ADVERTISEMENT

സന്യാസി കെട്ടിടത്തിനു സമീപത്തുകൂടി നടക്കുകയായിരുന്നു. ആ സമയം മൂന്നാം നിലയിൽനിന്നു താഴേക്കു ചാടിയ ആൾ സന്യാസിയുടെമേൽ വീണു. സന്യാസിക്ക് പരുക്കേറ്റു. ചാടിയവന് ഒന്നും പറ്റിയുമില്ല. ആളുകൾ സന്യാസിയെ ആശുപത്രിയിലാക്കി. അദ്ദേഹത്തെ കാണാനെത്തിയ ശിഷ്യന്മാർ ചോദിച്ചു: വെറുതേ നടന്ന അങ്ങേക്കു പരുക്കേറ്റല്ലോ? എടുത്തുചാടിയ ആൾക്ക് ഒന്നും പറ്റിയുമില്ല. എന്തുകൊണ്ടാണ് ജീവിതമിങ്ങനെ? സന്യാസി പറഞ്ഞു: നമ്മൾ വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങൾ നടക്കുന്നത്. 

മുൻകൂട്ടി തയാറാക്കിയ വഴികളിലൂടെ മാത്രം യാത്രചെയ്തും തീരുമാനിച്ചുറപ്പിച്ച സ്ഥലങ്ങളിൽ കൃത്യസമയം മാത്രം വിശ്രമിച്ചും ഒരു പ്രയാണവും പൂർത്തിയാകില്ല. ആകസ്മികതയും അത്യാഹിതവും അനുവാദം ചോദിക്കാതെ വരും. ഉദ്ദേശിച്ചതുപോലെ എല്ലാക്കാര്യങ്ങളും വരുതിയിലാക്കാൻ കഴിഞ്ഞോ എന്നതു മാത്രമല്ല; മുന്നറിയിപ്പില്ലാതെ വന്നവയെ മനോബലത്തോടെ നേരിടാൻ കഴിഞ്ഞോ എന്നതും ജീവിതത്തിന്റെ സന്തുലനാവസ്ഥ അളക്കുന്നതിനുള്ള മാനദണ്ഡമാണ്. പ്രതീക്ഷയ്ക്കനുസരിച്ചുമാത്രം എല്ലാം സംഭവിക്കുമ്പോൾ പക്വതയോടെ പെരുമാറാൻ ആർക്കും കഴിയും. അസ്വാസ്ഥ്യങ്ങളുണ്ടാകുമ്പോഴും ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കുന്നുണ്ടെങ്കിൽ ജീവിതം നിയന്ത്രണവിധേയമാണ്.

എഴുതിത്തയാറാക്കിയ തിരക്കഥയ്ക്കനുസരിച്ചുമാത്രം സംഭവവികാസങ്ങൾ ഉണ്ടാകുന്ന ജീവിതത്തിന് എന്തു സാഹസികതയും ഉത്തേജനവുമാണുണ്ടാകുക. വിചാരിക്കുന്നതുപോലെ എല്ലാം സംഭവിക്കാൻ തുടങ്ങിയാൽ പിന്നെ സംഭവിക്കാൻ സാധ്യതയുള്ളതു മാത്രമേ വിചാരിക്കൂ. 

അസംഭവ്യമെന്നു കരുതുന്നവ ചിന്തകളിൽ നിന്നുപോലും ഒഴിവാക്കും. എല്ലാ നഷ്ടസാധ്യതകളും ഒഴിവാക്കി സ്വയം പ്രതിരോധശേഷി പോലും നഷ്ടപ്പെടുത്തും. ആകസ്മികമായി സംഭവിക്കുന്ന കാര്യങ്ങൾകൊണ്ട് ചില നേട്ടങ്ങളുണ്ട്. 

അടിയന്തര ഘട്ടങ്ങളിലെ മനസ്സാന്നിധ്യം ശീലിക്കും, ഒരു മറുപദ്ധതിയെക്കുറിച്ച്  ബോധവാനായിരിക്കും, നിരാശയിൽ നിപതിക്കുമ്പോഴും തിരിച്ചുവരണം എന്നൊരാഗ്രഹം നിലനിർത്തും, എന്തു സംഭവിക്കും എന്ന് ആകുലപ്പെടാതെ എന്തു വേണമെങ്കിലും സംഭവിക്കട്ടെ എന്ന മനശ്ശക്തി രൂപപ്പെടും. ഓരോ അനുഭവത്തിനും അതിന്റേതായ കാരണങ്ങളുണ്ടാകും. അതനുഭവിക്കുന്നവരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് ആ സംഭവങ്ങളുടെമേൽ സ്വാധീനമില്ല. വന്നു ചേരുന്നവയെ വിവേകപൂർവം സമീപിക്കുക എന്നതു മാത്രമാണ് പോംവഴി.

Content Highlights: Subhadinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com