ADVERTISEMENT

സ്വാതന്ത്ര്യത്തിന്റെ ഈ 75–ാം വാർഷികവേളയിൽ മലയാളത്തിനു ലഭിക്കുന്ന പടപടാലിറ്റിയുള്ള പദമാണ് പിപ്പിടി. പിടിച്ചപിടിയാലേ പിപ്പിടിയുടെ പകർപ്പവകാശം മുഖ്യമന്ത്രി പിണറായി വിജയനവർകൾ കൈവശപ്പെടുത്തിയിരിക്കുന്നു.

അടുത്ത കാലത്തായി പിപ്പിടിയിൽ പിടിച്ചേ അദ്ദേഹം പ്രസംഗിക്കാറുള്ളൂ:

പിപ്പിടികാട്ടി പേടിപ്പിക്കാൻ നോക്കരുത്, ഒരു പിപ്പിടിയും ഏശാൻ പോകുന്നില്ല എന്ന മട്ടിൽ.

പിപ്പിടി പിടിയിലൊതുക്കാൻ വേണ്ടി അപ്പുക്കുട്ടൻ ശബ്ദതാരാവലിയിലാണു നോക്കിയത്.

ഹാ, കഷ്ടം, പിമ്പിരിയൊക്കെയുണ്ടെങ്കിലും പിപ്പിടിയില്ല.

സാഹചര്യങ്ങൾക്കനുസരിച്ച് പിപ്പിടിയുടെ അലകും പിടിയും പല ആവശ്യങ്ങൾക്കുപയോഗിക്കാമെന്നാണ് അപ്പുക്കുട്ടനു കിട്ടിയ ഭാഷാപരമായ ഉപദേശം.

ബെഞ്ചമിൻ ബെയ്‌ലി സായ്‌പ്പിന്റെ കാലംമുതൽ അളന്നാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ നിഘണ്ടു പുറത്തിറക്കിയിട്ടുള്ള നഗരമായ കോട്ടയത്ത് നിഘണ്ടുവിലില്ലാത്ത പിപ്പിടി നടപ്പായത് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ്.

മുഖ്യമന്ത്രി വരുന്നതു പ്രമാണിച്ച് നഗരപാതകൾ മണിക്കൂറുകളോളം കെട്ടിയടച്ചു. തുടർന്നങ്ങോട്ട് കൊച്ചിയിലും തൃശൂരിലും മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരിലുമൊക്കെ പിപ്പിടിയുണ്ടായി. കറുത്ത വസ്ത്രത്തിനും മാസ്ക്കിനും നിരോധനമുണ്ടായി. കറുത്ത മാസ്ക് അഴിപ്പിച്ച് പകരം വർണവൈവിധ്യമുള്ളത് പൊലീസ്തന്നെ സംഭാവന ചെയ്തു. കറുത്ത കുടകൾ നിരോധിച്ചു; അർധരാത്രി കുടപിടിക്കാൻ അനുവാദം നൽകി.

വഴിപോക്കരിൽ കറുത്ത അടിവസ്ത്രങ്ങൾ ധരിച്ചവരുണ്ടാകാമെന്നും എല്ലാ സുരക്ഷാഭീഷണികളും അടിത്തട്ടിൽ നിന്നാണുണ്ടാകുന്നതെന്നതിനാൽ അതുകൂടി അഴിപ്പിക്കണമെന്നും നിർദേശമുയർന്നുവെന്നാണ് അപ്പുക്കുട്ടനു കിട്ടിയ വിവരം. അതു റിവേഴ്സ് പിപ്പിടിയാകുമെന്ന് ആരോ നിയമോപദേശം നൽകിയതിനാൽ സംഗതി നടക്കാതെ പോയി.

വിമാനത്തിൽ മുഖ്യമന്ത്രിക്കൊപ്പം പിപ്പിടിയും റിവേഴ്സ് പിപ്പിടിയും പറന്നുകളിച്ച് ആഘോഷമാക്കി.

കർത്താവില്ലായ്മ പിപ്പിടിയുടെ അടിസ്ഥാന സ്വഭാവമാണെന്നു വേണം കരുതാൻ. ഇക്കഴിഞ്ഞ ദിവസങ്ങളിലെ കറുപ്പയ്യോ നാടകത്തിനും അതുതന്നെ സംഭവിച്ചു. കർത്താവ്, കർമം, ക്രിയ ക്രമത്തിൽ വിക്രിയ മാത്രം ബാക്കിയായി.

സ്വന്തം വകുപ്പിലെ ഒരുദ്യോഗസ്ഥന്റെ തല പരിശോധിക്കണമെന്ന് പണ്ടൊരു മന്ത്രി ഫയലിൽ എഴുതിയത് ചിലരെങ്കിലും ഓർക്കുന്നുണ്ടാവും.

തലമറന്ന് എണ്ണ തേക്കുന്നതിനെക്കാൾ സുഖമുള്ള മറ്റൊരു പിപ്പിടിയില്ല.

 

English Summary: Pinarayi Vijayan's ‘Pippidi’ term

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com