മാധ്യമസ്വാതന്ത്ര്യത്തിന് സർക്കാർ വേലികൾ

HIGHLIGHTS
  • വിലക്കുകൾ കൊണ്ട് സത്യത്തെ തോൽപിക്കാനാവില്ല
Kerala-Legislative-Assembly
നിയമസഭ (ഫയൽചിത്രം)
SHARE

ജനങ്ങൾക്കുവേണ്ടി ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികൾ ജനങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്ന ഏറ്റവും വലിയ ഭരണഘടനാ സംവിധാനമാണ് നിയമസഭ. അവിടെ എന്തൊക്കെ നടക്കുന്നു എന്നറിയാൻ ജനങ്ങൾക്കു പൂർണമായ അവകാശമുണ്ടെന്നു നാം വിശ്വസിക്കുന്നു. ആ അവകാശത്തിനുമേൽ കൈവയ്ക്കുന്ന നടപടികളാണ് ഇന്നലെ നിയമസഭയിൽ കണ്ടത്. 

നേർക്കുനേർ രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്കു വേദിയാകുന്ന നിയമസഭയിൽ മാധ്യമങ്ങൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഇതാദ്യമല്ല. റിപ്പോർട്ടർമാരെ കർശനമായ പരിശോധനകൾക്കു വിധേയരാക്കുന്നതും ദൃശ്യങ്ങൾ പകർത്തുന്നതു വിലക്കുന്നതും മുൻപും ഉണ്ടായിട്ടുണ്ട്. കർശനവും കാലഹരണപ്പെട്ടതുമായ ചട്ടങ്ങൾമൂലം‌ പരിമിതമായ സ്വാതന്ത്ര്യം മാത്രം മാധ്യമങ്ങൾക്കു ലഭിക്കുന്ന ഇടം കൂടിയാണിപ്പോൾ നിയമസഭ. ആ അൽപസ്വാതന്ത്ര്യം പോലും ഇല്ലാതാക്കുന്ന രീതിയിലുള്ള നീക്കമാണ് ഇന്നലെ നിയമസഭാധികൃതരുടെ ഭാഗത്തു നിന്നുണ്ടായത്.  

പ്രസ് ഗാലറിയിലും മീഡിയ റൂമിലും മാത്രമേ മാധ്യമ പ്രവർത്തകരുടെ സാന്നിധ്യം പാടുള്ളൂ എന്ന വിലക്ക് ഇന്നലെ അപ്രതീക്ഷിതമായി ഏർപ്പെടുത്താനുണ്ടായ കാരണം ലോക കേരളസഭയിൽ അംഗമല്ലാത്ത വിവാദവനിത സഭാമന്ദിരത്തിനുള്ളിൽ കറങ്ങിനടന്ന വിവരം മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നതാണെന്നു സംശയിച്ചാൽ കുറ്റം പറയാനാവില്ല. അവതാരങ്ങളെ അകറ്റി നിർത്തുന്നതിലാണോ അതോ അവതാരങ്ങളുടെ സാന്നിധ്യം പുറത്തെത്തിച്ച മാധ്യമങ്ങളെ അകറ്റിനിർത്തുന്നതിലാണോ നിയമസഭാധികൃതർക്കു ശ്രദ്ധ എന്ന് ആരും ചോദിച്ചുപോകും. 

രാഷ്ട്രീയ നേതാക്കളുമായും പ്രവർത്തകരുമായും ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നിരന്തരം ആശയവിനിമയം നടത്തുക മാധ്യമപ്രവർത്തനത്തിന്റെ ഭാഗമാണ്. അതു തടസ്സപ്പെടുത്താൻ പ്രത്യക്ഷമായിത്തന്നെ ശ്രമം തുടങ്ങിയിട്ടു മൂന്നു വർഷത്തോളമായി. വിവരാവകാശ അപേക്ഷകൾക്ക് അവസാനനാൾവരെ കാത്തശേഷം മറുപടി നൽകിയാൽ മതിയെന്നു ചീഫ് സെക്രട്ടറിയെക്കൊണ്ട് ഉത്തരവിറക്കിച്ചതാണ് ആദ്യ നടപടി. പിന്നാലെ സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്കു പ്രവേശനം നിഷേധിച്ചു. അക്രഡിറ്റേഷൻ കാർഡുള്ള മാധ്യമപ്രവർത്തകർക്കുപോലും ഭരണസിരാകേന്ദ്രത്തിന്റെ കവാടം കടക്കണമെങ്കിൽ അകത്തു നിന്നൊരാൾ ഫോണിൽ വിളിച്ച് ശുപാർശ ചെയ്യണം. എംഎൽഎയെ കാണാൻ ലോക്കൽ സെക്രട്ടറിയുടെയും ഏരിയാ സെക്രട്ടറിയുടെയും ശുപാർ‌ശക്കത്തു വേണമെന്ന പാർട്ടിചട്ടം ഭരണരംഗത്തേക്കു പകർത്തിയപ്പോൾ അത് ഔചിത്യമാണോ എന്ന ആലോചന സർക്കാരിനുണ്ടായില്ല. 

സത്യം എത്രത്തോളം മൂടിവയ്ക്കാൻ ശ്രമിക്കുന്നോ, പതിന്മടങ്ങു ശക്തിയോടെ അതു പുറത്തേക്കു വരും. സെക്രട്ടേറിയറ്റിൽ കർശനമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും താഴിട്ടുപൂട്ടി വച്ചിരിക്കുന്ന ഫയലുകളിലെ വിവരങ്ങൾ പുറത്തേക്കു വരുന്നത് അതുകൊണ്ടാണ്. 

വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ ആശയവിനിമയം വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിയൊരുക്കുമ്പോഴാണ് തങ്ങൾ ഇച്ഛിക്കുന്നതേ പുറത്തു വരാവൂ എന്ന പിടിവാശിയുമായി സർക്കാർ നമുക്കു മുന്നിൽ നിൽക്കുന്നത്. നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം ഒഴിച്ചുള്ള ദൃശ്യങ്ങൾ മാത്രം പുറത്തുവിടാൻ സഭാ അധികൃതർ തീരുമാനിച്ചതും അതേ ചിന്തയുടെ അടിസ്ഥാനത്തിലാവണം. എന്നിട്ടും മറ്റു വഴിക്കു ദൃശ്യങ്ങൾ ജനം കണ്ടു. ഒന്നും ആർക്കും മൂടിവയ്ക്കാൻ കഴിയാത്ത കാലത്തും മൂടിവയ്ക്കൽ ഒരടവായി സ്വീകരിക്കാൻ തോന്നുന്നതു യാഥാർഥ്യ ബോധമില്ലായ്മയുടെ ലക്ഷണമാണ്. 

ജനങ്ങളുടെയും മാധ്യമങ്ങളുടെയും സ്വാതന്ത്ര്യത്തിന്മേൽ കൈവയ്ക്കുന്നതു സർക്കാരിനെന്തോ ഒളിക്കാനുണ്ട് എന്ന സംശയം ബലപ്പെടുത്തുന്നു. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും മടിയിൽ കനമുള്ളവനേ വഴിയിൽ ഭയക്കേണ്ടതുള്ളൂ എന്നും ആത്മവിശ്വാസത്തോടെ പറയുന്നവർ എന്തിനാണു മാധ്യമങ്ങളെ പേടിക്കുന്നത് എന്ന ചോദ്യവും പ്രസക്തം.

മാധ്യമനിയന്ത്രണത്തെപ്പറ്റിയുള്ള വാർത്തകൾ സ്പീക്കർ എം.ബി.രാജേഷ് ഇന്നലെ നിഷേധിക്കുകയുണ്ടായി. യഥാർഥസ്ഥിതി അതുതന്നെയാകട്ടെ എന്നു ജനാധിപത്യകേരളം ആഗ്രഹിക്കുന്നു. 

Content Highlights: Media freedom

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS