ADVERTISEMENT

തൃക്കാക്കരയിൽ സെഞ്ചറിയടിക്കാൻ പോയവരെ വോട്ടർമാർ അറഞ്ചം പുറഞ്ചം പഞ്ചറാക്കി. ഇഞ്ചുറിയുടെ കാര്യത്തിൽ മാത്രമാണു സെഞ്ചറി. മുത്തുപോലത്തെ സ്ഥാനാർഥിയെ കിട്ടിയിട്ടും ഇങ്ങനെയൊക്കെ സംഭവിച്ചല്ലോ! ഓർക്കുമ്പോൾ ജയരാജ സഖാവിനു താങ്ങാനാകുന്നില്ല. സത്യത്തിൽ എന്താണു സംഭവിച്ചതെന്നു നാട്ടുകാർക്കൊക്കെ മനസ്സിലായി; നമ്മുടെ സഖാക്കൾക്കൊഴികെ. 

വോട്ടർമാരെ ചുമ്മാ വാശി പിടിപ്പിച്ചതാണ് എല്ലാം നശിപ്പിച്ചത്. ആദ്യം പ്രതിപക്ഷത്തെ വെല്ലുവിളിച്ചു, വികസനം ചർച്ച ചെയ്യാൻ ഒരുക്കമാണോ? സതീശനും സുധാകരനും വെല്ലുവിളി ഏറ്റെടുത്തു. അവർ കൊച്ചിയിലെ വികസനത്തിന്റെ കാഴ്ചകളെല്ലാം വോട്ടർമാർക്കു മുന്നിലിട്ടു. നെടുമ്പാശേരി വിമാനത്താവളം, മെട്രോ റെയിൽ, നെഹ്റു സ്റ്റേഡിയം, ഗോശ്രീ പാലം, ഇൻഫോ പാർക്ക്, ഇൻഡോർ സ്റ്റേഡിയം.....

യുഡിഎഫ് ഭരണകാലത്തെ വികസനപട്ടിക പുരപ്പുറത്തിട്ടിട്ടു കുമ്പക്കുടിയാശാനും ശിഷ്യൻ സതീശനും ചിരിച്ചു. രാജീവേട്ടൻ അറിയാതെ വിളിച്ചു: അയ്യോ, ഇടതിനു കാണിക്കാൻ ഗെയ്ൽ പദ്ധതി മാത്രമോ ! അതിന്റെ തെളിവാണെങ്കിൽ കുഴൽരൂപത്തിൽ മണ്ണിനടിയിലും. നാട്ടുകാരും സംശയിച്ചു, അല്ല, ഈ സഖാക്കളൊക്കെത്തന്നെയായിരുന്നില്ലേ ഉമ്മൻ ചാണ്ടിയുടെ കാലത്തെ ഗെയ്ൽ വിരുദ്ധ സമരനായകർ? എങ്കിൽ പാലാരിവട്ടം പാലത്തെപ്പറ്റി പറയാമെന്നായി സഖാക്കൾ. അപ്പോൾ ദേ കിടക്കുന്നു സ്വന്തം കൂളിമാട് പാലം വെള്ളത്തിൽ! വികസന ചർച്ചയ്ക്ക് അവിടെ സ്റ്റോപ് അനുവദിച്ചു. 

പിന്നെ വ്യാജ വിഡിയോ ആയിരുന്നു തുറുപ്പ്. ആദ്യം അറസ്റ്റിലായതു സഖാക്കളായിരുന്നത്രേ. എന്തു ചതിയാ പൊലീസുകാരേ ഇത്? അറസ്റ്റെന്നു പറഞ്ഞാൽ അതു യുഡിഎഫ് ആകണ്ടേ? പിന്നീടു പിടിയിലായവരെ അതോടെ ലീഗ് അനുഭാവികളുടെ അക്കൗണ്ടിൽ ചേർത്തു. മുഖാമുഖം ചോദ്യം ചെയ്തു. കുനിച്ചു നിർത്തി ഭേദ്യം ചെയ്യുമെന്നു ഭീഷണിപ്പെടുത്തി. ഒരു ഫലവുമില്ല. എങ്ങനെയൊക്കെ ചോദ്യം ചെയ്തിട്ടും ഫുട്ബോൾ മത്സരത്തിലെ ലീഗ് മാത്രമേ അവർക്കറിയാവൂ. അതോടെ ആ കളിയും വിട്ടു.

എന്തൊക്കെയായിരുന്നു തള്ളുകൾ. ക്യാപ്റ്റന്റെ പടനീക്കങ്ങൾ, കോമഡിയുമായി മണിയാശാൻ, മൊത്തം കൊഴുപ്പിച്ച് പിആർ ഏജൻസികൾ, ജാതി തിരിച്ചു വീടുകൾ കയറാൻ മന്ത്രിമാർ... കോടിയേരി സഖാവിനാകട്ടെ തെല്ലും സംശയമില്ല; ഫലം സർക്കാരിന്റെ വിലയിരുത്തലാകും. എല്ലാം സംസ്ഥാന നേതൃത്വത്തിന്റെ കൈപ്പിടിയിൽ. ആക്‌ഷൻ പ്ലാൻ, പ്ലാനിന്റെ പുറത്തു പ്ലാൻ, അതിനെയെല്ലാം വെല്ലുന്ന പുതിയ പ്ലാൻ... പുത്തൻ പ്ലാനുകൾക്കുവേണ്ടി ക്യാപ്റ്റനും പരിവാരങ്ങളും തല മാത്രമല്ല, സർവതും പുകച്ചു. തലസ്ഥാനത്തേക്കു തിരിഞ്ഞുനോക്കാൻ നേരമില്ല. ഖജനാവിൽ ചില്ലറപോലും ഇല്ലാത്തതിനാൽ നോക്കിയിട്ടു കാര്യവുമില്ല. 

സെക്രട്ടേറിയറ്റിനെ തള്ളിയുരുട്ടി തൃക്കാക്കരയിൽ കൊണ്ടുവന്നാലോ? ചീഫ് സെക്രട്ടറിയുടെ ഓഫിസിലേക്കു വിളിച്ചു. അസാധ്യമെന്നായിരുന്നു മറുപടി. പ്രമുഖ തള്ളുകാരെല്ലാം പ്രചാരണത്തിന്റെ തിരക്കിലല്ലേ?

നാട്ടുകാരുടെ പങ്കപ്പാടായിരുന്നു ഭയങ്കരം. കതകു തുറന്നാൽ മന്ത്രിമാർ, എംഎൽഎമാർ, എന്തിന് ഇതരജില്ലകളിലെ പഞ്ചായത്ത് അംഗങ്ങൾ... കടുകു പൊട്ടുന്നതിന്റെ ഇടവേളപോലുമില്ല. വല്ലതും വേവിച്ചു കഴിക്കാനെങ്കിലും സമയം തരണ്ടേ? പാഴ്സൽ ഭക്ഷണം ബുക്ക് ചെയ്യാൻ ഫോണിലെ ആപ്പ് തുറക്കാനും പറ്റുന്നില്ല. അപ്പോഴേക്കും കേജ്‌രിവാളിന്റെ ആപ്പിന്റെ പേരിൽ സഖാക്കളുടെ വക വ്യാജ ഫോൺ കോളുകൾ. ജോക്കുട്ടനെ ജയിപ്പിക്കൂ, ജോറായി ജീവിക്കൂ. സ്വന്തം വീടിന്റെ കതകു തുറക്കാൻ തൊഴിലാളികളെ വച്ചവർ വരെയുണ്ടു മണ്ഡലത്തിൽ. 

വീടു മുതൽ ജോലിവരെ എന്തും ശരിയാക്കിത്തരാൻ സഖാക്കൾ റെഡി. വോട്ടർമാരായ യുവാക്കൾക്കു പൊരുത്തം പ്രശ്നമാണോ? ജ്യോത്സ്യനെ വീട്ടിലെത്തിച്ചു കവടി നിരത്തിക്കും. ചൊവ്വാദോഷം ഉള്ളവരുണ്ടെങ്കിൽ പറയൂ. യോജിച്ച ഇണയെ കയ്യോടെ കണ്ടെത്തിത്തരാം. മണ്ഡലത്തിൽ ഇനി ചെയ്യാനൊന്നുമില്ല. പക്ഷേ, ഒടുവിൽ സ്വപ്നങ്ങളെല്ലാം കൂളിമാട് പാലം പോലെയായി. മൊത്തം റൗണ്ടിന്റെ കാൽഭാഗം എണ്ണിയപ്പോൾ തന്നെ അതാ പോകുന്നു ഉമ, നിയമസഭയിലേക്ക്! 

ഭരണത്തിന്റെ വിലയിരുത്തലാകുമെന്നു പറഞ്ഞ കോടിയേരി സഖാവിനെ കാണാനില്ല. അമേരിക്കയിൽ ജോ ബൈഡന്റെ ഭരണമാണ് ഉദ്ദേശിച്ചതെന്നു പറയാതിരുന്നാൽ ഭാഗ്യം! പ്ലാൻ വരച്ചവരും തിരുത്തിയവരുമൊക്കെ സുരക്ഷിതർ. തോൽവി അന്വേഷിക്കുന്നവർ ഏരിയ, ലോക്കൽ നേതാക്കളിൽ പാവങ്ങളെ കണ്ടുവയ്ക്കും, നേർച്ചക്കോഴികളാക്കി ബലികൊടുക്കാൻ. 

ചുമരായ ചുമരൊക്കെ തേച്ച് ഒട്ടിച്ച ശേഷം വലിച്ചെറിയപ്പെട്ട അരുണിന്റെ ഇപ്പോഴത്തെ വേദന ആരറിയാൻ. പൊട്ടിച്ചിരിക്കാൻ ഇടമില്ലാതെ ശ്വാസം മുട്ടുകയാണത്രേ. ചിരി ഒതുക്കുന്തോറും ഉള്ളിൽ നിന്നു തിരമാലപോലെ പൊട്ടിച്ചിരികൾ. മംഗളവനത്തിലെ ആളില്ലാമൂലയിൽചെന്നു ചിരിച്ചു തീർത്താലോ? 

സമയപരിധിയില്ലാത്ത സമയദോഷം

ഉപതിരഞ്ഞെടുപ്പ് എങ്ങനെയുണ്ടായിരുന്നു? ബിജെപിക്കാരുടെ മാന്യവും മനോഹരമായ മറുപടി: കെട്ടിവച്ച കാശുപോയി. വേറെ ബുദ്ധിമുട്ടൊന്നും ഇല്ല. തോറ്റു എന്നാണല്ലോ പതിറ്റാണ്ടുകളായി പറയുന്നത്. ഇത്തവണ അതിനൊരു ട്വിസ്റ്റ്. അത്രയേയുള്ളൂ. എന്നാലും ഇടതിനും കോൺഗ്രസിനും എതിരെയുള്ള വിമർശനത്തിനു തെല്ലും കുറവില്ല. ക്ലച്ച് പിടിക്കാതെ തെക്കുവടക്കു നടക്കുന്ന സ്വന്തം അവസ്ഥയെക്കുറിച്ച് ഒന്നുമില്ല വിശദീകരിക്കാൻ. കേട്ടുനിന്നാൽ സ്വന്തം അമ്മപോലും സഹിക്കില്ല. ശതമാനക്കണക്കിൽ നോക്കിയാൽ നോട്ട പോലും ഇരട്ടിയോളം നേട്ടം വാരി. 

bjp-thrikkakara

അണികൾ സങ്കടത്തോടെ നേതാക്കളോടു ചോദിക്കുന്നു. നിങ്ങൾ എവിടെ കലാപരിപാടി വച്ചാലും ഇതാണല്ലോ ഗതി! അല്ലെങ്കിലും കേസുരേന്ദ്രജിയുടെ ജാതകം ശരിയല്ല. അതുകേട്ടപ്പോൾ അണികളിൽ സംശയം; സമയദോഷത്തിനും ഒരു സമയപരിധിയില്ലേ? നേമത്ത് ഒരെണ്ണം ഉണ്ടായിരുന്നു. 2016ൽ കിട്ടിയത്. തലതിരിഞ്ഞ കോൺഗ്രസുകാർ 2021ൽ അവരുടെ കെഎമ്മിനെ വടകരയിൽനിന്നു കൊണ്ടിറക്കി അതും നശിപ്പിച്ചു. ശിവൻകുട്ടിയണ്ണൻ കൂളായി ജയിച്ചു കയറി. കേന്ദ്രത്തിലേ ബിജെപിയുള്ളൂ. ഇവിടെ പൂജ്യേപ്പിയാണത്രേ. സഖാക്കളുടെ കളിയാക്കൽ കേൾക്കുമ്പോൾ കലികയറും. മറുപടി പറയാൻ ഒന്നുപോലും ഇല്ലാത്ത സ്ഥിതിക്കു മൗനമേ രക്ഷയുള്ളൂ. അതിനാൽ കയറിയ കലി കുറച്ചു കഴിയുമ്പോൾ താനേ ഇറങ്ങിപ്പോകും. 

തൃക്കാക്കര സി മണ്ഡലമായിരുന്നു പട്ടികയിൽ. അതിനെ ബിയാക്കണം. ഒത്തുവന്നാൽ എയിൽ എത്തിക്കുക. ഇതായിരുന്നു സ്ഥാനാർഥി എഎൻആറിന്റെ ദണ്ഡപ്രതിജ്ഞ. പക്ഷേ, പ്രതീക്ഷിച്ചപോലെ വേലിയേറ്റമെന്നല്ല, ഒരു തെന്നൽപോലും സംഭവിച്ചില്ല. പകരം ഇറക്കമായിരുന്നു. കഴിഞ്ഞതവണ കിട്ടിയതിൽ 2526 വോട്ട് ഇത്തവണ ഒലിച്ചുപോയി. ഇക്കാര്യത്തിൽ സഖാക്കൾക്കു ബിജെപിയോട് ആകെ പരിഭവമാണ്. കോൺഗ്രസ് ജയിച്ചാൽ ബിജെപിക്കു വോട്ട് കുറഞ്ഞോയെന്നു നോക്കുന്നതായിരുന്നു പരമ്പരാഗത രീതി.

പക്ഷേ, ഇക്കുറി കോൺഗ്രസ്– ബിജെപി ബന്ധം പറ‍ഞ്ഞ് അതിൽ തൂങ്ങിയാടുന്നതിന്റെ സുഖം സഖാക്കൾക്കില്ല. സ്ഥിരം വച്ചുകൊണ്ടിരുന്ന വെടി സ്വന്തം പിന്നാമ്പുറത്തുവന്നു തറയ്ക്കുകയും ചെയ്തു. ബിജെപിക്ക് 2526 കുറഞ്ഞപ്പോൾ ജോക്കുട്ടന് 2244 വർധിച്ചു. അപ്പോൾ, കാവി കൊരുത്തതു ചെങ്കൊടിയിലോ?

ഭരണ–പ്രതിപക്ഷങ്ങൾക്കിടയിൽ കിടന്നു തേഞ്ഞുതീരാതെ തിരഞ്ഞെടുപ്പിൽ സ്വന്തമായി എന്തെങ്കിലും ഐറ്റം ഇറക്കണം. നേതാക്കൾക്ക് ഇത്തവണ അതൊരു വാശിയായിരുന്നു. ഐറ്റം തേടിയിറങ്ങിയവർ പൂഞ്ഞാറിൽ ചെന്നപ്പോൾ അതാ ഒരാൾ ഒറ്റയ്ക്ക്! കൊമ്പനാണോയെന്നു ചോദിച്ചാൽ അതെയെന്നു പറയാം. മറിച്ച് അഭിപ്രായം ഉള്ളവരും ഇല്ലാതില്ല. കിഴക്കേക്കോട്ടയിലും വെണ്ണലയിലും ചിന്നംവിളിച്ചതിന്റെ ഏനക്കേടുകൾ ഉണ്ട്. അത്തരം ഐറ്റംസാണു നമുക്കു വേണ്ടത്. തട്ടി വണ്ടിയിൽ കയറ്റിക്കോയെന്നു കേസുരേന്ദ്രജിയുടെ ഉത്തരവ്. കക്ഷി ഉള്ളിൽ തീരുമാനിച്ചു; തൃക്കാക്കരയിൽ എഴുന്നള്ളിക്കാം. നേരത്തേ കിഴക്കേക്കോട്ട പൊലീസ് പൊക്കിയെടുത്തു കുതിച്ചപ്പോൾ പിന്നാലെ നിലവിളിയുമായി ബിജെപിക്കാർ ചെന്നതാണ്. ‘ഇല്ലായില്ല വിട്ടുതരില്ല, പിസിയെ ഞങ്ങൾ വിട്ടുതരില്ല.’ എന്നാൽ പിന്നെ നിങ്ങൾ തന്നെ വച്ചോയെന്നു പറഞ്ഞു കോടതി ജാമ്യവും അനുവദിച്ചു.

ബിജെപിക്കാർ നേരെ കൊണ്ടുപോയി തൃക്കാക്കരയിലേക്ക്. ഹാരവും ജണ്ടും പൂകൊണ്ട് ഉണ്ടാക്കാവുന്ന സകലതും അണിയിച്ചു. വാ പോയ കോടാലിക്കു തേക്കെന്നോ തേന്മാവെന്നോ ഭേദമില്ലല്ലോ. ക്യാപ്റ്റനെ കുറ്റം പറഞ്ഞുകൊണ്ടേയിരുന്നു. കിഴക്കേക്കോട്ട പൊലീസ് അറസ്റ്റ് ചെയ്തപ്പോ‍ൾ അകത്തു കിടക്കാത്തതിൽ ക്യാപ്റ്റന്റെ പങ്ക് സ്മരിക്കാമായിരുന്നു. കൂട്ടത്തിൽ സതീശനൊരു കൊട്ട്; കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷനേതാവ്. സതീശൻ അപ്പോഴേ തൊഴുതു പറഞ്ഞു: മികച്ച പ്രതിപക്ഷ നേതാവാണെന്ന സർട്ടിഫിക്കറ്റ് തരാത്തതിൽ സന്തോഷമേയുള്ളൂ. ജോർജേട്ടൻ മടങ്ങിയപ്പോൾ ബിജെപിക്കാർ ഉറപ്പിച്ചു, ഇത്തവണ മണ്ഡലം സിയിൽ നിന്നും ബിയിലെങ്കിലും എത്തും. ഫലം അറിഞ്ഞപ്പോൾ ജോർജേട്ടൻ കണ്ടംമറിഞ്ഞു. ഉമയെ ആദ്യം പിന്തുണച്ചിരുന്നത്രേ! നാട്ടുകാർ അറിയാത്തതു നന്നായി. അല്ലെങ്കിൽ ഉമയുടെ കാര്യം ഗോവിന്ദ ആയേനേ.

സ്റ്റോപ് പ്രസ്

അടിച്ചുവാരാൻ പാർട്ടി പറഞ്ഞാൽ അതും  ചെയ്യുമെന്ന് ബിജെപി സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണൻ.

അടിച്ചുവാരുമ്പോൾ കുറെ വോട്ടൊക്കെ ചൂലിനിടയിലൂടെ ചോരുന്നതു സ്വാഭാവികം

English Summary: Azhchakurippukal-Thrikkakara bypoll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com