ADVERTISEMENT

2020ൽ പഠനം ഡിജിറ്റലായി. കഴിഞ്ഞവർഷം അത് ഹൈബ്രിഡ് ആയി. ഇപ്പോൾ ഡിജിറ്റൽ ഡിഅഡിക്‌ഷനെക്കുറിച്ച് ചർച്ച ചെയ്യേണ്ട അവസ്ഥയുമായി.  മൊബൈലിലും ടാബിലും സദാ ചെലവഴിച്ച് യഥാർഥലോകം കുട്ടികൾക്ക് അപരിചിതമാകുന്ന അവസ്ഥ. മൊബൈൽ കിട്ടിയില്ലെങ്കിൽ ദേഷ്യം, അക്രമവാസന...  ഈ ഡിജിറ്റൽ അടിമത്തം ഒഴിവാക്കാനുള്ള വഴികളെന്ത് ? ഇതാ, വിവിധ മേഖലകളിലുള്ളവരുടെ അഞ്ചു കുറിപ്പുകൾ

തിരിച്ചുപിടിക്കണം, സാമൂഹികത

പ്രഫ. അമൃത് ജി.കുമാർ, കേരള കേന്ദ്ര സർവകലാശാല, കാസർകോട് (അക്കാദമിക് വിദഗ്ധൻ)

കോവിഡ്കാലത്ത് ലാപ്ടോപ്പോ മൊബൈൽ ഫോണോ ഉപയോഗിച്ചുപഠിച്ച വിദ്യാർഥികൾ തങ്ങളുടെ സ്ക്രീൻ മറ്റാരെങ്കിലും കാണുമ്പോൾ അസ്വസ്ഥരാകുന്നതായി ഒട്ടേറെ രക്ഷിതാക്കൾ പറഞ്ഞിരുന്നു. ഇയർഫോൺ വാങ്ങിക്കിട്ടാൻ കുട്ടികൾ വഴക്കിടുന്ന അവസ്ഥ. കോവിഡ്കാലം നമ്മുടെ  വീടുകളിൽ ഡിജിറ്റൽ വാത്മീകങ്ങൾ തീർത്തു.

അതിനുമുൻപു തന്നെ, അലറിക്കരയുന്ന കൊച്ചുകുട്ടികളെ നിശ്ശബ്ദരാക്കാൻ കഴിവുള്ള മാന്ത്രികവടിയായിരുന്നു മൊബൈൽ ഫോൺ. ഒരു വയസ്സുള്ള കുട്ടിയുടെ വരെ മൊബൈൽ ഉപയോഗ ശേഷിയിൽ മാതാപിതാക്കൾ അഭിമാനം കൊണ്ടു. അങ്ങനെയല്ലാത്ത കുട്ടികളുടെ ബൗദ്ധികവളർച്ചയിൽ സംശയിച്ചു. കോവിഡ്കാലത്ത് ഇതിനെല്ലാം പൊതുസമ്മതി കൂടി.

ഇനി നേരിട്ടുള്ള ക്ലാസുകൾ തുടങ്ങുകയാണെങ്കിലും ഡിജിറ്റൽ ആസക്തി വിട്ടുമാറാത്ത തലവേദനയായി വിദ്യാർഥികളിൽ തുടരും. അവരെ കുറ്റം പറയാനാകുമോ ? ഭാവി സാങ്കേതികവിദ്യയുടേതാണ്. ഈ ഉപകരണങ്ങളാൽ രൂപപ്പെട്ട ലോകത്താണു ജീവിക്കേണ്ടത്. വിദ്യാഭ്യാസത്തെ ഡിജിറ്റൽ വിമുക്തമാക്കുന്നതിനെക്കുറിച്ചു ആലോചിക്കാൻകൂടി കഴിയില്ല. എന്നാൽ, അതിന്റെ പേരിൽ ഡിജിറ്റൽ അരാജകത്വത്തിനു വഴിതുറന്നു കൊടുക്കുകയുമരുത്. എല്ലാവർക്കും വിനോദമെന്നാൽ ഡിജിറ്റൽ മാത്രമാണ്. സാമൂഹികതയിൽ ചാലിച്ചെടുത്ത അസംഖ്യം കളികളും വിനോദങ്ങളും അറിയുന്നുകൂടിയില്ല.

അറിവിന്റെ തിരഞ്ഞെടുപ്പിനുള്ള ശേഷികൾ വിദ്യാർഥികളിൽ വികസിപ്പിക്കേണ്ടിയിരിക്കുന്നു. മൂല്യാധിഷ്ഠിത ഡിജിറ്റൽ ഉപയോഗശേഷി വളർത്തിയെടുക്കണം. വൻകിട ഓൺലൈൻ വിദ്യാഭ്യാസ കമ്പനികൾ പോലും നേരിട്ടുള്ള ട്യൂഷൻ ക്ലാസുകൾ ആരംഭിക്കുന്നതു ശ്രദ്ധിക്കുക. സാമൂഹികതയാണു പഠനപ്രവർത്തനങ്ങളുടെ അടിസ്ഥാനഘടകം എന്ന തിരിച്ചറിവിനെയാണ് ഇതു സൂചിപ്പിക്കുന്നത്. 

neethu
കെ.വി.മനോജ്, നീതു ഡിജോ, പ്രഫ. അമൃത് ജി. കുമാർ

വേണം ക്രിയേറ്റീവ് സ്കൂൾ, ഹാപ്പിനെസ് കരിക്കുലം

കെ.വി.മനോജ്, വയനാട് അമ്പലവയൽ ജിവിഎച്ച്എസ്എസ് (അധ്യാപകൻ)

ഈയിടെ കോഴിക്കോട് ജില്ലയിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥികളുടെ ഫോണുകളുമായി രക്ഷിതാക്കൾ അധികൃതരെ സമീപിക്കുകയുണ്ടായി. വാട്സാപ്പിൽ വരുന്ന ലിങ്ക് തുറക്കുമ്പോൾ ഫോൺ നിശ്ചലമാകുന്നുവെന്നായിരുന്നു പരാതി. സ്കൂൾ അധികൃതർ സൈബർ സെല്ലിനു പരാതി നൽകി. വില്ലൻ ഒരു മൊബൈൽ ആപ്ലിക്കേഷനായിരുന്നു. കുട്ടികൾ ‘ബോംബിങ്’ എന്നു വിളിക്കുന്ന ആപ് തുറക്കുന്നതോടെ മറ്റു പ്രോഗ്രാമുകൾ നിശ്ചലമാകും. ഇത്തരം ആപ്പുകളും ലിങ്കുകളും തയാറാക്കിക്കൊടുക്കുന്നവരുണ്ട്. മുതിർന്ന ഒട്ടേറെ കുട്ടികൾ ഇത്തരം വാട്സാപ്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം ഗ്രൂപ്പുകളിൽ അംഗങ്ങളാണ്. ഓൺലൈനിലും അല്ലാതെയും കുട്ടികളെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിലേക്കും ജീവിത വിരക്തിയിലേക്കും ആത്മഹത്യാപ്രവണതയിലേക്കും നയിക്കുന്നത് ഇവരാണ്.  

അക്കാദമിക പ്രവർത്തനങ്ങളിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ യുക്തിപൂർവവും പ്രായോഗികവുമായ ഉപയോഗമാണ് ആവശ്യം. അതിനു പഠനപ്രവർത്തനങ്ങൾ വൈവിധ്യപൂർണവും ആകർഷകവുമാവേണ്ടതുണ്ട്. 

ക്രിയേറ്റീവ് സ്കൂൾ

യാന്ത്രികമായ പഠന പ്രവർത്തനങ്ങളിൽനിന്നു മാറി സർഗാത്മകവും ജൈവികവുമായ അക്കാദമിക ഇടമാക്കി സ്കൂളിനെ മാറ്റുകയെന്നതാണു ക്രിയേറ്റീവ് സ്കൂൾ. കൃത്യമായ ക്രിയേറ്റീവ് ടാസ്ക്കുകളിലൂടെ കുട്ടികൾക്കു കൂട്ടായ പഠനത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും അനിവാര്യത ബോധ്യപ്പെടുത്തിക്കൊടുക്കണം. സ്കൂളുകളിൽ താഴെ പറയുന്ന മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആലോചിക്കാവുന്നതാണ്.

∙ ശാരീരിക-മാനസിക- വൈകാരിക -  സാമൂഹികാരോഗ്യം

∙ ആത്മഹത്യാപ്രവണതയ്ക്കെതിരായ മനോഭാവം

∙ ശാരീരിക ചലനങ്ങളുടെയും വ്യായാമത്തിന്റെയും ആവശ്യകത

∙ സാമൂഹിക ജീവിതത്തിന്റെ ആവശ്യകത

∙ ഡിജിറ്റൽ ദുരുപയോഗം തടയലും അവയുടെ    ക്രിയാത്മക ഉപയോഗവും

∙ ഒറ്റയ്ക്കും കൂട്ടായുമുള്ള പ്രശ്ന പരിഹാര ശേഷി

∙ കലാപ്രവർത്തനങ്ങളും കായിക പരിപാടികളും.ഹാപ്പിനെസ് കരിക്കുലം

ഓരോ സ്കൂളിന്റെയും അക്കാദമിക മാർഗരേഖയിൽ ഹാപ്പിനെസ് ഇൻഡക്സിനു പ്രാധാന്യം നൽകുന്ന കരിക്കുലം രൂപീകരിക്കാം. പാട്ടും കളികളും കഥകളും കായികമേളയും കലാപ്രകടനങ്ങളും ചിൽഡ്രൻസ് തിയറ്ററും ജനാധിപത്യ വേദികളും മേളകളുമെല്ലാമുള്ള ഉത്സവാന്തരീക്ഷം. സംഘാടനത്തിലും അവതരണത്തിലും നിർവഹണത്തിലും കുട്ടികളുടെ സജീവപങ്കാളിത്തം.  

അധ്യാപകർക്കെന്തു ചെയ്യാം.

ആകർഷകമായ തിയറ്റർ പെർഫോമൻസിനു സമാനമാക്കി വിഷ്വൽ സാധ്യത കൂടി ഉപയോഗപ്പെടുത്തി ക്ലാസ്റൂമിനെ മാറ്റിയാൽ ഡിജിറ്റൽ ഡിവൈസുകൾ മാറ്റിവച്ച് കുട്ടികൾ കൂടെവരും. കൂട്ടത്തിൽ കൃത്യമായ ടാസ്ക്കുകൾ കൂടി അവർക്കു നൽകാമല്ലോ. ഡിവൈസുകളെ കേവല വിനോദോപാധി എന്ന നിലയിൽ നിന്ന് അക്കാദമികോപാധി എന്ന നിലയിലേക്കു മാറ്റുകയാണാവശ്യം. 

അവരെ തിരുത്തുംമുൻപ് നാം സ്വയം തിരുത്തണം

ഡോ. ജെൻസി ബ്ലെസൻ, കോട്ടയം (ബിഹേവിയറൽ അനലിസ്റ്റ്)

ഒന്നര വയസ്സുള്ള കുഞ്ഞിനെ വളർച്ചാപ്രശ്നങ്ങളുണ്ടോയെന്ന സംശയത്തിൽ വീട്ടുകാർ കൊണ്ടുവന്നതാണ്. കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ഞെട്ടിപ്പോയി – സ്ക്രീനിനു മുന്നിൽ ചെലവഴിക്കുന്നതു ദിവസം 14 മണിക്കൂർ !

കരച്ചിൽ മാറ്റാൻ കുഞ്ഞുന്നാൾ മുതൽ ഫോണും ടാബും കൊടുത്തും ടിവിയിൽ കാർട്ടൂൺ കാണിച്ചും അവരെ ശീലിപ്പിക്കുന്നതു നമ്മൾ തന്നെയാണ്. അവർ നോക്കുമ്പോൾ നമ്മൾ എല്ലായ്പോഴും മൊബൈൽ ഫോണിലാണു താനും. ഡിജിറ്റൽ ഡിടോക്സ് ആദ്യം വേണ്ടതു മുതിർന്നവർക്കാണ്.

‘ഇപ്പോഴത്തെ പിള്ളേർ ഭയങ്കരകക്ഷികളാ, നമുക്ക് അറിയാവുന്നതിനെക്കാൾ കൂടുതൽ അവർക്കറിയാം’ എന്ന അന്തംവിടൽ മാറണം. നമ്മുടെ കയ്യിലൊന്നും അവർ നിൽക്കില്ലെന്ന് ആവർത്തിച്ചുപറയുമ്പോൾ യഥാർഥ വഴികാട്ടൽ നഷ്ടമാകുന്നു. 

പ്രശ്നങ്ങൾ

∙ ചലിക്കുന്ന വിഷ്വലുകൾ സദാ കാണുമ്പോൾ ചലിക്കാത്തതും ചടുലമല്ലാത്തതും വിഡിയോയിലേതു പോലെ കളർഫുൾ അല്ലാത്തതും കുട്ടികളെ ബോറടിപ്പിക്കും. യഥാർഥ ജീവിതത്തെക്കാൾ ‘വെർച്വൽ’ ലോകത്തെ അവർ ഇഷ്ടപ്പെടും.

∙ കഥ കേൾക്കുമ്പോൾ കുട്ടിയുടെ സങ്കൽപത്തിൽ വിരിയുന്ന കാടിനു പരിധിയില്ല. എന്നാൽ, കാർട്ടൂണിൽ കാടിന്റെ ചിത്രീകരണം കാണുന്ന കുട്ടിക്കു സ്വന്തമായ ഭാവന നഷ്ടമാകുന്നു.

∙ ഭാഷാ, പ്രതികരണ ശേഷികളുടെ വളർച്ചയെയും പേശീവികാസത്തെയുമെല്ലാം ഓൺലൈൻ അഡിക്‌ഷൻ ബാധിക്കും.

∙ മൊബൈൽ ഗെയിമിൽ മണിക്കൂറുകൾ ചെലവഴിക്കുന്നതു മാനസികാരോഗ്യത്തെ ബാധിക്കും. ചിലർക്കു കൈ വിറയൽ പോലെയുള്ള പ്രശ്നങ്ങളും കാണുന്നു.

പരിഹാരം

∙ രണ്ടു വയസ്സിൽ താഴെയുള്ളവർക്കു ഫോണോ ടാബോ വേണ്ട. കുഞ്ഞിനെ നോക്കാൻ മറ്റുള്ളവരെ ഏൽപിക്കുന്നുണ്ടെങ്കിൽ ഇക്കാര്യം കർശനമായി പറയണം.

∙ കുഞ്ഞിനൊപ്പമിരുന്നും കളിപ്പാട്ടങ്ങൾ കാട്ടി കളിപ്പിച്ചും വർത്തമാനം പറഞ്ഞും പാട്ടുപാടിയും കഥ കേൾപ്പിച്ചും മുന്നോട്ടുപോകാം. രക്ഷിതാക്കൾ ഈ ഉത്തരവാദിത്തം പങ്കിട്ടെടുക്കണം. 

∙ രണ്ടു വയസ്സിനുശേഷം കാർട്ടൂണുകൾക്കും വിഡിയോകൾക്കും നിശ്ചിത സമയം അനുവദിക്കാം. വായന, എഴുത്ത്, വര തുടങ്ങിയവ പ്രോത്സാഹിപ്പിക്കണം.

∙ 5–12 വയസ്സുള്ള കുട്ടികൾക്കു കളിക്കാനും കലാ– കായിക പ്രവർത്തനങ്ങൾക്കുമെല്ലാമായി സമയം വീതിക്കാം.

∙ 13– 18 വയസ്സെത്തുമ്പോഴേക്കും അതിനനുസരിച്ച് സ്ക്രീൻ ടൈം കൂട്ടാം.  

∙ ‘ഗുഡ് ടച്ച്’, ‘ബാഡ് ടച്ച്’ എന്നിവ പോലെ ഓൺലൈനിലെ ചതിക്കുഴികളെക്കുറിച്ചും ചെറിയ ക്ലാസ് മുതൽ പറഞ്ഞുകൊടുക്കണം.

∙ മറ്റൊരു പ്രധാന കാര്യം – കുഞ്ഞിനൊപ്പമിരിക്കുമ്പോൾ രക്ഷിതാക്കൾ സ്വന്തം ഫോൺ ഉപയോഗം നിയന്ത്രിക്കണം. 

jensi
സൗരവ് ഗിരീഷ് കുറുപ്പ്, ഡോ.ജെൻസി ബ്ലെസൻ

മൂന്നു മക്കൾ, രണ്ടു ഡിവൈസ്...വീടൊരു യുദ്ധക്കളം

ടിവിയിൽ ഒളിംപിക്സ് കണ്ടും ടെറസിലിരുന്ന് കഥ പറഞ്ഞും ഡിജിറ്റൽ ഡിഅഡിക്‌ഷൻ നടപ്പാക്കിയ വഴി

നീതു ഡിജോ, പിറവം, എറണാകുളം (രക്ഷിതാവ്)

ആദ്യ ലോക്ഡൗൺ സമയത്ത് രണ്ടും അഞ്ചും ഒൻപതും വയസ്സുള്ള മക്കളെ പുറത്തുവിടാതെ മൊബൈൽ ഫോണിനും ടാബിനും മുന്നിലിരുത്തിയ രക്ഷിതാവാണു ഞാനും. മൂന്നു മക്കളും രണ്ടു ഡിവൈസും – കുഞ്ഞുങ്ങൾക്കിടയിലെ കളിയും ചിരിയും മാറി, പരസ്പരമുള്ള തർക്കങ്ങളായി. കുട്ടികളെ അടക്കിയിരുത്താൻ തിരഞ്ഞെടുത്ത ഡിജിറ്റൽ എന്റർടെയ്ൻമെന്റ് രീതി എനിക്കുതന്നെ തലവേദനയായി.

പെട്ടെന്നു സ്ക്രീൻ ടൈം കുറയ്ക്കുക, ബലമായി ഫോൺ / ടാബ് മാറ്റിവയ്ക്കുക ഇതൊന്നും പ്രായോഗികമല്ലായിരുന്നു. മൂത്തയാൾക്കു മീൻവളർത്തൽ ഇഷ്ടമായിരുന്നതിനാൽ കുറച്ചുനേരം അങ്ങനെ എൻഗേജ്ഡ് ആക്കി. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയി. ക്ലാസുകളുടെ മടുപ്പുമാറ്റാൻ കൂടുതൽ സമയം ഗെയിം കളിക്കാനും യുട്യൂബ് കാണാനും മാറ്റിവച്ചതോടെ സ്ക്രീൻ ടൈം ഒരുപാടു കൂടി.

ഡിജിറ്റൽ ഡിഅഡിക്‌ഷനെക്കുറിച്ചു ക്ലാസ്‌ എടുക്കാൻ ചെന്ന എന്നോട് ‘അമ്മയുടെ ഫോണിൽ എപ്പോഴും സീരിസും റീൽസും എഫ്ബിയുമൊക്കെയാണല്ലോ’യെന്ന് അവർ തിരിച്ചുചോദിച്ചു. ‘കളറിങ് ബുക്കോ സ്ലൈമോ വാങ്ങിയാൽ തിരിഞ്ഞുനോക്കില്ല’ എന്നുകൂടി പ്രഖ്യാപിച്ചു.

ആ സമയത്താണു ടോക്കിയോ ഒളിംപിക്സ് തുടങ്ങിയത്. ടിവിയിൽ ഒളിംപിക്സ് കാണാൻ മക്കളെ നിർബന്ധിച്ചു. ഞാനും അവരുടെ അച്ഛനും ഇരുന്ന് ഓരോ മത്സര ഇനങ്ങളെക്കുറിച്ചും പറഞ്ഞുകൊടുത്തു. വൈകുന്നേരം ഓരോരുത്തരും അറിയാവുന്നത്ര കഥകൾ പറയണം എന്നൊരു ശീലമുണ്ടാക്കി. പല ദിവസങ്ങളിലും കഥയ്ക്കു പകരം ഇതുവരെ പറയാതിരുന്ന സ്കൂൾ അനുഭവങ്ങളും മറ്റും പങ്കുവച്ചു. മഴ മാറിയതോടെ ടെറസിലായി കഥപറച്ചിൽ. ഓരോ ദിവസത്തെയും ആകാശം, നക്ഷത്രങ്ങളുടെ സ്ഥാനം, പേരുകൾ, ന്യൂ മൂൺ, ഫുൾ മൂൺ... അങ്ങനെ പലതും പറഞ്ഞ് ഉറക്കംവരുംവരെ ടെറസിലിരുന്നു ഞങ്ങൾ. ആ സമയത്ത് ആരും ഫോൺ ഉപയോഗിച്ചില്ല 

കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞ് അയൽപക്കത്തെ കൂട്ടുകാർക്കൊപ്പം കളിക്കാനും മറ്റും പോയിത്തുടങ്ങിയതോടെ സ്ക്രീൻ ടൈം വീണ്ടും കുറഞ്ഞു. വീട്ടിൽ മൂന്നു കുട്ടികളായതുകൊണ്ട് ഇതൊന്നും വലിയ പ്രശ്നമായില്ല. എന്നാൽ, ഒറ്റക്കുട്ടികളുള്ള പല ബന്ധുവീടുകളിലും വലിയ പ്രത്യാഘാതങ്ങളുണ്ടായിട്ടുണ്ട്. മൂഡ് സ്വിങ്‌സ്, പെട്ടെന്നുള്ള ദേഷ്യം, സ്വഭാവ വ്യത്യാസങ്ങൾ... ഒരു കുട്ടി മുറിയിൽനിന്നു പുറത്തിറങ്ങാത്ത സാഹചര്യം വരെയുണ്ടായി. അതുകൊണ്ടുതന്നെ, എളുപ്പമല്ല മാറ്റം.

മൊബൈൽ കുറച്ചാലും രസം കുറയില്ല

വിദ്യാർഥിക്ക്  പറയാനുള്ളത്

സൗരവ് ഗിരീഷ് കുറുപ്പ്, ആറാം ക്ലാസ് വിദ്യാർഥി, തിരുവല്ല

ഞാനും അനിയൻ നന്ദുവും മൊബൈലിൽ കളിക്കുമായിരുന്നു. അതിനിടെ രണ്ടു സംഭവമുണ്ടായി– അവനു ഭയങ്കര വാശിയും ദേഷ്യവും. എനിക്ക് എപ്പോഴും മൊബൈൽ വേണമെന്ന ചിന്ത കൂടിക്കൂടി കണക്കിനു മാർക്ക് കുറഞ്ഞു. അതോടെ, മൊബൈൽ ഗെയിം വേണ്ടെന്നായി അമ്മ. സങ്കടവും ദേഷ്യവുമൊക്കെ തോന്നി. പക്ഷേ, അമ്മ ചോദിച്ചു: നീ നന്ദുക്കുട്ടന്റെ ചേട്ടനല്ലേ? അവൻ കുറെസമയം മൊബൈലിൽ കളിച്ചാലെന്തു പറയും ?. ഞാൻ പറഞ്ഞു: സമ്മതിക്കില്ല, അവന്റെ കണ്ണും തലച്ചോറുമൊക്കെ പോകുമെന്നു പറഞ്ഞുകൊടുക്കും. അങ്ങനെ പറഞ്ഞപ്പോൾ എനിക്കും മനസ്സിലായി, അമ്മ നല്ല കാര്യത്തിനാണല്ലോ പറയുന്നത്.

മൊബൈലിൽനിന്നു ശ്രദ്ധ മാറ്റാനായി കുറെ ബോർഡ് ഗെയിംസ് വാങ്ങിത്തന്നു. വീട്ടിൽ അമ്മയും അച്ഛനും ഞങ്ങളും കൂടി അന്താക്ഷരി, നെയിം പ്ലേസ് ആനിമൽ, ക്രിക്കറ്റ്, ഷട്ടിൽ എല്ലാം കളിക്കാൻ തുടങ്ങി. പുസ്തകങ്ങൾ ധാരാളം വായിക്കാൻ തുടങ്ങി. ദോശയും ചപ്പാത്തിയുമെല്ലാം ഉണ്ടാക്കാൻ ഞാനും കൂടും. അങ്ങനെ മൊബൈൽ ഗെയിമിന്റെ കാര്യം കുറെയൊക്കെ മറന്നു. സ്കൂൾ തുറക്കാൻ കാത്തിരിക്കുകയായിരുന്നു. മുൻപ് ഓൺലൈൻ ക്ലാസ് തുടങ്ങിയെന്നു കേട്ടപ്പോൾ  സന്തോഷമായിരുന്നു ആദ്യം. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും ബോറടിച്ചു. ഓൺലൈൻ ക്ലാസിൽ പിള്ളേർക്കൊന്നും എന്നെ തൊടാൻപോലും പറ്റില്ലല്ലോ. ടീച്ചറെ അടുത്തിരുന്നു കാണണം, കൂട്ടുകാരുടെ കൂടെ കളിക്കണം, ഗ്രൗണ്ടിൽ പിഇ ക്ലാസിനു പോകണം.

ഇപ്പോഴും മൊബൈൽ ഗെയിം കളിക്കാൻ ചിലപ്പോഴൊക്കെ ആഗ്രഹം വരും. അമ്മയും അച്ഛനും പോലും മൊബൈൽ ഉപയോഗം കുറച്ചിരിക്കുന്നതിനാൽ ചോദിക്കാനും മടി. അതുകൊണ്ട് തോന്നൽ വരുമ്പോൾ സൈക്കിൾ ചവിട്ടാൻ പോകും; പാട്ടു കേൾക്കും; നന്ദുവിനെ വരയ്ക്കാൻ പഠിപ്പിക്കും. അച്ഛനോടും അമ്മയോടും ചോദിച്ചിട്ടും കാര്യമില്ല. ഇക്കാര്യത്തിൽ നോ കോംപ്രമൈസ്.

 

English Summary: Schools opens in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com