ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഡിസ്നി പാർക്ക് ചൈനയിലെ ഷാങ്ഹായിയിലാണ്. യുഎസിലെ ഓർലാൻഡോയിലുള്ള വാൾട്ട് ഡിസ്നി വേൾഡാണ് ഒന്നാമത്തേത്. ഓർലാൻഡോയിലെ ഡിസ്നി വലുപ്പം കൊണ്ടു മുന്നിലാണെങ്കിലും ഷാങ്ഹായിയിലുള്ള അതിഗംഭീരമായ ഒരു ഐറ്റം അവിടെയില്ല – യന്ത്രമനുഷ്യരുടെ നൃത്തം. ഷാങ്ഹായ് ഡിസ്നിലാൻഡിലെ റോബട്ടുകൾ മനോഹരമായി നൃത്തം ചെയ്യുന്ന ഒരു വിഡിയോ ഇക്കഴിഞ്ഞ ദിവസങ്ങളിൽ നമ്മളിൽ പലരുടെയും വാട്സാപ്പിൽ വന്നു. അതിൽനിന്നുള്ള ചിത്രമാണ് ഇവിടെ ചേർത്തിട്ടുള്ളത്. നൃത്തം കാണണമെന്നുണ്ടെങ്കിൽ ഒപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി.
ചൈന നിർമിച്ച ഈ റോബട്ടുകളുടെ പ്രത്യേകത അവ കണ്ടാൽ റോബട്ടുകളാണെന്നു തോന്നുകയേ ഇല്ല എന്നതാണ്. കാഴ്ചയിലും രൂപത്തിലും ചലനങ്ങളിലുമെല്ലാം മനുഷ്യരെ അതേപടി പുനഃസൃഷ്ടിച്ചിരിക്കുകയാണെന്നു തോന്നും. അത്രയ്ക്ക് ഒറിജിനാലിറ്റി. മാത്രമോ, അവരുടെ നൃത്തം കണ്ടാൽ നമ്മൾ അന്തംവിട്ടു പോകും. അത്രയ്ക്കു മനോഹരമായ, പിഴവുകളില്ലാത്ത ചുവടുകൾ. സാങ്കേതികവിദ്യയിൽ ചൈന നേടിയ വമ്പിച്ച പുരോഗതിയുടെ ദൃഷ്ടാന്തമാണ് ഈ റോബട്ടുകൾ എന്ന് ഉറപ്പിച്ചു പറയാം.
പക്ഷേ, ഷാങ്ഹായ് വരെ പോകുകയാണെങ്കിലും ഈ നൃത്തം കാണുക അത്ര എളുപ്പമല്ല. 4 മണിക്കൂർ വരെ ക്യൂ നിന്നാലേ ടിക്കറ്റ് കിട്ടൂ. ഒരു ടിക്കറ്റിന് 499 യുവാൻ കൊടുക്കണം – ഏതാണ്ട് ആറായിരം ഇന്ത്യൻ രൂപ.
ഇത്രയും വായിച്ചപ്പോൾ എന്തെങ്കിലും സംശയം തോന്നിയോ?
ഇല്ലെങ്കിൽ, സംശയിക്കണം. കാരണം, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന, പൂർണമായും തെറ്റായ വിവരമാണ് റോബട് ഡാൻസിനെക്കുറിച്ചു മുകളിൽ ചേർത്തിട്ടുള്ളത്.
നമ്മൾ കണ്ട ഈ നൃത്തം ചെയ്യുന്നതു റോബട്ടുകളല്ല. മനുഷ്യർ തന്നെയാണ്. റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ 2020ൽ നടന്ന നൃത്തപരിപാടിയുടേതാണു വിഡിയോ. അവ അന്നു മുതൽ യുട്യൂബിലും ഇൻസ്റ്റഗ്രാമിലുമെല്ലാം ലഭ്യവുമാണ്.
ഷാങ്ഹായ് ഡിസ്നിലാൻഡിലെ റോബട്ടുകളുടെ നൃത്തം എന്ന പേരിൽ വ്യാജ വിവരണവുമായി വിഡിയോകൾ വരുന്നത് ഇതാദ്യമല്ല. പാശ്ചാത്യനൃത്തം മാത്രമല്ല, ഈ റോബട്ടുകൾ ഇന്ത്യൻ ശാസ്ത്രീയ നൃത്തമാടുന്നതിന്റെ വരെ വിഡിയോ മുൻപിറങ്ങിയിട്ടുണ്ട്! ഓരോ വട്ടവും വിഡിയോ മാറുമെങ്കിലും അതോടൊപ്പമുള്ള വിവരങ്ങൾ മാറുന്നില്ലെന്നതാണു കൗതുകകരം. എല്ലാ വിഡിയോയ്ക്കൊപ്പവും വരുന്ന കുറിപ്പിൽ ടിക്കറ്റ് നിരക്ക് 499 യുവാൻ തന്നെ, ക്യൂ നിൽക്കേണ്ടത് 4 മണിക്കൂറും!

2016ൽ ഷാങ്ഹായിയിൽ ഡിസ്നിലാൻഡ് തുറന്നപ്പോൾ പ്രവേശനത്തിനുള്ള ടിക്കറ്റ് നിരക്കായിരുന്നുവത്രേ 499 യുവാൻ. റോബട് ഡാൻസ് എന്നു തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിലെ ഒരേയൊരു ശരിയായ വിവരം അതായിരിക്കാം. പക്ഷേ, ആ ശരിയായ വിവരം തെറ്റായ പശ്ചാത്തലത്തിൽ ഉപയോഗിക്കുമ്പോൾ അതും വ്യാജമായി മാറുന്നു!
റോബട്ടിക്സിൽ ഡിസ്നി വലിയ ഗവേഷണം നടത്തുന്നുണ്ടെന്നതു വസ്തുതയാണ്. പല ഡിസ്നി, മാർവൽ സൂപ്പർ കഥാപാത്രങ്ങളെയും റോബട്ടുകളായി പാർക്കുകളിൽ അവതരിപ്പിക്കാൻ അവരുടെ stuntronics വിഭാഗം ശ്രമിക്കുന്നു. യുഎസിലെ ഡിസ്നി കലിഫോർണിയ അഡ്വഞ്ചർ പാർക്കിലെ അവഞ്ചേഴ്സ് ക്യാംപസ് എന്ന ഭാഗത്ത് സ്റ്റണ്ട്രോണിക്സ് സ്പൈഡർമാനെ കാണാം.
Content Highlight: Fake News, Viral News, Fact Check