സഭയ്ക്കുള്ളിലെ വിവാദസഭ!

Loka Kerala Sabha 2022
ലോക കേരള സഭയിൽ നിന്ന്. ചിത്രം∙ മനോരമ
SHARE

പൊലീസിനു യൂണിഫോമിട്ട് കയറാൻ വിലക്കുള്ള നിയമസഭാ മന്ദിരത്തിലാണ് ക്രിമിനൽ കേസിൽ ആരോപണവിധേയയായ വനിത ലോക കേരളസഭയുടെ ബലത്തിൽ രണ്ടുദിവസം വിഹരിച്ചത്.  ആർക്കും ഏതു സമയത്തും കയറിച്ചെല്ലാനുള്ളതല്ല നമ്മുടെ സഭാ സമുച്ചയം 

എ.കെ.ആന്റണി മുഖ്യമന്ത്രിയും സിക്കന്തർ ഭക്ത് ഗവർണറും വക്കം പുരുഷോത്തമൻ സ്പീക്കറും ആയിരുന്ന സമയത്ത് കേരള നിയമസഭയിൽ കൗതുകകരമായ ഒരു സംഭവമുണ്ടായി. വക്കം നോക്കുമ്പോൾ നയപ്രഖ്യാപനത്തിനു മുൻപും ശേഷവും ദേശീയഗാനം മുഴക്കേണ്ട പൊലീസിന്റെ ബാൻഡ് സെറ്റ് സഭയിൽ പൊലീസ് യൂണിഫോം ഇട്ടിരിക്കുന്നു. 

നിയമസഭാ മന്ദിരത്തിൽ കാക്കിയോ? രോഷം പൂണ്ട സ്പീക്കർ ഉടൻ അവരെ നീക്കാ‍ൻ ഉത്തരവിട്ടു. പകരം നിയമസഭയിലെ ഏതാനും വനിതാ ജീവനക്കാരെ ദേശീയ ഗാനാലാപനത്തിനു തിരക്കിട്ടു റെഡിയാക്കി. യൂണിഫോമിൽ കയറാൻ പൊലീസിനു വിലക്കുള്ള നിയമസഭാ മന്ദിരത്തിന്റെ ഉള്ളിലാണ് ക്രിമിനൽ കേസിൽ ആരോപണവിധേയയായ വനിത ഈയിടെ രണ്ടു ദിവസം വിഹരിച്ചത്. 

നിയമസഭയിലെ സുരക്ഷാസേനയാണ് വാച്ച് ആൻഡ് വാർഡ്. പൊലീസിന്റെ ഭാഗമാണെങ്കിലും വെള്ള പാന്റും ഷർട്ടുമാണു വേഷം. സമീപകാലത്ത് തോക്കുധാരികളായ പൊലീസിനെയും സുരക്ഷയ്ക്കായി വിനിയോഗിച്ചിട്ടുണ്ട്. പക്ഷേ, അവർക്കു സഭാ സമുച്ചയത്തിലേക്കു പ്രവേശനമില്ല. രണ്ടു കൂട്ടർക്കും അനിത പുല്ലയിലിന്റെ വരവു തടയാനും കഴിഞ്ഞില്ല. 

സഭ കാണാൻ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നു വിദ്യാർഥികൾ എത്താറുണ്ട്. സുരക്ഷാ പരിശോധനയിൽ ഒരിളവും അവർക്കു ലഭിക്കാറില്ല. സഭ നടക്കുമ്പോഴാണെങ്കിൽ കീശയിലെ നാണയംപോലും കൊണ്ടുപോകാൻ അനുവാദമില്ല. നാണയമെടുത്ത് ഗാലറിയിൽനിന്നു താഴേക്കെങ്ങാനും എറിയാൻ തോന്നിയാലോ! 

കറുത്ത ലുങ്കിയും ഷർട്ടും ധരിച്ച സന്ദർശകനെ സഭയ്ക്കുപുറത്ത് തടഞ്ഞത് ഒരിക്കൽ വിവാദമായി. കറുപ്പിനു നേരത്തെയും വിലക്ക് ഉണ്ടായിട്ടുണ്ടെന്നു പോയിന്റ്. തടയപ്പെട്ടതു ശബരിമല തീർഥാടകനാണെന്നു തിരിച്ചറിഞ്ഞതോടെ നിറത്തിന്റെ പേരിൽ മാത്രം നിയന്ത്രണം അരുതെന്നു സ്പീക്കർ നിഷ്കർഷിച്ചു.

സുരക്ഷയും പവിത്രതയും നിയമസഭാ മന്ദിരത്തിനും സമുച്ചയത്തിനും ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ വിളിച്ചോതുന്നത് ആ പരിസരത്തിനു കൽപിക്കപ്പെടുന്ന പാവനത കൂടിയാണ്. ആർക്കും ഏതു സമയത്തും കയറിച്ചെല്ലാനുള്ളതല്ല സഭാ സമുച്ചയം. ലോക കേരളസഭ പോലുള്ള വലിയ മാമാങ്കങ്ങൾക്കു കേരള നിയമസഭ ആതിഥ്യമൊരുക്കേണ്ടി വരുമ്പോൾ അഭിജാതമായ ആ ചിത്രത്തിനു മങ്ങലേൽക്കുന്നുണ്ടോ? കേരള നിയമസഭ ഇവന്റ് മാനേജ്മെന്റ് വേദിയായി മാറുന്നോ?

നിയമസഭ ചേരുന്ന ഹാളിലല്ല, സഭാസമുച്ചയത്തിലുള്ള ആർ.ശങ്കരനാരായണൻ തമ്പി ഹാളിലാണു ലോക കേരളസഭ ചേർന്നത്. പക്ഷേ, സഭയുമായും സാമാജികരുമായും  ബന്ധമുള്ള പരിപാടികൾക്കു മാത്രമേ ആ വേദിയും അനുവദിക്കൂ എന്ന നിലപാടാണു മുൻകാലങ്ങളിൽ സ്പീക്കർമാർ സ്വീകരിച്ചത്. 

2011ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ‘കോക്ലിയർ ഇംപ്ലാന്റ്’ ശസ്ത്രക്രിയയിലൂടെ കേൾവിശക്തി തിരിച്ചുകിട്ടിയ കുട്ടികളെ അണിനിരത്തി ‘ശ്രുതിസംഗമം’  പരിപാടി നടത്താൻ  മന്ത്രി എം.കെ.മുനീർ എല്ലാ ശ്രമവും നടത്തി. പക്ഷേ, സ്പീക്കർ ജി.കാർത്തികേയൻ വഴങ്ങിയില്ല. മുനീറിന്റെ അപേക്ഷ ന്യായമാണ്; പക്ഷേ അതേ അപേക്ഷയുമായി മറ്റു വകുപ്പുകളും വന്നാൽ കുഴപ്പത്തിലാകും;ആ കീഴ്‌വഴക്കം വേണ്ടെന്നായിരുന്നു കാർത്തികേയന്റെ ഉറച്ച നിലപാട്.

പുതിയ കീഴ്‌വഴക്കം 

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2018ൽ സഭാമന്ദിരത്തിൽ ‘ലോക കേരള സഭ’ നടത്തി പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കുകയായിരുന്നു അന്നത്തെ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. നിയമസഭയിലും ലോക കേരളസഭയിലും ‘സഭ’ ഉണ്ട് എന്നതൊഴിച്ചാൽ തമ്മിൽ ബന്ധമില്ല എന്നതാണു വാസ്തവം. നിയമസഭാ സെക്രട്ടേറിയറ്റിന് അതിന്റെ സംഘാടനത്തിൽ ഒരു പങ്കുമില്ല. ചീഫ് സെക്രട്ടറി സെക്രട്ടറിയായ പ്രത്യേക സെക്രട്ടേറിയറ്റാണ് ലോക കേരളസഭയുടെ ചുമതലക്കാർ, നിയമസഭാ സെക്രട്ടറി അതിൽ ഒരംഗമാണ്. സ്പീക്കർ ലോകകേരള സഭയുടെ പ്രസീഡിയം അധ്യക്ഷനുമാണ്. എംപിമാരും എംഎൽഎമാരും  അംഗങ്ങളാണെങ്കിലും പ്രവാസി അംഗങ്ങൾക്കാണ് എല്ലാ പ്രാധാന്യവും. അവരാണ് ആദരിക്കപ്പെടുന്നത്. ‘നോർക്ക’യാണ് എല്ലാം ഏകോപിപ്പിക്കുന്നത്. 

തലസ്ഥാനത്തോ പുറത്തോ ഏതു വലിയ ഹാളിലും അപ്പോൾ നടത്താവുന്ന ‘ലോക കേരളസഭ’യ്ക്ക് എന്തുകൊണ്ട് നിയമസഭ തിരഞ്ഞെടുത്തു എന്നതു ചോദ്യമാണ്. സംവാദാത്മക ജനാധിപത്യം നിയമസഭയിൽ പ്രാവർത്തികമാക്കുകയാണു ലക്ഷ്യമെന്നു ശ്രീരാമകൃഷ്ണൻ വിശദീകരിച്ചു. പ്രവാസികൾക്കു പറയാനുള്ളതു കേരളത്തിലെ ജനപ്രതിനിധികൾക്കു മുന്നിൽ അവതരിപ്പിക്കാനുള്ള ഒരിടമായിക്കൂടി നിയമസഭയെ മാറ്റാൻ ലോക കേരളസഭയ്ക്കു കഴിഞ്ഞു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

സഭാസമുച്ചയം സംബന്ധിച്ച് എന്തു തീരുമാനവും എടുക്കാനുള്ള അധികാരം സ്പീക്കർക്ക് ഉണ്ടെന്നും ഔചിത്യമാണ് ഇക്കാര്യത്തിൽ പ്രധാനമെന്നുമാണ് മുൻ സ്പീക്കർ വി.എം.സുധീരൻ അഭിപ്രായപ്പെട്ടത്.

സഭയുടെ ഭാഗമല്ലാത്ത ലോക കേരളസഭയ്ക്കു വേണ്ടി പുതിയ ഇരിപ്പിടങ്ങൾ തയാറാക്കാനായി 2018ൽ രണ്ടുകോടി രൂപ, 2020ൽ ഹാൾ നവീകരിക്കാനായി മാത്രം 12 കോടി. മന്ദിരത്തിന് ആകെ ചെലവായത് 75 കോടി രൂപയാണെന്നിരിക്കെ അതിലെ ഹാൾ മോടി കൂട്ടാൻ ഇത്രയും പണം ധൂർത്തല്ലേ എന്ന ചോദ്യം സ്വാഭാവികം. ഓരോ തവണയും ലോക കേരളസഭ സൃഷ്ടിക്കുന്ന വിവാദങ്ങൾ വേറെ. സഭാ മന്ദിരത്തിന്റെ സുരക്ഷയിലും പവിത്രതയിലും പോറലേൽക്കുന്നോയെന്ന സന്ദേഹങ്ങളും ശക്തം. തിങ്കളാഴ്ച ആരംഭിക്കുന്ന സമ്മേളനത്തിനായി ആ മന്ദിരത്തിലേക്ക് എത്തുന്ന എംഎൽഎമാരുടെ മുന്നിലും ഇക്കാര്യങ്ങൾ ഉണ്ടാകും.

English Summary: Controversy over Loka Kerala Sabha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS