ADVERTISEMENT

ബഹുമാനപ്പെട്ട സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് രക്ഷാകർത്താക്കളായ വോട്ടർമാർ വായിച്ചു ബോധ്യപ്പെട്ട് ഒപ്പിടാൻ സമർപ്പിച്ചിരിക്കുന്ന ഈ വാർഷികവേളയിൽ അപ്പുക്കുട്ടൻ ഒരഭ്യർഥന സമർപ്പിച്ചുകൊള്ളട്ടെ: ദയവുചെയ്തു രാജ്യാന്തരത്തിൽനിന്നു സർക്കാർ കയ്യെടുക്കണം.

നമ്മുടെ സർവകലാശാലകളിൽ പുതുതായി 1500 ഹോസ്റ്റൽ മുറികൾ നിർമിക്കാൻ പോകുന്നുവെന്നു പ്രോഗ്രസ് റിപ്പോർട്ടിലുണ്ട്. അതിൽ 250 എണ്ണം രാജ്യാന്തര നിലവാരത്തിലായിരിക്കുമത്രേ.

അപ്പുക്കുട്ടന്റെ നാട്ടിൽ ഇ–ടോയ്‌ലറ്റ് തുറന്നപ്പോൾ മന്ത്രി പറഞ്ഞതു സംഗതി രാജ്യാന്തര നിലവാരമാണെന്നാണ്. ഒരാഴ്ചകൊണ്ട് രാജ്യാന്തര നിലവാരത്തിൽ അതു കേടായി. ഒരാഴ്ചകൂടി കഴിഞ്ഞപ്പോൾ അതിന്റെ വാതിൽ പൊളിഞ്ഞു. ഇപ്പോൾ അവിടെ ബാക്കിയുള്ളതു ചെറിയൊരു ‘ഇ’ മാത്രം. ലോകമേ തറവാട് എന്ന രാജ്യാന്തര കാഴ്ചപ്പാടോടെ നാട്ടുകാർ പ്രകൃതിയുടെ വിളി കേൾക്കുന്നതു തുടരുന്നു.

ഓരോ തവണ റോഡ് ടാർ ചെയ്യുമ്പോഴും പറഞ്ഞുകേൾക്കുന്നത് അതു രാജ്യാന്തര നിലവാരത്തിലാണെന്നാണ്. ഒരാഴ്ച തികയും മുൻപു നമ്മളതു രാജ്യാന്തര നിലവാരത്തിൽ വെട്ടിപ്പൊളിക്കുന്നു. 

രണ്ടാഴ്ച തികയും മുൻപു രാജ്യാന്തര റോഡിലുണ്ടാകുന്ന കുഴികൾ രാജ്യാന്തര കുഴികളാണോ? നമ്മുടെ നഗരങ്ങളിലെ നടപ്പാതകൾ രാജ്യാന്തര നിലവാരത്തിലാണെന്നു പറഞ്ഞു തീരും മുൻപ് ആരെങ്കിലും അതിലെ കുഴിയിൽ വീണിരിക്കും.

രാജ്യാന്തരമാകാൻ വേണ്ടി നാം കൊടിമരങ്ങളും ബോർഡുകളും അഭിവാദ്യങ്ങളും സംസ്ഥാന സമ്മേളനങ്ങളുമൊക്കെ പെരുവഴിയിലും പൊതുസ്ഥലങ്ങളിലും കെട്ടിയുയർത്തി അകന്നുനിന്ന് അവയുടെ ഭംഗിയാസ്വദിക്കും. ഇതിലൊക്കെ ഇടപെടുന്ന കോടതികൾക്ക് അഭിവാദ്യമർപ്പിച്ചൊരു ബോർഡ് വേറെ തൂക്കിയെന്നും വരും.

ഓരോ തവണ വഴിയിലേക്കു മാലിന്യം വലിച്ചെറിയുമ്പോഴും നാം ആണയിടും: നമ്മുടെ മാലിന്യ സംസ്കരണം രാജ്യാന്തര നിലവാരത്തിന് ഒരു നാണമില്ലാപ്പൊതി അകലെയാണ്.

ഏതെങ്കിലുമൊരു അധികാരി വഴിയിലിറങ്ങിയാലുടൻ അദ്ദേഹത്തിന്റെ സുഗമയാത്രയ്ക്കായി ഗതാഗതം പാടേ തടയുന്നതു രാജ്യാന്തര മുൻകരുതലാണെന്നാണു നമ്മുടെ ഭാവം. ഈയിടെ കൊച്ചിയിലൊരു വിവാഹത്തിനെത്തിയ മുഖ്യ വിഐപിക്കുവേണ്ടി വഴിയായ വഴിയെല്ലാം കെട്ടിയടച്ചതിനാൽ ക്ഷണിക്കപ്പെട്ട പലർക്കും അതിൽ പങ്കെടുക്കാതെ മടങ്ങേണ്ടിവന്നത് അപ്പുക്കുട്ടനറിയാം.

അല്ല സർ, നമ്മൾ വിചാരിക്കുന്നതല്ല രാജ്യാന്തരം. അതു സംഗതി വേറെയാണ്. അതെന്താണെന്നു ബോധ്യപ്പെടുന്നതുവരെ നാം നമ്മെത്തന്നെ രാജ്യാന്തരത്തിലേക്കു പൊക്കിപ്പിടിക്കുന്ന പരിപാടി സർക്കാർ നിർത്തണം.

 

English Summary: Kerala Model Developments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com