ADVERTISEMENT

തൃക്കാക്കരയിലെ യുഡിഎഫ് ജയം ഒത്തൊരുമകൊണ്ട് നേടിയതാണ്. ഉമ്മൻ ചാണ്ടി തൊട്ട് ഹൈബി ഈഡൻ വരെയുള്ളവർ അധ്വാനിച്ച ‘ടീം തൃക്കാക്കര’യുടെ നേട്ടം. എന്നാൽ, കോൺഗ്രസ് നൂറുശതമാനം മെച്ചപ്പെട്ടെന്നു പറയാനാകില്ല. ശക്തമായ അടിത്തറയുള്ള എറണാകുളത്തെ നേട്ടം മറ്റിടങ്ങളിലും സാധ്യമാക്കുകയാണു മുന്നിലുള്ള വെല്ലുവിളി

വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് 2006ൽ നടന്ന തിരുവമ്പാടി ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ചുമതലക്കാരിൽ ഒരാളായിരുന്നു പി.ടി.തോമസ്. യൂത്ത് കോൺഗ്രസ് ഭാരവാഹി എന്ന നിലയിൽ അന്നു പ്രചാരണത്തിനെത്തിയ വി.കെ.ശ്രീകണ്ഠൻ എംപിയോടു തോമസ് ചോദിച്ചു:‘‘ നീ വെറുതേ കറങ്ങാൻ വന്നതാണോ, അതോ പ്രവർത്തിക്കാൻ വന്നതാണോ? രണ്ടായാലും എനിക്കു കുഴപ്പമില്ല; പക്ഷേ, അറിയണം’’ 

പ്രവർത്തിക്കാൻ തന്നെയാണെന്നു പരുങ്ങലോടെ ശ്രീകണ്ഠൻ മറുപടി നൽകി. തോമസ് മുന്നിലെ കടലാസുകൾ മറിച്ചു നോക്കി. എന്നിട്ടു പോകേണ്ട ഇടം പറഞ്ഞു. അവിടെ ചെയ്യേണ്ട ജോലി എന്താണെന്നും കൃത്യമായി പറഞ്ഞു കൊടുത്തു. ശ്രീകണ്ഠൻ അതു ചെയ്യുന്നുണ്ടോയെന്നു പിന്നീടുള്ള ദിവസങ്ങളിൽ ഉറപ്പുവരുത്തി.

പി.ടി.തോമസിന്റെ വിയോഗത്തെത്തുടർന്നുള്ള തിര​ഞ്ഞെടുപ്പിൽ ആ തൃക്കാക്കര നിലനിർത്താനായി ഭാര്യ ഉമ മത്സരിച്ചപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ കോൺഗ്രസ് പിന്തുടർന്നതു പി.ടിയുടെ ഇതേ തിരഞ്ഞെടുപ്പു പാഠങ്ങൾ തന്നെയായിരുന്നു. തിരുവമ്പാടിയിൽ പല ചുമതലക്കാരിൽ ഒരാൾ മാത്രമായിരുന്നു പി.ടിയെങ്കിൽ തൃക്കാക്കരയ്ക്കു മുൻപ് കോൺഗ്രസ് അഭിമാനവിജയം നേടിയ അരൂർ‌ ഉപതിരഞ്ഞെടുപ്പിൽ മുഖ്യചുമതലക്കാരൻ തന്നെ പി.ടി.തോമസായിരുന്നു. 

ഉദയ്പൂരിലെ ചിന്തൻ ശിബിരം കഴിഞ്ഞു നേരെ തൃക്കാക്കരയിൽ എത്തിയ ശ്രീകണ്ഠൻ തിരുവമ്പാടിയിൽ വച്ച് പി.ടി.തോമസ് പറഞ്ഞതു തന്നെയാണ് ഓർമിച്ചത്; അതു മനസ്സിൽ വച്ചാണു പ്രവർത്തിച്ചത്. 11 ദിവസം മണ്ഡലത്തിലുണ്ടായ അദ്ദേഹം ഒരു ചാനലുകളെയും കണ്ടില്ല, വാർത്തകളുണ്ടാക്കാൻ പോയില്ല, പൊതുയോഗങ്ങളിൽ പ്രസംഗിക്കാൻപോലും ശ്രമിച്ചില്ല. പകരം വീടുകളും ഫ്ലാറ്റുകളും കയറിക്കൊണ്ടിരുന്നു. ഉമയ്ക്കു വോട്ടുതേടി ഏറ്റവും കൂടുതൽ വീടുകൾ കയറിയതു ശ്രീകണ്ഠനാണെന്നാണു തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ കണക്ക്: ഏകദേശം 3200 വീട്.

നിർണായകമായ രാഷ്ട്രീയ പോരാട്ടത്തിൽ അക്ഷീണം പ്രവർത്തിച്ചതു ശ്രീകണ്ഠൻ മാത്രമായിരുന്നില്ല. ഉമ്മൻ ചാണ്ടി തൊട്ട് ഹൈബി ഈഡൻ വരെയുള്ളവർ ഒത്തൊരുമയോടെ അധ്വാനിച്ച ആ ‘ടീം തൃക്കാക്കര’യുടെ കണ്ണികളായിരുന്നു. തൃക്കാക്കരയിൽക്കൂടി തോറ്റാൽ കോൺഗ്രസെന്നു പറഞ്ഞു നടന്നിട്ടു കാര്യമില്ലെന്ന  തിരിച്ചറിവിൽനിന്ന് ഉടലെടുത്ത ആത്മാർഥത ഓരോരുത്തരെയും നയിച്ചു. 

തങ്ങളും ഈ ടീമിന്റെ അവിഭാജ്യഘടകം ആണെന്ന തോന്നൽ ഓരോരുത്തരിലും ജനിപ്പിക്കുന്നതിൽ നേതൃത്വം വിജയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽനിന്നു പാടേ മാറിയ കോൺഗ്രസിനെയും യുഡിഎഫിനെയുമാണ് ഭരണപക്ഷവും  തൃക്കാക്കരയിൽ കണ്ടത്. കുത്തനെ ഉയർന്ന ഉമയുടെ ഭൂരിപക്ഷത്തിനു പിന്നിൽ ആ ‘ടീം സ്പിരിറ്റ്’  ആയിരുന്നു. 

pt-satheesan
പി.ടി.തോമസ്, വി.ഡി.സതീശൻ, വി.കെ.ശ്രീകണ്ഠൻ

പാളിച്ചയും തിരുത്തലും

∙ നിയമസഭാ തിരഞ്ഞെടുപ്പിലെ പാളിച്ചകൾ: തയാറെടുപ്പുകളുടെ കാര്യത്തിൽ കോൺഗ്രസും യുഡിഎഫും പിന്നിൽ പോയി, പ്രചാരണം, പണം എന്നിവയുടെ കാര്യത്തിൽ പോരായ്മ, സാമുദായിക സംഘടനകളെ അടുപ്പിക്കാനും വോട്ട് ഉറപ്പിക്കാനും സാധിച്ചില്ല, യുവ സ്ഥാനാർഥിനിരയെ ഇറക്കിയെങ്കിലും യഥാസമയം വേണ്ട വിധം മണ്ഡലങ്ങളിൽ അവതരിപ്പിക്കാനും  കഴിഞ്ഞില്ല. 

∙ തൃക്കാക്കരയിലെ മാറ്റം: തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപു തന്നെ വോട്ടർപട്ടികയിൽ ആറായിരത്തോളം പേരെ ചേർക്കാനുള്ള നടപടികൾ ഡിസിസിയെടുത്തു. പ്രചാരണ സാമഗ്രികളുടെ ഒഴുക്കുതന്നെയുണ്ടായി. വോട്ടർമാരുടെ പേര് ഉൾപ്പെടുത്തിയുള്ള അഭ്യർഥന, ഉമയുടെയും പി.ടി.തോമസിന്റെയും ചിത്രമുള്ള വിശറി, ഒടുവിൽ ഉമയും പി.ടിയും തെളിഞ്ഞു വരുന്ന തരത്തിൽ കുട്ടികൾക്കുള്ള പസിൽ തുടങ്ങിയ കൗതുകങ്ങളും അതിൽപ്പെടും. 

 പണം സമാഹരിക്കുന്നതു വെല്ലുവിളിയായി സതീശനെടുത്തു. മണ്ഡലത്തിലെ എല്ലാ സാമുദായിക വിഭാഗങ്ങളുടെയും ഉപവിഭാഗങ്ങളുടെയും നേതാക്കളെ നേരിൽക്കണ്ടു. 

തിരഞ്ഞെടുപ്പുപ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിൽ ഉമയെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുക മാത്രമല്ല, പോസ്റ്ററിനായി ഉമയുടെ ഫോട്ടോ തിരഞ്ഞെടുക്കുന്നതിൽ വരെ നേതാക്കൾ നേരിട്ടു ശ്രദ്ധ പതിപ്പിച്ചു.

വിജയവും വിവാദവും 

ഇതുകൊണ്ടെല്ലാം പൂർണതയിൽ കോൺഗ്രസ് എത്തിയെന്നു പലരും കരുതുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിനു നൂറിൽ 30 മാർക്ക് ഇടാമെങ്കിൽ തൃക്കാക്കരയിൽ അത് 60 ആയി ഉയർന്നു എന്നാണ് ഒരു യുവ എംഎൽഎ വിലയിരുത്തിയത്. അപ്പോഴും 40 മാർക്ക് കൂടി കിട്ടാനുണ്ട്. 

കോൺഗ്രസിനു പ്രവർത്തകരും സ്വാധീനവുമുള്ള തൃക്കാക്കരപോലെ ഉള്ളംകയ്യിൽ ഒതുക്കാവുന്ന മണ്ഡലത്തിൽ മാത്രം കേന്ദ്രീകരിക്കുന്നത് എളുപ്പമാണെങ്കിൽ 140 മണ്ഡലത്തിലും തിരഞ്ഞെടുപ്പു നടക്കുമ്പോൾ അതാകില്ല സ്ഥിതി.

‘ടീം തൃക്കാക്കര’ എന്ന വിജയനിമിഷത്തിലെ ഐക്യവികാരത്തിന് അതിനുശേഷം സമൂഹ മാധ്യമങ്ങളിലെ ചില വ്യക്ത്യാരാധന നിഴലിക്കുന്ന ചിത്രങ്ങളും കുറിപ്പുകളും മങ്ങലേൽപിച്ചു. 2005 മുതൽ കോൺഗ്രസിനെ നയിച്ചിരുന്ന ഉമ്മൻ ചാണ്ടി–രമേശ് ചെന്നിത്തല സഖ്യത്തിന് മൂന്നു ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ഒരു നിയമസഭാ തിരഞ്ഞെടുപ്പിലും പത്ത് ഉപതിരഞ്ഞെടുപ്പുകളിലും വിജയപതാക പാറിക്കാനായി എന്നതു വിസ്മരിക്കാനാവില്ല. 

ഒരു ഉപതിരഞ്ഞെടുപ്പിൽ ജയിച്ചതുകൊണ്ടു മാത്രം താൻ ക്യാപ്റ്റനോ ലീഡറോ ആകുന്നില്ലെന്ന് അതുകൊണ്ടുകൂടിയാണു സതീശൻ വ്യക്തമാക്കിയത്. മഹത്തായ ടീം ഉണ്ടെങ്കിലേ മഹാനായ ക്യാപ്റ്റനും പിറവി കൊള്ളൂവെന്നു കായികപ്രേമികൾ പറയാറുണ്ട്. യഥാർഥ യുദ്ധങ്ങൾ വരാനിരിക്കുന്നതേയുള്ളൂവെന്നും പ്രതിപക്ഷനേതാവിനറിയാം. 

കോൺഗ്രസിനും യുഡിഎഫിനും ശക്തമായ അടിത്തറയുള്ള എറണാകുളത്തെ നേട്ടം മറ്റിടങ്ങളിലും സാധ്യമാക്കുന്നതാണു മുന്നണിക്കു മുന്നിലെ വെല്ലുവിളി. തൃക്കാക്കരയോടെ വീണ്ടെടുത്ത വിജയതൃഷ്ണ കോൺഗ്രസിന് അതിലേക്കുള്ള ശുഭസൂചനയാണ്.

English summary: Congress unity wins in Thrikkakara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com