ADVERTISEMENT

റമസാനിലെ 30 ദിവസത്തെ നോമ്പ് പൂർത്തിയാക്കി സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ. തിന്മകളോടു രാജിയാകാതിരിക്കാനും അനീതികളെ ചെറുത്തുതോൽപിക്കാനുമുള്ള കരുത്ത് ആവാഹിച്ച വിശ്വാസിക്ക് പെരുന്നാൾ ആത്മവിശ്വാസത്തിന്റെ വേളയാണ്.

മാനവികതയുടെ സർവചേരുവകളെയും സമഞ്ജസമായി സമ്മേളിപ്പിച്ച ഒരു മാസമാണ് വിശ്വാസികളുടെ ജീവിതത്തിൽ കടന്നുപോയത്. സഹനവും കാരുണ്യവും വിട്ടുവീഴ്ചയും പഠിപ്പിച്ച മാസം. അതിജീവനത്തിന്റെ കരുത്തും തിരിച്ചറിവും പകർന്നുനൽകിയ മാസം. പൈശാചികതയെയും അരുതായ്മകളെയും ചെറുത്തുതോൽപിക്കാൻ പഠിപ്പിച്ച മാസം.

വ്രതനിഷ്ഠയുടെ ആത്യന്തിക നന്മ മരണാനന്തര ജീവിതത്തിലാണു ലഭിക്കുക എന്നാണു മുസ്‌ലിമിന്റെ വിശ്വാസം.‘‘പരലോകത്തു തന്റെ നാഥനെ കണ്ടുമുട്ടുന്ന സന്ദർഭത്തിൽ തന്റെ നോമ്പു കാരണം അവൻ പുളകം കൊള്ളു’’മെന്ന് തിരു നബി വചനത്തിൽ കാണാം. വ്രതവിശുദ്ധിയുടെ നിറവിൽ പെരുന്നാൾ ദിനത്തിൽ മുഴക്കുന്ന തക്ബീർ തിരിച്ചറിവിന്റെ മുദ്രാവാക്യമാണ്.

aboobakkar
കെ.പി.അബൂബക്കർ ഹസ്റത്ത്

റമസാനിൽ നേടിയെടുത്ത ആത്മവിശുദ്ധിയുടെ അനുരണനങ്ങൾ പ്രകടമാക്കേണ്ടതു പെരുന്നാൾ മുതലുള്ള ജീവിതത്തിലാണ്. തിന്മകളോടു രാജിയാകാതിരിക്കാനും അനീതികളെ ചെറുത്തു തോൽപിക്കാനുമുള്ള കരുത്ത് ആവാഹിച്ച വിശ്വാസിക്ക് പെരുന്നാൾ തീർച്ചയായും ആത്മവിശ്വാസത്തിന്റേതു കൂടിയാണ്. തങ്ങളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന ബാഹ്യ–ആന്തരിക ശക്തികളെ തുരത്തിയോടിക്കാൻ പോന്ന നിശ്ചയദാർഢ്യത്തിന്റെ സുദിനമാണ് ഈ പെരുന്നാൾ ദിനം.

ഖുർആൻ വ്യാഖ്യാനത്തിൽ ഇമാം ഷാഫി വ്യക്തമാക്കുന്നു:       ‘‘വിശുദ്ധ റമസാൻ മാസം പൂർത്തീകരിക്കാനും അല്ലാഹുവിനെ അനുസരിക്കാനും നിങ്ങൾക്കു ലഭിച്ച അവസരത്തെ മനസ്സിലാക്കാൻ, സമാപന സന്ദർഭത്തിൽ അല്ലാഹുവിനെ നിങ്ങൾ തക്ബീർ ചൊല്ലുക. അതുവഴി നിങ്ങൾ കൃതജ്ഞത ഉള്ളവരായിത്തീരും’’.(സൂറത്തുൽ ബഖറയിലെ 185–ാം സൂക്തം വിശദീകരിച്ചുകൊണ്ടു പറഞ്ഞത്). 

സങ്കുചിതത്വത്തിന്റെയും സ്വാർഥതയുടെയും കെട്ടുപാടുകളിൽ പെട്ട് ഉന്മാദാവസ്ഥയിൽ ഉറഞ്ഞുതുള്ളുകയാണ് ആധുനിക മനുഷ്യൻ. എന്നാൽ, ഈ സങ്കുചിതത്വത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ചെറിയാൻ വിശ്വാസികൾക്കു പ്രചോദനം നൽകുന്നതാണ് പരിശുദ്ധ റമസാനിലെ സന്ദേശം. അതിന്റെ പ്രതിഫലനം തന്നെയാണു പെരുന്നാൾ ദിനത്തിലും ഉണ്ടാകേണ്ടത്.

പെരുന്നാൾ ദിനത്തിന്റെ സന്തോഷത്തിൽ ഒരാളും വിശന്നിരിക്കാതിരിക്കാൻ ഇസ്‌ലാം കടുത്ത ജാഗ്രത പുലർത്തുന്നുണ്ട്. ഫിത്ർ സകാത്ത് അങ്ങനെയാണു നിർബന്ധമാക്കപ്പെട്ടത്.

നബി (സ) പറഞ്ഞു: ‘‘നോമ്പുകാർക്കു മ്ലേച്ഛ വൃത്തികളിൽനിന്നും അനാവശ്യകാര്യങ്ങളിൽനിന്നുമുള്ള ശുദ്ധീകരണത്തിനും സാധുക്കൾക്ക് ആഹാരത്തിനും ഫിത്​ർ സക്കാത്ത് നിർബന്ധമാക്കിയിരിക്കുന്നു. ഈ ദിനം അവർ ചുറ്റിക്കറങ്ങാൻ ഇടവരാതിരിക്കട്ടെ’’.അതിലൂടെ ആത്മശുദ്ധീകരണം നിർവഹിക്കപ്പെടുകയാണ്.

APTOPIX India Ramadan

ഖുർആനിൽ അല്ലാഹു പറയുന്നു: ‘‘പ്രവാചകരേ, അവരുടെ ധനങ്ങളിൽനിന്നു നിർബന്ധദാനം നീ വാങ്ങുക. അത് അവരെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നതാണ്’’( തൗബ: 103 ). ആത്മശുദ്ധീകരണം നടത്തിയാൽ വൻവിജയം വരിച്ചുവെന്നു പരിശുദ്ധ ഖുർആൻ ഓർമപ്പെടുത്തുന്നുണ്ട്. ഈ ദിനം അള്ളാഹു മാലാഖമാരോടു വിളിച്ചുപറയും: ‘‘ നിങ്ങൾ എന്റെ അടിമകളിലേക്കു നോക്കുക. അവരോട് ഒരു മാസം വ്രതമനുഷ്ഠിക്കാൻ പറഞ്ഞു. അവർ വ്രതമനുഷ്ഠിച്ചു. ഇന്നു വ്രതം അരുതെന്നും മസ്ജിദുകളിൽ എത്തി നമസ്കാരം നിർവഹിക്കണം എന്നും പറഞ്ഞു. അവർ അതു ചെയ്തു. അതുകൊണ്ടുതന്നെ അവർക്കു ഞാൻ അവരുടെ പാപങ്ങൾ പൊറുത്തു കൊടുത്തിരിക്കുന്നു’’.

അതിരുവിടാത്ത ആഘോഷങ്ങളും ആഹ്ലാദ പ്രകടനങ്ങളും പെരുന്നാളിന്റെ സന്തോഷത്തിനു മാറ്റുകൂട്ടും.‘‘പറയുക: അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടും ആണത്. അതിനാൽ അവർ ആഹ്ലാദിച്ചു കൊള്ളട്ടെ. അതാണ് അവർ സമ്പാദിച്ചു കൂട്ടിവച്ചതിനെക്കാൾ ഏറ്റവും ഉത്തമമായിട്ടുള്ളത്’’(യൂനുസ്: 58).പെരുന്നാളിൽ പ്രവാചകൻ(സ) യെമനിൽ നിർമിച്ച വസ്ത്രമാണ് അണിഞ്ഞിരുന്നതെന്നു പറയപ്പെടുന്നു.

പെരുന്നാൾ ആഘോഷം ധാർമികമൂല്യങ്ങൾ നിരസിക്കുന്നതും മാന്യതയുടെ അതിർവരമ്പുകൾ  ലംഘിക്കുന്നതും ആകരുതെന്ന് പ്രവാചകൻ കർശനനിർദേശം നൽകിയിട്ടുണ്ട്.

വഴിയിൽ കണ്ട പാവപ്പെട്ട ബാലനെ തോളിലേറ്റി വീട്ടിൽ കൊണ്ടുവന്ന് അവനെ പുതുവസ്ത്രം അണിയിച്ച്, ആഹാരം കൊടുത്തു പെരുന്നാൾ ആഘോഷിച്ചു. നബി(സ)പത്നിയോടു പറഞ്ഞു: ആയിഷ, ഇന്ന് ഈ ബാലൻ നമ്മുടെ പെരുന്നാൾ ആഹ്ലാദം പൂർണമാക്കി. കണ്ടില്ലേ അവന്റെ മുഖത്തെ  സന്തോഷവും ആനന്ദവും’’.

ഒരു പെരുന്നാൾവേളയിൽ ഹബ്ശ വംശജർ തങ്ങളുടെ ഉപകരണങ്ങളുമായി മസ്ജിദുന്നബവിയുടെ മുറ്റത്തു പ്രദർശനം നടത്തുകയായിരുന്നു. റസൂൽ സ്വല്ലല്ലാഹു അലൈഹിവസല്ലം അവരെ പ്രോത്സാഹിപ്പിച്ചും ഹരം പകർന്നും പറഞ്ഞു. ‘‘ഇനിയും ഇനിയും’’. 

നബി (സ)യുടെ പിന്നിൽനിന്ന് പത്നി ആയിഷ(റ )തിരുമേനിയുടെ തോളിലൂടെ തലയിട്ട് ആ കളി കൗതുകത്തോടെ വീക്ഷിക്കുകയായിരുന്നു. നബി(സ)യുടെ ഭവനം പള്ളിയോടു ചേർന്നായിരുന്നു. ദീർഘനേരം കളികണ്ടു കഴിഞ്ഞ ആയിഷ (റ )വിനോട് റസൂൽ(സ ) നിനക്കു മതിയായോ എന്നു ചോദിക്കുകയും, അതെ, എനിക്കു മതിയായി എന്ന് അവർ മറുപടി പറയുകയും ചെയ്തു. കളിക്കാൻ വന്ന കൂട്ടരെയും കളി കണ്ട പത്നിയെയും, പെരുന്നാൾ അനുവദിക്കപ്പെട്ട നിലയിൽ സന്തോഷിക്കാനും ആനന്ദിക്കാനും ഉള്ള അവസരമാണെന്ന് ഒരുപോലെ ഓർമപ്പെടുത്തുകയായിരുന്നു തിരുനബി(സ).

സ്വന്തം വിശ്വാസങ്ങളെയും ആദർശങ്ങളെയും മുറുകെപ്പിടിച്ചു തന്നെ, സഹിഷ്ണുത അനുവർത്തിച്ച് സാമൂഹിക ജീവിതത്തിന്റെ ഭാഗമാകാൻ പരിശുദ്ധ റമസാനും പെരുന്നാളും നമ്മെ ഓർമപ്പെടുത്തുകയാണ്

(ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റും വർക്കല ജാമിഅ മന്നാനിയ്യ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി പ്രിൻസിപ്പലുമാണ് ലേഖകൻ)

English Summary: Ramadan special article

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com