ADVERTISEMENT

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫാർമസ്യൂട്ടിക്കൽ കമ്പനികളിലൊന്നാണു ഫൈസർ. വയാഗ്ര അടക്കം ഒട്ടേറെ മരുന്നുകളുടെ ഉൽപാദകർ എന്ന നിലയിൽ ഏറെ പ്രശസ്തം. കോവിഡ് വന്നതോടെ ഫൈസർ വാക്സീനിലൂടെ കമ്പനി വീണ്ടും വാർത്തകളിൽ നിറഞ്ഞു.

ഫൈസറിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റാഡി ജോൺസനെ അറസ്റ്റ് ചെയ്തു എന്ന വാർത്ത ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചതു ലോകം ഞെട്ടലോടെയാണു കേട്ടത്. ഫൈസർ കമ്പനിയിൽനിന്നുള്ള ആയിരത്തോളം രഹസ്യരേഖകൾ ചോർന്നുവെന്നും അതിൽ കോവിഡ് വാക്സീൻ സുരക്ഷിതമല്ലെന്നു സൂചിപ്പിക്കുന്ന വിവരങ്ങളുണ്ടെന്നുമായിരുന്നു വാർത്ത.

02
വാട്സാപ്പിൽ പ്രചരിച്ച സന്ദേശം.

വിവരം പുറത്തുവന്നതോടെ ലോകമെങ്ങും ആളുകൾ സമൂഹമാധ്യമങ്ങളിൽ അതു ഷെയർ ചെയ്തു തുടങ്ങി. പല ഭാഷകളിലുമുള്ള ഓൺലൈൻ മാധ്യമങ്ങൾ അറസ്റ്റ് വാർത്തയാക്കുകയും ചെയ്തു. നമ്മളിൽ പലർക്കും അതു വാട്സാപ്പിൽ ഷെയർ ചെയ്തു കിട്ടി.

എന്നാൽ, വിശ്വസനീയമായ ദിനപത്രങ്ങളിലോ മറ്റു മാധ്യമങ്ങളിലോ ഈ ‘വലിയ വാർത്ത’ പ്രസിദ്ധീകരിച്ചു വന്നില്ല. കാരണം, അതൊരു വ്യാജ വിവരമായിരുന്നു!

ഈ വിവരം ആദ്യം പുറത്തുവിട്ടത് ആര് എന്ന അന്വേഷണം ഇതോടെ ആരംഭിച്ചു. ‘വാൻകൂവർ ടൈംസ്’ എന്ന ഓൺലൈൻ മാധ്യമമാണ് ഈ ‘ഞെട്ടിക്കുന്ന’ വാർത്ത പ്രസിദ്ധീകരിച്ചത്.

വാൻകൂവർ ടൈംസിനെക്കുറിച്ചുള്ള വിവരങ്ങൾ അവരുടെ വെബ്സൈറ്റിലെതന്നെ About Us എന്ന സെക്‌ഷനിൽ കൊടുത്തിട്ടുണ്ട്. അതിൽ പറയുന്നു: ‘പടിഞ്ഞാറൻ തീരമേഖലയിൽ ആക്ഷേപഹാസ്യത്തിനുള്ള ഏറ്റവും വിശ്വസനീയമായ സ്രോതസ്സാണ് ഞങ്ങൾ!’ (കാനഡയുടെ പടിഞ്ഞാറൻ തീരത്തുള്ള നഗരമാണ് വാൻകൂവർ.)

01
വാൻകൂവർ ടൈംസ് വെബ്സൈറ്റിലെ about us സെക്ഷൻ

അതായത്, സംഗതി തമാശയായിരുന്നു. ഫലിതരൂപേണ വാൻകൂവർ ടൈംസ് എഴുതിയ വാർത്തയാണ് ലോകം മുഴുവൻ ചുറ്റിക്കറങ്ങി ഇക്കഴിഞ്ഞ ദിവസം നമ്മുടെ വാട്സാപ്പിലും എത്തിയത്!

വാൻകൂവർ ടൈംസിലെ ‘സറ്റയർ’ എന്ന വിഭാഗം നോക്കിയാൽ ഇതുപോലുള്ള പല തമാശ വാർത്തകളും കാണാം. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ മുൻ സിഇഒ ജാക്ക് ഡോർസിയെ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കൈവശം വച്ചതിന് അറസ്റ്റ് ചെയ്തു, മനുഷ്യക്കടത്തു നടത്തിയതിന് ഡിസ്നി സിഇഒ ബോബ് ചാപക്കിനെ അറസ്റ്റ് ചെയ്തു തുടങ്ങിയവ അടുത്തകാലത്തു വന്ന ചിലതാണ്. വൻ കമ്പനികളുടെ ഉന്നതസ്ഥാനത്തിരിക്കുന്നവരെ അറസ്റ്റ് ചെയ്തുവെന്ന ‘വാർത്ത’യിലാണ് ഇവരുടെ ഊന്നൽ എന്നു വ്യക്തം!

ഇപ്പോൾ ‘അറസ്റ്റിലായത്’ ഫൈസർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണെങ്കിൽ സമാന സാഹചര്യത്തിൽ കഴിഞ്ഞ വർഷം ‘അകത്തായത്’ കമ്പനിയുടെ സിഇഒ ആൽബർട് ബോർല ആയിരുന്നു. കോവിഡ് വാക്സീന്റെ ഫലം സംബന്ധിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരിൽ ബോർലയെ അമേരിക്കൻ പൊലീസായ എഫ്ബിഐ അറസ്റ്റ് ചെയ്തുവെന്നായിരുന്നു 2021 നവംബറിൽ പുറത്തുവന്ന വാർത്ത. ഈ വിവരം പുറത്തുവിട്ടത് കാനഡയിൽനിന്നുള്ള മറ്റൊരു വെബ്സൈറ്റാണ്: ദ് കൺസർവേറ്റിവ് ബീവർ. സംഗതി വാ‍ൻകൂവർ ടൈംസ് പോലെത്തന്നെ സറ്റയർ ആണ്! മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ ചാരവൃത്തി നടത്തിയതിന് അറസ്റ്റ് ചെയ്തുവെന്നു വരെ (2020 നവംബറിൽ) വാർത്ത കൊടുത്തവരാണ് ഈ കക്ഷികൾ.

ഇത്തരം സറ്റയർ വാർത്താ സൈറ്റുകൾ മിക്കവാറും എല്ലാ ഭാഷകളിലുമുണ്ട്. ഇവരുടെ കുസൃതിവാർത്തകൾ യഥാർഥമെന്നു തെറ്റിദ്ധരിക്കപ്പെടുന്നതും പതിവാണ്.

ഈ സൈറ്റുകൾ പ്രസിദ്ധീകരിക്കുന്നതിനെ സത്യത്തിൽ വ്യാജവാർത്തകൾ എന്നു പറഞ്ഞുകൂടാ. ആക്ഷേപഹാസ്യത്തിലൂടെ സാമൂഹികവിമർശനം നടത്തുകയൊക്കെയാണ് ഇവരുടെ ലക്ഷ്യം. സംഗതി ആക്ഷേപഹാസ്യമാണെന്നു തിരിച്ചറിയാതെ പലരും വിശ്വസിച്ചുപോകുന്നുവെന്നു മാത്രം!

Content Highlights: Real vs Reel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com