നിറയട്ടെ, നല്ല ഓർമകൾ

good-memory
SHARE

ശിഷ്യന്മാർ തമ്മിലുള്ള അസഭ്യവർഷം കേട്ട് ഗുരു അവരോടു പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. അതുകേൾക്കാതെ വഴക്കു തുടർന്നെങ്കിലും ഗുരു ശകാരിച്ചപ്പോൾ അവർ തങ്ങളുടെ വീടുകളിലേക്കു പോയി. പിറ്റേന്നു ഗുരു ഉപദേശിക്കാൻ തുടങ്ങിയപ്പോൾ ഒരു ശിഷ്യൻ ചോദിച്ചു. വഴക്ക് ഇന്നലെ അവസാനിച്ചതല്ലേ. പിന്നെന്തിനാണ് ഇന്ന് ഉപദേശം. ഗുരു അവരുടെ കയ്യിൽ പല്ലു തേയ്ക്കുന്ന പേസ്റ്റ് നൽകിയിട്ടു പറഞ്ഞു: ഈ ട്യൂബിൽനിന്നു നിങ്ങൾക്കാവശ്യമുള്ളത്രയും ഓരോരുത്തരും എടുക്കുക. എല്ലാവരും എടുത്തുകഴിഞ്ഞപ്പോൾ ഗുരു പറഞ്ഞു: എടുത്ത പേസ്റ്റ് തിരിച്ച് അതിനകത്തു തന്നെ നിറയ്ക്കുക. ഇളിഭ്യരായി നിന്ന ശിഷ്യരോടു ഗുരു തുടർന്നു. ഇന്നലെ നിങ്ങൾ പറഞ്ഞതെല്ലാം വെളിയിൽത്തന്നെ കിടപ്പുണ്ട്. ആർക്കും തിരിച്ചെടുക്കാൻ പറ്റിയിട്ടില്ല. 

കേൾക്കുന്നതൊന്നും ശബ്ദമവസാനിക്കുമ്പോൾ വിസ്മരിക്കപ്പെടില്ല. പ്രതിധ്വനികളായി ചെവിയിലും ഹൃദയത്തിലുമുണ്ടാകും. അതു സംഗീതമായാലും ശകാരമായാലും. കാണുന്നതെല്ലാം കാഴ്ചനഷ്ടപ്പെട്ടാലും കൺമുന്നിൽ തെളിഞ്ഞുവരും. ചെയ്യുന്ന കർമങ്ങളുടെ അലയടികളാണ് അവയുടെ തൽസമയ സ്വാധീനത്തെക്കാൾ പ്രധാനം. എല്ലാ പ്രതികാരങ്ങളുടെയും പിന്നാമ്പുറത്ത് പണ്ടെന്നോ അനുഭവിച്ച വേദനയുടെ അനുരണനങ്ങളുണ്ടാകും. 

എല്ലാ കടപ്പാടും ഒരിക്കൽ ലഭിച്ച നന്മയോടുള്ള കൃതജ്ഞതയാണ്. ആരും ഒന്നും മറക്കുന്നില്ല. നഖത്തിനുള്ളിലോ രോമകൂപങ്ങളിലോ തൊലിക്കുള്ളിലോ എല്ലാ ഓർമകളും കെട്ടിക്കിടക്കുന്നുണ്ട്. എങ്കിൽപിന്നെ നിരാശയും പകയും ജനിപ്പിക്കുന്ന ഓർമകളെക്കാൾ സന്തോഷവും പ്രതീക്ഷയും നൽകുന്ന ഓർമകൾ അവശേഷിപ്പിക്കുകയല്ലേ നല്ലത്. ചെയ്യുന്നതു നന്മയാണെങ്കിൽ അതു പടർന്നുപന്തലിച്ചു മുന്നോട്ടുനീങ്ങും, തിന്മയാണെങ്കിൽ അതു തുടങ്ങിയിടത്തേക്കു തിരിച്ചെത്തും. നിർഭാഗ്യവശാൽ എല്ലാ പകരംവീട്ടലുകളും തിന്മകളുടെ ബാക്കിയാണ്. സൽക്കർമങ്ങളിലും പകരത്തിനു പകരം ഉണ്ടായിരുന്നെങ്കിൽ എത്ര സുഖാനുഭവങ്ങൾ നിറഞ്ഞതായേനെ ജീവിതം.

Content Highlights: Subhadinam, Good memory

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS