പൂരം എത്രയോ പേരുടെ സമർപ്പണത്തിന്റെ വർണവും വെളിച്ചവും ശബ്ദവുമാണ്. ലോകത്ത് എവിടെ ജീവിച്ചാലും പൂരംപോലൊരു കാഴ്ച ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കണം. മനോഹരമായി ഇതു ചിട്ടപ്പെടുത്തിയ മനസ്സുകൾ വിസ്മയമായി അവശേഷിക്കുന്നു. ഒരിക്കലും അവസാനിക്കാത്ത വിസ്മയമായി പൂര വിസ്മയവും
തൃശൂരിൽ താമസം തുടങ്ങിയ ശേഷം കൊൽക്കത്തയിലെത്തിയപ്പോൾ എന്റെ ചുറ്റുമുള്ള എത്രയോ പേർ ചോദിച്ചതു പൂരം കണ്ടോ, ആനയേ കണ്ടോ എന്നാണ്. ഞാനീ നഗരത്തിൽ താമസിക്കാൻ തുടങ്ങിയത് 28 വർഷം മുൻപാണ്. അതിനു മുൻപു കലാമണ്ഡലത്തിൽ പഠിച്ചു. അന്നുതന്നെ തൃശൂർപൂരത്തെക്കുറിച്ചു കേട്ടിരുന്നു. ഇവിടെ എത്തിയപ്പോഴാണു മനസ്സിലായതു തൃശൂരുകാരുടെ ഓരോ കാര്യവും നടക്കുന്നതു പൂരവുമായി ബന്ധപ്പെട്ടാണെന്ന്. ബന്ധുക്കൾ വരുന്നതും യാത്രപോകുന്നതും വിവാഹമടക്കമുള്ള ചടങ്ങുകൾ നടത്തുന്നതുമെല്ലാം പൂരത്തെ ആശ്രയിച്ചാണ്. പൂരം അത്രയേറെ അവരുടെ ജീവിതവുമായി ഇഴ ചേർന്നിരിക്കുന്നു.
റോഡിലൂടെ ആന നടക്കുന്നതു ഞാൻ ആദ്യമായി കാണുന്നത് ഈ നഗരത്തിലെത്തിയപ്പോഴാണ്. കാർ ഓടിച്ചിരുന്ന ഞാൻ പലപ്പോഴും ആനയെ ഓവർടേക്ക് ചെയ്യാതെ ഏറെദൂരം പോകുമായിരുന്നു. ഇത്രയേറെ ആനകൾ അണിനിരക്കുന്ന ആഘോഷം എവിടെയുണ്ടാകും. അതും നന്നായി ആഭരണങ്ങൾ അണിഞ്ഞു ചന്തത്തോടെയുള്ള ആനകൾ.
പൂരത്തിന്റെ രണ്ടു ദിവസം മുൻപു കുടകളും ആനകളുടെ ആഭരണങ്ങളും നെറ്റിപ്പട്ടവും നിരത്തിയ ചമയപ്രദർശനം നടക്കും. അതിനകത്തു കയറുമ്പോഴാണു മനസ്സിലാകുക എത്ര ഭംഗിയോടെയാണ് ഇതെല്ലാം ഉണ്ടാക്കിയിരിക്കുന്നതെന്ന്. കുടയുടെ ഭംഗിയുള്ള തുണികൾ തേടി പൂരക്കാർ ദിവസങ്ങളോളം പലയിടത്തും യാത്ര ചെയ്യും. ജയ്പുരിൽനിന്നും സൂറത്തിൽനിന്നുമെല്ലാമുള്ള അപൂർവം തുണികൾ കൊണ്ടുവന്നാണു കുട തുന്നുക. കല്യാണത്തിനു സാരി എടുക്കാൻ പോകുന്ന അതേ മനസ്സോടെയാകും അവർ പോകുകയെന്നു തോന്നിയിട്ടുണ്ട്.
ഓരോ കുടയും ജനിക്കുന്നതു മാസങ്ങളുടെ ഒരുക്കം കൊണ്ടാണ്. നെറ്റിപ്പട്ടംപോലെ ഒരു ആഭരണം എവിടെ കാണാനാകും. നൂറുകണക്കിനു ചെറിയ മണികളും മുത്തുകളും സ്വർണത്തിൽ മുക്കി തുന്നിച്ചേർക്കുന്നു. കുടയുടെയും നെറ്റിപ്പട്ടത്തിന്റെയും തുന്നൽക്കാർ സത്യത്തിൽ വലിയ കലാകാരന്മാരാണ്. അവരില്ലെങ്കിൽ ഈ പൂരത്തിന് ഇത്ര ഭംഗിയുണ്ടാകുമോ.
കൊൽക്കത്തയിൽ ദുർഗാപൂജയ്ക്കു രാത്രി മുഴുവൻ തെരുവുകളിലൂടെ നടന്നാണു ഞങ്ങൾ പൂജയുടെ പന്തലുകൾ കാണുന്നത്. ഓരോരുത്തരും കിലോമീറ്ററുകളോളം നടക്കും. അതു രാത്രിയാണ്. എന്നാൽ, ഇവിടെ പൊരിവെയിലിൽ ആയിരക്കണക്കിനാളുകൾ മാനത്തേക്കു കൈകൾ ഉയർത്തി താളമിടുന്നു. അവർക്കു ക്ഷീണവും തളർച്ചയുമില്ല. ഇതിനായി അവർ മണിക്കൂറുകളോളം കാത്തുനിൽക്കുന്നു. കൊൽക്കത്തയിൽ വൈദ്യുത ദീപാലങ്കാരം നിറഞ്ഞ തെരുവിലൂടെ കിലോമീറ്ററുകൾ നടക്കുന്നവരുടെയും ഇവിടെ പൊരിവെയിലത്തു മണിക്കൂറുകളോളം താളം പിടിക്കുന്നവരുടെയും ഉള്ളിലുള്ളത് ഒരേ ലഹരിയാണ്. നാടിന്റെ ആഘോഷത്തിന്റെ ലഹരി.
ഓരോ ദുർഗാപൂജയ്ക്കും ശേഷം അടുത്ത പൂജയ്ക്കുവേണ്ടി കാത്തിരിക്കും. ഇവിടെയും അങ്ങനെയാണ്. ഓരോ പൂരത്തിനു ശേഷവും അടുത്ത പൂരത്തിനായി കാത്തിരിക്കും. പൂജാകാലത്ത് ഓരോ വീട്ടിലും ബന്ധുക്കളും വേണ്ടപ്പെട്ടവരും വരുന്നതിന്റെ ആഘോഷമാകും. ഇവിടെ പൂരക്കാലത്തും അതേ ആഘോഷം വീടുകളിൽ നടക്കുന്നു. പൂജാകാലമായാൽ ആരും നാടുവിട്ടുപോകില്ല, പൂരക്കാലമായാലും ആരും നാടുവിടില്ല. ദുർഗാപൂജയും പൂരവും ഭഗവതിമാരുടെ ആഘോഷമാണ്. സ്ത്രീ ശക്തിയെ വണങ്ങാൻ ലക്ഷക്കണക്കിനുപേർ എത്തുന്ന ഉത്സവം. നമ്മുടെ പാരമ്പര്യത്തിൽ സ്ത്രീ ശക്തിയെ എത്രയേറെ ആദരവോടെയാണു കാണുന്നതെന്നതിന്റെ സാക്ഷ്യം.

ഇത്രയേറെ വാദ്യക്കാരും കൊമ്പുകാരും കുഴലുകാരും വരുന്ന ലോകത്തിലെ ഏതുത്സവമുണ്ടാകും? ആയിരക്കണക്കിനു കലാകാരന്മാരാണ് ഇവിടെ എത്തുന്നത്. ഒരു റിഹേഴ്സലുമില്ലാതെ, മുൻപരിചയവുമില്ലാതെ അവർ ഒരുമിച്ചു ചേർന്നു താളത്തിന്റെയും സംഗീതത്തിന്റെയും പുതിയൊരു ലോകമുണ്ടാക്കുന്നു. വരുന്ന ഓരോരുത്തരും അത് ആസ്വദിക്കുന്നു.
പൂരമെന്നാൽ കുടമാറ്റം മാത്രമല്ല. രാവിലെ മുതൽ പൂരങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. ഓരോ പൂരത്തിലും ആനയും വാദ്യക്കാരുമുണ്ട്. രാത്രി വീണ്ടും ഇതേ പൂരങ്ങൾ വരുന്നു. ഒരു തവണകൊണ്ടു പൂരം കണ്ടു തീർക്കാനാകില്ല. പല വാദ്യക്കാരും മണിക്കൂറുകളോളമാണു കൊട്ടുന്നതും കുഴൽ വായിക്കുന്നതും. പൂരം കലാകാരന്മാരുടെ ലോകമാണ്. വെടിക്കെട്ട് എനിക്കു പേടിയാണ്. ദൂരെ നിന്നുമാത്രമേ വെടിക്കെട്ടു കാണാറുള്ളൂ. ഇതും കലാകാരന്മാരുടെ ലോകമാണ്. മാനത്ത് അവർ എത്രയോ നിറങ്ങൾ പൊട്ടിവിരിയിക്കുന്നു. ഇത്രയും പടക്കം ഒരുമിച്ചു പൊട്ടുന്നതിനെക്കുറിച്ചു ഞാൻ കേട്ടിട്ടുപോലുമില്ല. എത്രയോ മാസങ്ങൾകൊണ്ടാണ് അവരീ വെടിക്കെട്ടുണ്ടാക്കുന്നത്. എല്ലാം ഈ ദിവസത്തിലെ ഒരു നിമിഷത്തിനു വേണ്ടി. പൂരം എത്രയോ പേരുടെ സമർപ്പണത്തിന്റെ വർണവും വെളിച്ചവും ശബ്ദവുമാണ്.
കൊൽക്കത്തയിൽ പൂജാകാലത്തു രാത്രി മുഴുവൻ റോഡുകളിലൂടെ കാഴ്ചകളും കണ്ടു സ്ത്രീകളുടെ വലിയ കൂട്ടമുണ്ടാകും. എത്ര തിരക്കായാലും സ്ത്രീകളുടെ സംഘങ്ങൾക്കു യാത്ര ചെയ്യാം. പൂജയിൽ സ്ത്രീകൾക്കു പ്രത്യേക പ്രാധാന്യം തന്നെയുണ്ട്. പൂരത്തിനു വളരെ കുറച്ചു സ്ത്രീകളെയേ ഞാൻ കണ്ടിട്ടുള്ളൂ. പൂരത്തിനു ധാരാളം സ്ത്രീകൾ രാവും പകലും കാഴ്ചക്കാരായി വന്നുകൊണ്ടേയിരിക്കണം. ലോകത്ത് എവിടെ ജീവിച്ചാലും പൂരംപോലൊരു കാഴ്ച ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കണം. മനോഹരമായി ഇതു ചിട്ടപ്പെടുത്തിയ മനസ്സുകൾ വിസ്മയമായി അവശേഷിക്കുന്നു. ഒരിക്കലും അവസാനിക്കാത്ത വിസ്മയമായി പൂര വിസ്മയവും.
(കൊൽക്കത്ത ശാന്തിനികേതനിൽനിന്ന് കഥകളി പഠിച്ച പല്ലവി കൃഷ്ണൻ കലാമണ്ഡലത്തിൽനിന്നു മോഹിനിയാട്ടവും ഭരതനാട്യവും പഠിച്ചു. ഒട്ടേറെ വേദികളിൽ മോഹിനിയാട്ടം അവതരിച്ചു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവും ഭരണസമിതി അംഗവുമാണ്.)
English Summary: Thrissur Pooram