ADVERTISEMENT

സങ്കടത്തോടെ ഓർ‌മിക്കാം: അപകടഭീഷണിയുടെ മുന്നറിയിപ്പു നൽകുന്നെ‍ാരു ബോർഡ് റോഡിൽ സ്ഥാപിച്ചിരുന്നെങ്കിൽ എത്രയോപേർ‌ ഇന്നും നമുക്കെ‍ാപ്പം ഉണ്ടാവുമായിരുന്നു. 

റോഡിലൂടെ സഞ്ചരിക്കുന്നവരുടെ ജീവനു കൊടുക്കേണ്ട മൂല്യം സർക്കാർസംവിധാനങ്ങൾ മറക്കുന്നതുകെ‍ാണ്ടാണ് ഒട്ടേറെ ജീവിതങ്ങൾ വഴിയിൽ പൊലിഞ്ഞുപോകുന്നത്. മുന്നറിയിപ്പ് ഇല്ലാത്തതുക‍െ‍ാണ്ടു സംഭവിക്കുന്ന ഓരോ അപകടമരണവും ബന്ധപ്പെട്ടവരുടെ അനാസ്ഥകൂടി വിളിച്ചുപറയുന്നു. അതുകെ‍ാണ്ടുതന്നെ, ഇക്കാര്യത്തിലുണ്ടായ ഹൈക്കോടതി ഇടപെടലിന് ഏറെ പ്രസക്തിയുണ്ട്. 

സംസ്ഥാനത്തു റോഡ്, പാലം നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ പിന്തുടരേണ്ട സുരക്ഷാ, മുൻകരുതൽ നടപടികൾക്കു പ്രോട്ടോക്കോൾ രൂപപ്പെടുത്തണമെന്നും അതു പാലിക്കുന്നുവെന്നു സർക്കാരും പെ‍ാതുമരാമത്തു വകുപ്പും ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. നിർമാണസ്ഥലങ്ങളിൽ വേണ്ടത്ര വെളിച്ചവും മുന്നറിയിപ്പും ഇല്ലാത്തതാണ് അപകടത്തിലേക്കു നയിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ഹർജികൾ പരിഗണിക്കുന്നതിനിടെ, എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ, പണി നടക്കുന്ന അന്ധകാരത്തോട് പാലത്തിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവു മരിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. 

ഈ സംഭവത്തിൽ എൻജിനീയർക്കും കരാറുകാരനുമെതിരെ കേസ് എടുത്തെന്നും എൻജിനീയറെ സസ്പെൻഡ് ചെയ്തെന്നും സർക്കാർ അറിയിച്ചപ്പോൾ, അപകടം നടന്നശേഷം പതിവുമട്ടിൽ നടപടിയെടുത്തിട്ടു കാര്യമില്ലെന്നാണു കോടതി പറഞ്ഞത്. നിർമാണസ്ഥലത്തു വെളിച്ചമില്ലെങ്കിൽ, 40 കിലോമീറ്ററിലേറെ വേഗത്തിൽ വണ്ടിയോടിച്ചു പോകുന്നവരുടെ ശ്രദ്ധയിൽപെടില്ല. നിർമാണ സൈറ്റുകളിൽ മതിയായ മുൻകരുതൽ കൂടിയേ തീരൂ.

അന്ധകാരത്തോട് പാലത്തിന്റെ നിർമാണം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് ഇനിയും നിർമിച്ചിട്ടില്ല. പാലത്തിനും റോഡിനുമിടയിൽ അപ്രോച്ച് റോഡ് ഇല്ലെന്ന കാര്യം ഇരുട്ടിൽ ശ്രദ്ധയിൽപെടാത്തതുകെ‍ാണ്ടാണ് അപകടമുണ്ടായതെന്നാണു പരാതി. നിർമാണം നടക്കുന്നുവെന്നു സൂചിപ്പിച്ചുള്ള മുന്നറിയിപ്പു ബോർഡുകളോ ഗതാഗതം തടയുന്നതിനുള്ള ബാരിക്കേഡുകളോ റോഡിൽ ഉണ്ടായിരുന്നുമില്ല. 

കൊച്ചി പാലാരിവട്ടത്ത്, റോഡിലെ കുഴി ജീവൻ കവർന്ന യുവാവിന്റെ മാതാപിതാക്കളോടു മാപ്പു ചോദിക്കുകയാണെന്നും ലജ്ജിച്ചു തലതാഴ്ത്തുകയാണെന്നും 2019ൽ ഹൈക്കോടതിക്കു പറയേണ്ടിവന്നു. ആളുകൾ മരിക്കുമ്പോഴാണു റോഡിലെ കുഴി മൂടുന്നതെന്നുകൂടി കോടതി അന്നു പറഞ്ഞു. പാലാരിവട്ടം അപകടത്തെത്തുടർന്ന്, റോഡുകളിൽ അപകടകരമായ സാഹചര്യമുണ്ടായാൽ ഉടൻ മുന്നറിയിപ്പു ബോർഡും ബാരിക്കേ‍ഡും സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്നു സർക്കാർ നിർദേശം നൽകിയിരുന്നു. ആ നിർദേശത്തിന്റെ പിൽക്കാല അവസ്ഥ നാം കണ്ടറിഞ്ഞതാണ്. ബന്ധപ്പെട്ട വകുപ്പുകൾ സുരക്ഷാ മാനദണ്ഡങ്ങളുടെ കാര്യത്തിൽ പ്രോട്ടോക്കോൾ പാലിക്കാത്തതു മൂലമാണു കൊച്ചിയിൽ കുഴിയിൽ ബൈക്ക് വീണു യുവാവ് മരിച്ചതു പോലുള്ള അപകടങ്ങൾ ഉണ്ടാകുന്നതെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ അന്നു പറഞ്ഞത്. 

അന്ധകാരത്തോടു പാലത്തിൽ ബൈക്ക് അപകടത്തിൽ യുവാവു മരിച്ച സംഭവത്തെത്തുടർന്ന്, നിർമാണം നടക്കുന്ന റോഡുകളിലും പാലങ്ങളിലും യാത്രികർക്കു മുന്നറിയിപ്പു നൽകുന്നതിലും സുരക്ഷാ സംവിധാനം ഒരുക്കുന്നതിലും വീഴ്ചവന്നാൽ കരാർ റദ്ദാക്കാൻ പൊതുമരാമത്തു വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. നിർമാണച്ചുമതലയുള്ള എൻജിനീയർ ഇക്കാര്യം പതിവായി പരിശോധിക്കണമെന്നും വീഴ്ച വരുത്തിയാൽ എൻജിനീയർക്കെതിരെയും നടപടി വരുമെന്നും ഈ തീരുമാനത്തിന്റെ ഭാഗമായുണ്ട്. നിലവിൽ നാട കെട്ടുകയോ ബാരലുകൾ നിരത്തുകയോ ‘തട്ടിക്കൂട്ട്’ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുകയോ ആണു ചെയ്യുന്നത്. രാത്രി ഇവ കാണാനാകുന്നില്ലെന്നും അതിനാൽ ഇന്ത്യൻ റോഡ് കോൺഗ്രസ് (ഐആർസി) നിഷ്കർഷിച്ചിട്ടുള്ള മുന്നറിയിപ്പു സംവിധാനം ഒരുക്കണമെന്നുമാണു നിർദേശം.

ഇത്തരത്തിൽ രക്ഷാമുൻകരുതൽ നടപടികൾക്കുള്ള പ്രോട്ടോക്കോൾ വിദേശരാജ്യങ്ങളിൽ കൃത്യമായി പാലിക്കപ്പെടാറുണ്ട്; ലംഘിക്കപ്പെട്ടാൽ മാതൃകാപരമായ നടപടികളെടുക്കാറുമുണ്ട്. അപകടസാധ്യത അറിയിച്ച്, രാത്രിയിലും വ്യക്തമാകുന്ന മുന്നറിയിപ്പു ബോർഡുകൾ സംസ്ഥാനത്ത് ആവശ്യമായ സ്ഥലങ്ങളിലെ‍ാക്കെയും ഉണ്ടായേതീരൂ. ഇക്കാര്യങ്ങളൊക്കെ കൃത്യമായി ഉറപ്പുവരുത്താനുള്ള ഏകോപിത സംവിധാനം ഉണ്ടാവുകയും വേണം.

 

English Summary: Road and bridge construction irregularities in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com