ADVERTISEMENT

പരിസ്ഥിതി വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്തവരെന്നാണ് ഇടതുപക്ഷം സ്വയം വിശേഷിപ്പിക്കാറ്. വികസനം മുരടിപ്പിക്കാൻ വരുന്നവരുമായി സന്ധിക്ക് ഇല്ലെന്ന സമീപനക്കാരാണ് കോൺഗ്രസും യുഡിഎഫും. അതിന് ഇപ്പോൾ സിൽവർലൈൻ മാറ്റം വരുത്തുന്നു.  ഈ രാഷ്ട്രീയ വേഷപ്പകർച്ചയുടെ ഹിതപരിശോധന തൃക്കാക്കരയിൽ നടക്കുമോ? 

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ മുഖ്യ ചർച്ചാവിഷയം വികസനമായിരിക്കുമെന്നു സിപിഎം പ്രഖ്യാപിച്ചിരിക്കുന്നു. എന്നു വച്ചാൽ, മണ്ഡലത്തിലൂടെയും കടന്നു പോകുന്ന സിൽവർലൈൻ പദ്ധതി തന്നെ. അപ്പോൾ തൃക്കാക്കരയുടെ ജനവിധി സിൽവർലൈനിന്റെ ഹിതപരിശോധനയായിരിക്കുമെന്നു പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും തയാറാകുമോ? അല്ലെങ്കിൽ ആ വെല്ലുവിളി ഏറ്റെടുക്കുമോയെന്നു ചോദിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും യുഡിഎഫും തുനിയുമോ?

വികസനം ഇതുപോലെ മുഖ്യ ചർച്ചാവിഷയമായി മാറാൻ ഇടയുള്ള ഒരു ഉപതിരഞ്ഞെടുപ്പ് കേരളത്തിൽ നടന്നിട്ടുണ്ടാവില്ല. സിൽവർലൈൻ ഉൾപ്പെടെയുള്ള മെഗാ വികസന പദ്ധതികൾക്കുള്ള അംഗീകാരത്തിനു വേണ്ടി എൽഡിഎഫ് വോട്ടുനേടാൻ തുനിഞ്ഞാൽ പരിസ്ഥിതിയും ഒപ്പം ചർച്ചയായി മാറാം. സിൽവർലൈൻ ഉയർത്തുന്ന വലിയ ആശങ്ക അതു കേരളത്തിന്റെ ജൈവ സമ്പദ്‌വ്യവസ്ഥയ്ക്കു വിനാശകരമാകുമോ എന്നതാണ്.  തിക‍ഞ്ഞ പരിസ്ഥിതിവാദിയായ പി.ടി.തോമസ് ജീവിച്ചിരുന്നെങ്കിൽ സിൽവർലൈൻ വിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളികളിൽ ഒരാളായിരുന്നേനെ. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനായി സ്വന്തം പാർട്ടിയെപ്പോലും ധിക്കരിക്കുകയും രാഷ്ട്രീയഭാവി നോക്കാതെ നിലപാടെടുക്കുകയും ചെയ്ത പി.ടി. അതേ പാതയിൽ പോരാളിയായി ഉറച്ചുനിൽക്കുമായിരുന്നു.

മുന്നണികളുടെ വേഷപ്പകർച്ച

thrikkakkara
തൃക്കാക്കര മണ്ഡലത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ ചുവരെഴുത്തുകൾ ആരംഭിച്ചു. പേര് ഒഴിവാക്കി ചിഹ്നവും ‘വിജയിപ്പിക്കുക’ എന്ന അഭ്യർഥനയുമായി മതിലുകൾ നിറയ്ക്കുകയാണ്. സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്ത പാർട്ടികളാകട്ടെ മതിലുകൾ ബുക്ക് ചെയ്തു വെള്ളയടിച്ചിട്ടിരിക്കുകയുമാണ്. വെണ്ണലയിൽനിന്നുള്ള ദൃശ്യം. ചിത്രം: മനോരമ

വികസനവും പരിസ്ഥിതിയും തൃക്കാക്കരയിൽ‍ ഏറ്റുമുട്ടിയാൽ അന്തർലീനമായി ഒരുപിടി വൈരുധ്യങ്ങളുണ്ട്. യുഡിഎഫിന്റെ എക്കാലത്തെയും വികസനത്തുരുത്തായിരുന്നു കൊച്ചി. കെ.കരുണാകരന്റെയും എ.കെ.ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും സർക്കാരുകൾ ഏറ്റവും കൂടുതൽ വികസനപദ്ധതികൾ കൊണ്ടുവന്നതും നടപ്പാക്കിയതും എറണാകുളം ജില്ലയിലാണ്. 2016ലും 2021ലും ആഞ്ഞുവീശിയ ഇടതുതരംഗത്തിലും കടപുഴകാതെ മുന്നണിക്കൊപ്പം നിന്നതും ആ എറണാകുളമാണ്. അതേ എറണാകുളത്ത് ഒരു നിർണായക ഉപതിരഞ്ഞെടുപ്പിൽ വികസന വക്താക്കളാകാൻ ശ്രമിക്കുന്നതു പക്ഷേ യുഡിഎഫ് അല്ല, എൽഡിഎഫാണ്.

പരിസ്ഥിതി വിഷയങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലാത്തവരെന്നാണ് ഇടതുപക്ഷം സ്വയം വിശേഷിപ്പിക്കുന്നത്. വികസനം മുരടിപ്പിക്കാൻ വരുന്ന പരിസ്ഥിതി മൗലികവാദികളുമായി സന്ധിക്കില്ലെന്ന സമീപനക്കാരാണ് കോൺഗ്രസും യുഡിഎഫും. അതിനാണു സിൽവർലൈൻ മാറ്റം വരുത്തുന്നത്. വികസന ട്രാക്കിൽ പായാൻ കൊതിക്കുന്നവരായി സിപിഎമ്മും പരിസ്ഥിതി സ്നേഹം പറയുന്നവരായി കോൺഗ്രസും മാറി. ഈ രാഷ്ട്രീയ വേഷപ്പകർച്ചയുടെ ഹിതപരിശോധന കൂടി തൃക്കാക്കരയിൽ നടക്കുമോ? സിൽവർലൈൻ സംവാദങ്ങളുടെ ഭൂമികയായി ഇനി അവിടം മാറുമോ?

സിൽവർലൈൻ കാര്യത്തിൽ തൃക്കാക്കരയ്ക്കു മുൻപും ശേഷവും എന്ന ‘ടൈം ലൈനി’നു ഭാവിയിൽ പ്രസക്തിയേറാനാണ് എല്ലാ സാധ്യതയും. ട്രാൻസ്പോർട്ട് സർവീസ് തുടങ്ങുകയും നടത്തുകയും ചെയ്യുന്നതു പഞ്ചായത്തിന്റെ ബാധ്യതയോ ചുമതലയോ അല്ല എന്നതു പോലെ തന്നെ റെയിൽവേ ട്രാക്കും ട്രെയിനും തീർക്കേണ്ടതു സംസ്ഥാന സർക്കാരിന്റെയും കടമയോ ചുമതലയോ അല്ല. പക്ഷേ, ഒരു ഇടതുപക്ഷ സർക്കാരിന്റെ ഭാവിതന്നെ നിർണയിക്കുന്ന പദ്ധതിയായി സിൽവർലൈൻ ഭീമാകാര രൂപം പൂണ്ടുനിൽക്കുന്ന നില വന്നിരിക്കുന്നു.

കണക്കുകളും ചരിത്രവും

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 33.32% മാത്രം വോട്ട് കിട്ടിയ തൃക്കാക്കരയിൽ യുഡിഎഫിനെ കെട്ടുകെട്ടിക്കുക എൽഡിഎഫിന് ഒട്ടും എളുപ്പമല്ലാത്ത ലക്ഷ്യമാണ്. രണ്ടു മുന്നണികളും തമ്മിൽ 10% വോട്ടിന്റെ അന്തരം നിലവിലുണ്ട്. ബിജെപിയും ട്വന്റി ട്വന്റിയും സാന്നിധ്യം അറിയിക്കാൻ പോന്നവരായി രംഗത്തുണ്ടെങ്കിലും ഉപതിരഞ്ഞെടുപ്പുകൾ മുന്നണികൾ തമ്മിലുള്ള പോരാട്ടങ്ങളായി മാറുന്നതാണു കേരളത്തിലെ രീതി. ചരിത്രം എടുത്താൽ 4–2 എന്ന നിലയിൽ യുഡിഎഫിന് അനുകൂലമാണ് എറണാകുളം ജില്ലയിലെ ഉപതിരഞ്ഞെടുപ്പ് സ്കോർഷീറ്റ്.‘ സംസ്ഥാനത്താകെ ഉണ്ടായ ഇടതുപക്ഷ മുന്നേറ്റത്തിന് ഒപ്പം മുന്നേറാൻ എറണാകുളം ജില്ലയ്ക്കു സാധിച്ചില്ല’ എന്നാണു സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ജില്ലയെ സംബന്ധിച്ച ആദ്യ പരാമർശം. തൃക്കാക്കരയിൽ തോൽവി യുഡിഎഫിന് അചിന്ത്യമാണ്. രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും രണ്ടു തദ്ദേശ തിരഞ്ഞെടുപ്പുകളിലും തുടർച്ചയായി തോറ്റമ്പിയതു സംസ്ഥാന രാഷ്ട്രീയത്തിൽ അവരെ വല്ലാതെ പിന്നോട്ടടിച്ചിരിക്കുന്നു. വിജയിക്കാൻ കഴിയുന്ന മുന്നണി എന്ന പരിവേഷത്തിന് ഉലച്ചിൽ തട്ടിയിരിക്കുന്നു. ചോർന്നുപോയ ആ ശോഭ വീണ്ടെടുക്കാൻ ഒരു തിരഞ്ഞെടുപ്പു വിജയം മുന്നണിക്ക് അനിവാര്യവുമാണ്. തൃക്കാക്കരപോലെ ഒരു സുരക്ഷിത മണ്ഡലം തന്നെ അതിനു വേദിയായത് ഒരു തരത്തിൽ പറഞ്ഞാൽ അവർക്കു പഠിച്ച ചോദ്യം പരീക്ഷയ്ക്കു വന്നതു പോലെയുമാണ്.

കേരളത്തിന്റെ മണ്ണിനും ജലാശയങ്ങൾക്കും വേണ്ടിയും സമൂഹത്തിലെ ജാതി മത വേർതിരിവുകൾക്ക് എതിരെയും സ്വന്തം ജീവിതം കൊണ്ടു പോരാടിയ നേതാവ് എന്ന നിലയിലാകും പി.ടി. തോമസ് എക്കാലവും ഓർമിക്കപ്പെടുക. അദ്ദേഹത്തിന്റെ തൃക്കാക്കരയിൽ ഉമ തോൽക്കാൻ പാടില്ലെന്ന് ഈ ആശയങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന എല്ലാവരും കരുതുമെന്ന വിചാരം യുഡിഎഫിന്റെ ആത്മവിശ്വാസം ഉയർത്തും. കേരള ഖജനാവിനു ലഭിക്കുന്ന നികുതിയിൽ സിംഹഭാഗവും എറണാകുളത്തു നിന്നാണ്. ആ ഖജനാവിന് അധിക ബാധ്യത വരുത്തുന്ന സിൽവർലൈനിനു വേണ്ടി തൃക്കാക്കരക്കാർ നിൽക്കുമോ എന്നതും ഉത്തരം ലഭിക്കേണ്ട ചോദ്യമാണ്.

English Summary: Thrikkakkara Byelection story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com