കാലവർഷമാകുന്നു, കരുതിയിരിക്കാം

HIGHLIGHTS
  • മറന്നുപോകരുതാത്ത മുൻകരുതലുകൾ
monsoon-kerala
SHARE

കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി കേരളത്തെ കഷ്ടപ്പെടുത്തിയ കാലവർഷം വീണ്ടും അരികിലെത്താറായി. ഇനിയുമെ‍ാരു കെ‍ാടുംമഴക്കെടുതി നമ്മെ തോൽപിക്കാതിരിക്കാൻ കേരളം എത്ര സുസജ്ജമായെന്ന വലിയ ചോദ്യം ചോദിക്കാൻ ഇനിയും വൈകിക്കൂടാ. കാലവർഷത്തിനുമുൻപേ, മാലിന്യനിർമാർജനവും നദികളുടെ ആഴംകൂട്ടലും ഓട ശുചീകരണവുമൊക്കെ യുദ്ധകാലാടിസ്ഥാനത്തിൽ ഊർജിതമാക്കി ജനങ്ങളോടുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാർമുതൽ പഞ്ചായത്തുവരെയുള്ള സംവിധാനങ്ങൾ നിറവേറ്റേണ്ട വേളയാണിത്.

പകർച്ചവ്യാധികളെ കൈനീട്ടി സ്വീകരിക്കാൻ മഴയോടൊപ്പം മാലിന്യക്കൂമ്പാരങ്ങൾ കൂടി ഒരുമ്പെടുമ്പോൾ മുൻവർഷങ്ങളെ അപേക്ഷിച്ചു കൂടുതൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാവും ഇത്തവണ കേരളം നേരിടേണ്ടിവരികയെന്നാണ് ആശങ്ക. മഴക്കാലപൂർവ ശുചീകരണത്തെ നാം എത്രമാത്രം ഗൗരവത്തോടെ എടുത്തിട്ടുണ്ടെന്ന ആത്മപരിശോധന നടത്താൻ ഇപ്പോൾതന്നെ വൈകിക്കഴിഞ്ഞു. കഴിഞ്ഞ പല മഴക്കാലങ്ങളിലും കേരളത്തിലെ പല ജില്ലകളും പകർച്ചപ്പനിയും ചിക്കുൻഗുനിയയും മുതൽ കോളറ വരെയുള്ള രോഗങ്ങളുടെ പിടിയിലായിരുന്നു. പല പുതിയ രോഗങ്ങളും വരവറിയിച്ചിട്ടുമുണ്ട്. മാലിന്യക്കൂമ്പാരങ്ങൾക്കു മുകളിൽ മഴ പെയ്തിറങ്ങുന്നതു പകർച്ചവ്യാധികൾക്കുള്ള കളമൊരുക്കം തന്നെ. മഴയും മാലിന്യവും ചേരുമ്പോൾ പകർച്ചവ്യാധികൾ കടന്നുവരുന്നതിൽ അദ്ഭുതമില്ല. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ പടർന്നുപിടിക്കുന്നതിന്റെ മുഖ്യകാരണം മഴയല്ല, മാലിന്യക്കൂമ്പാരങ്ങളാണ്.

ഏതാനും ദിവസത്തെ ശുചീകരണം കൊണ്ടൊന്നും മാലിന്യങ്ങളിൽനിന്നു കേരളം മുക്തമാവില്ലെന്ന് ഇവിടെ ജീവിക്കുന്നവർക്കൊക്കെ അറിയാം. അതുകൊണ്ടുതന്നെ, പതിവു ചടങ്ങിനപ്പുറം, ഇതിനെ വ്യാപകവും സമഗ്രവുമായ ജനകീയയജ്ഞവും ഫലപ്രദമായ നാടുണർത്തലുമാക്കി മാറ്റേണ്ടതുണ്ട്. മഴക്കാല രോഗങ്ങൾ പടരാതിരിക്കാനും രോഗബാധിതർക്കു ചികിത്സയും മരുന്നും ലഭ്യമാക്കാനും സർക്കാർ സംവിധാനങ്ങൾ അടിയന്തരമായി ഒരുങ്ങുകയും വേണം. സർക്കാർ ആശുപത്രികൾ തന്നെയാണു പനിബാധിതരിൽ നല്ലപങ്കിനും ആശ്രയമെന്ന നിലയ്ക്ക് അവിടെ ഡോക്ടർമാരെ കൂടുതലായി നിയോഗിക്കേണ്ടതുണ്ട്. രോഗാണുവാഹകരായ കൊതുകും ഈച്ചയും എലിയുമൊക്കെ ഭീതിജനകമായി പെരുകിവരുന്നതും ഗൗരവത്തോടെ കാണണം.

മലിനജലം കെട്ടിക്കിടക്കാതെ, ഒഴുക്കിക്കളയാനും ശ്രദ്ധയൂന്നണം. ഓടകൾ മഴയ്ക്കുമുൻപു വൃത്തിയാക്കേണ്ട ചുമതലയുള്ളവർ അതു ചെയ്യാത്തതുകൊണ്ട് മഴക്കാലത്ത് അവ നിറഞ്ഞു റോഡ് കുളമാകുന്നു; അഴുക്കുചാലിലെ വെള്ളം രോഗവാഹിയായി നാടാകെ പരക്കുന്നു. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഓടകളിലെ മാലിന്യം കോരി പുറത്തിടുന്നതും മഴ അതിനെ തിരിച്ച് ഓടയിൽത്തന്നെയിടുന്നതുമായ പതിവുകാഴ്ച ഇത്തവണയും ആവർത്തിക്കാതിരിക്കാനുള്ള ശ്രദ്ധ അത്യാവശ്യമാണ്. മഴ വരുന്നതോടെ റോഡ് മുഴുവൻ കുഴിയായി മാറുമെന്നതും നമുക്കാരെങ്കിലും പറഞ്ഞുതരേണ്ട കാര്യമില്ല. എങ്കിലും, റോഡ് മുൻകൂട്ടി നന്നാക്കാനോ മഴക്കാലത്തു താൽക്കാലികമായി കുഴിയടയ്ക്കാനോ പല വർഷങ്ങളിലും ശ്രമമുണ്ടാവാറില്ല.

പ്രളയജലത്തിന്റെ കുത്തെ‍ാഴുക്കിൽ മണ്ണും കല്ലും മാലിന്യവും അടിഞ്ഞ് മിക്ക പുഴകളുടെയും ആഴം കുറഞ്ഞുകഴിഞ്ഞു. നദികളിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കി ഒഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സജീവമാക്കണം. ആഴം കൂട്ടുമ്പോഴും അടിഞ്ഞ മൺതിട്ടകൾ വാരിയെടുക്കുമ്പോഴും ലഭിക്കുന്ന മണ്ണും മണലും ശേഖരിച്ചു ലേലം ചെയ്തു വിൽക്കുന്നത് അഴിമതിരഹിതമായേതീരൂ. ഇങ്ങനെ ചെയ്യുന്നതിന്റെ മറവിൽ പലയിടത്തും വൻതോതിൽ മണൽക്കൊള്ള നടക്കുന്നതായി പരാതികൾ ഉയരുന്നുണ്ട്. 

കോവിഡ് വരുത്തിവച്ച മഹാനഷ്ടങ്ങളിൽനിന്നു കരകയറാൻ ഇപ്പോഴും നമുക്കായിട്ടില്ല. കെ‍‍ാടുംമഴക്കെടുതി മുന്നിൽക്കണ്ടുള്ള ബഹുമുഖ മുൻകരുതൽ  സംവിധാനങ്ങൾ ഇപ്പോഴേ സജീവമാകേണ്ടതുണ്ട്. കേരളം എത്രത്തോളം പ്രളയസാധ്യതയുള്ള നാടാണെന്നും അതിന്റെ ആഘാതം എത്ര കനത്തതാവുമെന്നും അനുഭവങ്ങൾ നമ്മെ പഠിപ്പിച്ചുകഴിഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കെ‍ാടുംമഴയുടെ ദുരന്തങ്ങളിൽ ഇവിടെ ഒട്ടേറെ ജീവഹാനികളും സഹസ്രകോടികളുടെ നഷ്ടവുമാണ് ഉണ്ടായതെന്നത് ഇനിയെങ്കിലും നമ്മെ കുറ്റമറ്റ കർമപദ്ധതികളിലേക്കും പരമാവധി ജാഗ്രതയിലേക്കും കൊണ്ടുപോയില്ലെങ്കിൽ വരുംതലമുറയോടുകൂടി കേരളം മറുപടി പറയേണ്ടിവരും. തലയ്ക്കു മീതെ വെള്ളം വരുമ്പോൾ മാത്രം അതിനു മുകളിലൊഴുകാനൊരു തോണി പുറത്തെടുത്താൽ മതിയോ നാം?

English Summary: Monsoon coming in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA