ADVERTISEMENT

പാർട്ടി സെമിനാറിലേക്ക് കോൺഗ്രസിലെ കെ.വി.തോമസിനെ സിപിഎമ്മിനു ക്ഷണിക്കാം. അതു വിലക്കിയാൽ വ്യത്യസ്താഭിപ്രായങ്ങൾക്ക് ഇടം കിട്ടേണ്ടതിനെക്കുറിച്ച് പാർട്ടി വാദിക്കും. എന്നാൽ, പാർട്ടിയുടെ കണ്ണിലെ കരടായ ജോസഫ് സി. മാത്യു സിൽവർലൈൻ സംവാദത്തിൽ വേണ്ട. ഈ തീരുമാനമെടുക്കാൻ സിപിഎമ്മിനും അതിന്റെ മുഖ്യമന്ത്രിക്കും എല്ലാ അധികാരവുമുണ്ട്. പക്ഷേ, തോമസിനെ വിലക്കിയ കോൺഗ്രസിന്റെ മൂക്ക് ചെത്തണമെന്നുകൂടി അതിനൊപ്പം കൽപിക്കുന്നതിലാണ് വൈരുധ്യം

രണ്ടു സംവാദങ്ങളാണ് ഈയിടെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. കോൺഗ്രസ് വിലക്ക് ലംഘിച്ച് സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത നേതാവിന്റെ ആർജവത്തെയും ധൈര്യത്തെയും മുഖ്യമന്ത്രിയുൾപ്പെടെ പുകഴ്ത്തി. കോൺഗ്രസിന്റെ സങ്കുചിത കാഴ്ചപ്പാടിനെ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിതന്നെ ചോദ്യം ചെയ്തു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അതേ യച്ചൂരിയും പിണറായി വിജയനും നേതൃത്വം നൽകുന്ന പാർട്ടിയുടെ സർക്കാർ മറ്റൊരു സംവാദത്തിലേക്കു നിശ്ചയിച്ച പ്രസംഗകനെ അതിൽനിന്നു പുറത്താക്കി. ചോദ്യങ്ങളെ സിപിഎമ്മിനു ഭയമാണോ എന്ന് പുറത്താക്കപ്പെട്ടയാളും പ്രതിപക്ഷവും തിരിച്ചു ചോദിക്കാനും തുടങ്ങി.

കോൺഗ്രസിൽ ഇടഞ്ഞു നിൽക്കുന്ന കെ.വി.തോമസിനെ സിപിഎമ്മിനു വേണം; വി.എസ്.അച്യുതാനന്ദന്റെ കാലം മുതൽ പാർട്ടിയുടെ കണ്ണിലെ കരടായ ജോസഫ് സി.മാത്യുവിനെ വേണ്ട: സംഗതി ലളിതമാണ്. തോമസിനു കിട്ടിയ ക്ഷണത്തിനു പിന്നിലും കെ റെയിൽ സംവാദ വേദിയിലേക്കു ജോസഫിനെ ക്ഷണിച്ച ശേഷം നീക്കിയതിനു പിന്നിലും രാഷ്ട്രീയ കാരണങ്ങൾ മാത്രമാണ്. തോമസിനെ വിലക്കുമ്പോൾ സംവാദങ്ങൾക്കും വ്യത്യസ്താഭിപ്രായങ്ങൾക്കും വേണ്ട ഇടത്തെക്കുറിച്ചു സിപിഎമ്മിനു വാ തോരാതെ വാദിക്കാം. എങ്കിൽ സിൽവർലൈൻ സംവാദത്തിൽനിന്നു ജോസഫ് സി.മാത്യുവിനെ എന്തുകൊണ്ട് ഒഴിവാക്കി എന്നു ചോദിച്ചാൽ ‘ആരാണ് ജോസഫ് സി. മാത്യു’ എന്നു പരിഹസിക്കുകയും ചെയ്യാം. 

ഓരോ പാർട്ടിയെയും അപ്പോൾ നയിക്കുന്ന വ്യക്തി–രാഷ്ട്രീയ താൽപര്യങ്ങൾ‍ മാത്രമാണ് ജനാധിപത്യത്തിന്റെ ഇടത്തെ വികസിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നത്!

സംവാദത്തിന് പിന്നിൽ 

സിൽവർലൈൻ വിരുദ്ധതയുടെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന റെയിൽവേ മുൻ ചീഫ് എൻജിനീയർ അലോക് കുമാർ വർമയുടെ രണ്ടാഴ്ച മുൻ‍പത്തെ  കേരള സന്ദർശനമാണ് ഈ  വിവാദ പരിണതിയിലേക്കു കാര്യങ്ങളെത്തിച്ചത്. മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും നേരിട്ടു കാണാൻ ശ്രമിച്ച അദ്ദേഹത്തിന്  അതിനു സാധിച്ചില്ല. എന്നാൽ, ചീഫ് സെക്രട്ടറി വി.പി.ജോയ് ഫോണിൽ സംസാരിക്കാൻ തയാറായി. 

അലോകിനു പറയാനുള്ളതു കേൾക്കാൻ സർക്കാരിലെ ആരും തയാറല്ലെന്ന വിമർശനത്തിനു മറുപടിയായി ഉരുത്തിരിഞ്ഞു വന്നതാണ് യഥാർഥത്തിൽ ഈ സംവാദ പരിപാടി. പദ്ധതിയെക്കുറിച്ച് ഉദ്യോഗസ്ഥതലത്തിലുള്ള  ഭിന്നാഭിപ്രായങ്ങൾ ഇതിനകം കേട്ടു വരുന്ന ചീഫ് സെക്രട്ടറി വി.പി.ജോയ് ചർച്ചാവേദി എന്ന ആശയത്തിനു മുൻകൈ എടുത്തു. 

അലോക് കുമാർ വർമ, കെ.പി.കണ്ണൻ, ആർ.വി.ജി.മേനോൻ എന്നിവരെ പദ്ധതിയെ എതിർക്കുന്നവരുടെ വിഭാഗത്തിൽ അണിനിരത്താനാണ് ആദ്യം ആലോചിച്ചത്. കണ്ണന് അസൗകര്യം ഉണ്ടായപ്പോൾ ശ്രീധർ രാധാകൃഷ്ണനോ ജോസഫ് സി. മാത്യുവോ എന്നായി ധാരണ. ആദ്യം നിശ്ചയിച്ച തീയതികളിൽ ശ്രീധറിനും അസൗകര്യം ഉണ്ടായതോടെ ജോസഫ് സി. മാത്യുവിനെ തീരുമാനിച്ചു. കെ റെയിൽ എംഡി: അജിത് കുമാറിനോ സംവാദത്തിന്റെ മുഖ്യസംഘാടകനായ ഉദ്യോഗസ്ഥനോ ജോസഫ് സി. മാത്യുവിന്റെ മുൻകാല രാഷ്ട്രീയത്തെക്കുറിച്ച് ഒരു പിടിപാടും ഉണ്ടായില്ല. ചീഫ് സെക്രട്ടറിയും അതു ശ്രദ്ധിച്ചില്ല. 

മാധ്യമങ്ങളിൽ ആ പേരു പ്രത്യക്ഷപ്പെട്ടതോടെ  മുഖ്യമന്ത്രിയുടെ ഓഫിസ് കുലുങ്ങി. പിണറായി വിജയൻ മുഖ്യമന്ത്രിയായ സർക്കാർ ജോസഫിനെ അതിഥിയായി ആദരിക്കുന്ന പ്രശ്നമില്ലെന്നു വ്യക്തമാക്കപ്പെട്ടു. ആരാണ് ഈ വിവാദപുരുഷനെന്ന് ഒരു പക്ഷേ ചീഫ് സെക്രട്ടറി അപ്പോഴാകും വിശദമായി അന്വേഷിച്ചിട്ടുണ്ടാകുക. 

വിവാദത്തിന് പിന്നി‍‍ൽ 

വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിൽ പാർട്ടി വിരുദ്ധ സ്വാധീനം ചെലുത്തുന്നതായി പിണറായി വിജയന്റെ പാർട്ടി നേതൃത്വം കണ്ടെത്തിയ ആളാണ് അന്നത്തെ ഐടി ഉപദേഷ്ടാവ് ജോസഫ് സി. മാത്യു. പിന്നീട് വിഎസ് പ്രതിപക്ഷ നേതാവായതോടെ കന്റോൺമെന്റ് ഹൗസ് കേന്ദ്രീകരിച്ചു നടന്ന വിഭാഗീയ നീക്കങ്ങളുടെ സൂത്രധാരന്മാരിൽ ഒരാളാണു ജോസഫെന്ന വിലയിരുത്തലിൽ അദ്ദേഹത്തോടു ബന്ധംതന്നെ പാടില്ലെന്നു വിഎസിനോട് ആവശ്യപ്പെട്ടു. കന്റോൺമെന്റ് ഹൗസിൽ പ്രവേശനം നിഷേധിച്ചു. 

വിഭാഗീയത കൊടികുത്തിവാണ നാളുകളിൽ ജോസഫ് വിഎസിനു നൽകിയ ഊർജവും പിണറായിക്കു നൽകിയ അരിശവും ചെറുതല്ല. പിണറായിയോ കോടിയേരിയോ അദ്ദേഹത്തോടു പൊറുക്കുന്ന പ്രശ്നമില്ല. വിഎസിനു ശേഷം പ്രതിപക്ഷനേതൃസ്ഥാനത്തെത്തിയ കോൺഗ്രസിന്റെ നേതാക്കൾക്കും ജോസഫ് ഉപദേശം നൽകി. അതുകൊണ്ടുതന്നെ ഈ സർക്കാർ അദ്ദേഹത്തെ അംഗീകരിക്കുന്ന പ്രശ്നവും ഇല്ല. 

സംവാദം സർക്കാരിന്റെ ബാനറിലോ ചെലവിലോ വേണ്ട, വേണമെങ്കിൽ കെ റെയിൽ നടത്തിയാൽ മതിയെന്ന അഭിപ്രായവും ഇതിനിടെ പാർട്ടിയിൽ രൂപപ്പെട്ടു. കെ റെയിലിന്റെ പിആർ പരിപാടിക്കു തങ്ങളെ കിട്ടില്ലെന്നു തിരിച്ചടിച്ച് അതിഥികൾ പിന്മാറി. 

ഒരു സംവാദം ഇങ്ങനെ പാളം തെറ്റിച്ചവരാണോ കേരളം കണ്ട ഏറ്റവും വലിയ വികസന പദ്ധതി നടപ്പാക്കാൻ പോകുന്നതെന്ന ചോദ്യവും ഇതിനിടെ ഉയർന്നു. എല്ലാറ്റിനും മുൻകൈ എടുത്ത ചീഫ് സെക്രട്ടറി വെട്ടിലായി. 

മെഗാ വികസന പദ്ധതികളുടെ കാര്യത്തിൽ ലോകം തന്നെ ആദരിക്കുന്ന ഇ.ശ്രീധരൻ ബിജെപിയിൽ പോയതോടെ അദ്ദേഹത്തെ വേണ്ട. അലോക് കുമാർ വർമയ്ക്കു മുഖ്യമന്ത്രിയുടെ ഓഫിസിൽ പ്രവേശനമില്ല, ഒരു പതിറ്റാണ്ടു മുൻപു വി.എസ്. അച്യുതാനന്ദന്റെ അരുമയായിരുന്ന ജോസഫിന് അന്നു കൽപിച്ച വിലക്കിന് ഇളവുമില്ല. സിപിഎമ്മിനും അതിന്റെ മുഖ്യമന്ത്രിക്കും ഈ   മാറ്റിനിർത്തലുകൾക്കുള്ള എല്ലാ അധികാരവുമുണ്ട്. അതിലേക്ക് അവരെ നയിക്കുന്ന പല കാര്യകാരണങ്ങളും ഉണ്ടാകാം. പക്ഷേ, കെ.വി.തോമസിനെ വിലക്കിയ കോൺഗ്രസിന്റെ മൂക്ക് ചെത്തണമെന്നു കൂടി അതിനൊപ്പം കൽപിക്കാതിരിക്കുന്നതാണ് ഉചിതവും മര്യാദയും.

English Summary: Joseph C Mathew may be removed from the silverline debate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com