ADVERTISEMENT

കേരള രാഷ്ട്രീയത്തിന്റെ ദിശാസൂചിയായിത്തീർന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉമ തോമസ് നേടിയ ഉജ്വലവിജയം വ്യക്തവും കൃത്യവുമായ രണ്ടു പാഠങ്ങളാണു നൽകുന്നത്. ചിട്ടയോടെ കൈകോർത്തുള്ള പ്രവർത്തനമുണ്ടെങ്കിൽ വിജയത്തിന്റെ വാതിൽ തുറക്കുമെന്നുള്ള പാഠം കോൺഗ്രസിനും ജനവിരുദ്ധതയോളമെത്തുന്ന അധികാര ധാർഷ്ട്യം തോൽവിയിലേക്കു വഴികാണിക്കുമെന്ന പാഠം സിപിഎമ്മിനും.

കാൽലക്ഷം വോട്ടിന്റെ ലീഡ് നേടി, മണ്ഡലം പിറന്നശേഷമുള്ള റെക്കോർഡ് ഭൂരിപക്ഷവുമായി ഉമ നിയമസഭയിലെത്തുമ്പോൾ അതു കോൺഗ്രസിനു പകരുന്ന ആത്മവിശ്വാസത്തിനു നിർണായകപ്രാധാന്യമുണ്ട്; തുടർപരാജയങ്ങളിൽപ്പെട്ടു ജീവവായു തേടുകയാണ് ആ പാർട്ടി എന്നതിനാൽ വിശേഷിച്ചും. ബൂത്തുതലം മുതൽ കണിശതയോടെയുള്ള കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഏകോപിതമായ സംഘടനാപ്രവർത്തനമാണു വിജയത്തിന്റെ മുഖ്യകാരണങ്ങളിലെ‍ാന്ന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇല്ലാതെ പോയതും ഇതുതന്നെ. കോൺഗ്രസിന്റെ പുതിയതും പഴയതുമായ നേതൃത്വം തൃക്കാക്കരയിൽ അണിനിരന്ന് ഏകതാളത്തിൽ പ്രചാരണം നടത്തിയതും ഗുണകരമായി. പാർട്ടിയിലെ യുവനിരയും വനിതാപ്രവർത്തകരും സജീവമായിരുന്നു. ഉമ ജയിക്കണം എന്നതിനെ‍ാപ്പം പി.ടി.തോമസിന്റെ ഭാര്യ തോൽക്കാൻ പാടില്ലെന്ന തീരുമാനവും തൃക്കാക്കര എടുത്തുവെന്നു കരുതുന്നവരുമുണ്ട്. 

ചില തോൽവികൾക്ക് ആഴവും ആഘാതവും കൂടുമെന്നു തൃക്കാക്കര ബോധ്യപ്പെടുത്തുന്നു. രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലെയും രണ്ടു തദ്ദേശ തിരഞ്ഞെടുപ്പുകളിലെയും വിജയത്തിനു പിന്നാലെ ഡോ. ജോ ജോസഫിലൂടെ തൃക്കാക്കരകൂടി പിടിച്ചെടുക്കാൻ, സകല മാർഗങ്ങളിലൂടെയും എൽഡിഎഫ് നടത്തിയ കഠിനശ്രമമാണു പാഴായത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംഎൽഎമാരും സകല ഭരണസംവിധാനങ്ങളും പാർട്ടിയുടെ എല്ലാ ശക്തിയും ഉപയോഗിച്ചിട്ടും തൃക്കാക്കര ഒപ്പം നിന്നില്ല എന്നതിലൂടെ സിപിഎമ്മിനും ഇടതുമുന്നണിക്കും ലഭിച്ച താക്കീതിനു തീവ്രതയേറെയാണ്. ഭരണവിരുദ്ധ വോട്ടുകൾ ചിതറാതെ യുഡിഎഫിനു ലഭിച്ചത് ആ ആഘാതം കൂട്ടുകയും ചെയ്തു.

നിയമസഭയിൽ നൂറംഗങ്ങളെന്ന മാന്ത്രികസംഖ്യയിലെത്താൻ എൽഡിഎഫിനായില്ലെന്നു മാത്രമല്ല, സർക്കാരിന്റെ ഒന്നാം വാർഷിക വേളയിൽ യുഡിഎഫ് നൽകിയ ഏറ്റവും കയ്പുള്ള സമ്മാനവുമായി തൃക്കാക്കര ഫലം. തുടർഭരണത്തിന്റെ കരുത്തിൽ, ചോദിക്കാനും പറയാനും ആരുമില്ലെന്ന മട്ടിലുള്ള ധാർഷ്ട്യത്തിനു കിട്ടിയ തിരിച്ചടിയെന്ന നിലയിൽ ഈ പരാജയത്തെ വിലയിരുത്തുന്നവരുണ്ട്. ഭരണവിരുദ്ധവികാരമില്ലെന്നും സിൽവർലൈനിനെതിരെയുള്ള തിരിച്ചടിയായി കാണുന്നില്ലെന്നുമെ‍‍ാക്കെ പാർട്ടി നേതാക്കൾ ഈ വൻതോൽവിയെ എങ്ങനെയെ‍ാക്കെ കഴുകിവെളുപ്പിച്ചാലും സത്യം അതല്ലെന്നു കേരളത്തിനറിയാം. 

ഇഷ്ടക്കാർക്കുള്ള പിൻവാതിൽനിയമനങ്ങൾ മുതൽ മരംമുറിയിലും ഏറ്റവുമെ‍ാടുവിൽ മത്സ്യഫെഡിലെ ക്രമക്കേടിലുംവരെ എത്തിനിൽക്കുന്ന അഴിമതികൾ വോട്ടർ കാണാതിരിക്കുന്നില്ല എന്നുതന്നെയാണു തൃക്കാക്കര ഫലം പറയുന്നത്. അഴിമതിയുടെ വ്യാപ്തി എന്തായാലും പാർട്ടി ലേബലുണ്ടെങ്കിൽ കൈവിടില്ലെന്ന ‘ന്യായബോധം’ ജനം ചോദ്യം ചെയ്യില്ലെന്നാണോ? കൊലപാതകത്തിലെ ഇരകളുടെ കുടുംബങ്ങളോടൊപ്പം നിൽക്കാതെ, പ്രതികളെ രക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ കച്ചകെട്ടിയിറങ്ങിയ ഭരണകൂടത്തിന്റെ മുഖംമൂടി പെരിയ കേസിൽ അഴിഞ്ഞുവീണതും ജനം മറന്നിട്ടില്ല. നടിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയുടെ പരാതി കോടതിയിൽ വന്നതിനെത്തുടർന്ന് അതെച്ചെ‍ാല്ലിയുണ്ടായ തർക്കങ്ങളും പരിഹാരശ്രമങ്ങളും പ്രചാരണവേളയിൽ കേരളം കേട്ടു.

ഈ ഫലത്തിൽ സിൽവർലൈൻ പദ്ധതിയോടുള്ള ജനസമീപനം വായിച്ചെടുക്കാതിരിക്കാൻ വയ്യ. പദ്ധതി നടപ്പാക്കുമെന്നും അക്കാര്യത്തിൽ സംശയം വേണ്ടെന്നും സിൽവർലൈൻ സ്റ്റേഷനും മെട്രോ റെയിലും വാട്ടർ മെട്രോയും സംഗമിക്കുന്ന ഏകകേന്ദ്രമായി തൃക്കാക്കര മാറുമെന്നും തിരഞ്ഞെടുപ്പു കൺവൻഷനിൽ പറഞ്ഞതു മുഖ്യമന്ത്രി തന്നെയാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു കഴിയുന്നതുവരെ സിൽവർലൈൻ സർവേ പുനരാരംഭിക്കില്ലെന്ന തീരുമാനവുമുണ്ടായി. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള ഏതു പദ്ധതിക്കും വോട്ടർമാർ മേലെ‍ാപ്പു ചാർത്തില്ലെന്നല്ലേ തൃക്കാക്കരഫലം വിളംബരം ചെയ്യുന്നത് ? 

വികസനത്തിനു മുൻതൂക്കം നൽകുന്നതിനു പകരം, വിഭാഗീയത ഉൾപ്പെടെ നിലവാരം കുറഞ്ഞ പല മാർഗങ്ങളും ഉപയോഗിക്കപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു ഇത്. ജാതി, മത വോട്ടുകൾക്കുവേണ്ടി പ്രത്യേക ശ്രമം നടത്തിയതായും ആരോപണമുണ്ട്. പ്രചാരണവേളയിൽ നേതാക്കളിൽനിന്നുണ്ടായ പല മോശം പ്രതികരണങ്ങളും ജനം അവജ്ഞയോടെയാണു കണ്ടത്. പാർട്ടിയിൽനിന്നു ചാടിപ്പോയവർക്ക് ഒരു സ്വാധീനവും ചെലുത്താനായില്ലെന്ന കൗതുകവും തൃക്കാക്കര ഫലം ബാക്കിവയ്ക്കുന്നു. എൽഡിഎഫിനു ചെറിയ തോതിൽ വോട്ട് വർധിപ്പിക്കാനായെങ്കിലും ബിജെപിക്കു കുറയുകയായിരുന്നു.

ഗ്രൂപ്പുകളികൾ ഇല്ലാതെ, മികച്ച സ്ഥാനാർഥിയെ കണ്ടെത്തി, കൈകോർത്തു മുന്നോട്ടുനീങ്ങിയാൽ വിജയം സുഗമമെന്ന രാഷ്ട്രീയത്തിന്റെ അടിസ്ഥാനപാഠം മറന്നതിന്റെ കെടുതി ഏറെ അനുഭവിക്കേണ്ടിവന്നിട്ടുണ്ട് കോൺഗ്രസ് പാർട്ടിക്ക്. അതുകെ‍ാണ്ടുതന്നെ, തൃക്കാക്കര നൽകുന്ന നവോർജം ആ പാർട്ടി എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന ചോദ്യത്തിനു നിർണായക പ്രാധാന്യമാണുള്ളത്. തോൽവികളിൽമാത്രമല്ല, വിജയത്തിലും പാഠമുണ്ടെന്നും ഈ വിജയം പഠിക്കാനുള്ളതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞതിൽ പുതിയെ‍ാരു ദിശാബോധവും കണ്ടെടുക്കാം.

 

Content highlight: Thrikkakara Bypoll, Uma Thomas, UDF, CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com