ADVERTISEMENT

ഏതാനും വർഷത്തെ ആലോചനയ്ക്കുശേഷം, കഴിഞ്ഞയാഴ്ച േകന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി പല സംസ്ഥാനങ്ങളിലും ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തുടങ്ങിയ യുവജന പ്രതിഷേധം അക്രമാസക്തമാകുകയും ട്രെയിനുകൾ കത്തിക്കുന്നത് ഉൾപ്പെടെയുള്ള ഗുരുതര പ്രശ്നങ്ങളിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു. പ്രക്ഷോഭം ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കുകയാണ്.  തെലങ്കാനയിലെ സെക്കന്ദരാബാദിൽ ട്രെയിനിനു തീയിട്ടവർക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. എന്നാൽ, പദ്ധതിയുമായി മുന്നോട്ടുപോകുകതന്നെ ചെയ്യുമെന്ന നിലപാടിലാണു കേന്ദ്ര സർക്കാർ. 

കര,നാവിക,വ്യോമ സേനകളിൽ ഓഫിസർ റാങ്കിനു താഴെയുള്ള തസ്തികകളിലേക്കു നാലു വർഷത്തേക്കു നിയമനം നൽകുന്നതിനുള്ള പദ്ധതിയാണ് അഗ്നിപഥ്. ഈ സേവനം പൂർത്തിയാക്കുന്നതിൽ 25% പേർക്കു സൈനികസേവനം തുടരാൻ അവസരമുണ്ടാകും. പുറത്തുപോകുന്ന 75 ശതമാനത്തിന് അർധ സൈനികവിഭാഗങ്ങളിലും പൊലീസിലും പൊതു മേഖലാ സ്ഥാപനങ്ങളിലും മറ്റും നിയമനത്തിനു മുൻഗണന ലഭിക്കുമെന്നാണു പ്രഖ്യാപനം. പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഈ രീതി സ്വീകരിക്കുന്നതിനു ന്യായമായി കേന്ദ്ര സർക്കാരും സേനകളും പറയുന്നത്: സൈനികർക്കുള്ള ശമ്പളത്തിനും പെൻഷനുമുള്ള ചെലവു കുറച്ച് ആയുധ–സാങ്കേതികവിദ്യാപരമായ നവീകരണത്തിനു കൂടുതൽ പണം മുടക്കുക; സൈന്യത്തെ കൂടുതൽ ചെറുപ്പമാക്കുക. 

ഇപ്പോൾ പ്രതിരോധ ബജറ്റിന്റെ ഏകദേശം 48% സൈനികരുടെ ശമ്പളത്തിനും പെൻഷനുമായാണു ചെലവാക്കുന്നത്. സൈനികരിൽ 60 ശതമാനവും 30 വയസ്സിലേറെയുള്ളവരാണ്. ഹ്രസ്വകാല സൈനികസേവനം നടത്തി പുറത്തുവരുന്നവർക്ക് അതിനകം ലഭിക്കുന്ന പരിശീലനവും ശിക്ഷണവും പരിഗണിക്കുമ്പോൾ‍ സ്വകാര്യ മേഖലയിൽ തൊഴിൽ ലഭ്യതയ്ക്കുള്ള സാധ്യത വർധിക്കുമെന്ന പ്രതീക്ഷയും സർക്കാർ മുന്നോട്ടുവയ്ക്കുന്നു. ചെറു കാലയളവിലേക്കു മാത്രമുള്ള നിയമനത്തിൽ, പെൻഷനും തുടർ ശമ്പളവർധനയും ചികിത്സയ്ക്ക് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഒഴിവാക്കപ്പെടുമ്പോൾ വലിയതുക മിച്ചം പിടിക്കാമെന്നും സർക്കാർ കരുതുന്നുണ്ട്. എന്നാൽ, ചെലവുചുരുക്കലിന്റെ പേരിൽ കടുത്ത നടപടിക്കാണു സർക്കാർ മുന്നിട്ടിറങ്ങുന്നതെന്നാണ് ആരോപണം.

അഗ്നിപഥത്തിന്റെ ഭാഗമാകുന്ന ‘അഗ്നിവീരൻമാരെ’ ൈചനീസ് അതിർത്തിയിലുൾപ്പെടെ സേവനത്തിനു നിയോഗിക്കുമെന്നാണു കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാൽ, യുദ്ധസമാന സാഹചര്യങ്ങളിലുൾപ്പെടെ ജീവൻ ത്യജിക്കാൻ തയാറാകുന്ന ജവാൻമാരുടെ പോരാട്ടവീര്യം ‘താൽക്കാലിക സൈനികരിൽ’നിന്നു പ്രതീക്ഷിക്കാമോ എന്ന മറുചോദ്യം സൈനികരംഗത്തുനിന്നുൾപ്പെടെ ഉയരുന്നു. പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ചെറുപ്പക്കാർ ഉന്നയിക്കുന്ന ആശങ്ക മറ്റൊന്നാണ്: സൈന്യത്തിൽ ഓഫിസർ റാങ്കിനു താഴെ 15 വർഷത്തേക്കു സ്ഥിരനിയമനം ലഭിക്കുന്നവരുടെ എണ്ണം നാലിലൊന്നായി ചുരുങ്ങും. സർക്കാർജോലിയിൽനിന്നു ലഭിക്കുന്ന ജീവിതഭദ്രതയാണ് ഇതിലൂടെ വലിയൊരു വിഭാഗത്തിനു കിട്ടാതെവരുന്നത്.

റെയിൽവേയിൽ സാങ്കേതികമല്ലാത്ത ജോലികളിലേക്കുള്ള റിക്രൂട്മെന്റിൽ ക്രമക്കേട് ആരോപിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചെറുപ്പക്കാർ പ്രക്ഷോഭം നടത്തിയത് ഏതാനും മാസം മുൻപാണ്. റെയിൽവേയിൽ 35,281 ഒഴിവുകളിലേക്കു ലഭിച്ചത് 1.25 കോടി അപേക്ഷകൾ. പഠന സൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ രാജ്യത്ത് അഭ്യസ്തവിദ്യരുടെ എണ്ണം വർധിച്ചിട്ടുണ്ട്. എന്നാൽ, അതിന് ആനുപാതികമായി തൊഴിലവസരങ്ങൾ വർധിക്കുന്നില്ല. കോവിഡ് പ്രതിസന്ധിയിൽ കൂടുതൽ തൊഴിൽ നഷ്ടം സംഭവിച്ചിട്ടുമുണ്ട്. കഴിഞ്ഞ നാലു ദശകത്തിലെ ഏറ്റവും കടുത്ത തൊഴിലില്ലായ്മയാണു രാജ്യം ഇപ്പോൾ നേരിടുന്നത്. തൊഴിൽ ചെയ്യാൻ തക്ക ആരോഗ്യവും വിദ്യാഭ്യാസവുമുണ്ടായിട്ടും തൊഴിലില്ലാത്ത 5.3 കോടി പേരാണു രാജ്യത്തുള്ളത്. ഇതിൽത്തന്നെ 80 ലക്ഷം പേരെങ്കിലും സ്ത്രീകളാണ്. അഗ്നിപഥ് പദ്ധതിക്കെതിരെ ഉദ്യോഗാർഥികൾ ഉയർത്തുന്ന പ്രതിഷേധത്തെ ഈ പശ്ചാത്തലത്തിൽകൂടി പരിശോധിക്കാവുന്നതാണ്.

ആയുധപരിശീലനം നേടിയ തൊഴിൽരഹിതരെ സൃഷ്ടിക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്ന ആശങ്കപോലും ഉന്നയിക്കപ്പെടുന്നുണ്ട്. രാജ്യത്തെ ഒന്നാം സ്ഥാനത്തുനിർത്തി മുന്നോട്ടുപോകുന്ന യുവജനങ്ങളുള്ളപ്പോൾ ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യയെ തടയാനാവില്ലെന്നാണു കഴി‍ഞ്ഞ റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പക്ഷേ, അതിനുള്ള മനോഭാവം യുവജനങ്ങൾക്കുണ്ടാകണമെങ്കിൽ സുസ്ഥിര തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ക്രിയാത്മകമായ പദ്ധതികളുണ്ടാവണം. ആ ഗണത്തിലുള്ളതല്ല അഗ്നിപഥ് എന്ന ആശങ്ക പരിഹരിക്കാനും പല സംസ്ഥാനങ്ങളും ഉണ്ടായിരിക്കുന്ന കലാപത്തിന്റെ അന്തരീക്ഷം തണുപ്പിക്കാനും സർക്കാർ അടിയന്തരമായി മുന്നിട്ടിറങ്ങിയേതീരൂ.

 

English Summary: Protest against Agnipath must be resolved

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com