ADVERTISEMENT

കാലത്തിന്റെ ചുവരെഴുത്ത് ചുവരിൽ കയറിയിരുന്നു വായിക്കാൻ സ്വന്തമായി യന്ത്രസംവിധാനമുള്ള ഒരേയൊരു സ്ഥാപനം നമ്മുടെ വൈദ്യുതി ബോർഡാണ്. വൈദ്യുതിയോട്ടവും ഉപയോക്താവിന്റെ നെഞ്ചിടിപ്പും ഒരേസമയം അളക്കുന്ന ഈ യന്ത്രത്തിന്റെ പേര് വൈദ്യുതി മീറ്റർ.

വൈദ്യുതി ബോർഡിനു പ്രതിവർഷം ആയിരം കോടി രൂപ അധികവരുമാനം ലഭിക്കാൻ പാകത്തിൽ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ വൈദ്യുതി നിരക്കു വർധന പ്രഖ്യാപിച്ചതു ശനിയാഴ്ചയാണ്. വൈദ്യുതി ബോർഡിന്റെ താൽപര്യവും ഉപയോക്താക്കളുടെ താൽപര്യവും പോസിറ്റീവും നെഗറ്റീവുമായി കണക്ട് ചെയ്യുന്നതാണ് നിരക്കുവർധന എന്നാണു മേൽപടി കമ്മിഷന്റെ നിലപാട്.  

കാണാൻ വയ്യാത്ത വൈദ്യുതിയിലേക്കു വളരെ സൂക്ഷിച്ചുനോക്കുന്ന കമ്മിഷൻ പക്ഷേ, കാണാവുന്ന വൈദ്യുതി മീറ്ററിലേക്കു നോക്കുന്നില്ല എന്ന പരാതി അപ്പുക്കുട്ടന്റേതു മാത്രമല്ല. വൈദ്യുതിയും മീറ്ററും ഉണ്ടായ കാലംമുതൽ ഉപയോക്താക്കൾ മീറ്റർ വാടക എന്ന പേരിൽ ബോർഡിനു പിരിവു നൽകിക്കൊണ്ടിരിക്കുന്നതു കമ്മിഷനവർകൾ കാണുന്നില്ല.

സിംഗിൾ ഫേസ് മീറ്ററിന്റെ വില 500 രൂപയെന്നും ത്രീ ഫേസിന് 1200 രൂപയെന്നും ബോർഡ് കണക്കാക്കുന്നതായാണ് അവരുടെ വെബ്സൈറ്റിലുള്ളത്. 2014 മുതൽ സിംഗിൾ ഫേസ് മീറ്ററിന്റെ പ്രതിമാസ വാടക 6 രൂപ; ത്രീ ഫേസാണെങ്കിൽ 15 രൂപയെന്നും വെബ്സൈറ്റിൽ കാണാം. രണ്ടുമാസത്തെ ബിൽ ഒരുമിച്ചായതിനാൽ ഇരട്ടിയാണെഴുതുക. സിംഗിൾ ഫേസുകാരന്റെ മുഖത്തു നോക്കാതെ ബോർഡ് ഒരു വർഷം വാങ്ങുന്ന വാടക 72 രൂപ. മീറ്ററിനു വില 500 രൂപ എന്നു കണക്കാക്കിയാൽ 7 വർഷംകൊണ്ട് അതു ബോർഡിനു കിട്ടുന്നു. അതായത് 2014ൽ കണക്‌ഷനെടുത്ത ഉപയോക്താവ് മീറ്ററിന്റെ മുഴുവൻ വിലയും 2021 ആയപ്പോഴേക്കും പൂർണമായി ബോർഡിനു നൽകിക്കഴിഞ്ഞു. ത്രീ ഫേസിന്റെ കാര്യവും അങ്ങനെതന്നെ. 

വൈദ്യുതി റഗുലേറ്ററി കമ്മിഷനു കണക്കറിയാമെങ്കിൽ, 2014ൽ സ്ഥാപിച്ച മീറ്ററുകളെല്ലാം കഴിഞ്ഞ വർഷം മുതൽ ഉപയോക്താക്കളുടെ സ്വന്തമായിക്കഴിഞ്ഞുവെന്നു കണ്ടെത്താൻ ഒരു വിഷമവുമില്ല. അവയ്ക്കൊന്നും തുടർന്നു വാടക ഈടാക്കാൻ ബോർഡിന് അവകാശമില്ല.  2014ൽ മീറ്റർ വാടക കുറച്ചതുകൊണ്ടാണ് വില മുഴുവൻ വസൂലാക്കാൻ ഏഴു വർഷം വേണ്ടിവന്നത്. അതിനു മുൻപു വാടക ഇതിന്റെ ഏതാണ്ട് ഇരട്ടിയോളമായിരുന്നു. അക്കാലത്തു കണക്‌ഷനെടുത്തവർ ഏഴു വർഷത്തിനൊക്കെ വളരെ മുൻപേ മീറ്ററിന്റെ വില നൽകിക്കഴിഞ്ഞു. അന്നു മീറ്ററിന് ഇന്നത്തെ വിലയില്ല എന്നുകൂടി കണക്കാക്കുമ്പോൾ വർഷം പിന്നെയും കുറയുന്നു. 

വർഷങ്ങളായി വൈദ്യുതി ഉപയോഗിക്കുന്നവർ പത്തോ പതിനഞ്ചോ അതിലേറെയോ മീറ്ററിന്റെ വില ബോർഡിനു നൽകിക്കഴിഞ്ഞു. എന്നിട്ടും മീറ്റർ വാടക വൈദ്യുതി ബില്ലിൽ ചേർന്നിരിക്കുകയാണ് ഇപ്പോഴും. പാവം പൊതുജനം അനുസരണയോടെ ബില്ലടച്ചുകൊണ്ടേയിരിക്കുന്നു. 

മീറ്ററിൽ കറങ്ങുന്ന കാലത്തിന്റെ ചുവരെഴുത്ത് റഗുലേറ്ററി സാറന്മാർ ദയവായി കാണണം. ഈ കറക്കത്തിന്റെ തേയ്മാനംകൂടി കണക്കാക്കിയാലും പത്തുവർഷത്തിലേറെ മീറ്റർ വാടക പിടിച്ചുവാങ്ങുന്നതു വാടകനിയന്ത്രണ നിയമപ്രകാരംപോലും കുറ്റകരമാണ്. നിയമത്തിന്റെ വരികൾക്കിടയിൽ വായിക്കാനറിയാവുന്ന ഹൈക്കോടതിക്കും നാട്ടുകാരുടെ ചുവരിലിരിക്കുന്ന മീറ്ററിലേക്കൊന്നു നോക്കാവുന്നതാണ്.

 

English Summary: Electricity charge hike Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com