ADVERTISEMENT

പണ്ഡിതനെയും തോളിലേറ്റി ആഹ്ലാദപ്രകടനം നടത്തുകയാണ് ഗ്രാമവാസികൾ. അവരുടെ ഗുരുവാകാൻ നിയോഗിക്കപ്പെട്ട വ്യക്തിയാണ് അദ്ദേഹം. ജനക്കൂട്ടം ആഘോഷപൂർവം അദ്ദേഹത്തെ ഔദ്യോഗിക പീഠത്തിലിരുത്തി. തന്റെ ആദ്യപ്രസംഗം നടത്തുന്നതിനിടയിൽ ഒരു ശിഷ്യൻ അദ്ദേഹത്തോട് ചോദിച്ചു. വിനയത്തെക്കുറിച്ച് അങ്ങ് എപ്പോഴും പറയാറുണ്ടല്ലോ. താങ്കളെ ചുമലിലേറ്റി ആളുകൾ നഗരത്തിലൂടെ നടന്നപ്പോൾ താങ്കൾക്കുണ്ടായ വികാരം എന്തായിരുന്നു. ഗുരു പറഞ്ഞു. ഞാൻ മരിച്ചു എന്നും എന്റെ മൃതശരീരം വഹിച്ചുകൊണ്ട് അവർ നടക്കുകയാണ് എന്നും തോന്നി. 

സ്തുതിഗീതങ്ങളുടെ ബലിയാടായാൽ പിന്നെ അത്തരം മേളക്കൊഴുപ്പുകളിലേക്ക് ജീവിതം വഴിമാറും. വീരാരാധനയ്ക്ക് വശംവദരാകുന്നതിൽ നിരവധി അപകടങ്ങളുണ്ട്. ആരാധകർക്കെല്ലാം തങ്ങളുടേതായ ലക്ഷ്യങ്ങളുണ്ട്. അത് നേടിയെടുക്കുന്നതുവരെ മാത്രമായിരിക്കും അവരുടെ പുകഴ്ത്തലും. സാന്നിധ്യത്തിൽ മാത്രമായിരിക്കാം അവർ നല്ലത് പറയുക. അസാന്നിധ്യത്തിൽ അവർ അവഹേളിച്ചേക്കാം. അവർ നൽകുന്ന താൽക്കാലിക സുഖങ്ങളിലകപ്പെട്ടാൽ സഞ്ചരിക്കേണ്ട തനിവഴികൾ മറന്നുപോകും. വ്യക്തിപൂജയ്ക്കു വിധേയരാകുന്നവരെല്ലാം തങ്ങളുടേതായ ഈഗോയും കെട്ടിയുയർത്തും. ഒരിക്കൽ ആരാധിക്കപ്പെട്ടതുകൊണ്ട് പിന്നീടൊരിക്കലും അവഗണിക്കപ്പെടാൻ പാടില്ല എന്നും ഒരു കൂട്ടർ ബഹുമാനിക്കുന്നതുകൊണ്ട് എല്ലാവരും ബഹുമാനിക്കണമെന്നുമുള്ള നിർബന്ധബുദ്ധിയിലേക്ക് അവർ ചുരുങ്ങും. പിന്നീടുള്ള ഓരോ പ്രവൃത്തിയുടെയും ലക്ഷ്യം ജനപ്രീതി സമ്പാദിക്കാനാകും. അർഹതയുള്ളവരെ അംഗീകരിക്കാതെ പ്രീണിപ്പിക്കുന്നവരെ അടുത്തു നിർത്തും.

ജീവിച്ചിരിക്കുമ്പോൾതന്നെ ഇല്ലാതാക്കേണ്ട ചില നിഷേധവികാരങ്ങളും അധമപ്രവൃത്തികളുമുണ്ട്. സ്തുതിപാഠകരെ നിരോധിക്കണം. ഇല്ലെങ്കിൽ അവർ പ്രലോഭനവഴികൾ തീർക്കും. അനർഹമായ ബഹുമതികൾക്ക് പ്രവേശനം നൽകരുത്. അത് അഹംബോധത്തെ വളർത്തുമെന്ന് മാത്രമല്ല ബഹുമതികൾക്കുവേണ്ടിയുള്ള വിലപേശലിലേക്കു നയിക്കുകയും ചെയ്യും. ആർപ്പുവിളികൾക്ക് നിന്നുകൊടുക്കാത്തവരോട് ആളുകൾക്ക് ബഹുമാനം കൂടുകയേയുള്ളു. 

അത്യുന്നത നേട്ടങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ഒരു സത്യം മറന്നുപോകരുത്, പകരക്കാരനുണ്ടാകും. ലഭിക്കുന്ന എല്ലാ സ്ഥാനങ്ങളും മറ്റാരുടെയോ കാലാവധി കഴിഞ്ഞതുകൊണ്ട് കിട്ടിയതാണ്. ലഭിച്ച സ്ഥാനമൊഴിയാനും അധികം കാലതാമസം വേണ്ട.

English Summary: Subhadinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com