ADVERTISEMENT

ശക്തമായ എതിർപ്പിനും വിവാദത്തിനും പിന്നാലെ സിൽവർലൈൻ വേഗറെയിൽ പദ്ധതിയുടെ കല്ലിടലിൽനിന്നു സർക്കാർ പിന്മാറിയിരിക്കുകയാണ്. സാമൂഹികാഘാത പഠനത്തിന് അതിർത്തി നിർണയിക്കാൻ കല്ലിടൽ നിർബന്ധമില്ലെന്നും പകരം  ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ഡിജിപിഎസ്) വഴിയുള്ള  നിർണയം മതിയെന്നുമാണു റവന്യു വകുപ്പിന്റെ നിർദേശം. ഈ നിർദേശം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെങ്കിലും, കല്ലിടലിൽനിന്നു പിൻമാറാൻ സർക്കാർ നേരത്തേ വഴി തേടിയിരുന്നെങ്കിൽ കേരളം സംഘർഷഭൂമിയാകുമായിരുന്നോ? തുടക്കത്തിൽതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടതും സർക്കാരിന് അറിയാവുന്നതുമായ കാര്യമായിട്ടുപോലും ഏറ്റുമുട്ടലിന്റെ പാതയിലൂടെ മുന്നോട്ടുപോയതെന്തിനാണ്?

സർവേ അതിർത്തി അടയാള നിയമപ്രകാരം കല്ലിട്ടേ പറ്റൂ എന്ന വാശിയോടെയുള്ള മുൻനിലപാട് തിരുത്തി, തൃക്കാക്കര ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മധ്യത്തിലുള്ള ഈ മലക്കംമറിച്ചിൽ ഒരു പ്രധാന ചോദ്യം ഉയർത്തുന്നു: ജനവിരുദ്ധത തിരിച്ചറിഞ്ഞാണ് ഈ മനംമാറ്റമെങ്കിൽ ഇതിന്റെ പേരിലെടുത്ത  കേസുകളും പിഴ ചുമത്തലും എത്രയുംവേഗം പിൻവലിക്കുകകൂടി ചെയ്യേണ്ടതല്ലേ? 

പ്രതിഷേധമില്ലാത്ത സ്ഥലങ്ങളിലും സർക്കാർ ഭൂമിയിലും കല്ലിടൽ തുടരുമെന്നും എതിർപ്പുള്ളിടത്തു ജിപിഎസ് മാർക്കിങ് നടത്തുമെന്നാണ് കെ– റെയിൽ അധികൃതർ പറയുന്നത്. സിൽവർലൈൻ പദ്ധതിയുടെ 530 കിലോമീറ്ററിൽ ഇതുവരെ കല്ലിട്ടത് 190 കിലോമീറ്റർ ദൂരത്തിലാണ്. ആകെ സ്ഥാപിച്ച 6300 കല്ലുകളിൽ മുന്നൂറ്റിയൻപതിലേറെ എണ്ണം സമരക്കാർ പിഴുതുമാറ്റിയെന്നാണ് ഔദ്യോഗിക കണക്ക്. സംഘർഷം രൂക്ഷമായതോടെ കല്ലിടൽ നേരത്തേ അനൗദ്യോഗികമായി മരവിപ്പിച്ചിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം എവിടെയും കല്ലിട്ടിട്ടില്ല. എന്നാൽ, കല്ലിടൽ നിർത്തിയിട്ടില്ലെന്നായിരുന്നു കെ–റെയിൽ വാദം.

ജനങ്ങളെ വലിച്ചിഴച്ചും ചവിട്ടിമെതിച്ചും ഇട്ട കല്ലുകൾ സർക്കാരിനു മറക്കാം. എന്നാൽ, ഇതിന്റെ പേരിൽ പെ‍ാലീസ് മർദനവും കേസും പിഴയുമടക്കം സഹിക്കേണ്ടിവന്ന ജനങ്ങൾക്ക് ആ പീഡനകാണ്ഡം മറക്കാനാവുമോ? ശാന്തമായി കഴിഞ്ഞുവന്ന എത്രയോ കുടുംബങ്ങൾക്ക് നിനച്ചിരിയാതെ അനുഭവിക്കേണ്ടിവന്ന മനോവ്യഥയ്ക്കുള്ള മറുപടി എന്താണ്? കല്ലിടലിനു കെ– റെയിൽ ഇതിനകം ചെലവിട്ട 81 ലക്ഷം രൂപ ഏതു പാഴ്കണക്കിലാണ് ഇനി എഴുതിച്ചേർക്കേണ്ടത്?  

കല്ലു നിർബന്ധമല്ലെന്നു സർക്കാർതന്നെ പ്രഖ്യാപിച്ച സ്ഥിതിക്ക്, കല്ലിടലിനെതിരെ സമരം നടത്തിയവർക്കെതിരെ ചുമത്തിയ കേസുകളുടെ ഭാവിയും സർക്കാർ തീരുമാനിക്കണം. കല്ലു പറിച്ചവർക്കെതിരായ കേസുകളിൽ എത്രയും വേഗം കുറ്റപത്രം നൽകാൻതന്നെയാണ് ഇപ്പോഴത്തെ തീരുമാനം. സംസ്ഥാനത്താകെ 60 കേസുകളിലായി അഞ്ഞൂറിലേറെപ്പേരാണു പ്രതികൾ. പൊതുമുതൽ നശിപ്പിച്ചതിനു പുറമേ, പൊലീസിന്റെയും റവന്യു ഉദ്യോഗസ്ഥരുടെയും ജോലി തടസ്സപ്പെടുത്തിയതിനും കയ്യേറ്റം ചെയ്തതിനുമുള്ള വകുപ്പുകളും കേസുകളിൽ ചേർത്തിട്ടുണ്ട്. പലർക്കും 2000 മുതൽ 5000 രൂപ വരെ പിഴ ചുമത്തുകയും ചെയ്തു. ചില സാഹചര്യങ്ങളിൽ ജാമ്യമില്ലാ വകുപ്പു ചുമത്തിയും കേസുകളെടുത്തിട്ടുണ്ട്.

എതിർപ്പിനു മുന്നിൽ കീഴടങ്ങാതെ സിൽവർലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്ന്  ഇന്നലെ പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇതുകൂടി കൂട്ടിച്ചേർത്തു: കല്ലിടാൻ പോകുന്ന പ്രദേശങ്ങളിൽ തടസ്സമുണ്ടെങ്കിൽ കല്ലിടാതെയും പദ്ധതി നടപ്പാക്കാം. ആധുനിക സംവിധാനങ്ങളുപയോഗിച്ച് ഇതു നടപ്പാക്കാമെന്നുകൂടി അദ്ദേഹം പറയുമ്പോൾ കേരളത്തിനു ചോദിക്കാതെവയ്യ: എങ്കിൽ എന്തിനാണ് ഇതിന്റെ പേരിൽ ജനങ്ങളെ പെ‍ാലീസ് തല്ലിച്ചതച്ചത്? എന്തിനാണ് അറസ്റ്റും കേസും പിഴയുമെ‍ാക്കെയായി അവരുടെ ജീവിതത്തിനുമേൽ അഴിഞ്ഞാടിയത്? കല്ലു പറിക്കുംമുൻപ് സ്വന്തം പല്ലു സൂക്ഷിക്കണമെന്ന് ഒരു നേതാവു പറഞ്ഞതും കേരളം കേട്ടു.

ജനങ്ങളെ ഒപ്പം നിർത്തിക്കൊണ്ടുള്ള വികസനമാണു നാടിന് ആവശ്യം. അതുകെ‍ാണ്ടുതന്നെ, സിൽവർലൈനിനെക്കുറിച്ചു വിദഗ്ധരും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പോലെയുള്ള സംഘടനകളും ഉയർത്തിയ ആശങ്കകൾ സർക്കാർ ഇനിയെങ്കിലും ഗൗരവത്തോടെ കാണേണ്ടതുണ്ട്. ജനവികാരം മാനിക്കാതെ ധാർഷ്ട്യത്തോടെ മുന്നോട്ടുപോകുകയും പരമാവധി ബുദ്ധിമുട്ടുണ്ടാക്കിയശേഷം വീണ്ടുവിചാരമുണ്ടാവുകയും ചെയ്യുന്നതിൽ അർഥമില്ല.  

കല്ലിടലിൽനിന്നു പിന്മാറിയതിന്റെ വിശ്വാസ്യത തെളിയിക്കേണ്ട ഉത്തരവാദിത്തംകൂടി ഇതോടെ‍ാപ്പം സർക്കാരിനില്ലേ? ഉപതിരഞ്ഞെടുപ്പിനുവേണ്ടിയുള്ള രാഷ്ട്രീയക്കളിയല്ല ഇപ്പോഴത്തെ മലക്കംമറിച്ചിലെങ്കിൽ, ജനങ്ങളുടെമേൽ അനാവശ്യമായി ചുമത്തിയ കേസുകൾ റദ്ദാക്കിയും ഈടാക്കിയ പിഴ തിരിച്ചുകെ‍ാടുത്തുമാണ് അടിയന്തരമായി അതു തെളിയിക്കേണ്ടത്. ഇതിന്റെ പേരിൽ നൂറുകണക്കിനു കുടുംബങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്കു ക്ഷമ ചോദിക്കേണ്ട ധാർമിക ബാധ്യതയും സർക്കാരിനുണ്ട്.

English Summary: Silver Line protest case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com