ADVERTISEMENT

പ്രപഞ്ചത്തിലുള്ളത് കോടാനുകോടി താരസമൂഹങ്ങൾ. അതിൽ എണ്ണിയാൽ ഒടുങ്ങാത്ത നക്ഷത്രങ്ങൾ, അസംഖ്യം ഗ്രഹങ്ങൾ. അവയെച്ചുറ്റി അതിലുമേറെ ചന്ദ്രന്മാർ. ജീവനു സാധ്യതയുള്ള ഒട്ടേറെ മേഖലകൾ പ്രപഞ്ചത്തിലുണ്ട്. എന്നിട്ടും എന്തുകൊണ്ട് പൂർണമായി സ്ഥിരീകരിക്കത്തക്കവിധത്തി‍ൽ അന്യഗ്രഹജീവികളെ ഭൂമിയിൽ കണ്ടില്ല? അൽപം അകലം പാലിക്കാറുണ്ടെങ്കിലും, ശാസ്ത്രലോകവും ബഹിരാകാശ ജീവനിൽ തൽപരരാണ്. അതു കണ്ടെത്താനുള്ള ശ്രമം അവരും നടത്തിയിട്ടുണ്ട്.

ഫെർമി ചോദിച്ച വലിയ ചോദ്യം 

ആണവയുഗത്തിന്റെ ശിൽപിയായി പരിഗണിക്കപ്പെടുന്ന വിഖ്യാത ഇറ്റാലിയൻ ശാസ്ത്രജ്ഞനും നൊബേൽ പുരസ്‌കാര ജേതാവുമാണ് എൻറികോ ഫെർമി. ഭക്ഷണസമയത്ത് ഒപ്പമുള്ളവരോട് ആണവശാസ്ത്രത്തിനപ്പുറമുള്ള കാര്യങ്ങൾ ചോദിക്കുന്ന ശീലം ഫെർമിക്കുണ്ടായിരുന്നു. 1950ൽ ഫെർമി ഒരു ചോദ്യം ചോദിച്ചു: കോടാനുകോടി വർഷങ്ങളുടെ പഴക്കമുള്ളതാണു പ്രപഞ്ചം. നമ്മുടെ താരാപഥമായ ക്ഷീരപഥം പോലും 1000 കോടി വർഷം പഴക്കവും ഒരു ലക്ഷം പ്രകാശവർഷം വ്യാസവുമുള്ളതാണ്. പ്രപഞ്ചത്തിൽ മനുഷ്യരെക്കാൾ ബുദ്ധിവികാസം നേടിയ ജീവികളുണ്ടെങ്കിൽ അവ അവരുടെ നവീന യാത്രാമാർഗങ്ങൾ ഉപയോഗിച്ച് ഭൂമിയുൾപ്പെടെ ഗ്രഹങ്ങളിൽ വരികയും അവരുടെ കോളനികൾ സ്ഥാപിക്കുകയും ചെയ്‌തേനെ. എന്നിട്ടും എന്തുകൊണ്ട് ആരും വന്നില്ല. അവരെല്ലാം എവിടെയാണ്? ഫെർമി പാരഡോക്‌സ് എന്ന പേരിൽ പ്രശസ്തമായ ഈ സമസ്യ ഒട്ടേറെ ശാസ്ത്രജ്ഞരെ ഇരുത്തിച്ചിന്തിപ്പിച്ചു. ഡ്രേക് ഇക്വേഷൻ, കർദഷേവ് സ്‌കെയിൽ തുടങ്ങി അന്യഗ്രഹജീവനുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രനിർമിതികൾക്കു പ്രചോദനമേകിയതും ഫെർമി പാരഡോക്‌സാണ്. 

enrico
എൻറികോ ഫെർമി

യാത്ര വേംഹോളുകൾ വഴിയോ?; പ്രപഞ്ചത്തിലുണ്ടോ ഷോർട്കട്ടുകൾ ?

അന്യഗ്രഹജീവികൾ(ഏലിയൻസ്) , അജ്ഞാത പേടകങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ശാസ്ത്രം കൃത്യമായ നിലപാടു സ്വീകരിച്ചിട്ടില്ല. സ്ഥിരീകരണം സാധ്യമല്ലാത്തതിനാലാണ് യുഎഫ്ഒളജി പോലുള്ള ശാഖകൾ എങ്ങുമെത്താത്തത്. എന്നാൽ, നിക്കോല ടെസ്‌ല മുതൽ കാൾ സാഗൻ, സ്റ്റീഫൻ ഹോക്കിങ് തുടങ്ങിയവർ വരെയുള്ള ശാസ്ത്രജ്ഞർ അന്യഗ്രഹജീവന്റെ സാധ്യതകൾ പൂർണമായും തള്ളിക്കളയാത്തവരാണ്. 

യുഎഫ്ഒകൾ ഭൂമിയിലേക്ക് എത്താനും അവ ഇവിടെ ദൃശ്യമാകാനുമുള്ള സാധ്യത വളരെ വിരളമാണെന്നാണു പല ശാസ്ത്രജ്ഞരുടെയും അഭിപ്രായം. പ്രപഞ്ചനിയമങ്ങൾ എവിടെയും ഒന്നാണ്. പ്രകാശവേഗത്തെക്കാൾ കൂടിയ വേഗം സാധ്യമല്ലെന്ന് ഐൻസ്റ്റൈൻ തന്നെ അഭിപ്രായപ്പെടുന്നു. പ്രകാശവേഗം കൈവരിച്ച ഒരു പേടകത്തിനു പോലും വിദൂരമേഖലകളിൽനിന്നു ഭൂമിക്കരികിലെത്താൻ കാലങ്ങളൊരുപാടെടുക്കും. ഇതിനു വേണ്ട ഊർജമോ വളരെയേറെയും. 

വർത്തമാനകാലത്തെ വിഖ്യാത ഭൗതികശാസ്ത്രജ്ഞനായ മിഷിയോ കാകു ഈ വാദത്തിനെതിരാണ്. ഐൻസ്റ്റൈൻ തന്നെ ഇതിനായുള്ള ലൂപ്ഹോൾ നൽകിയിട്ടുണ്ടെന്നു കാകു പറയുന്നു. പ്രപഞ്ചത്തിലെ പ്രത്യേക ഘടനകളായ വേംഹോളുകളിലൂടെ അതിവിദൂര മേഖലകളിൽ നിന്ന് അതിവേഗം മറ്റിടങ്ങളിലേക്കെത്താമെന്നും ഈ വിദ്യ അറിയാവുന്നവരാകും ഏലിയൻസെന്നും കാകു പറയുന്നു. 

stephen-carl
ഹോക്കിങ്, കാൾ സാഗൻ

വല നെയ്ത് ടെലിസ്കോപ്പുകൾ

അടുത്തിടെ ഒരു വാർത്ത വലിയ ശ്രദ്ധ നേടിയിരുന്നു. മനുഷ്യരുടെ നഗ്നചിത്രങ്ങൾ ഉൾപ്പെടെ ബൈനറി കോഡ് സന്ദേശങ്ങളായി നാസ അയയ്ക്കാൻ തയാറെടുക്കുന്നു എന്നതായിരുന്നു അത്. ഏലിയൻസിനു ഭൂമിയെക്കുറിച്ചും മനുഷ്യരെക്കുറിച്ചും ധാരണ നൽകാനാണത്രേ ഈ ശ്രമം. എന്നാൽ, നാസയ്ക്ക് അങ്ങനെയൊരു നീക്കമില്ല. നാസയുമായി ബന്ധമുള്ള ചില ശാസ്ത്രജ്ഞർ മുന്നോട്ടുവച്ച ആശയം മാത്രമായിരുന്നു അത്. 

ബുദ്ധിശക്തിയുള്ള ഏലിയൻസമൂഹങ്ങളെ കണ്ടെത്താനും അവയുമായി ആശയവിനിമയം നടത്താനുമുള്ള ശ്രമങ്ങൾ സെർച് ഫോർ എക്‌സ്ട്ര ടെറസ്ട്രിയൽ ഇന്റലിജൻസ് (സേറ്റി) എന്നറിയപ്പെടുന്നു. ഭൂമിയിൽനിന്നു റേഡിയോ സന്ദേശങ്ങൾ അയച്ചും ഭൂമിക്കു വെളിയിൽനിന്നു വരുന്ന റേഡിയോ സന്ദേശങ്ങൾ പിടിച്ചെടുത്തു പരിശോധിച്ചുമാണു സേറ്റി പ്രധാനമായും പ്രവർത്തിക്കുന്നത്. പ്രശസ്ത ശാസ്ത്രജ്ഞൻ നിക്കോല ടെസ്‌ലയാണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ആദ്യം പരാമർശം നടത്തിയത്.  

1960ൽ കോർണൽ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഡ്രേക്കാണു പ്രോജക്ട് ഓസ്മ എന്ന പേരിൽ ആദ്യ സേറ്റി പരീക്ഷണപദ്ധതി നടത്തിയത്. 1955ൽ വലിയ ചെവി എന്നു വിളിപ്പേരുള്ള വമ്പൻ ടെലിസ്‌കോപുമായി ഒഹായോ സ്‌റ്റേറ്റ് സേറ്റി പദ്ധതി നിലവിൽ വന്നു. 1977ൽ വളരെ കൗതുകകരമായ ഒരു സിഗ്നൽ ഒഹായോ സ്‌റ്റേറ്റ് ഒബ്‌സർവേറ്ററിയുടെ ടെലിസ്‌കോപ് പിടിച്ചെടുത്തു. വൗ സിഗ്നൽ എന്നു പേരുള്ള 72 സെക്കൻഡുള്ള ഈ സിഗ്നൽ ഇന്നും ദുരൂഹതയാണ്. 

യുഎസിലെ സേറ്റി ഇൻസ്റ്റിറ്റ്യൂട്ട് തങ്ങളുടെ അനേകം സാങ്കേതിക സംവിധാനങ്ങളിലൂടെ അന്യഗ്രഹജീവനായി തിരച്ചിൽ നടത്തുന്നു. ഈ മേഖലയിൽ ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. 2015ൽ വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങും റഷ്യൻ ശതകോടീശ്വരൻ യൂറി മിൽനറും ചേർന്നു തുടക്കമിട്ട ബ്രേക് ത്രൂ ലിസൻ എന്ന പദ്ധതിയാണു സേറ്റിയിലെ ഏറ്റവും വലിയ സംരംഭം. 

telescope
സേറ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ ടെലിസ്കോപ്.

പ്രതീക്ഷ എക്‌സോപ്ലാനറ്റുകൾ

അന്യഗ്രഹജീവൻ എവിടെയാകും നിലനിൽക്കുക? വലിയൊരു ചോദ്യമാണിത്. 10,000 കോടി നക്ഷത്രങ്ങളെങ്കിലും അടങ്ങിയതാണ് നമ്മുടെ താരാപഥമായ ക്ഷീരപഥം. ഇത്രയും തന്നെ ഗ്രഹങ്ങളും ഇവിടെയുണ്ടാകാമെന്നു ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു. നമ്മുടെ സൗരയൂഥമൊക്കെ ഇതിന്റെ വളരെച്ചെറിയൊരു ഭാഗം മാത്രം. ഈ പ്രപഞ്ചത്തിൽ ക്ഷീരപഥത്തെപ്പോലുള്ള കോടാനുകോടി നക്ഷത്രസമൂഹങ്ങളുണ്ട്. ഇവയിൽ എവിടെയാകും ജീവൻ?  കണ്ടെത്താൻ വലിയ പാടാണ്. 2020 ജൂണിൽ അസ്‌ട്രോണമിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധമനുസരിച്ച് ക്ഷീരപഥത്തിൽ മാത്രം 36 ഇടങ്ങളിൽ ജീവനുണ്ടാകാനുള്ള സാധ്യതയുണ്ട്. 

ഭൂമിയിൽ പ്രതികൂല സാഹചര്യത്തെ സൂക്ഷ്മജീവികൾ കോടിക്കണക്കിനു വർഷം അതിജീവിച്ചിട്ടുണ്ട്. അതുപോലെ ചൊവ്വയിൽ ഇപ്പോഴും സൂക്ഷ്മജീവനുകൾ ബാക്കിയുണ്ടോയെന്ന് അടുത്തിടെ വിട്ട പെഴ്‌സിവീയറൻസ് ദൗത്യം വിലയിരുത്തുന്നുണ്ട്. ചൊവ്വയിൽ പണ്ട് തടാകമുണ്ടായിരുന്നെന്നു വിശ്വസിക്കപ്പെടുന്ന ജെസീറോ ഗർത്തമേഖലയിലേക്കു പെഴ്‌സിവീയറൻസിനെ അയച്ചതിന്റെ ഉദ്ദേശ്യവും ഇതുതന്നെ. മനുഷ്യരെപ്പോലെയുള്ള ജീവസമൂഹങ്ങൾ സൗരയൂഥത്തിൽ മറ്റിടങ്ങളിലുണ്ടെന്ന വാദത്തിനു സാധ്യത കുറവാണെന്നാണു പല ശാസ്ത്രജ്ഞരും നിരീക്ഷിക്കുന്നത്. എന്നാൽ, സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളിൽ (എക്‌സോപ്ലാനറ്റുകൾ) ജീവനുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

frank
ഫ്രാങ്ക് ഡ്രേക്

നമ്മളെ പിടിച്ചടക്കുമോ? 

അന്യഗ്രഹജീവികളും മനുഷ്യരും തമ്മിൽ കണ്ടുമുട്ടിയാൽ എന്താകും പ്രത്യാഘാതങ്ങൾ? വലിയ ചർച്ച നടക്കുന്ന കാര്യമാണിത്. അന്യഗ്രഹജീവികൾ ഭൂമിയിലെത്തിയാൽ അതു കൊളംബസും സംഘവും തെക്കേ അമേരിക്കയിൽ എത്തിയതുപോലെയാകുമെന്നു സ്റ്റീഫൻ ഹോക്കിങ് ഒരിക്കൽ പറഞ്ഞു. അവരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. (അത്തരം പദ്ധതികൾക്കു ഹോക്കിങ് തന്നെ മുൻകയ്യെടുത്തിട്ടുണ്ടെന്ന വൈരുധ്യവുമുണ്ട്).  നമ്മെക്കാൾ വികാസം പ്രാപിച്ച അന്യഗ്രഹജീവികൾ ഭൂമിയിൽ വന്നാൽ നമ്മെ സാങ്കേതിക, വൈജ്ഞാനിക മേഖലകളിൽ സഹായിക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്. ഭൂമിയിൽ അധിനിവേശം സ്ഥാപിച്ച് മനുഷ്യരെ അടിമത്തത്തിലേക്ക് അവർ തള്ളിവിടുമെന്നും വാദങ്ങളുണ്ട്.

നീരാളികളും കണവകളും അന്യഗ്രഹജീവികളാണ് !

കടലിലെ നീരാളികളും രാക്ഷസക്കണവകളും ഉൾപ്പെടെ ഒരുകൂട്ടം ജീവികൾ അന്യഗ്രഹത്തിൽനിന്നുള്ളവയാണ്!. 2018ൽ പ്രോഗ്രസ് ഇൻ ബയോഫിസിക്‌സ് ആൻഡ് മോളിക്യുലർ ബയോളജി എന്ന പെരുമയുള്ള ശാസ്ത്രജേണലിൽ പ്രത്യക്ഷപ്പെട്ട ഗവേഷണപഠനമാണിത്. 

ലോകത്തു പലയിടങ്ങളിൽ നിന്നുള്ള 33 ഗവേഷകരാണ് ഈ വിചിത്രപഠനം നടത്തിയത്. നീരാളികളുടെ ഉയർന്ന ബുദ്ധിശക്തിയും ക്യാമറ പോലുള്ള കണ്ണുകളും നിറവും ശരീരഘടനയും മാറാനുള്ള കഴിവുമൊക്കെയാണ് ഇതിനു തെളിവായി ഗവേഷകർ ഉയർത്തിക്കാട്ടിയത്. നീരാളികളുടെയും കണവകളുടെയും മുട്ടകൾ ആദിമകാലത്ത് ഉൽക്കവഴി ബഹിരാകാശത്തു നിന്നെത്തിയതാകാമെന്ന കൗതുകകരമായ സാധ്യതയും അവർ മുന്നോട്ടുവച്ചു. പല ശാസ്ത്രജ്ഞരും ഈ ഗവേഷണത്തെ അസംബന്ധം എന്ന രീതിയിൽ തള്ളിക്കളഞ്ഞു. 

അവർ ഒരിക്കലും വരില്ല

കഴിഞ്ഞ മേയിൽ റോയൽ സൊസൈറ്റി ഓപ്പൺ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ അന്യഗ്രഹജീവികൾ ഒരിക്കലും ഭൂമിയെത്തേടി വരില്ലെന്ന് രണ്ട് ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചിരുന്നു. ഭൂമിയിലെ മനുഷ്യരെക്കാൾ ബുദ്ധിവികാസം പ്രാപിച്ച ജീവിവർഗങ്ങൾ പ്രപഞ്ചത്തിലുണ്ടെങ്കിൽതന്നെ അവരുടെ ശാസ്ത്ര, സാങ്കേതിക വികാസം ഒരു ഘട്ടം കഴിയുമ്പോൾ മന്ദഗതിയിലാകുമെന്ന് ഇവർ പറയുന്നു. 

അവരുടെ സാങ്കേതിക വളർച്ചയ്ക്കനുസരിച്ചുള്ള ഊർജം നൽകാൻ ഗ്രഹം അപര്യാപ്തമാകുന്നതോടെയാണ് ഇതു സംഭവിക്കുന്നത്. നശിച്ചുപോകുകയോ അല്ലെങ്കിൽ ലഭിക്കുന്ന കുറഞ്ഞ ഊർജം ഉപയോഗിച്ചു ജീവിക്കാൻ അവർ നിർബന്ധിക്കപ്പെടുകയോ ചെയ്യുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. യുഎസിലെ കാർനഗി സർവകലാശാലയിലെ മൈക്കൽ വോങ്, കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സ്റ്റുവർട്ട് ബാർട്‌ലെറ്റ് എന്നിവരാണ് ഈ സാധ്യതാപഠനം നടത്തിയത്. എന്നാൽ, നാലുലക്ഷം വർഷംകൂടി മനുഷ്യവംശം ഭൂമിയിൽ തുടർന്നാൽ പ്രപഞ്ചത്തിലെ മറ്റു ജീവികളെ കണ്ടെത്താനും അവരുമായി ആശയവിനിമയം നടത്താനുമുള്ള ശേഷി നേടുമെന്ന് ബെയ്ജിങ് നോർമൽ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരായ വെൻജി സോങ്, ഹെ ജാവു എന്നിവർ നടത്തിയ പഠനത്തിൽ പറയുന്നു. 

nasa

നാസയും അന്വേഷിക്കുന്നു 

പലയിടങ്ങളിലായി യുഎഫ്ഒകൾ കണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനു പിന്നാലെ കഴിഞ്ഞദിവസം നാസ അന്വേഷണപദ്ധതി പ്രഖ്യാപിച്ചതു വാർത്തയായി. ഒരു സ്വതന്ത്ര സംഘത്തെ  നിയോഗിക്കും. യുഎഫ്ഒ കണ്ടതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ വിവരശേഖരണമാണു പ്രധാന ലക്ഷ്യം. 

എങ്ങനെയായിരിക്കും അവർ? 

കോഴിമുട്ടയുടെ ആകൃതിയിലുള്ള രൂപവും വിചിത്രമായ ശരീരഘടനയും. അല്ലെങ്കിൽ ഒന്നുകണ്ടാൽ പിന്നെ നോക്കാനറയ്ക്കുന്ന ഭീകരരൂപികൾ. അന്യഗ്രഹജീവികളെക്കുറിച്ചുള്ള മനുഷ്യസങ്കൽപം ഏകദേശം ഇങ്ങനെയാണ്. സിനിമകളിലൂടെ ജനമനസ്സിൽ കുടിയേറിയ രൂപമാണിത്. എന്നാൽ, ഈ രൂപമൊന്നുമായിരിക്കില്ല അവർക്കെന്നു പല ശാസ്ത്രജ്ഞരും പ്രസ്താവിച്ചിട്ടുണ്ട്. 

മനുഷ്യരുമായി ഒട്ടേറെ സാമ്യങ്ങളുള്ള രൂപവും ഭാവവുമായിരിക്കുമെന്നാണ് എഡിൻബർഗ് സർവകലാശാലാ പ്രഫസർ  ചാൾസ് കോക്കെൽ പറയുന്നത്. കേംബ്രിജ് സർവകലാശാലയിലെ അർകിക് കേർഷെൻബോം അഭിപ്രായപ്പെടുന്നതും ഇതുതന്നെയാണ്. പ്രകൃതിനിയമങ്ങൾ പ്രപഞ്ചത്തിലുടനീളം സാമ്യമുള്ളതാകുമെന്നും അന്യഗ്രഹജീവികളും ഭൂമിയിലെ ജീവികളെപ്പോലെ പരിണാമത്തിലൂടെയാകും രൂപം നേടിയിരിക്കുകയെന്നും ഭൂമിയിലെ ജീവജാലങ്ങളുടെ സവിശേഷതകളിൽ പലതും അവയ്ക്കുമുണ്ടാകുമെന്നും കേർഷൻബോം പറയുന്നു. ഭൂമിയിലെ ജീവൻ ഹൈഡ്രോകാർബൺ അധിഷ്ഠിതമാണെന്നും മറ്റുഗ്രഹങ്ങളിൽ അവിടെ സുലഭമായുള്ള രാസസംയുക്തങ്ങളിൽ അധിഷ്ഠിതമായാകും ജീവനെന്നും മറ്റു ചിലർ വാദിക്കുന്നു.  ഇവയെല്ലാം സിദ്ധാന്തങ്ങൾ മാത്രം. ഏതെങ്കിലും അന്യഗ്രഹജീവി ഭൂമിയിൽ നേരിട്ടു പ്രത്യക്ഷപ്പെടുന്നതു വരെ ഇത്തരം വാദങ്ങൾ ഉത്തരമില്ലാതെ തുടരും. 

(പരമ്പര അവസാനിച്ചു)

English Summary: Are Aliens Real

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com