ADVERTISEMENT

ഗബ്രിയേൽ ഗാർസിയ മാർക്കേസോ റോബേർട്ടോ ബൊലാനയോ മറ്റോ എഴുതിയ ലാറ്റിൻ അമേരിക്കൻ നോവലിനെ ഓർമിപ്പിക്കുന്നതാണു കേരളത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ. നിരൂപകരുടെ ഭാഷയിൽ പറ‍ഞ്ഞാൽ ദുരന്തമാണോ പ്രഹസനമാണോ എന്നു വേർതിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള അനുഭവങ്ങളുടെയും ഭാവങ്ങളുടെയും ചരിത്രധ്വനികളുടെയും കുഴമറിച്ചിൽ. കാണികൾ, വായനക്കാർ എന്താണു ചെയ്യേണ്ടത്? പുസ്തകം അടച്ചുവച്ചു കരയണോ ചിരിക്കണോ? അത്രയ്ക്ക് അസംബന്ധമായി തോന്നുന്നു നടക്കുന്ന കാര്യങ്ങൾ. ഈ അവസ്ഥയിൽ ഇതു ലാറ്റിൻ അമേരിക്കയല്ല, കേരളമാണ് എന്ന് ഏതെങ്കിലും വിവേകശാലി നമ്മെ ഓർമിപ്പിക്കേണ്ടിയിരിക്കുന്നു.

എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു നോക്കുക. കോവിഡ് എന്ന മാരകരോഗത്തിന്റെ വ്യാപനത്തിൽനിന്നു രക്ഷപ്പെടാനുള്ള സുരക്ഷാ ഉപാധിയാണു മാസ്ക് ധരിക്കൽ. ഏതു നിറത്തിലുള്ള വസ്ത്രം ധരിക്കാനും സ്വതന്ത്ര സംസ്ഥാനമായ കേരളത്തിൽ ഒരു പൗരനു ഭരണഘടനാപരമായ സ്വാതന്ത്ര്യമുണ്ട്. അതുപോലെതന്നെ താൻ ധരിക്കുന്ന മാസ്ക്കിന്റെ നിറം ഏതെന്നു നിർണയിക്കാനും. പക്ഷേ, വളരെപ്പെട്ടെന്നു കോട്ടയത്തും എറണാകുളത്തും കോഴിക്കോട്ടും മലപ്പുറത്തും അതായതു നിർദിഷ്ട അതിവേഗ സിൽവർലൈൻ കടന്നുപോകുന്ന വഴികളിലെല്ലാം പെട്ടെന്നു പൊലീസ് ഉത്തരവ് വരുന്നു; മാസ്ക്കിന്റെ നിറം കറുപ്പാകാൻ പാടില്ല. ധരിക്കുന്ന ഉടുപ്പിന്റെ നിറവും കറുപ്പാകാൻ പാടില്ല. ഇതറിയാതെ കറുപ്പു വസ്ത്രവും കറുത്ത മാസ്ക്കും ധരിച്ചു പുറത്തിറങ്ങിയവരോട് അവ മാറ്റി നീലയോ മഞ്ഞയോ ധരിക്കാൻ പൊലീസ് ആവശ്യപ്പെടുന്നു. അനുസരിക്കാത്തവരെ പിടിച്ചു നിർബന്ധപൂർവം മാറ്റിക്കുന്നു. അങ്ങനെ കറുപ്പ് ആധുനിക കേരളത്തിൽ നിരോധിക്കപ്പെട്ട നിറമായി. ഇതിന്റെ കാരണമാണു വിചിത്രം. അതുവഴി സംസ്ഥാന മുഖ്യമന്ത്രി യാത്ര ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ കണ്ണിൽ കറുപ്പുനിറം പെടാൻ പാടില്ല. കറുപ്പ് പ്രതിഷേധത്തിന്റെ നിറമാണ്. അദ്ദേഹത്തിനു പ്രതിഷേധം ഇഷ്ടമല്ല.

അധികാരം നഷ്ടപ്പെടുമോ എന്ന പരിഭ്രാന്തി പിണറായി വിജയനെന്ന മുഖ്യമന്ത്രിയുടെ ഓർമകളെ ബാധിച്ചു തുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാൻ. അല്ലെങ്കിൽ അത്രയൊന്നും വിദൂരമല്ലാത്ത ഭൂതകാലത്തു പൊതുവേദിയിൽ, അന്നു പാർട്ടി സെക്രട്ടറിയായിരുന്ന അദ്ദേഹം ഉറക്കെ പറഞ്ഞ വാക്കുകൾ ആരു മറന്നാലും അദ്ദേഹം മറക്കാൻ പാടുണ്ടോ? അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ, ധരിച്ചിരിക്കുന്ന കറുത്ത കുപ്പായം ഊരി കരിങ്കൊടിയായി സങ്കൽപിച്ചു പ്രതിഷേധിച്ച ഡിവൈഎഫ്ഐക്കാരെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് അദ്ദേഹം കേരളത്തിനു കൊടുത്ത ഉപദേശം കരിങ്കൊടി കാണിക്കുന്നത് ഒരു ക്രിമിനൽ കുറ്റമല്ല, അതൊരു ജനാധിപത്യ പ്രതിഷേധമാർഗമാണ് എന്നാണ്. ഇത്ര ക്ഷണികമാകാൻ പാടുണ്ടോ കമ്യൂണിസ്റ്റ് വിപ്ലവനേതാക്കളുടെ ചരിത്രസ്മൃതി.

തീർന്നില്ല, ദുരന്തമോ പ്രഹസനമോ എന്നറിയാത്ത സംഭവങ്ങളുടെ പരമ്പര. അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരാഗാന്ധിയുടെ വരവിനെയും അടുത്തകാലത്തു തമിഴ്നാട്ടിൽ ജയലളിതയുടെ വരവിനെയും ഓർമപ്പെടുത്തി, സംസ്ഥാന മുഖ്യമന്ത്രി യാത്രചെയ്യാൻ ഉദ്ദേശിക്കുന്ന വഴികളിലെ പൊതുഗതാഗതം പെട്ടെന്നു നിലയ്ക്കുന്നു. കല്യാണം കൂടാൻ പോയവരും അമ്പലത്തിൽ പോയവരും ആശുപത്രിയിൽ പോയവരും മുഖ്യമന്ത്രി കടന്നുപോകുന്നതു വരെ പെരുവഴിയിലാകുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കു വേണ്ടിയുള്ള ഗതാഗതനിയന്ത്രണം എന്നാണ് ഈ സ്തംഭിപ്പിക്കലിനുള്ള പൊലീസ് ഭാഷ്യം. ആരാണു കേരള മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കു ഭീഷണി? മാമോദീസയ്ക്കു പള്ളിയിൽ പോയ വിശ്വാസികളോ, ആശുപത്രിയിൽ പോയ രോഗികളോ, ചന്തയിൽ പച്ചക്കറി വാങ്ങാൻ പോകുന്ന സാധാരണക്കാരോ, ഓഫിസിൽ പോകുന്നവരോ? അഥവാ ഏതെങ്കിലും അമേരിക്കൻ സാമ്രാജ്യത്വ ഭീകരൻ ഈ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കു ഭീഷണിയുയർത്തി കേരളത്തിൽ വന്ന് ഒളിച്ചു പാർക്കുന്നുണ്ടോ?

കറുപ്പ് നിരോധിക്കുന്നവർ, കറുപ്പിനെ വെറുക്കുന്നവർ ഒരുകാര്യം കൂടി മറക്കാതിരുന്നാൽ നല്ലത്. കറുപ്പ് പ്രതിഷേധത്തിന്റെ, അറപ്പിന്റെ, വെറുപ്പിന്റെ നിറം മാത്രമല്ല. അതു ദുഃഖത്തിന്റെയും അനുശോചനത്തിന്റെയും നിത്യമായ നിറം കൂടിയാണ്. ഒന്നുകൂടി തെളിച്ചുപറഞ്ഞാൽ, ഒരു നിറവുമില്ലാത്ത ശൂന്യതയാണ്. 

പിണറായി വിജയനെന്ന മുഖ്യമന്ത്രിയുടെ സുഹൃദ് മുഖ്യമന്ത്രിയായ സ്റ്റാലിൻ പ്രതിനിധാനം ചെയ്യുന്ന ദ്രാവിഡ രാഷ്ട്രീയത്തിന്റെ സ്വത്വത്തിന്റെ നിറവുമാണ്. പെരിയോർ തൊട്ടു ദ്രാവിഡ രാഷ്ട്രീയത്തിൽ പടർന്നതാണ് ആ നിറം. പ്രതിഷേധവും ദുഃഖവും കരുത്തും ഒരുമിച്ചു പ്രതിനിധാനം ചെയ്യുന്നു എന്നതാകാം അധികാരം നഷ്ടപ്പെടുമോ എന്ന ആധി വരുമ്പോൾ അധികാരത്തിൽ ഇരിക്കുന്നവർക്ക് ഇരുട്ടും രാത്രിയും കറുപ്പും അസ്വസ്ഥത സൃഷ്ടിക്കുന്നത്. അവർക്കു സങ്കൽപിക്കാനാകാത്ത അധികാരമില്ലാത്ത നാളുകളുടെ പ്രേതദർശനം അവരുടെ സമനില തെറ്റിക്കുന്നു. ചാർലി ചാപ്ലിന്റെ ‘ദ് ഗ്രേറ്റ് ഡിക്ടേറ്ററി’ലെ സ്വേച്ഛാധിപതിയെ അനുകരിച്ച് ഉച്ചത്തിൽ അർഥമില്ലാത്ത വാക്കുകൾ വിളിച്ചുപറയുന്നു. അതുകേട്ട് ആളുകൾ കയ്യടിക്കുന്നു. നൂറുകണക്കിനു പൊലീസുകാരുടെ സുരക്ഷാവലയത്തിൽനിന്ന് നിരീക്ഷണ ക്യാമറകളുടെ ഉറപ്പോടെ ജലപീരങ്കികളുടെയും കണ്ണീർവാതക ഷെല്ലുകളുടെയും ഉറപ്പിൽ അവർ ജനങ്ങളെ വെല്ലുവിളിക്കുന്നു: ‘‘ഇതൊന്നും കണ്ടാൽ ഞങ്ങൾ പേടിക്കില്ല. ജനങ്ങളെ മുൻനിർത്തി ഞങ്ങൾ ചെറുത്തു നിൽക്കും.’’

ആരാണു ജനങ്ങൾ? ഡിജിപി മുതൽ താഴോട്ടുള്ള യൂണിഫോമിട്ട പൊലീസുകാരോ? നിരീക്ഷണ ക്യാമറകളോ? ജലപീരങ്കികളോ? കണ്ണീർവാതക ഷെല്ലുകളോ? ഇടയ്ക്കിടയ്ക്കു കണ്ണീർവാതകം പ്രയോഗിക്കുക. അങ്ങനെയെങ്കിലും ഈ ദുരന്തം കണ്ട് സാധാരണക്കാർ ഒന്നു കരഞ്ഞോട്ടെ.

(രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാണു ലേഖകൻ)

English Summary: Black colour mask, clothes ban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com