ADVERTISEMENT

മാനസികാരോഗ്യ ചികിത്സാരംഗത്ത് ലോകം ഏറെ മുന്നേറിക്കഴിഞ്ഞു. നമ്മുടെ ആശുപത്രികളിലും അതിന്റെ പ്രതിഫലനം ഉണ്ടാകേണ്ടതാണ്. സാമൂഹികസുരക്ഷാ സൂചികയിൽ വളരെ മുന്നിൽനിൽക്കുന്ന കേരളത്തിൽ ആകെയുള്ള മൂന്ന് സർക്കാർ ചികിത്സാലയങ്ങളുടെ സ്ഥിതി പക്ഷേ ആരെയും ഞെട്ടിപ്പിക്കും. കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം ആശുപത്രികളിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ പരിഷ്കൃതസമൂഹത്തെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ലോക സ്കിസോഫ്രീനിയ ദിനമായി ആചരിക്കുന്ന ഇന്ന് ഈ അശരണരുടെ ജീവിതത്തിലേക്ക് സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ്.

തിരുവനന്തപുരം ഊളൻപാറ, കോഴിക്കോട് കുതിരവട്ടം, തൃശൂർ പടിഞ്ഞാറേക്കോട്ട എന്നീ മൂന്നു കേന്ദ്രങ്ങളിൽ സർക്കാർ കണക്കുപ്രകാരം ഉള്ളത് 1362 പേരെ ചികിത്സിക്കാനുള്ള സൗകര്യം. മൂന്നിടത്തുമായി ഇപ്പോഴുള്ളത് 1332 അന്തേവാസികൾ. ഇവരിൽ രോഗം മാറിയിട്ടും പോകാനിടമില്ലാതെ കേന്ദ്രങ്ങളിൽ തന്നെ താമസിക്കുന്നത് 237 പേർ.

കഴിഞ്ഞ ഫെബ്രുവരി ഒൻപതിനാണു കേരളം നടുങ്ങിയ ആ കൊലപാതകമുണ്ടായത്. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഇടുങ്ങിയ മുറിയിൽ സഹതടവുകാരിയുടെ അടിയും തൊഴിയുമേറ്റു മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ഗലോട്ട് (28) കൊല്ലപ്പെട്ടു. സംഘർഷത്തിന്റെ കാരണം അറിഞ്ഞാൽ ഒന്നുകൂടി നടുങ്ങും. സെൽ എന്നു വിളിക്കാവുന്ന കുടുസ്സു മുറിയിൽ 3 പേർ. കിടക്കാൻ ആകെയുള്ളതു ചെറിയ തിണ്ണ. ആ സങ്കൽപക്കട്ടിലിൽ കിടക്കാനായി രണ്ടു പേർ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിലായിരുന്നു കൊലപാതകം.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചെന്നാൽ ആദ്യം കാണുക മനോഹരമായ പൂന്തോട്ടവും ഇരിപ്പിടങ്ങളും ആകർഷകമായ പരിസരവുമാണ്. പക്ഷേ, ആദ്യത്തെ ആ കാഴ്ചയ്ക്കപ്പുറം രണ്ടാമതൊരു വാതിലുണ്ട്. അവിടെയാണു മനോദൗർബല്യമുള്ളവരെ താമസിപ്പിക്കുന്ന സെല്ലുകളും വാർഡുകളും.

മുറിയിൽ തുറന്ന ശുചിമുറി

ചെളിക്കുണ്ടിനെക്കാൾ വൃത്തിഹീനമായ, ദുർഗന്ധം വമിക്കുന്ന മുറികളിൽ കുറെ മനുഷ്യർ. ഒരാൾക്കു വേണ്ടിയുണ്ടാക്കിയ സെല്ലിൽ 3 പേർ. മറ്റു സെല്ലുകളിൽ നാലും അഞ്ചും പേർ. ഈ കുടുസ്സു മുറിയിൽത്തന്നെ തുറന്ന ശുചിമുറിയും. തറയിൽ പായ വിരിച്ചുവേണം ഉറങ്ങാൻ. ആത്മഹത്യാപ്രവണതയുള്ള വനിതകളെ താമസിപ്പിച്ചിരിക്കുന്നതു പരിപൂർണ നഗ്നരാക്കി പ്രത്യേക മുറിയിൽ. വസ്ത്രം നൽകിയാൽ പലരും കഴുത്തിൽ കുരുക്കിട്ടു മരിക്കാൻ ശ്രമിക്കുന്നതു കൊണ്ടും കീറിപ്പറിക്കുന്നതു കൊണ്ടുമാണു കൊടുക്കാത്തത് എന്നാണു വിശദീകരണം. സന്ദർശകർ ഈ കാഴ്ച കാണാതിരിക്കാൻ സെല്ലിനു മുന്നിൽ സാരി കെട്ടി മറച്ചിട്ടുണ്ട്. വസ്ത്രമുള്ളവരാണെങ്കിൽ അതിൽ പുരണ്ട വിസർജ്യങ്ങളുമായി അതേപടി. സെല്ലിനു പുറത്തുനിന്നു പൈപ്പിലൂടെ വെള്ളം ചീറ്റിച്ചാണ് ഇവരെ കുളിപ്പിക്കുന്നത്. 

കാറ്റും വെളിച്ചവും ശരിക്കു കടക്കാത്ത പഴയ പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങൾ. പലതിലും മൺകൂനകൾ. ഒട്ടും ശുചിത്വമില്ലാത്ത ശുചിമുറികൾ. ‘ഞങ്ങളെ പുറത്തു വിടൂ...’ എന്ന് അലറിക്കരയുന്ന അന്തേവാസികൾ. സാമൂഹിക സുരക്ഷാ സൂചികയിൽ എല്ലാ മേഖലകളിലും മുന്നിൽ നിൽക്കുന്ന കേരളത്തിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലെ കാഴ്ചകളാണിത്. ബോധം അൽപമെങ്കിലും അവശേഷിക്കുന്നവർക്ക്, ഇവിടെക്കഴിഞ്ഞാൽ അതുകൂടി എന്നെന്നേക്കുമായി നഷ്ടപ്പെടും. ചോദിക്കാനും പറയാനും ആരുമില്ലാത്ത, ചോദ്യം ചെയ്യാൻ കഴിവില്ലാത്ത ഇവർക്ക് ഇത്രയൊക്കെ മതി എന്നു സർക്കാർ കരുതുന്നു!

ആർക്കാണ് ഭ്രാന്ത് !

ജിയ കൊല്ലപ്പെട്ടു രണ്ടു ദിവസത്തിനു ശേഷമാണു നിലമ്പൂർ സ്വദേശിയായ സൽമ (യഥാർഥ പേരല്ല) കുതിരവട്ടം കേന്ദ്രത്തിൽനിന്നു രക്ഷപ്പെട്ടത്. പ്ലേറ്റ് കൊണ്ടു ചുമർ തുരന്നുണ്ടാക്കിയ ചെറിയ ദ്വാരത്തിലൂടെയാണു  പുറത്തുപോയത്. അന്നു തന്നെ മലപ്പുറം കലക്ടറുടെ ഔദ്യോഗിക വസതിയിൽനിന്ന് ഇവരെ പൊലീസ് കണ്ടെത്തി. 

mental

ഞങ്ങൾ കാണുമ്പോൾ സൽമ  താനടക്കമുള്ള അന്തേവാസികൾ കഴിയുന്ന വാർഡ് കഴുകിത്തുടയ്ക്കുകയാണ്. കൂട്ടത്തിലുള്ള അന്തേവാസിയെ കുളിപ്പിച്ചു വൃത്തിയാക്കിയതും സൽമയാണ്. 

എന്തിനാണ് ഇത്രയും കഷ്ടപ്പെട്ടു ചാടിപ്പോയതെന്നു ചോദിച്ചപ്പോൾ സൽമ പറഞ്ഞു: ‘‘ഞാൻ കലക്ടറെ ഒന്നു കാണാൻ പോയതാണ്, പരാതി പറയാൻ. നിങ്ങൾ ഇവിടെയൊക്കെ ഒന്നു കണ്ടുനോക്ക്. ഞങ്ങളെ ഇങ്ങനെ കൊണ്ടുവന്നു കൂട്ടിലിട്ടാൽ മതിയോ? നോക്കാൻ ആരെങ്കിലും വേണ്ടേ? ഇവിടെയുള്ളവരുടെ അവസ്ഥ നോക്ക്. തുണിയില്ലാത്തവരുണ്ട്, ഉള്ള തുണിയിൽ മലമൂത്ര വിസർജനം നടത്തുന്നവരുണ്ട്, നാറുന്നവരുണ്ട്. ഇവരെയൊക്കെ വൃത്തിയാക്കേണ്ടേ. ഞാൻ ഇവരെയൊക്കെ കുളിപ്പിച്ചു വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ഈ മുറിയൊക്കെ തുടച്ചു. ആരെങ്കിലും ഇതൊക്കെ ചെയ്യണ്ടേ. ’’ ഇനി പറയൂ, ആർക്കാണ് യഥാർഥത്തിൽ ഭ്രാന്ത്?

സ്റ്റാഫ് പാറ്റേൺ മാറണം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെയെല്ലാം സമനില തെറ്റിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ജീവനക്കാരുടെ കുറവുമാണ്. ഈ കേന്ദ്രങ്ങളിലെ സ്റ്റാഫ് പാറ്റേൺ തന്നെ അശാസ്ത്രീയമാണ്. സാധാരണ ആശുപത്രികളിലെ അതേ അനുപാതമാണ് ഇവിടെയും; 6 രോഗികൾക്ക് ഒരു നഴ്സും അറ്റൻഡറും. മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഈ അനുപാതം മൂന്നു രോഗികൾക്ക് ഒരു നഴ്സും നഴ്സിങ് അസിസ്റ്റന്റും അറ്റൻഡറും എന്ന രീതിയിലാക്കിയാലേ 3 ഷിഫ്റ്റുകളിലായി  പരിചരണം ഉറപ്പാക്കാനാകൂ എന്നു മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

ഇന്ന് ലോക സ്കിസോഫ്രീനിയ ദിനം

നമ്മുടെ സമൂഹത്തിലെ നൂറുപേരിൽ ഒരാൾ സ്‌കിസോഫ്രീനിയയെന്ന രോഗത്തിന്റെ പിടിയിലാണെന്നാണു കണക്കുകൾ.രോഗിയെ സ്വാഭാവികജീവിതത്തിലേക്കു തിരികെക്കൊണ്ടുവരാൻ ഏറെ ശ്രമം വേണം. അത്തരം ശ്രമങ്ങൾ സജീവമാക്കാനാണു മേയ് 24ന് സ്കിസോഫ്രീനിയ ബോധവൽക്കരണ ദിനം ആചരിക്കുന്നത്.

നൽകുന്നത് വിലക്കുപട്ടികയിലെ കമ്പനിയുടെ മരുന്ന് !

കുതിരവട്ടത്തെ ഗുരുതര രോഗികൾക്കു ഗുണനിലവാരം ഇല്ലാത്ത മരുന്ന് നൽകുന്നതായി വിവരാവകാശ രേഖ

കോഴിക്കോട് കുതിരവട്ടം സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗികൾക്കു വിതരണം ചെയ്യുന്ന മരുന്നുകളിൽ ഏറെയും ഗുണനിലവാരം കുറഞ്ഞ കമ്പനിയുടേതെന്നു വിവരാവകാശ രേഖകൾ. ആശുപത്രിയിൽനിന്നു നൽകുന്ന ഇൻഡന്റിന്റെ അടിസ്ഥാനത്തിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) വഴിയാണു മരുന്നുകൾ എത്തിക്കുന്നത്. ഇങ്ങനെ വിതരണം ചെയ്തവയിൽ പകുതിയോളവും വിലക്കുപട്ടികയിൽ ഉൾപ്പെട്ട കമ്പനിയുടേതാണെന്നാണു രേഖകൾ. 

രണ്ടു വർഷത്തിനിടയിൽ 40 ഇനം മരുന്നുകളാണു കുതിരവട്ടത്തെ രോഗികൾക്കു വിതരണം ചെയ്തത്. ഇതിൽ 16 എണ്ണവും വിലക്കുപട്ടികയിൽ ഉൾപ്പെട്ട കമ്പനിയുടേതാണ്. സ്കിസോഫ്രീനിയ, ന്യൂറോളജി പ്രശ്നങ്ങൾ, വിഷാദരോഗം, ബൈപോളാർ ഡിസോർഡർ, അപസ്മാരം, മൂഡ് ഡിസോർഡർ തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾക്കെല്ലാം വിതരണം ചെയ്യുന്നത് ഈ കമ്പനിയുടെ മരുന്നുകളാണെന്നു വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 

മരുന്നുകൾ ഉപയോഗയോഗ്യമല്ലെന്ന പേരിൽ കമ്പനിയെ കേരളത്തിൽ തന്നെ ഒന്നിലേറെ തവണ വിലക്കുപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഛത്തീസ്ഗഡിലും ഈ കമ്പനി വിലക്കുപട്ടികയിലാണ്. 

മറ്റു രോഗികൾക്ക് കഴിക്കുന്ന മരുന്നിന്റെ ദൂഷ്യഫലമോ ഫലമില്ലായ്മയോ കൃത്യമായി ഡോക്ടറോട് ആശയവിനിമയം നടത്താൻ കഴിയും. എന്നാൽ, മനോദൗർബല്യമുള്ളവർക്കു നൽകുന്ന മരുന്നിന്റെ ഫലപ്രാപ്തി സംബന്ധിച്ചു കൃത്യമായി പറയാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഇത്തരം രോഗികൾക്കു വിലക്കുപട്ടികയിലുള്ള കമ്പനിയുടെ മരുന്നു  നൽകുന്നതു കടുത്ത മനുഷ്യാവകാശ ലംഘനമാണ്.

സർക്കാരിനു മുന്നിലേക്ക് ഈ ചോദ്യങ്ങൾ

∙ രാജഭരണകാലത്തു സ്ഥാപിക്കപ്പെട്ട 3 സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളാണു കേരളത്തിലുള്ളത്. 

    അതിനപ്പുറത്തേക്ക് എന്തുകൊണ്ടു നമ്മുടെ മാനസികാരോഗ്യ ചികിത്സാ പദ്ധതികൾ വളർന്നില്ല 

∙ കേരളത്തിനു മുഴുവനായി 3 സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങൾ മതിയോ

∙ കിഫ്ബി പദ്ധതിയിൽ നിന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളെ തഴയുന്നത് എന്തുകൊണ്ട് 

∙  രോഗികളെ വൃത്തിഹീനവും അപകടകരവുമായ സാഹചര്യത്തിൽ ഇങ്ങനെ പാർപ്പിച്ചാൽ മതിയോ

∙ ശരിയായ പരിചരണത്തിന് ആവശ്യമായ ജീവനക്കാരെ നിയമിക്കാത്തതിൽ എന്തു ന്യായമാണുള്ളത് 

ജീവനക്കാരില്ല, ഉള്ളവർക്ക് ഒന്നും ചെയ്യാനാവുന്നുമില്ല

kozhikode
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ഉള്ളിൽ നിന്നുള്ള ദൃശ്യം.

മറ്റു രോഗികളെ പരിചരിക്കുന്നതു പോലെയല്ല മനോദൗർബല്യമുള്ളവരെ പരിചരിക്കേണ്ടത്. ഒരാൾക്ക് 3 പേരെങ്കിലും വേണം. എന്നാൽ, 470 അന്തേവാസികൾക്കായി കുതിരവട്ടത്തുള്ളത് 285 ജീവനക്കാർ. മർദനമേറ്റ ജിയയുടെ മരണത്തിലേക്കു നയിച്ചതും ജീവനക്കാരുടെ എണ്ണക്കുറവും അശ്രദ്ധയുമാണ്. സെല്ലിൽ അന്തേവാസികൾ തമ്മിലുള്ള തർക്കം കേട്ട് ഓടിയെത്തിയ ജീവനക്കാർ ഒരു അന്തേവാസിയെ മാത്രമാണു പുറത്തെത്തിച്ചത്. ഇവരുടെ ദേഹത്തുള്ള ചോര കണ്ട് ഇവർക്കു പരുക്കേറ്റെന്നു കരുതി ഡോക്ടറുടെ അടുത്തേക്കു കൊണ്ടുപോയി. എന്നാൽ, നിലത്തു കിടന്നു ഞരങ്ങിക്കൊണ്ടിരുന്ന ജിയയെ പരിശോധിക്കാനോ എന്തു പറ്റിയെന്നു തിരക്കാനോ ജീവനക്കാർ തയാറായില്ല. ഒൻപതിനു വൈകിട്ട് 7.30നു സംഭവിച്ച മരണം പിറ്റേദിവസം രാവിലെ 5.20നാണ് ആശുപത്രി അധികൃതർ അറിയുന്നത്. 

അന്തേവാസികൾ തമ്മിൽ അടിപിടിയുണ്ടായാൽ ജീവനക്കാർ കാര്യമായി ഇടപെടാറില്ല. ഭയമാണു പ്രധാന കാരണം. പിടിച്ചുമാറ്റാൻ ചെല്ലുന്നവരെ അവർ ആക്രമിക്കും. 470 അന്തേവാസികൾക്കായി ആകെയുണ്ടായിരുന്നത് 4 താൽക്കാലിക സുരക്ഷാ ജീവനക്കാരാണ്. രാത്രി ഒരാൾ മാത്രവും. തൃശൂർ പടിഞ്ഞാറേക്കോട്ടയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ അക്രമാസക്തനായ രോഗി ഒളിപ്പിച്ചുവച്ചിരുന്ന പേനാക്കത്തി ഉപയോഗിച്ചു ഡോക്ടറെ ആക്രമിച്ചതു കുറച്ചുവർഷം മുൻപാണ്. കുത്തേറ്റ ഡോക്ടറുടെ കരളിന്റെ ഒരു ഭാഗം മുറിഞ്ഞു. രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. ടൈലും ഇഷ്ടികയും ഓടുമൊക്കെ പൊട്ടിച്ചെടുത്തു ജീവനക്കാരെ ആക്രമിക്കുന്നവരുമുണ്ട്.

അമിതഭാരം പേറുന്ന ജീവനക്കാർ

oolampara
തിരുവനന്തപുരം ഊളൻപാറയിലെ മാനസികാരോഗ്യ കേന്ദ്രം.

ചികിത്സിക്കാനും പരിപാലിക്കാനും സുരക്ഷയൊരുക്കാനുമൊന്നും മതിയായ ജീവനക്കാരില്ല എന്നതാണു തിരുവനന്തപുരം പേരൂർക്കട ഊളൻപാറയിലെ മാനസികാരോഗ്യ കേന്ദ്രത്തിലെയും പ്രശ്നം. 531 കിടക്കകളാണ് ആശുപത്രിയിലുള്ളത്. പക്ഷേ, സ്ഥിരമായി 700ൽ അധികം രോഗികൾ ഇവിടെയുണ്ട്. ശേഷിക്കുന്നവരെ വാർഡുകളിൽ തറയിൽ കിടത്തിയിരിക്കുകയാണ്. മൂന്നു ഷിഫ്റ്റിലായി ജോലി ചെയ്യുന്നതു മുപ്പതോളം ഡോക്ടർമാരും 72 സ്റ്റാഫ് നഴ്സുമാരും 22 നഴ്സിങ് അസിസ്റ്റന്റുമാരും 133 ഗ്രേഡ് 2 അറ്റൻഡർ‌മാരും 20 ഗ്രേഡ് 1 അറ്റൻഡർമാരുമാണ്. ഇതിനൊപ്പം ദിവസവും ഒപിയിൽ 200 – 250 പേർ ചികിത്സ തേടിയെത്തുന്നുമുണ്ട്. ഒപി ഡ്യൂട്ടിക്കും ജീവനക്കാരെ നിയോഗിക്കണം. അതോടെ, ഒരു നഴ്സ് രണ്ട് വാർഡിന്റെ ചുമതല വഹിക്കേണ്ട അവസ്ഥയാണ്. ഒരു വാർഡിൽ ഒരു അറ്റൻഡർ മാത്രം. ജീവനക്കാർ അവധിയെടുക്കുമ്പോൾ അതു പിന്നെയും ചുരുങ്ങും. 

ഹൈക്കോടതി ഉത്തരവനുസരിച്ച് 30 സുരക്ഷാ ജീവനക്കാർ വേണ്ട കേന്ദ്രത്തിൽ ഉള്ളത് 13 പേർ മാത്രം. കരാർ ജീവനക്കാരായ ഇവർക്ക് ഒരു വർഷത്തിലേറെയായി ശമ്പളം കിട്ടിയിരുന്നില്ല. ഇന്നലെയാണ് ശമ്പളക്കുടിശിക തീർക്കാൻ സർക്കാർ 31 ലക്ഷം രൂപ അനുവദിച്ചത്. തൃശൂർ പടിഞ്ഞാറേക്കോട്ടയിലെ കേന്ദ്രത്തിൽ വേണ്ടതിന്റെ മൂന്നിലൊന്നു ജീവനക്കാർ പോലുമില്ല.   നൂറുകണക്കിനു രോഗികളും കുറ്റവാളികളടക്കമുള്ള കസ്റ്റഡി രോഗികളും ഒപിയിൽ വരുന്ന ഒട്ടേറെ രോഗികളുമുള്ള ഇവിടെ 12 സുരക്ഷാജീവനക്കാരെങ്കിലും വേണം. 4 തസ്തിക അനുവദിച്ചിട്ടുണ്ടെങ്കിലും നിലവിലുള്ളതു 2 പേർ മാത്രം. അക്രമാസക്തരായി വരുന്ന രോഗികളെ പിടിച്ചുനിർത്താനും മറ്റും നാലും അഞ്ചും പേർ വേണം. 14 ഏക്കർ വൃത്തിയാക്കാൻ 2 പാർട്‌ടൈം തൂപ്പുകാർ മാത്രം. ശുചീകരണ ജീവനക്കാരുടെ ആറു തസ്തികകളിൽ ആളില്ല. കുക്ക് തസ്തിക മുന്നറിയിപ്പുകൂടാതെ സർക്കാർ നിർത്തലാക്കി. ഈ ജോലികൂടി ശുചീകരണ ജീവനക്കാരുടെ തലയിലായി. ഡോക്ടർമാരുടെയും നഴ്സിങ് അസിസ്റ്റന്റുമാരുടെയുമൊക്കെ കാര്യത്തിലും ഇതു തന്നെയാണു സ്ഥിതി. 

പഴക്കമുണ്ട് രാജഭരണത്തോളം

കേരളത്തിന്റെ മാനസികാരോഗ്യ രംഗത്തിന്റെ വളർച്ചയുടെയും തളർച്ചയുടെയും നേർസാക്ഷ്യമാണു തിരുവനന്തപുരം പേരൂർക്കട ഊളൻപാറയിലെ മാനസികാരോഗ്യ കേന്ദ്രം. രാജഭരണകാലത്ത് 1870ൽ ആരംഭിച്ച കേന്ദ്രത്തിനു വയസ്സ് 152 ആയി. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെക്കുറെ തുടങ്ങിയ ഇടത്തു തന്നെ നിൽപാണ് ഇന്നും. പ്രായാധിക്യപ്രശ്നങ്ങൾ ഏറെയാണെങ്കിലും പരിഹരിക്കാൻ മതിയായ ‘ചികിത്സ’ നടത്തിയിട്ടില്ല. ആ പരിമിതികൾക്കുള്ളിലേക്കു തെക്കൻ തമിഴ്നാട്ടിൽ നിന്നടക്കം താങ്ങാവുന്നതിലേറേപ്പേർ ചികിത്സ തേടി എത്തുന്നതോടെ സ്ഥാപനത്തിന്റെയും ‘സമനില’ തെറ്റുന്നു. 

സൈക്യാട്രി ഡിപ്ലോമ കോഴ്സടക്കം നടത്തുന്ന സ്ഥാപനത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി പേര് ‘മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച് സെന്റർ’ എന്നാക്കണമെന്ന ശുപാർശ ആരോഗ്യവകുപ്പ് ഡയറക്ടർ അംഗീകരിച്ചു സർക്കാരിനു സമർപ്പിച്ചിട്ട് 6 വർഷമാകുന്നു. 

36 ഏക്കർ വരുന്ന കേന്ദ്രത്തിലെ വാർഡുകളിൽ ഭൂരിഭാഗവും തുടക്കകാലത്തു നിർമിച്ച ഓടിട്ട കെട്ടിടങ്ങളാണ്. മേൽക്കൂരയടക്കം ദ്രവിച്ചു ശോച്യാവസ്ഥയിലാണ്. 32 വാർഡുകളാണുള്ളത്. ഒന്നിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നിലവിലുള്ളത് 31 എണ്ണം. സമഗ്രവികസനം ലക്ഷ്യമിട്ട് 100 കോടി രൂപയുടെ മാസ്റ്റർ പ്ലാനിന്റെ രൂപരേഖ തയാറാക്കി. പക്ഷേ, തുടർനടപടി മരവിച്ചു.  

2012ൽ പുതിയ സെൽ ബ്ലോക്ക് പണിയാൻ 1.10 കോടി രൂപ അനുവദിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് പണി ആരംഭിച്ചെങ്കിലും ചതുപ്പുഭൂമിയിൽ പൈലിങ് ഉൾപ്പെടെ വേണ്ടിവന്നതിനാൽ പണി പാതിവഴിക്കു നിലച്ചു. 20 സെല്ലുകൾ ഉൾപ്പെടുന്ന ഈ കെട്ടിടം പൂർത്തിയാക്കാൻ ഇനിയും 1.5 കോടി രൂപയെങ്കിലും വേണം.  

trissur-mental-hspital
തൃശൂർ പടിഞ്ഞാറേക്കോട്ടയിലെ മാനസികാരോഗ്യ കേന്ദ്രം.

കോഴിക്കോട് കുതിരവട്ടം ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിന്റെ പഴക്കം 147 വർഷമാണ്. 9 കിടക്കകളുമായി തുടങ്ങിയ ഇവിടെ ഇപ്പോൾ 470 കിടക്കകൾ, മൊത്തം അന്തേവാസികൾ 482. 

തൃശൂർ പടിഞ്ഞാറേക്കോട്ട മാനസികാരോഗ്യ കേന്ദ്രത്തിലും സ്ഥിതി വ്യത്യസ്തമല്ല. പഴക്കം ചെന്ന മുറികൾ, പഴയ കെട്ടിടങ്ങൾ. ഇവ പൊളിച്ചു പുറത്തിറങ്ങാൻ മനോനില തെറ്റിയവരോ ലഹരിക്ക് അടിമകളോ ആയവർക്കു നിസ്സാരമായി കഴിയും. പുറത്തിറങ്ങിയാലോ, 14 ഏക്കറിനു ചുറ്റുമായി പണ്ടെങ്ങോ നിർമിച്ച, ആവശ്യത്തിന് ഉയരമില്ലാത്ത മതിൽ. അതു പലയിടത്തും പൊളിഞ്ഞുകിടക്കുന്നു. അന്തേവാസികൾ ഇവിടെ നിന്നു ചാടിപ്പോയ സംഭവങ്ങൾ ഒട്ടേറെ.  2000 മുതൽ 2020 വരെയുള്ള കാലയളവിൽ തൃ‌ശൂർ മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നു ചാടിപ്പോയവരിൽ കോടതി ഉത്തരവു പ്രകാരം പാർപ്പിക്കപ്പെട്ടവർ മാത്രം 50 പേർ. ഈ കാലയളവിൽ 175 പേർ ഇവിടെ മരിച്ചിട്ടുമുണ്ട്.

ആർക്കും വേണ്ടാതെ ഇവിടെയുണ്ട് ചിലർ

53 വർഷമായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അടച്ചിട്ട സെല്ലിൽ കഴിയുന്ന ഒരാളുണ്ട്. സ്കിസോഫ്രീനിയ ബാധിച്ച്, ചെയ്ത കുറ്റം എന്താണെന്നറിയാതെ, എന്തിനാണു പൂട്ടിയിട്ടിരിക്കുന്നത് എന്നറിയാതെ കഴിയുന്ന റിമാൻഡ് തടവുകാരൻ! 

പാലക്കാട് സ്വദേശി രാജന് (യഥാർഥ പേരല്ല) ഇപ്പോൾ വയസ്സ് 75. ഇദ്ദേഹം ഇപ്പോൾ രോഗം കൂടുതൽ ഗുരുതരമായി അതേ ആശുപത്രി സെല്ലിൽ കഴിയുന്നു. 

1969 ഫെബ്രുവരി 10നു പാലക്കാട് സെഷൻസ് കോടതിയാണു രാജനെ റിമാൻഡ് ചെയ്തത്. വിചാരണ നേരിടാനുള്ള മാനസികശേഷി ഇല്ലാത്തതിനാൽ ചികിത്സിച്ചു ഭേദമാക്കാൻ കോടതി കുതിരവട്ടത്തേക്ക് അയച്ചു. നീണ്ട ചികിത്സയ്ക്കുശേഷവും രാജന്റെ രോഗം മാറിയിട്ടില്ല. മാറുമോയെന്നു ഡോക്ടർമാർക്കും ഉറപ്പില്ല. എന്തായിരുന്നു രാജൻ ചെയ്ത കുറ്റമെന്ന് ഇപ്പോൾ ആർക്കും അറിയില്ല. ബന്ധുക്കൾ ആരെങ്കിലുമുണ്ടോ, ഉണ്ടെങ്കിൽ എവിടെയാണ്, ആരാണ് എന്നൊന്നും അറിയില്ല.  

ഇവരെ വിചാരണയിൽ നിന്നൊഴിവാക്കണമെങ്കിൽ കോടതി ഉത്തരവുണ്ടാകണം. ആശുപത്രിയിൽനിന്നു വിട്ടയയ്ക്കാൻ സർക്കാർ തീരുമാനമെടുക്കണം. ഇത്രയും വർഷം പിന്നിട്ടവരെ ആശുപത്രിയിൽ നിന്നു മാറ്റണമെന്നാവശ്യപ്പെട്ടു പല തവണ സർക്കാരിന് കത്തയച്ചിരുന്നു.  ആശുപത്രിയിൽ നിന്നു മാറ്റാൻ തീരുമാനിച്ചാലും ഗുരുതരമായ മനോദൗർബല്യം ബാധിച്ച ഇത്തരക്കാരെ ആര് ഏറ്റെടുക്കും? എവിടെ പുനരധിവസിപ്പിക്കും? നിലവിൽ സംസ്ഥാനത്ത് അത്തരം സംവിധാനങ്ങളൊന്നുമില്ല. ‌ഇതു രാജന്റെ മാത്രം ജീവിതമല്ല, മാനസികനില തെറ്റി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു കോടതി ഇടപെട്ടു ചികിത്സയ്ക്കു വിട്ട്  ഇരുപതും മുപ്പതും വർഷം പിന്നിട്ടവർ വേറെയുമുണ്ട്.

ആജീവനാന്ത ‘രോഗികൾ’

കേരളത്തിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങൾ നേരിടുന്ന വെല്ലുവിളി താങ്ങാനാവാത്തത്ര രോഗികളുണ്ട് എന്നതാണ്. ചികിത്സ പൂർത്തിയായിട്ടും രോഗം ഭേദമായിട്ടും ആരും ഏറ്റെടുക്കാനില്ലാതെയും പോകാൻ ഇടമില്ലാതെയും മൂന്നു മാനസികാരോഗ്യ കേന്ദ്രങ്ങളിലുമായി കഴിയുന്നതു നൂറുകണക്കിനു പേരാണ്. തിരുവനന്തപുരത്തു മാത്രം 150 പേരുണ്ട്. ഇവരിൽ പകുതിയോളം സ്ത്രീകൾ. ഇതര സംസ്ഥാനക്കാരുമുണ്ട്. സർക്കാർ ഗ്രാന്റ് നൽകുന്ന പുനരധിവാസ കേന്ദ്രങ്ങളെല്ലാം നിറഞ്ഞിരിക്കുകയാണ്. കൂടുതൽ അഭയകേന്ദ്രങ്ങൾ തുടങ്ങി രോഗം ഭേദമായവരെ അവിടേക്കു മാറ്റിയാൽ തന്നെ മാനസികാരോഗ്യ കേന്ദ്രത്തിലെ തിരക്കു കുറയ്ക്കാനാകുമെന്നു ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. 

നീക്കിവയ്ക്കുന്നത് 1.16% മാത്രം

2016 ലെ ദേശീയ മാനസികാരോഗ്യ സർവേ പ്രകാരം കേരളത്തിലെ മൊത്തം ജനങ്ങളിൽ 11.36% പേർ വിവിധ തരത്തിലുള്ള മാനസിക ദൗർബല്യങ്ങൾ നേരിടുന്നവരാണ്. വിഷാദരോഗവും ആത്മഹത്യാ പ്രവണതയും മുതൽ സ്കിസോഫ്രീനിയ വരെ ഇതിൽ ഉൾപ്പെടും. എന്നാൽ, കേരളത്തിന്റെ ആരോഗ്യബജറ്റിന്റെ 1.16% മാത്രമാണ് മാനസികാരോഗ്യ മേഖലയ്ക്കു വേണ്ടി നീക്കിവയ്ക്കുന്നത്.

റിപ്പോർട്ട്: സന്തോഷ് ജോൺ തൂവൽ, അനീഷ് നായർ, കെ.പി. സഫീന.

സങ്കലനം: ജിജീഷ് കൂട്ടാലിട

English Summary: Caregivers of schizophrenia patients need care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com