ADVERTISEMENT

കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റു പ്ലസ്‌ വൺ വിദ്യാർഥിനി മരിച്ചതു ഷിഗെല്ല ബാക്ടീരിയ മൂലമാണെന്ന വിവരം കടുത്ത ആശങ്ക ഉയർത്തുന്നതാണ്. അവിടെ ഷവർമ കഴിച്ചുണ്ടായ ഭക്ഷ്യ വിഷബാധയിൽ ഏറെപ്പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഏതു ഭക്ഷ്യ വിഭവമാണെങ്കിലും അതു നിലവാരമുള്ളതാണെന്നും സുരക്ഷിതമാണെന്നും ഉറപ്പുവരുത്തേണ്ട ചുമതല ബന്ധപ്പെട്ടവർക്കുണ്ടെന്ന പാഠമാണ് ഈ സംഭവം മുന്നോട്ടുവയ്ക്കുന്നത്. 

പണംകൊടുത്തു നാം പുറത്തുനിന്നു വാങ്ങിക്കഴിക്കുന്ന ഭക്ഷണം നല്ലതല്ലെന്നുവരുമ്പോൾ അതിൽ വലിയൊരു വിശ്വാസവഞ്ചനയുടെ കയ്‌പാണു കലരുന്നത്. ആ ഭക്ഷണം മരണകാരണമാകുമ്പോഴാവട്ടെ, അതു വിശ്വാസവഞ്ചനയുടെ അങ്ങേയറ്റമാകുന്നു. ഭക്ഷ്യവിഷബാധ സംഭവങ്ങൾ വർധിക്കുമ്പോൾ അതനുസരിച്ച് നമ്മുടെ ഭക്ഷ്യസുരക്ഷാ വകുപ്പ് കൂടുതൽ ജാഗരൂകമാവുകയും പരിശോധനകൾ വ്യാപകമാക്കുകയും ചെയ്യുന്നുണ്ടോ എന്ന ചോദ്യം ഇതോടെ‍ാപ്പം ഉയരുന്നു. 

does-shawarma-make-you-sick-health-news

പത്തു വർഷംമുൻപ് തിരുവനന്തപുരം നഗരത്തിലെ ഒരു ഭക്ഷണശാലയിൽ ഷവർമ കഴിച്ച് ഒരു യുവാവ് മരണമടയുകയും ഏതാനും പേർക്കു ചികിത്സ തേടേണ്ടിവരികയും ചെയ്‌ത സംഭവം വലിയ ആശങ്കകൾക്കു കാരണമായിരുന്നു. തുടർന്നു സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും ഉദ്യോഗസ്‌ഥർ റെയ്‌ഡ് നടത്തിയെങ്കിലും അത്തരം പരിശോധനകൾ തുടർന്നും കർശനമായി ഉറപ്പാക്കാൻ അധികൃതർക്കു കഴിഞ്ഞില്ലെന്നതിന്റെ തെളിവാണു സമാനസംഭവങ്ങൾ. 

ഇപ്പോഴുണ്ടായ ഭക്ഷ്യവിഷബാധയ്ക്കുശേഷവും പരിശോധനകളും നടപടികളും ഉണ്ടാവുന്നുണ്ട്. അധികംവൈകാതെ ഇത്തരം പരിശോധനകൾ അവസാനിപ്പിച്ച് അധികൃതർ അടുത്ത സംഭവംവരെ നിർജീവമാകുന്നതാണു നാം പലപ്പോഴും കണ്ടുപോരുന്നത്. ഇത്തരത്തിലുള്ള താൽക്കാലിക നടപടികൾക്കു ഭക്ഷ്യനിലവാരം എത്രത്തോളം ഉറപ്പാക്കാൻ കഴിയുമെന്ന ആശങ്ക ഗൗരവമുള്ളതാണ്. ഫലപ്രദമായ പരിശോധനകൾ നടത്താൻ ജീവനക്കാരുടെ കുറവു പലപ്പോഴും തടസ്സമാകുന്നുണ്ടാകാം. ഇപ്പോൾ ഭക്ഷ്യവിഷബാധയുണ്ടായ ‌കാസർകോട് ജില്ലയിൽ അഞ്ചു ഭക്ഷ്യസുരക്ഷാ ഓഫിസർമാർ വേണ്ട സ്ഥാനത്ത് രണ്ടുപേർ മാത്രമാണുള്ളത്. 

തിരുവനന്തപുരത്തെ ഭക്ഷ്യവിഷബാധയെത്തുടർന്ന്, ഹോട്ടൽ ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥർ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണമെന്നു 2014ൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. ശുചിത്വവും ഗുണമേന്മയുമുള്ള ഭക്ഷണം പൊതുജനത്തിനു നൽകാൻ ഹോട്ടലുകളും റസ്‌റ്ററന്റുകളും ശ്രമിക്കണമെന്നും ബന്ധപ്പെട്ട സംഘടനകൾ അവലോകന യോഗങ്ങളും സെമിനാറുകളും വിളിച്ചുചേർത്ത്, സ്വയം വിലയിരുത്തൽ നടത്തണമെന്നും അന്നു കോടതി അഭിപ്രായപ്പെട്ടത് എത്രത്തോളം പാലിക്കപ്പെടുന്നുണ്ട്? സംസ്ഥാനത്തു പ്രവർത്തിക്കുന്ന ഭക്ഷണശാലകളിൽ ലൈസൻസ് ഇല്ലാത്തവയുടെ എണ്ണവും വളരെ കൂടുതലാണ്. കാസർകോട് ഭക്ഷ്യവിഷബാധയ്ക്കു കാരണമായ കടയ്ക്കും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസില്ലെന്നു കണ്ടെത്തുകയുണ്ടായി.

കാസർകോട്ട് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഭക്ഷ്യസുരക്ഷ, നിലവാരം, നിയമപ്രകാരമുള്ള മറ്റ് ആവശ്യങ്ങൾ എന്നിവ നടപ്പാക്കേണ്ടതും ഉറപ്പാക്കേണ്ടതും ഭക്ഷ്യ സുരക്ഷ കമ്മിഷണറേറ്റിന്റെ ഉത്തരവാദിത്തമാണെന്നു കോടതി പറയുകയുണ്ടായി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തു ഷവർമ തയാറാക്കുന്നതിനു ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതു നല്ലതുതന്നെ. വൃത്തിയും ശുചിത്വവും ഉറപ്പാക്കി ഷവർമ തയാറാക്കാൻ ആരോഗ്യവകുപ്പു പറയുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുകയും വേണം. ഇത്തരം കാര്യങ്ങൾ നിരന്തരം നിരീക്ഷിക്കപ്പെടേണ്ടതുണ്ട്.  

ഹോട്ടലുകളിലും മറ്റുമുള്ള പരിശോധനകൊണ്ടു മാത്രം ഭക്ഷ്യനിലവാരം ഉറപ്പാക്കാൻ കഴിയില്ല. അരി, പയർ, എണ്ണ തൊട്ടു പച്ചക്കറികൾ വരെയുള്ള ഭക്ഷണസാധനങ്ങളും മായമില്ലാത്തതാകണം. മത്സ്യമാംസാദികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണുതാനും. ഈ രംഗങ്ങളിൽ കൂടി അധികൃതർ ശ്രദ്ധ പതിപ്പിച്ചാൽ മാത്രമേ ഭക്ഷ്യവിഷബാധകൾ പൂർണമായി തടയാനാവൂ. ഇക്കാര്യത്തിൽ വീഴ്‌ച വരുത്തുന്നവരുടെമേൽ കർശന നടപടിയെടുക്കാൻ സർക്കാർ മടിക്കരുത്. 

ഗുണനിലവാരമുള്ള ഭക്ഷണം ജനങ്ങളുടെ അവകാശമാണ്; അതുറപ്പാക്കാൻ സർക്കാർ ബാധ്യസ്‌ഥവുമാണ്.

English Summary: Food poison: Need more attention and care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com