അവതാരങ്ങളുടെ ആനന്ദനൃത്തം

ldf-1
ക്രിയേറ്റിവ്: മനോരമ
SHARE

സെക്രട്ടേറിയറ്റിൽ ആർക്ക്, എന്ത്, എപ്പോൾ വേണമെന്ന് ദിവ്യദൃഷ്ടിയിലൂടെ അറിയാൻ കഴിവുള്ളവരാണ് അവതാരങ്ങൾ. ആവശ്യക്കാരുടെ അടുത്ത് അവർ എത്തിയിരിക്കും; ആരു തടസ്സം നിന്നാലും. സാധാരണക്കാർക്കും മാധ്യമപ്രവർത്തകർക്കും സെക്രട്ടേറിയറ്റിലേക്ക് എളുപ്പമൊന്നും കടക്കാനാവില്ല. കടക്കു പുറത്തെന്നു പറയാൻ അവിടെ പലരുണ്ട്. 

ആദ്യ കിരീടധാരണത്തിന്റെ നാളുകളിൽ പിണറായി മുഖ്യൻ വിളംബരം ചെയ്തതു മറക്കാനാവുമോ? ‘ഞാൻ നാളെ മുഖ്യമന്ത്രിയായി ഓഫിസിൽ എത്തും. അപ്പോൾ എന്റെ അടുത്ത ആളുകൾ എന്നു പറഞ്ഞു ചിലർ രംഗപ്രവേശം ചെയ്യും. ചില അവതാരങ്ങൾ. ഈ അവതാരങ്ങളെ നമ്മൾ കരുതിയിരിക്കണം.’ ഗുളികൻ നിൽക്കുന്ന നേരത്ത് ഇങ്ങനെ ഓരോന്നു പറയാമോ? ഇപ്പോൾ അവതാരങ്ങൾ എത്ര വന്നു!

ഉഗ്രവിഷമുള്ള തക്ഷകന്റെ ദംശനമേൽക്കുമെന്നു മുൻപു പരീക്ഷിത്ത് രാജാവിനെ മുനി ശപിച്ചു. രാജാവുണ്ടോ കീഴടങ്ങാൻ? ഏഴു നിലയുള്ള മാളിക നിർമിച്ച് അതിൽ ഒളിച്ചിരുന്നു. തക്ഷകനുണ്ടോ വിടാൻ? ഒടുവിൽ പുഴുവിന്റെ രൂപത്തിൽ പഴത്തിനുള്ളിൽ പ്രവേശിച്ചു രാജസന്നിധിയിലെത്തി പരീക്ഷിത്തിനെ വധിച്ചു. 

അവതാരമൂർത്തിയായ സ്വപ്ന ബിരിയാണിച്ചെമ്പ് ഉരുട്ടിക്കളിക്കുകയാണ് ഇപ്പോഴും. ഫെയ്സ്ബുക്കിലെ ചെമ്പട ഗ്രൂപ്പുകൾ പിരിച്ചുവിട്ടു. കാരണം, ‘ചെമ്പ് അട’ എന്നു ചിലർ പിരിച്ചുവായിക്കുന്നു. സൈബർ സഖാക്കൾക്കു സഹിക്കാനാകുമോ? ഒൻപതാമത്തെ അവതാരമായി ഷാജ് കിരൺ വന്നപ്പോൾ വന്നപ്പോൾ മുഖ്യൻ തീരുമാനിച്ചു, പത്താമത്തെ അവതാരം തന്നെ കാണാൻ പാടില്ല. ഏതു വിധേനയും ചെറുക്കണം. പരീക്ഷിത്തിനു അന്നു സംഭവിച്ച പിഴവുകൾ എന്തൊക്കെ? സാങ്കേതിക വിദഗ്ധർ വട്ടത്തിലിരുന്നു പരിശോധിച്ചു. അവതാരങ്ങളുടെ ചരിത്രം ആദ്യമെടുത്തു. കരുണാകരന്റെ കാലത്ത് പാവം പയ്യൻ, ഉമ്മൻ ചാണ്ടി ഭരണത്തിൽ സരിത, ആറുവർഷത്തിനുള്ളിൽ ഒൻപതുപേർ. ഇവരുടെ പോക്കുവരവുകൾ അടയാളപ്പെടുത്തി. എന്നിട്ട്, ഇനിയും അവതാരങ്ങൾ കയറാനുള്ള വഴികൾ അടച്ചുകൊണ്ട് ആക്‌ഷൻ പ്ലാൻ തയാറാക്കി.

സമാധാനമായി ഇരിക്കുമ്പോൾ പത്താമത്തെ അവതാരമായി അതാ വരുന്നു, അനിത പുല്ലയിൽ. തക്ഷകന്റെ വിഷപ്പല്ലും പരീക്ഷിത്തിന്റെ കിരീടവും എന്തിന് അലക്സാണ്ടർ ചക്രവർത്തിയുടെ ചെവിത്തോണ്ടിയുമൊക്കെ പോലും നിർമിക്കുന്ന മോൻസന്റെ അടുപ്പം പറഞ്ഞവർ. അയാളുടെ കച്ചവടത്തിൽ ബെഹ്റ സാറിനെവരെ കണ്ണിയാക്കിയ പുല്ലയിൽ. 

ldf

അവതാരങ്ങൾക്കൊരു കുഴപ്പമുണ്ട്. അവതാരലക്ഷ്യം നിറവേറ്റാതെ അവർ പിന്മാറില്ല. സമയം ഒത്തുവരുന്നതുവരെ കാത്തിരിക്കും. ലോക കേരളസഭയുടെ കാലത്ത് ആ സമയം സമാഗതമായി. സെക്രട്ടേറിയറ്റിൽ ഉള്ളവരെല്ലാം ലോകകേരളം കാണുന്ന നിയമസഭാ മന്ദിരത്തിൽ. മാധ്യമ ചർച്ചകളിൽ സർക്കാരിനുവേണ്ടി തകിൽ വായിക്കുന്ന നിരീക്ഷകനായിരുന്നു അതിനിടെ പുല്ലയിലിന്റെ മാർഗദർശി. പുല്ലുപോലെ അവർ അകത്തു കയറി. ദേഹാസ്വാസ്ഥ്യമായിരുന്നതുകൊണ്ട് അവതാര സാമീപ്യത്തിൽനിന്നു മുഖ്യവേഷം രക്ഷപ്പെട്ടു. പക്ഷേ, അവതാരങ്ങൾ അവസാനിക്കുന്നില്ല. ദശാവതാരത്തിൽ കൽക്കി വരാനിരിക്കുന്നതേയുള്ളൂ. പക്ഷേ, ഇടത് അവതാരങ്ങളിൽ പതിനൊന്നാമത്തേത് ഉടൻ എത്തിയേക്കാം. അതിൽ മാത്രമേയുള്ളൂ ഉറപ്പ്, സർക്കാർ ഒപ്പമുണ്ടെന്ന ഉറപ്പ്. 

എന്തു ഭാരമാണ് ഈ ഭാരവാഹികൾ?

കെപിസിസിയുടെ ജനറൽ ബോഡിയിൽ ആളുകളെ കണ്ടെത്താനുള്ള അളവുകോൽ തയാറാക്കാൻ ധൈര്യമുള്ളവർ ഉണ്ടോ? ബോഡിയിൽ 50 ശതമാനം യുവാക്കളായിരിക്കണം. ദലിതർ, വനിതകൾ, ന്യൂനപക്ഷങ്ങൾ ഉറപ്പായും വേണം. ഐ,എ ഗ്രൂപ്പുകൾ തെല്ലും കുറയരുത്. സുധാകര, സതീശ നോമിനികൾ വേണം. ബോഡി അംഗങ്ങളുടെ ആകെ എണ്ണം 280 കവിയാനും പാടില്ല. അളവുകോ‍ൽ കണ്ടുപിടിക്കുന്നതിനെക്കാൾ എളുപ്പം ആകാശത്തു പെയിന്റടിക്കുന്നതാണെന്നു തോന്നുന്നില്ലേ? 

ഭാരവാഹികളെ നിശ്ചയിക്കുന്ന ദുരിതക്കടലുകൾ നീന്തിക്കടന്നവർ അധികമില്ല. നീന്തിക്കൊണ്ടിരിക്കുമ്പോൾ ഏതെങ്കിലും തിരഞ്ഞെടുപ്പു വരും. അതോടെ പട്ടിക ചുരുട്ടി മേശയിൽ തിരുകി സ്ഥാനാർഥിയെ തീരുമാനിക്കാൻ പോകും. ഗ്രൂപ്പും സമുദായവുമൊക്കെ നോക്കി പട്ടിക പ്രഖ്യാപിക്കുന്നതു പത്രിക നൽകേണ്ടതിനും അരമണിക്കൂർ മുൻപ്. പൊട്ടിത്തകർന്നു നാമാവശേഷമാകുമ്പോൾ സംഘടനയെ രക്ഷിക്കാൻ ഭാരവാഹിപ്പട്ടിക വീണ്ടും എടുക്കും. ചർച്ചകളും കൂടിയാലോചനകളും പുരോഗമിക്കവേ മറ്റൊരു തിരഞ്ഞെടുപ്പുവരും. വീണ്ടും പട്ടിക ചുരുട്ടും. ഒരു ജന്മമൊന്നും പോരാ കോൺഗ്രസിൽ ഭാരവാഹികളെ നിശ്ചയിക്കാൻ. ഇങ്ങനെ നീണ്ടു നീണ്ടു പോകുമ്പോൾ പാർട്ടി മെലിഞ്ഞുകൊണ്ടിരിക്കും. 

ഡിസിസി പ്രസിഡന്റുമാരെ നിയോഗിച്ചപ്പോൾ സുധാകരന്റെ പ്രഖ്യാപനം: ആറു മാസത്തെ പ്രവർത്തനം നോക്കിയശേഷം കൊള്ളാത്തവരെ തള്ളും. ഒരു വർഷമായിട്ടും പരീക്ഷയും മാർക്കിടലും എങ്ങുമെത്തിയില്ല. എങ്കിലും ഏഴു ഡിസിസികൾ കണ്ടംവയ്ക്കാറായെന്നു ഹൈക്കമാൻഡിന്റെ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു. കാൽ എത്തുന്നിടത്തു ശരീരം എത്താത്തവർ, വെള്ളം എത്തിയിടത്തു സോപ്പ് തേയ്ക്കാനാകാത്തവർ, മക്കളെ കണ്ടാൽ അച്ഛനാണെന്നു തോന്നുന്നവർ, ഓർമ എന്ന് എഴുതിയിരിക്കുന്നത് ഒരമ്മ എന്നു വായിക്കുന്നവർ... 

ഭാരവാഹികളുടെ അവശതകൾ കണ്ട് ഹൈക്കമാൻഡാകെ സഹികെട്ടിരിക്കുകയാണത്രേ. ഇതിനെ പൊളിച്ചടുക്കാൻ ആർക്കും ധൈര്യമില്ല. ഒസി സാറും ചെന്നിത്തല നേതാവും കൈ കൊടുത്താൽ അതിനെ വെട്ടാൻ ധൈര്യമുള്ളവരുണ്ടോ ഇവിടെ കോൺഗ്രസിൽ? ഒന്നരദശകം മുൻപ് പ്രസിഡന്റാകേണ്ട സുധാകരന് അവസരം ലഭിച്ചത് ഇപ്പോൾ. സായന്തനത്തിൽ കിട്ടിയ സമ്മാനം ഇട്ടുടയ്ക്കാൻ അദ്ദേഹത്തിനും താൽപര്യമില്ലത്രേ!

സ്റ്റോപ് പ്രസ്

തൃക്കാക്കരയിൽ സ്ഥാനാർഥിനിർണയം പാളിയില്ലെന്ന് കോടിയേരി

സ്ഥാനാർഥി പാളിയാലും പാർട്ടി പാളില്ല

English Summary: Azhchakurippukal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS