ADVERTISEMENT

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കെഎസ്ആർടിസി. സർക്കാരിന്റെ സാമ്പത്തിക സഹായത്താലാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഇങ്ങനെ എത്ര നാൾ? പക്ഷേ, സാധാരണക്കാരന്റെ ആശ്രയമായ സ്ഥാപനം നിലനിൽക്കേണ്ടതു നാടിന്റെ ആവശ്യമാണ്. അതിനു ജീവനക്കാരുടെ പരിശ്രമം കൂടിയേ തീരൂ എന്ന് ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജു പ്രഭാകർ. കെഎസ്ആർടിസിയുടെ ഉന്നമനം ലക്ഷ്യംവച്ചുള്ള മലയാള മനോരമ ക്യാംപെയ്നിൽ ഉയർന്ന നിർദേശങ്ങളോടും പൊതുജനങ്ങളുടെ അഭിപ്രായങ്ങളോടും അദ്ദേഹം പ്രതികരിക്കുന്നു

? കെഎസ്ആർടിസിയുടെ ശമ്പളപ്രതിസന്ധി എന്നു തീരും

ശമ്പള പ്രതിസന്ധി അടുത്തകാലത്തൊന്നും തീരില്ല. 97.9 കോടി രൂപയാണു ചെലവ്. ഇതിൽ 82 കോടി ശമ്പള ഇനത്തിലാണ്. ബാക്കി പിഎഫും ഇൻഷുറൻസും. ഇന്ധനത്തിനു മാത്രം 88 കോടി വേണം. ശമ്പളവും ഇന്ധനവും ചേർത്ത് ഏപ്രിൽ മാസം 180 കോടിയായി. 30 കോടി ബാങ്കുവായ്പ തിരിച്ചടവുണ്ട്.  ബസുകളുടെ ഇൻഷുറൻസ് ശരാശരി 3 രൂപ കോടി വരും. സ്പെയർപാർട്സ് 7 കോടി, ടോൾ നൽകേണ്ടത് 1.5 കോടി, ഇതിനു പുറമേ എംഎസിടി വിധികളുടെയും പണമടയ്ക്കണം. അങ്ങനെ ആകെച്ചെലവ് 250 കോടിയാണ്. വരുമാനം 164.71 കോടിയും. വരവുകുറവും ചെലവു കൂടുതലും. അതിനാലാണു സർക്കാരിനെ ആശ്രയിക്കേണ്ടി വരുന്നത്. വരവുചെലവുകളിലെ അന്തരം അവസാനിക്കാത്തിടത്തോളം ശമ്പള പ്രതിസന്ധിയും തുടരും. വരുമാനവർധന മാത്രമാണു പരിഹാരം.   

? പ്രതിസന്ധി മാറ്റാനുള്ള വഴികളെപ്പറ്റി ആലോചനയുണ്ടോ 

ഈ രീതിയിൽ മുന്നോട്ടുപോയാൽ കെഎസ്ആർടിസി 2030 എന്ന വർഷം കടക്കില്ല. വൈകിയ വേളയിലെങ്കിലും ഭാവിയെക്കരുതി പ്രവർത്തിക്കണം. സർക്കാർ എല്ലാക്കാലവും പണം തരും എന്ന മട്ടിൽ മുന്നോട്ടു പോകാനാകില്ല. 2021–22ൽ  2037.51 കോടിയുടെ സഹായമാണു സർക്കാർ തന്നത്. 2016 മുതൽ ലഭിച്ചത് 6961.5 കോടിയും. 

? യാത്രക്കാർക്കു മതിയായ സേവനം നൽകിയാൽ വണ്ടി നിറയില്ലേ

അതെ. അതിനുള്ള ശ്രമമാണ്. കെഎസ്ആർടിസിയുടെ പ്രതിസന്ധിയെക്കുറിച്ചു പഠിച്ച പ്രഫ. സുശീൽ ഖന്ന റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കി  മുന്നോട്ടുപോകുകയാണു ഞങ്ങൾ. ദീർഘദൂര സർവീസുകൾ കാര്യക്ഷമമാക്കുക എന്നതാണ് ആദ്യപടി. ജീവനക്കാരെ കൃത്യമായി വിന്യസിക്കുകയും വേണം.

ദീർഘദൂര സർവീസുകൾ കാര്യക്ഷമമാക്കുന്നതിനാണു സ്വിഫ്റ്റ് കൊണ്ടുവന്നത്. ബസ് എപ്പോൾ വരും, എപ്പോൾ പോകും എന്നതിൽ വ്യക്തത വരുത്തും. നല്ല ബസുകൾ ഓടിക്കും. ആ മാറ്റമാണു സ്വിഫ്റ്റിലൂടെ നടപ്പാക്കുന്നത്.

? ജീവനക്കാരുടെ പുനർവിന്യാസം എങ്ങനെയാണു നടപ്പാക്കുന്നത്

ഇപ്പോഴുള്ള ഡ്യൂട്ടി സമ്പ്രദായം തിരുത്തിയെഴുതണം. കണ്ടക്ടർ ഉള്ളിടത്തു ഡ്രൈവറില്ലാത്ത സ്ഥിതിയാണു ഡിപ്പോകളിൽ. ജീവനക്കാർ ഇല്ലാത്തതിനാൽ 500 വണ്ടികൾ ദിവസവും സർവീസിനയ്ക്കാൻ കഴിയുന്നില്ല. കണ്ടക്ടർ– ഡ്രൈവർ അനുപാതം കൃത്യമല്ലാത്തതുകൊണ്ടും കൃത്യമായി ഡ്യൂട്ടിക്കെത്താതുകൊണ്ടുമാണ് ഇൗ സ്ഥിതി. ഡബിൾഡ്യൂട്ടി പാറ്റേൺ സിംഗിൾ ഡ്യൂട്ടിയാക്കണം. 

ksrtc-logo

? ഇതിനു ജീവനക്കാരുടെ പിന്തുണ ലഭിക്കുമോ

സ്ഥാപനം നിലനിൽക്കണം. അതിനു തൊഴിലാളിയും മാനേജ്മെന്റും ഒരുപോലെ വിട്ടുവീഴ്ച ചെയ്യണം. സിംഗിൾ ഡ്യൂട്ടി പ്രകാരം അധികജോലിക്കു മണിക്കൂറിന് ആകർഷകമായ അധികതുക നൽകും. ഇൗ രീതിയിൽ ജീവനക്കാരനു ശമ്പളത്തിനുപുറമേ മാസം 17,270 രൂപ വരെ അധികം ലഭിക്കും. 1961ലെ തൊഴിൽ നിയമപ്രകാരമാണ് ഇപ്പോഴും ഡ്യൂട്ടിവ്യവസ്ഥ. കാലോചിതമായ പരിഷ്കാരങ്ങൾ നടപ്പാക്കണം. പഴയരീതിയിൽ തന്നെ തുടരുമെന്നു വാശിപിടിച്ചാൽ സ്ഥാപനം ഇല്ലാതാകുമെന്നതിൽ സംശയമില്ല. വരുമാന വർധനയ്ക്കു ജീവനക്കാർ മുന്നിട്ടിറങ്ങണം. 

? നിലവിൽ ലാഭമുള്ള റൂട്ടുകളിൽ സ്വിഫ്റ്റ് ഓടിക്കുന്നതു കെഎസ്ആർടിസിയെ നശിപ്പിക്കാനാണെന്ന് ആരോപണമുണ്ട് 

കെഎസ്ആർടിസിയെ നശിപ്പിക്കാനാണെങ്കിൽ സ്വിഫ്റ്റ് കെഎസ്ആർടിസിപോലെ എല്ലാ അവകാശങ്ങളുമുള്ള ബദൽ എസ്ടിയു  തുടങ്ങിയാൽ മതിയായിരുന്നല്ലോ. ഇപ്പോഴത്തെ ഡ്യൂട്ടി പാറ്റേൺ അനുസരിച്ചു കെഎസ്ആർടിസിയുടെ ഒരു സർവീസും ലാഭകരമാകില്ല. 16000 രൂപയാണ് ഒരു ബസിന്റെ ശരാശരി വരുമാനം. ഇതിന് 7 ജീവനക്കാർ വേണം. 

സ്വിഫ്റ്റ് ബസ്
സ്വിഫ്റ്റ് ബസ്

 ശമ്പളവും ഡീസലും കൂടി ചെലവ് 20,000 രൂപ. 4000 രൂപയാണ് ഒരു ബസിന്റെ നഷ്ടം. അതുകൊണ്ടാണു കരാറടിസ്ഥാനത്തിൽ ജീവനക്കാരെയെടുത്ത് സ്വിഫ്റ്റ് ഓടിക്കുന്നത്. ഡ്രൈവർ കം കണ്ടക്ടർ ആണ്. ജീവനക്കാരെയും ബസിനെയും ഉൽപാദനപരമായി ഉപയോഗിക്കാൻ കഴി‍യുന്നതു സ്വിഫ്റ്റിൽ മാത്രമാണ്. മറ്റു ബസുകളിലെ ഡ്യൂട്ടിസമയം പോലെയല്ല സ്വിഫ്റ്റിന്റെ ഓട്ടം. സർവീസ് കഴിഞ്ഞ സ്റ്റാഫ് വിശ്രമിക്കുമ്പോൾ അടുത്ത സ്റ്റാഫ് ആ ബസുമായി സർവീസിനു പോകും. ദിവസം 22 മണിക്കൂർ സ്വിഫ്റ്റ് ഓടിക്കൊണ്ടിരിക്കുന്നു.  

? നൂറുകണക്കിനു ബസുകൾ കട്ടപ്പുറത്തുറത്തുള്ളപ്പോൾ എന്തിനാണു പുതിയ ബസുകൾ വാങ്ങുന്നത്. അവ നന്നാക്കിയാൽ പോരേ 

 സൂപ്പർ ക്ലാസ് ബസുകൾ 704 എണ്ണം 7 വർഷത്തിലധികം പഴക്കമുള്ളതാണ്. ഇതിൽ 240 എണ്ണത്തിന് 9 വർഷത്തെ പഴക്കമുണ്ട്. ഇതൊക്കെ ഇൗ വർഷം ഓർഡിനറിയായി മാറും. സൂപ്പർ ക്ലാസുകൾക്ക് 7 വർഷമാണു കാലാവധി. ദീർഘദൂര സർവീസുകൾക്ക് സൂപ്പർക്ലാസ് വണ്ടി വേണം. അല്ലെങ്കിൽ വഴിയിൽ കിടക്കും. 

?പരിഷ്കാരങ്ങൾ പറയുമ്പോഴും തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ വലിയ നഷ്ടത്തിലാണ്. 

ഡൽഹി മെട്രോ പോലും തുടക്കത്തിൽ നഷ്ടമായിരുന്നു. ഇപ്പോൾ മെട്രോയിൽ ടിക്കറ്റ് കിട്ടാൻ പാടാണ്. 4000 യാത്രക്കാർ കയറിയിരുന്ന സിറ്റി സർക്കുലറിൽ കഴിഞ്ഞ ദിവസം റെക്കോർഡ് യാത്രക്കാരാണു കയറിയത്. 25,387 പേർ. ഇലക്ട്രിക് ബസുകൾ വരുന്നതോടെ ലാഭത്തിലാവും. 

 ? ലാഭകരമായിരുന്ന ചെയിൻ സർവീസുകൾ നിർത്തലാക്കിയല്ലോ. ഓരോ കാലത്തെയും മാനേജ്മെന്റുകൾ കൊണ്ടുവരുന്ന മെച്ചപ്പെട്ട പരീക്ഷണങ്ങൾ പിന്നെ തുടർന്നു കാണുന്നില്ല.

പുതിയ തീരുമാനങ്ങൾ സർക്കാരിന്റെ നയം കൂടി അനുസരിച്ചായിരിക്കുമല്ലോ. ചെയിൻ സർവീസുകൾ നിർത്തിയിട്ടില്ല. അതിന്റ ഫ്രീക്വൻസിയിൽ കുറവുണ്ടായി. അ‍ഞ്ച് മിനിറ്റ് ഇടവേള എന്നത് 10–15 മിനിറ്റ് എന്ന തരത്തിൽ യാത്രക്കാരുടെ തിരക്കനുസരിച്ചു ക്രമീകരിച്ചുവെന്നു മാത്രം. നല്ല മാതൃകകൾ പിന്തുടരും.

KSRTC-Bus-stand-Pathanamthitta-1248

? ടിക്കറ്റ് ഇതര വരുമാനം എന്ന പേരിൽ വൈവിധ്യവൽക്കരണം നടത്തുന്നതിന്റെ വിജയസാധ്യതകളെക്കുറിച്ചു വിമർശനമുയരുന്നുണ്ട്. 

ഒരു കാലത്തും ബസ് ഓടിച്ച് കെഎസ്ആർടിസി ലാഭകരമാകില്ല. നമുക്ക് 5000 കോടിയുടെ ഭൂമിയുണ്ട്. അതു വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ അവസരവുമുണ്ട്. ഇതിന്റെ 10% വരുമാനമായി കൊണ്ടുവന്നാൽ 500 കോടി ലഭിക്കും. അതുപയോഗിക്കാനാണു നോക്കുന്നത്. ടിക്കറ്റ് ഇതര വരുമാനം 1.5 കോടി രൂപയായിരുന്നതു നവംബറിൽ 8.5 കോടിയായി ഉയർന്നു. ബജറ്റ് ടൂറിസം കൊണ്ടുവന്നതിന്റെ ഫലമാണിത്. ഇതിനായി മാർക്കറ്റിങ് വിഭാഗം തുടങ്ങി. 

? നേരത്തെ തുടങ്ങിയ ബിഒടി സ്കീമുകൾ എല്ലാം പാളിപ്പോയിരുന്നു

അത് അംഗീകരിക്കുന്നു. ഷോപ്പിങ് കോംപ്ലക്സുകൾ മാർക്കറ്റിങ് കാഴ്ചപ്പാടോടെയല്ല നിർമിച്ചത്. ഇനി ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ (ഡിബിഎഫ്ഒടി) എന്ന വ്യവസ്ഥയിൽ വൻകിട സ്വകാര്യ കമ്പനികളെ നിർമാണം ഏൽപിക്കും. ഇതിനായി ഉപദേശകരെ നിയോഗിച്ചു. മാർക്കറ്റിങ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. 

? ജീവനക്കാരുമായി തർക്കത്തിൽ പോയാൽ ഇതൊക്കെ നടക്കുമോ

മാനേജ്മെന്റ് എന്തോ ‘ഭൂത’മാണെന്നു പ്രചരിപ്പിക്കുകയാണ്. ചീഫ് ഓഫിസിൽനിന്ന് എന്തെങ്കിലും കാര്യം നടത്തിയെടുക്കാൻ സ്വാധീനം വേണമെന്നായിരുന്നു പഴയ ധാരണ. ഇപ്പോൾ വാട്സാപ്പിൽ കിട്ടുന്ന അപേക്ഷ പോലും പരിശോധിച്ചു നടപടിയെടുക്കുന്നുണ്ട്. മെഡിക്കൽ റീ ഇംപേഴ്സ്മെന്റ് 25,000 എന്നത് 5 ലക്ഷം വരെ നൽകി. ജീവനക്കാരെ മാനേജ്മെന്റിന് എതിരാക്കി നിർത്താൻ സാമൂഹികമാധ്യമങ്ങൾ വഴി ഒരു വിഭാഗം ശ്രമിക്കുന്നു. സ്ഥാപനം മെച്ചപ്പെടുത്തി അന്തസ്സോടെ മുന്നോട്ടുകൊണ്ടുപോകേണ്ടതു ജീവനക്കാരുടെയും മാനേജ്മെന്റിന്റെയും കൂട്ടായ ആവശ്യമാണ്. 

? കെഎസ്ആർടിസിയുടെ പുനരുജ്ജീവന പാക്കേജിൽ എന്താണു നടപ്പാക്കുന്നത്

എൽഎൻജി,സിഎൻജി, ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി കൊണ്ടുവന്ന് 34 % ഇന്ധനചെലവു കുറച്ച്  35 കോടി ലാഭിക്കുകയാണു ലക്ഷ്യം. കംപ്യൂട്ടർവൽക്കരണത്തിലൂടെയും ജീവനക്കാരെ പുനർവിന്യസിച്ചും ഉൽപാദനക്ഷമത കൂട്ടി 25 കോടിയും ടിക്കറ്റ് ഇതര വരുമാനത്തിലൂടെ 25 കോടിയും ലക്ഷ്യമിട്ടു. അങ്ങനെ ചെലവും വരുമാനവും തമ്മിലുള്ള അകലം കുറയ്ക്കുകയെന്നതായിരുന്നു ലക്ഷ്യം. എൽഎൻജിക്ക് 43 രൂപയും സിഎൻജിക്ക് 54.50 രൂപയും വിലയുള്ളപ്പോഴാണ് ഇൗ തീരുമാനമെടുത്തത്. പക്ഷേ, എൽഎൻജിക്കു 110 രൂപയും സിഎൻജിക്കു 83 രൂപയും വരെ വിലയെത്തി. അതുകൊണ്ട് ഇപ്പോൾ കൂടുതൽ  ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിനെക്കുറിച്ചാണ് ആലോചന. കെഎസ്ആർടിസിയിൽ 2017ൽ ബസുകളുടെ ഉപയോഗം 85% ആയിരുന്നെങ്കിൽ ഇപ്പോഴത് 72% ആയി. ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിച്ചു ബസുകളുടെ ഉപയോഗം 95 ശതമാനത്തിലേക്ക് ഉയർത്തുകയാണു ലക്ഷ്യം.

? കംപ്യട്ടർവൽക്കരണത്തിനു തടസ്സമെന്താണ് 

മരിച്ചയാളെപ്പോലും സ്ഥലം മാറ്റുന്ന സംവിധാനമായിരുന്നു മുൻപുണ്ടായിരുന്നത്. സ്പാർക്കിലേക്കു മാറിയതോടെ അതൊക്കെ ഒഴിവായി. ഇ–ഓഫിസ് നടപ്പാക്കാൻ നാഷനൽ ഇൻഫമാർറ്റിക് സെന്ററിനെ ഏൽപിച്ചു. സർവീസിനു ജീവനക്കാരനെ ഷെഡ്യൂൾ ചെയ്യുന്നതിനും സോഫ്റ്റ്‌വെയർ കൊണ്ടുവരും. കംപ്യൂട്ടർ വൽക്കരണം പൂർത്തിയാകുന്നതോടെ കാര്യക്ഷമത കൂടും. ജിപിഎസ് സംവിധാനം വഴി ബസ് ട്രാക്കിങ് സംവിധാനവും യാത്രക്കാരുടെ സ്ഥിതിവിവരക്കണക്കും എടുക്കും. ഇതനുസരിച്ച് ട്രാഫിക് പ്ലാനിങ് നടത്തും. ട്രാവൽ കാർഡുകളും അന്തിമഘട്ടത്തിലാണ്.

ഗ്രീൻ ഫണ്ടിങ് തടസ്സം

നഷ്ടക്കുഴിയിൽനിന്നു കരകയറാൻ വരുമാന വർധനയ്ക്കു 2 മണിക്കൂർ വിട്ടുവീഴ്ച ചെയ്യാൻ പറഞ്ഞാൽപോലും ചില ജീവനക്കാർ തയാറാകുന്നില്ല. സ്ഥാപനം രക്ഷപ്പെടണോ നശിക്കണോയെന്ന് തീരുമാനിക്കേണ്ടതു ജീവനക്കാരാണ്

? ലോകം ഇലക്ട്രിക് വാഹനങ്ങളിലേക്കു തിരിയുമ്പോൾ സിഎൻജിയിലേക്കു പോകുന്നതെന്തിനാണ് 

ഇലക്ട്രിക് ബസാണു നല്ലത്. പക്ഷേ, ചെലവേറും. 7 വർഷം കഴിയുമ്പോൾ ബാറ്ററി മാറ്റാൻ ബസ് വാങ്ങിയതിന്റെ 40– 45% ചെലവാകും. ഇപ്പോൾ വരാൻ പോകുന്ന ഇലക്ട്രിക് ബസിന്റെ വില 92.5 ലക്ഷം രൂപയാണ്. ഡീസൽ ബസിന് 33 ലക്ഷമേയുള്ളു. നമുക്ക് ഡീസൽ ബസ് വാങ്ങുന്നതിനാലാണു താൽപര്യം. പക്ഷേ, ഇനി ഗ്രീൻ ഫണ്ടിങ് സാധ്യതകൾ മാത്രമാണുള്ളത്. തൽക്കാലം 1500–2000 ഇലക്ട്രിക് ബസെങ്കിലും ഉണ്ടെങ്കിൽ മാത്രമേ കെഎസ്ആർടിസിക്കു നിലനിൽക്കാനാകൂ. ലോകബാങ്ക്, എഡിബി പോലുള്ള ധനകാര്യസ്ഥാപനങ്ങളുമായി ചർച്ച തുടങ്ങിയിട്ടുണ്ട്. 80 ലക്ഷം രൂപയ്ക്കെങ്കിലും ബസ് ലഭ്യമാകുമോയെന്നാണു നോക്കുന്നത്. ഇതോടൊപ്പം 700 സിഎൻജി ബസുകൾ കൂടി വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. സിഎൻജി ബസുകൾ വാങ്ങുമ്പോൾ സംസ്ഥാന സർക്കാരിന്റെ ബയോഗ്യാസ് പ്ലാന്റുകളിൽനിന്ന് ഇന്ധനം വാങ്ങാനാകും.

English Summary: KSRTC CMD Biju Prabhakar Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com