണിയിലെടുക്കുമോ എന്ന ചോദ്യത്തിന് ‘വരട്ടെ’ എന്നേ മറുപടി പറഞ്ഞിട്ടുള്ളൂ. വരട്ടെ എന്ന വാക്കിന് ‘വന്നോളൂ’ എന്നു മാത്രമല്ല, ‘പിന്നീടാകട്ടെ’ എന്നു കൂടി അർഥമുണ്ടെന്നാണു പാർട്ടിയിൽ ഇപി വിശദീകരിച്ചത്.എന്നിട്ടും പാർട്ടി ഇപിയെ തള്ളിയത് അത്ര ശരിയായില്ല.

ലീഗ് വന്നാലും ഇല്ലെങ്കിലും കുഞ്ഞാപ്പ കിങ് മേക്കറാണെന്ന കാര്യത്തിൽ ഇപിക്കു സംശയമില്ല. നാട്ടിൽ കിങ്മേക്കറാകാനായി കേന്ദ്രത്തിലെ ഫാഷിസത്തിനെതിരായ പോരാട്ടം പാതിവഴി ഉപേക്ഷിച്ച ത്യാഗിയാണല്ലോ കുഞ്ഞാപ്പ. കൊത്തുമോ എന്നറിയാൻ ഒന്ന് ഇരയിട്ടു നോക്കിയതാണ് ഇപി. ചിറ്റപ്പനു കുഞ്ഞാപ്പയെ വേണ്ടത്ര പരിചയമില്ലാഞ്ഞിട്ടാണ്. കിങ് മേക്കറല്ല, കിങ്ഫിഷറാണു കുഞ്ഞാപ്പ. കൊക്കു നനയാതെയേ നല്ല പൊൻമാൻ മീൻ പിടിക്കൂ.

പൊളിറ്റിക്കൽ ശരി പോട്ടെ,പൊളിറ്റിക്കൽ ശശി വരട്ടെ

സദാചാര ലംഘനത്തിന്റെ തീവ്രത മുതൽ മുല്ലപ്പെരിയാറിലെ ജലനിരപ്പു വരെ അളക്കാൻ സിപിഎമ്മിനു പ്രത്യേക സ്കെയിലും പെൻസിലുമുണ്ട്. പാലക്കാട്ടെ പി.കെ.ശശിക്കു തീവ്രത കുറവാണെന്നും കണ്ണൂരിലെ പി.ശശിക്കു തീവ്രത കൂടുതലാണെന്നും പാർട്ടി കമ്മിഷനുകൾ കണ്ടെത്തിയത് ഈ അളവുകോൽ വച്ചാണ്. തീവ്രതാനില ഒരു നിശ്ചിത ഉയരത്തിലെത്തിയാൽ ഏതൊരാളെയും തിരിച്ചെടുക്കാമെന്നാണു പാലക്കാട് പ്ലീനത്തിലെ നിർദേശം. ഊതിക്കാച്ചിയ പൊന്നും ചാണയ്ക്കുവച്ച കത്തിയും പോലെയാണു തെറ്റുതിരുത്തിയ കേഡർ എന്നു പാർട്ടി വിശ്വസിക്കുന്നു. രണ്ടിനും തിളക്കം കൂടും. രണ്ടു ശശിമാരും അങ്ങനെ വെട്ടിത്തിളങ്ങി തിരിച്ചെത്തിയവരാണ്.

വർഷകാലത്തു മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നതിനെക്കാൾ വേഗത്തിലാണു ബ്രാഞ്ച് കമ്മിറ്റിയിൽനിന്നു പി ശശി സംസ്ഥാന കമ്മിറ്റിയിലേക്കുയർന്നത്. പിന്നെ മുഖ്യന്റെ ഓഫിസിലേക്കും.ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനത്തിൽ വേണ്ടത്ര തീവ്രതയില്ലെന്ന പഴി ഏറെക്കാലമായുണ്ടായിരുന്നു.ഓരോ തീരുമാനം എടുക്കുമ്പോഴും ചിലേടത്തു വെടി, ചിലേടത്തു പുക. ഭരണത്തിനു തുടർച്ച സംഭവിച്ചെങ്കിലും സ്വന്തം ഓഫിസ് കാര്യമായിട്ടങ്ങു ചലിക്കുന്നില്ലെന്നു മുഖ്യനും തോന്നിക്കാണും. പറഞ്ഞാൽ കേൾക്കാത്ത പൊലീസിലെ ചില ഏമാന്മാരെക്കൊണ്ടും തോറ്റു. പൊളിറ്റിക്കൽ സെക്രട്ടറി ദിനേശൻ ആവുംവിധം പൂത്തുലഞ്ഞു. പക്ഷേ, എല്ലാം അങ്ങോട്ടു ശരിയാകുന്നില്ല.

അനുഭവപരിചയമുള്ള നല്ലൊരു നോട്ടക്കാരൻ വേണം.തെളിഞ്ഞതു പി .ശശിയുടെ മുഖം. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പുകൾ പെറ്റയാൾ. പകലെന്നോ രാവെന്നോ പരിഗണിക്കാതെ കർമങ്ങൾ നിറവേറ്റുന്ന രാഷ്ട്രീയ മർമജ്ഞൻ.

പക്ഷേ, പാർട്ടിയിൽ അങ്ങു താഴേത്തട്ടിലായിരുന്നു.കർമദോഷം കൊണ്ടു കേസിൽ അകപ്പെട്ടെങ്കിലും 2016ൽ കോടതി മാർഗം സ‍ടകുടഞ്ഞ് എണീറ്റു. കോടതി വെറുതേ വിട്ടെങ്കിലും 2011ൽ പാർട്ടിയിൽ നിന്നു പുറത്താക്കിയതല്ലേ? മുഖ്യൻ വിരൽ ഞൊടിച്ചതും ബ്രാഞ്ചും എ‍ൽസിയും എസിയുമൊക്കെ നാളുകളുടെ അകലത്തിൽ ചാടിക്കടന്ന ശശി അതാ ജില്ലാ കമ്മിറ്റിയിൽ. സംസ്ഥാന സമ്മേളനം ദർശിച്ചതേയില്ലെങ്കിലും എടുത്തെറിഞ്ഞതുപോലെ സംസ്ഥാന കമ്മിറ്റി അംഗവുമായി. അങ്ങനെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിലും .

സംസ്ഥാന കമ്മിറ്റിയിൽ പങ്കുവയ്പ്പുകൾ മുന്നേറുമ്പോൾ മൂലയിൽ നിന്നൊരു മുരടനക്കം. ആർമിരാജനു സഹിക്കുന്നില്ല.

പാർട്ടിയുടെ ചെഞ്ചോരപ്പൊൻ കതിരാണു പിജെ. കതിരൂർ കളരിയിൽ പയറ്റിത്തെളിഞ്ഞ കതിവനൂർ വീരനുമാണ്. ‘ക്യാപ്റ്റൻ’ പിണറായിയാണെങ്കിലും, സ്വന്തമായി പട്ടാളമുള്ളതു പിജെക്കാണ്. സോഷ്യൽ മീഡിയയിലാണെന്നു മാത്രം. ഇരട്ടക്കുഴൽ തുപ്പാക്കിയുമായി ചാടിയെണീറ്റു. ഒരു കുഴൽ ശശിക്കുനേരെ. മറ്റേത് മുഖ്യനും. ചോദ്യം ഒന്നേയുള്ളൂ, ‘ചെയ്ത തെറ്റുകൾ ആവർത്തിക്കില്ലെന്ന് ഉറപ്പുണ്ടോ?’ ഓർമകളിൽ ആറാടി ശശി കുമ്പിട്ടിരുന്നു. അകത്തു നടന്ന വെടിയും പുകയുമൊക്കെ പുറത്തറിഞ്ഞതോടെ പുകിലായി.

ചെഞ്ചോരപ്പൊൻ കതിരാണെങ്കിലും കതിരിൽ വളംവച്ചിട്ടു കാര്യമില്ലെന്നു പാർട്ടിയും കരുതിക്കാണും. ഉത്തരത്തിലിരിക്കുന്നത് എടുക്കാൻ പോയി കക്ഷത്തിലിരുന്നതു കളഞ്ഞയാളാണ്. ലോക്സഭാ സീറ്റിൽ മത്സരിച്ച് ജില്ലാ സെക്രട്ടറി സ്ഥാനം പോയി. അന്നു മുതൽ കണ്ടകശനിയാണ്. പിൻതിരിഞ്ഞുനിൽക്കുന്ന ആർമിരാജന്റെ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കാൻ പക്ഷേ മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സ്റ്റോപ്പ് പ്രസ്: 

ബൂട്ടിട്ടുചവിട്ടിയ പൊലീസുകാരന് സ്ഥലംമാറ്റം ഒരേ സ്ഥലത്തു തന്നെ ചവിട്ടാതിരിക്കാൻ

Content Highlights: Azhachakurippukal, E.P Jayarajan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA