ADVERTISEMENT

നാടിളക്കിയുള്ള പ്രചാരണമാണ്മൂന്നു മുന്നണികളും തൃക്കാക്കരയിൽ നടത്തിയത്. പക്ഷേ, ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം വല്ലാതെ ഇടിഞ്ഞു. എങ്കിലും പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം യുഡിഎഫും ഇത്തവണ കരകയറുമെന്ന് എൽഡിഎഫും പ്രതീക്ഷിക്കുന്നു

രാഷ്ട്രീയ കേരളത്തിന്റെയാകെ കണ്ണുകൾ എറണാകുളം മഹാരാജാസ് കോളജിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വോട്ടുകളിലാണ്. നാളെ ആ വോട്ടുകൾ എഴുതുന്ന ജനവിധി എൽഡിഎഫിനും യുഡിഎഫിനും എൻഡിഎക്കും പല തരത്തിൽ നിർണായകമാണ്.

മൂന്നു മുന്നണികളുടെയും നേതൃനിരയാകെ ഒരൊറ്റ മണ്ഡലത്തിൽ ഒരു മാസം കേന്ദ്രീകരിച്ചിട്ടും കഴി‍ഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ അത്രയുംപേർ ചൊവ്വാഴ്ച തൃക്കാക്കരയിൽ വോട്ടു ചെയ്യാഞ്ഞതു മുന്നണികൾ പ്രതീക്ഷിച്ച കാര്യമല്ല. 68.77% വോട്ടുകൾ മാത്രമാണ് ഇത്തവണ പോൾ ചെയ്തത്. പോളിങ് ശതമാനത്തിലെ ഇടിവ് അപ്രതീക്ഷിതമായിരുന്നു.  

യുഡിഎഫും എൽഡിഎഫും വിജയപ്രതീക്ഷയിലാണ്. ഏതു സാഹചര്യത്തിലും പതിനായിരത്തിനു മുകളിലുള്ള ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിർത്താൻ കഴിയുമെന്ന് യുഡിഎഫ് വിചാരിക്കുന്നു. തൃക്കാക്കരയിൽ ഇത്തവണ കരകയറും എന്നാണു വോട്ടെടുപ്പിനു ശേഷവും സിപിഎം നേതൃത്വം കണക്കുകൂട്ടുന്നത്. ആരു ജയിച്ചാലും വലിയ മാർജിൻ ഉണ്ടാകില്ലെന്ന ചിന്ത ഇരുമുന്നണികളിലെയും ചില നേതാക്കൾ പങ്കുവയ്ക്കുന്നു.

ldf-udf-nda

പോളിങ്ങിൽ സംഭവിച്ചത് 

പ്രചാരണരംഗത്ത് ഒപ്പത്തിനൊപ്പം പൊരുതിയ മുന്നണികൾ പോളിങ് ശതമാനം 75 കടക്കുമെന്നാണു വിചാരിച്ചത്. കഴിഞ്ഞതവണ ആവേശം ഉയർത്തി കളത്തിലുണ്ടായിരുന്ന ട്വന്റി20യുടെ പിൻവാങ്ങൽ പോളിങ് കുറയാൻ കാരണമായെന്ന അഭിപ്രായമുണ്ട്. വോട്ടർപട്ടിക കുറ്റമറ്റതായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടുന്നവരുണ്ട്. മരിച്ചവരും മണ്ഡലത്തിൽ ഇല്ലാത്തവരുമായ പതിനായിരത്തോളം വോട്ടുകൾ വോട്ടർപട്ടികയിൽ നിലനിന്നിരിക്കാം. അതൊഴിവാക്കിയാൽ യഥാർഥത്തിലുള്ള ആകെ വോട്ടാകാവുന്ന 1.85 ലക്ഷത്തിൽ‍ 1.35 ലക്ഷം പോൾ ചെയ്തതു മോശമല്ലെന്ന വിലയിരുത്തലുണ്ട്. തൃക്കാക്കര അങ്കത്തിനിടെ നടന്ന കൊച്ചി കോർപറേഷൻ വാർഡ് ഉപതിരഞ്ഞെടുപ്പിൽ 48% പേർ മാത്രമാണു വോട്ടു ചെയ്തത്. മഴയിൽ കുതിർന്ന എറണാകുളം ഉപതിരഞ്ഞെടുപ്പിൽ വെറും 57.89 പേരും. മുന്നണികളുടെ വാശി ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാർക്കില്ലാതെ വരാം. 

യുഡിഎഫിന് ആധിപത്യമുള്ള മണ്ഡലത്തിൽ അവർ പ്രതീക്ഷിച്ച പോളിങ് ഇല്ലാതെപോയതു സിപിഎം ക്യാംപിനാണു കൂടുതൽ ഉണർവുണ്ടാക്കിയിരിക്കുന്നത്. ഓരോ ബൂത്തിലെയും എൽഡിഎഫ് സാധ്യതാവോട്ടുകൾ തരംതിരിച്ചു വിഭജിച്ച് അതിന്റെ ചുമതല വോട്ടെടുപ്പു ദിവസം ഓരോ പ്രവർത്തകനു വീതം സിപിഎം കൈമാറിയിരുന്നു. അവരെ ബൂത്തിലെത്തിച്ചില്ലെങ്കിൽ‍ ഉത്തരം പറയേണ്ട ബാധ്യത ആ പ്രവർത്തകനാണ്. എൽഡിഎഫ് വോട്ടുകൾ അങ്ങനെ എണ്ണിപ്പെറുക്കി ചെയ്തിട്ടുണ്ടെന്നാണു പാർട്ടി പറയുന്നത്.

യുഡിഎഫിനു കിട്ടാവുന്ന വോട്ടുകൾ ഗണ്യമായി പോൾചെയ്യാതെ പോയെന്ന അനുമാനം കോൺഗ്രസിനില്ല. യുഡിഎഫ് വോട്ടുകൾ വെട്ടിമാറ്റി, സിപിഎം കള്ളവോട്ടു ചെയ്തു, വോട്ടർപട്ടികയിൽ പാർട്ടി ചേർത്ത വോട്ടുകളിൽ പകുതിയോളം സ്വീകരിക്കപ്പെട്ടില്ല തുടങ്ങിയ പരാതികൾ നേതാക്കളിൽനിന്ന് ഉയരുന്നു. യുഡിഎഫ് വോട്ടുകൾ യന്ത്രത്തിൽ വീഴുന്നതു ഭരണസ്വാധീനം ഉപയോഗിച്ചു കുറെയെല്ലാം സിപിഎം തടഞ്ഞുവെന്ന് അങ്ങനെ ആരോപിക്കുമ്പോഴും അതു ഭൂരിപക്ഷത്തെ ബാധിച്ചേക്കാം എന്നല്ലാതെ തിരിച്ചടിക്കു കാരണമാകുമെന്ന ഭീതി കോൺഗ്രസിനില്ല.

വിജയസംഖ്യ എത്ര?

പോൾ ചെയ്ത 1.35 ലക്ഷം വോട്ടിൽ ബിജെപിയും സ്വതന്ത്രരും എല്ലാം ചേർന്ന് പരമാവധി 20,000 വോട്ട് അടർത്തിയേക്കാമെന്നാണു മുന്നണികളുടെ നിഗമനം. ബാക്കി 1.15 ലക്ഷം വോട്ട്. അതിൽ ജയം ഉറപ്പിക്കാൻ 60,000 വോട്ടെങ്കിലും വേണ്ടി വരും. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 59,000 ഒഴിച്ചാൽ അതിനു മുൻപുള്ള രണ്ടു തിരഞ്ഞെടുപ്പുകളിലും അറുപതിനായിരത്തിൽ കൂടുതൽ വോട്ട് നേടിയിട്ടുള്ള യുഡിഎഫ് ഇത്തവണ 65,000 വോട്ടുകൾ പെട്ടിയിൽ വീണെന്ന പ്രതീക്ഷയിലാണ്. ഇതുവരെ മണ്ഡലത്തിൽ 50,000 വോട്ടു നേടാൻ കഴിയാത്ത എൽഡിഎഫിന് 60,000 കടക്കാൻ കഴിയുമോ എന്നതാണു യഥാർഥത്തിൽ വിലയേറിയ ചോദ്യം. ആ വിജയ സംഖ്യ ഇത്തവണ എത്തിപ്പിടിക്കാനായേക്കുമെന്നാണു സിപിഎമ്മിന്റെ പാർട്ടിതല കണക്ക്. ഉറച്ച എൽഡിഎഫ് വോട്ടുകൾ വച്ചുള്ള കണക്കിൽ യുഡിഎഫിനു ചെറിയ മുൻതൂക്കം സിപിഎം കാണുന്നെങ്കിലും പോളിങ് ദിനം യുഡിഎഫ് വോട്ടുകൾ മുഴുവൻ വീണിട്ടില്ലെന്ന നിഗമനം അവരുടെ പ്രത്യാശ നിലനിർത്തുന്നു. ഒരു സ്വതന്ത്ര ഏജൻസിയെക്കൂടി സിപിഎം നിയോഗിച്ചിരുന്നു. 57,000–60,000 വോട്ട് ലഭിക്കുമെന്ന അവരുടെ റിപ്പോർട്ട് നേതാക്കൾക്കു ശുഭപ്രതീക്ഷ നൽകുന്നു.

ഫലശ്രുതി  

പി.ടി.തോമസ് 2021ൽ നേടിയ 14,329 വോട്ടിലും വലിയ മാർജിനിൽ ഉമ തോമസ് ജയിച്ചാൽ സംസ്ഥാന രാഷ്ട്രീയത്തിൽ പിന്തള്ളപ്പെട്ടുപോയ യുഡിഎഫിന് തൃക്കാക്കര ഉയിർത്തെഴുന്നേൽപു തന്നെയാകും. ഭൂരിപക്ഷം പതിനായിരത്തിലും കുറഞ്ഞാൽ  ജയിച്ചെന്ന് ആശ്വസിക്കാം എന്നതിനപ്പുറം ഒന്നും സംഭവിക്കില്ല. സംസ്ഥാന രാഷ്ട്രീയത്തിലെ എൽഡിഎഫിന്റെ മേൽക്കൈയ്ക്ക് ആ ഫലം ഇളക്കം തട്ടിക്കില്ല. 

    നിസ്സാര മാർജിനാണെങ്കിലും ഒരു അട്ടിമറി എൽഡിഎഫിനു സാധ്യമായാൽ പിന്നെ യുഡിഎഫിനു പറഞ്ഞുനിൽക്കാൻ ഒന്നുമില്ലാതെ വരും. കോൺഗ്രസും യുഡിഎഫും സുശക്തമായ എറണാകുളം ജില്ലയിൽ മുന്നണി ഇന്നുവരെ തോറ്റിട്ടില്ലാത്ത സിറ്റിങ് സീറ്റ്കൂടി അടിയറവച്ചാൽ പിന്നെ എൽഡിഎഫിനോടു കിടപിടിക്കാൻ കഴിയാത്ത മുന്നണിയായി യുഡിഎഫ് പിന്തള്ളപ്പെട്ടുപോയെന്ന വ്യാഖ്യാനം വരും. അതു ഘടകകക്ഷികളിലും ചലനങ്ങൾ സൃഷ്ടിക്കും. കഴിഞ്ഞതവണ നേടിയ 15,483 വോട്ടിലും കൂടുതൽ സമാഹരിക്കേണ്ടതു ബിജെപി സംസ്ഥാന പ്രസിഡന്റായി തുടരാൻ ആഗ്രഹിക്കുന്ന കെ.സുരേന്ദ്രനും പ്രധാനം.

Content Highlights: Who will win at Thrikkakara Election?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com