അധികൃതരുടെ കുറ്റകരമായ അനാസ്ഥ ഒന്നുകൊണ്ടുമാത്രം ഒരു ജീവൻ കൂടി നഷ്ടപ്പെട്ടിരിക്കുകയാണ്, കേരളത്തിൽ. കോഴിക്കോട് ബേപ്പൂർ റോഡിൽ നടുവട്ടത്ത് പഴയ വൈദ്യുത പോസ്റ്റ് നീക്കുന്നതിനിടെ റോഡിനു കുറുകെ വീണു ബൈക്ക് യാത്രികനായ അർജുൻ (22) മരിച്ചത് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ്. വളരെ നിസ്സാരവും ലളിതവുമായ മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ദുരന്തം. ഇതിനു പിന്നാലെയാണു ശനിയാഴ്ച അടൂരിനു സമീപം ഏനാത്ത് പ്രഭാത നടത്തത്തിനിറങ്ങിയ വീട്ടമ്മ പാത്തുമുത്തു (84) വീട്ടുപടിക്കൽ പൊട്ടിവീണു കിടന്ന വൈദ്യുത കമ്പിയിൽനിന്നു ഷോക്കേറ്റു മരിച്ചത്. ആദ്യത്തേതു തീർത്തും ഒഴിവാക്കാമായിരുന്ന ദുരന്തമാണെങ്കിൽ, രണ്ടാമത്തേതു നമ്മുടെ ജാഗ്രതയും മുൻകരുതലും ആവശ്യപ്പെടുന്ന സംഭവമാണ്.
ഏതാനും മിനിറ്റ് നേരം റോഡിൽ ഗതാഗതം നിയന്ത്രിക്കുകയോ മുന്നറിയിപ്പു ബോർഡ് സ്ഥാപിക്കുകയോ ചെയ്തിരുന്നെങ്കിൽ കോഴിക്കോട്ടെ ദുരന്തം ഒഴിവാക്കാമായിരുന്നു. നീക്കം ചെയ്യുന്ന പോസ്റ്റിനു മുകളിൽ ഒരു കയർ കെട്ടിയിരുന്നെങ്കിലും മറ്റെവിടെയും ബന്ധിപ്പിക്കാതെയാണു പോസ്റ്റ് മുറിച്ചതെന്നും അങ്ങനെയാണു റോഡിനു കുറുകെ വീണതെന്നും ദൃക്സാക്ഷികൾ പറയുന്നു. ബൈക്കിലെ പിൻയാത്രക്കാരന്റെ തലയിൽത്തന്നെ പോസ്റ്റ് വീഴുകയും ചെയ്തു. സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ റോഡിൽ നടക്കുന്ന ജോലികളുടെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് അർജുൻ. വൈദ്യുതി മേഖലയിലെ ജോലികളിൽ അതീവ സുരക്ഷ ആവശ്യമാണെന്ന് ഓരോ അപകടവും ഓർമിപ്പിക്കുമ്പോഴും ഉപയോഗശൂന്യമായ ഒരു പോസ്റ്റ് മാറ്റുന്ന കാര്യത്തിൽപോലും നമ്മുടെ സംവിധാനങ്ങൾ കാട്ടുന്ന അനാസ്ഥ ആശങ്കയുണ്ടാക്കുന്നു.
നടുവട്ടത്ത് പുതിയ വൈദ്യുത പോസ്റ്റ് സ്ഥാപിക്കുകയും ലൈനുകൾ മാറ്റുകയും ചെയ്തിട്ടു 10 മാസമായി. ഇത്ര കാലവും പഴയ പോസ്റ്റ് അവിടെനിന്നു മാറ്റിയില്ല എന്നത് ഉത്തരവാദിത്തമില്ലായ്മയുടെ ഒന്നാമത്തെ തെളിവാണ്. പുതിയ പോസ്റ്റ് സ്ഥാപിക്കുന്ന അന്നുതന്നെ പഴയ പോസ്റ്റ് നീക്കം ചെയ്യണമെന്നാണു ചട്ടം. പുതിയ പോസ്റ്റ് സ്ഥാപിക്കാൻ മേൽനോട്ടം വഹിച്ച കെഎസ്ഇബി ഉദ്യോഗസ്ഥർ ഇക്കാര്യം ശ്രദ്ധിച്ചില്ല. പോസ്റ്റ് നീക്കം ചെയ്യാനായി സമീപത്തെ വ്യാപാരി പലവട്ടം പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. പോസ്റ്റ് മാറ്റണമെന്നാവശ്യപ്പെട്ടു കെഎസ്ഇബിയുടെ ടോൾ ഫ്രീ നമ്പറിൽ ഈ മാസം 21ന് ഉച്ചയ്ക്കു പരാതി നൽകിയ വ്യാപാരിക്ക് അതു പരിഹരിച്ചെന്ന് അന്നു വൈകിട്ടുതന്നെ ഫോണിൽ മറുപടി ലഭിച്ചു. പക്ഷേ, അപ്പോഴും പോസ്റ്റ് റോഡരികിൽതന്നെ ഉണ്ടായിരുന്നുവെന്നതാണു സത്യം. പരാതിപരിഹാര സംവിധാനങ്ങൾ എത്രത്തോളം പരിഹാസ്യമായി മാറുന്നു എന്നതിന്റെ തെളിവാണിത്. രണ്ടു ദിവസത്തിനു ശേഷമാണു കരാർ തൊഴിലാളികൾ പോസ്റ്റ് നീക്കം ചെയ്യാൻ എത്തിയത്.
ഇത്തരം ജോലികൾ ചെയ്യുമ്പോൾ വാഹനയാത്രക്കാർക്കു മുന്നറിയിപ്പായി ട്രാഫിക് കോണുകൾ സ്ഥാപിക്കുകയും ചുറ്റുപാടും സുരക്ഷാ ടേപ്പ് കെട്ടിവയ്ക്കുകയും ചെയ്യണമെന്നാണു ചട്ടം. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യവും വേണം. എന്നാൽ, ഈ ജോലി നടക്കുമ്പോൾ കരാറുകാർ അല്ലാതെ കെഎസ്ഇബി ഉദ്യോഗസ്ഥർ ആരും സ്ഥലത്തുണ്ടായിരുന്നില്ല. കെഎസ്ഇബി സെക്‌ഷനിൽ അറിയിക്കാതെയും അനുമതി വാങ്ങാതെയും അനധികൃതമായാണ് കരാറുകാരൻ പോസ്റ്റ് നീക്കം ചെയ്തതെന്ന ബോർഡിന്റെ പരാതി യഥാർഥത്തിൽ ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ്.
അക്ഷന്തവ്യമായ ഇത്തരം അനാസ്ഥകൾ വരുത്തിവയ്ക്കുന്ന ജീവഹാനികൾ അധികൃതർ നിസ്സാരമായി കാണരുത്. വൈദ്യുത പോസ്റ്റ് നീക്കുന്നതിനിടെത്തന്നെ ജീവനക്കാരും കരാർ തൊഴിലാളികളും മരിച്ച സംഭവങ്ങൾ മുൻപും ഉണ്ടായിട്ടും അധികൃതർ ശ്രദ്ധ കാണിക്കുന്നില്ല എന്നതു കഷ്‌ടമാണ്. ഇരിങ്ങാലക്കുട കാറളം വെള്ളാനിയിൽ കെഎസ്ഇബിയുടെ ഉപയോഗശൂന്യമായ ടവർ അഴിച്ചുമാറ്റുന്നതിനിടെ വീണ് ഇതരസംസ്ഥാനത്തൊഴിലാളി മരിച്ചതു രണ്ടു മാസം മുൻപാണ്. കട്ടപ്പനയിൽ വൈദ്യുത പോസ്റ്റിൽ കയറി ജോലി ചെയ്യുന്നതിനിടെ പോസ്റ്റ് മറിഞ്ഞുവീണ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചിട്ട് ഒരു വർഷമായിട്ടില്ല. ഇത്തരം ജോലികൾ നടക്കുമ്പോൾ പിന്തുടരേണ്ട സുരക്ഷാ, മുൻകരുതലുകൾ നടപടികൾക്കു പ്രോട്ടോക്കോൾ കർശനമാക്കേണ്ട ചുമതല കെഎസ്ഇബിക്കും അതു പാലിക്കുന്നുണ്ട് എന്നുറപ്പാക്കേണ്ട ചുമതല സർക്കാരിനുമുണ്ട്.
അടൂർ ഏനാത്തു സംഭവിച്ച മരണത്തിലും സർക്കാർ മറുപടി പറയേണ്ടതുണ്ട്. ഇപ്പോഴത്തെ വൈദ്യുത കമ്പികൾ മാറ്റി അപകടരഹിതമായ കേബിളുകൾ സ്ഥാപിക്കാനുള്ള പദ്ധതി സംസ്ഥാനമെങ്ങും നടപ്പാകാൻ ഇനി എത്രകാലം കൂടി നാം കാത്തിരിക്കണം ?
English Summary: Bike passenger died due electric post fell at naduvattom in Kozhikode.