ഈർക്കിൽതുമ്പത്തെ ഭാഗ്യം

midrib
SHARE

ഉദയാസ്തമയങ്ങളും പൂനിലാവും തെങ്ങോലകൾക്കിടയിലൂടെ മാത്രം കാണാവുന്ന ഒരു കേരസമൃദ്ധകാലം നമുക്കുണ്ടായിരുന്നു. അക്കാലത്ത് ശിക്ഷയുടെ ബാലപാഠം തുടങ്ങുന്നത് ഈർക്കിലിലായിരുന്നു. കുഞ്ഞുങ്ങളുടെ കാൽമുട്ടിനു താഴെ ഈർക്കിൽപ്രഹരം എന്നതായിരുന്നു നാട്ടുനടപ്പ്. ദേഷ്യം കൂടുതലുള്ള മാതാപിതാക്കൾ ഈർക്കിൽ തുടയിലേക്കുയർത്തും. ശിക്ഷ തുടയിലങ്ങനെ വരയായി കിടക്കും. 

ഒരു വരയാണു ശിക്ഷയുടെ പ്ലസ് വൺ. രണ്ടു വരയെങ്കിൽ പ്ലസ് ടു. വരയിൽ നോക്കി വേദനിച്ചവർ ആ തെറ്റുകൾ ആവർത്തിച്ചിരുന്നില്ല. 

പിന്നീട്, ഈർക്കിൽ മാത്രമല്ല, ഈർക്കിൽ എന്നു പറയാനും എഴുതാനും അറിയുന്നവരും കുറഞ്ഞുകുറഞ്ഞുവന്നു. ഈർക്കിൽ എന്നതിലെ രണ്ടു ചില്ലിനോടു യോജിക്കാത്തവർ ഈർക്കിലി എന്നു പറഞ്ഞുപോന്നു. രണ്ടായാലും വേദന ഒന്നുതന്നെയായിരുന്നു. 

ചെറിയ പാർട്ടികൾക്ക് ഈർക്കിൽപാർട്ടി എന്നു പറയാറുണ്ടെങ്കിലും ഈർക്കിലിന്റെ വീണ്ടെടുപ്പിന് അവരൊന്നും ചെയ്തതായി കാണുന്നില്ല. 

എന്നാൽ, അടുത്തമാസം മുതൽ ഈർക്കിലിനു ഭാഗ്യം തെളിയുകയാണെന്നു തോന്നുന്നു. ജൂലൈ ഒന്നു മുതലാണ് കടുത്ത പ്ലാസ്റ്റിക് നിരോധനം. വീർപ്പിച്ച ബലൂൺ പിന്നെയൊരിക്കലും പ്ലാസ്റ്റിക് കമ്പിൽ കെട്ടിയുയർത്താൻ പാടില്ല. ചെവിത്തോണ്ടിയുടെ തണ്ടായിപ്പോലും പ്ലാസ്റ്റിക് അനുവദിക്കില്ല. ഇവിടെയാണ് ഈർക്കിൽ കടന്നുവരിക. ചീകി മിനുക്കിയ ഈർക്കിൽ ബലൂണിനും ചെവിത്തോണ്ടിക്കുമൊക്കെ പിടിയാക്കാവുന്നതേയുള്ളൂ. ചെവിയിൽ തോണ്ടുന്നെങ്കിൽ അതൊരു ജൈവ തോണ്ടലാവട്ടെ. 

മണ്ടപോയ തെങ്ങിലേക്കു നോക്കിനിൽക്കുന്ന മൂന്നു കേരസ്ഥാപനങ്ങൾ ഇപ്പോൾ നമുക്കുണ്ട്: ഒന്ന്, നാളികേര വികസന ബോർഡ്. രണ്ട്, നാളികേര വികസന കോർപറേഷൻ. മൂന്ന്, കേരഫെഡ്.

ഇവ മൂന്നും മൂന്നു ദിശയിൽ വികസിപ്പിച്ചുതുടങ്ങിയതിനു ശേഷമാണു കേരളത്തിൽ തെങ്ങിനു കഷ്ടകാലം വന്നതെന്ന് അപ്പുക്കുട്ടൻ പറയുന്നില്ല. ഇവയിലൊരു സ്ഥാപനത്തിന്, ഉള്ളതിൽ ഈർക്കിൽ സ്ഥാപനമായാലും മതി, ഈർക്കിൽ വികസനത്തിന്റെ ചുമതലയേറ്റുകൂടേ?

പ്ലാസ്റ്റിക് അപ്രത്യക്ഷമാവുമ്പോൾ പകരം കയറിപ്പിടിക്കാവുന്ന മേഖലകൾ ഏതൊക്കെയാണെന്ന് അവർ കണ്ടുപിടിക്കട്ടെ. ഓരോ മേഖലയ്ക്കും പറ്റിയ ഈർക്കിൽ അവർ ഏർപ്പാടാക്കുന്നതോടെ ഈർക്കിലിനു സുവർണകാലം വരും. അതുവഴി ഒരു സ്ഥാപനമെങ്കിലും രക്ഷപ്പെടട്ടെ.

നമ്മുടെ പൂർവികർ തെങ്ങിനു കൽപവൃക്ഷമെന്നു പേരിട്ടപ്പോൾ തീർച്ചയായും അവരുടെ മനസ്സിൽ ലക്ഷണമൊത്ത ഒരു ഈർക്കിലും ഉണ്ടായിരുന്നിരിക്കണം.

English Summary: Coconut development board Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA